ന്യൂഡല്‍ഹി: പാകിസ്താനില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായികതാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന്. ഇന്ത്യന്‍ ടി20 ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് 2025-ലെ ഗൂഗിളിന്റെ സെര്‍ച്ച് ട്രെന്‍ഡുകള്‍ അനുസരിച്ച്, പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായികതാരം. തന്റെ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് അഭിഷേക് ഇന്ത്യന്‍ ആരാധകരുടെ മനസ്സുമാത്രമല്ല കീഴടക്കിയതെന്ന് വ്യക്തം. ചിരവൈരികളായ പാകിസ്താന്‍ ആരാധകരിലും സ്വാധീനം ചെലുത്താന്‍ അഭിഷേകിനായി.

To advertise here,

ഇന്ത്യയില്‍ അഭിഷേക് ശര്‍മയെ സെര്‍ച്ച് ചെയ്തതിനേക്കാള്‍ കൂടുതല്‍ പാകിസ്താനില്‍നിന്നാണ്. പാക് ക്രിക്കറ്റ് താരങ്ങളായ ഹസ്സന്‍ നവാസ്, ഇര്‍ഫാന്‍ ഖാന്‍ നിയാസി, സാഹിബ്സാദ ഫര്‍ഹാന്‍, മുഹമ്മദ് അബ്ബാസ് എന്നിവരെല്ലാം ഇക്കാര്യത്തില്‍ അഭിഷേകിന് പിന്നിലാണ്.

2025 ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ പുറത്തെടുത്ത പ്രകടനമാണ് പാക് മണ്ണില്‍ അഭിഷേകിന്റെ ജനപ്രീതി ഉയര്‍ത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാക് ടീമിനെതിരേ 13 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ അഭിഷേക്, സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ 39 പന്തില്‍ 74 റണ്‍സ് നേടി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായികതാരങ്ങളില്‍ മൂന്നാമതായിരുന്നു അഭിഷേക്. ഈ പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടവരെല്ലാം ക്രിക്കറ്റ് താരങ്ങളായിരുന്നു.