തിരുവനന്തപുരം: ഹാർഡ് ടെന്നീസ് ക്രിക്കറ്റിന്റെ ലോകത്തുനിന്ന് കേരള ക്രിക്കറ്റ് ലീഗിന്റെ വലിയ വേദിയിലേക്ക് എത്തിനിൽക്കുകയാണ് തൃശൂർ ടൈറ്റൻസിന്റെ യുവതാരം അബ്ദുൽ റമീസ്. ഒരുപാട് പ്രതീക്ഷകളും നിരാശകളും നിറഞ്ഞ യാത്രയ്‌ക്കൊടുവിലാണ് റമീസിന് കെസിഎല്ലിൽ അവസരം ലഭിച്ചത്. പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഒരുമിച്ചുള്ള തൃശൂർ ടൈറ്റൻസിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം.

To advertise here,

ടെന്നീസ് ബോൾ ക്രിക്കറ്റിൽ സജീവമായി കളിച്ചുകൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബിലൂടെ റമീസിന് എ ഡിവിഷൻ ലീഗിലേക്ക് അവസരം ലഭിച്ചത്. ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി ശ്രദ്ധേയമായ തുടക്കം കുറിച്ച റമീസ് പിന്നീട് എ ഡിവിഷൻ മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടി.

ടെന്നീസ് ബോൾ ക്രിക്കറ്റിലായിരുന്നു റമീസിന്റെ പ്രധാന ശ്രദ്ധ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി ടെന്നീസ് ബോൾ ടൂർണമെന്റുകളിൽ കളിച്ചിട്ടുള്ള താരം, ഈ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. റമീസിന്റെ കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നാണ് വെസ്റ്റിൻഡീസ് താരം ഡ്വെയ്ൻ സ്മിത്തിന്റെ നേതൃത്വത്തിൽ നടന്ന ചാമ്പ്യൻസ് ലീഗ് ടി10. വിദേശ താരങ്ങളും ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളും അണിനിരന്ന ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത റമീസ് പ്ലെയർ ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു. സമ്മാനമായി ലക്ഷങ്ങൾ വിലമതിക്കുന്ന ബി.എം.ഡബ്ല്യു ബൈക്കും ലഭിച്ചു. മൂന്ന് വർഷം എൻഎസ്‌കെ ട്രോഫിയിൽ മലപ്പുറത്തിനായി കളിച്ച റമീസ് ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി.

ഒരുപാട് സീനിയർ താരങ്ങളും യുവതാരങ്ങളും ഉൾപ്പെട്ട തൃശൂർ ടൈറ്റൻസിന്റെ ഭാഗമാകാൻ കഴിഞ്ഞതിനെ വലിയ അവസരമായാണ് കാണുന്നത്. ടീം മാനേജ്‌മെന്റിനോട് നന്ദിയുണ്ടെന്നും, ലഭിച്ച അവസരത്തിൽ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും താരം പറയുന്നു. തന്റെ ക്രിക്കറ്റ് യാത്രയെക്കുറിച്ച് അബ്ദുൽ റമീസ് മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെക്കുന്നു.

ആദ്യ കെസിഎൽ അവസരം, ഒരുപാട് സന്തോഷം

ഇതുപോലൊരു വലിയ ടൂർണമെന്റിൽ കളിക്കാൻ അവസരം ലഭിക്കുന്നത് ആദ്യമായാണ്. ഒരുപാട് സീനിയേഴ്‌സും ഇപ്പോൾ സജീവമായി കളിക്കുന്ന യുവതാരങ്ങളും ഉൾപ്പെട്ട ടീമാണ് തൃശൂർ ടൈറ്റൻസ്. അത്തരമൊരു ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഈ അവസരം നൽകിയ ടീം മാനേജ്‌മെന്റിനോട് വളരെയധികം നന്ദിയുണ്ട്. എന്നെക്കൊണ്ട് കഴിയുന്ന പരമാവധി ടീമിനായി ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.

കെസിഎൽ താരലേലം നടക്കുന്ന സമയത്ത് ഞാൻ നാട്ടിലുണ്ടായിരുന്നില്ല. എൻഎസ്‌കെ ട്രോഫിയുടെ സെമിഫൈനലിൽ തോറ്റ ശേഷം സൗദിയിലായിരുന്നു. ഒരു ടീമിലെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഇത്രയും വിലയ്ക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ അവസരത്തെ വലിയ നേട്ടമായാണ് കാണുന്നത്.

സ്പിന്നറായി തുടങ്ങിയ ക്രിക്കറ്റ് യാത്ര

ക്രിക്കറ്റിലേക്ക് വന്നത് ചെറുപ്പം മുതലാണ്. എല്ലാവരും നാട്ടിൽ പറമ്പിലും മറ്റും കളിക്കുന്നതുപോലെ തന്നെയായിരുന്നു തുടക്കം. ക്ലാസ് കഴിഞ്ഞാൽ കളിക്കാൻ പോകുക, തിരിച്ചുവരിക. അങ്ങനെയായിരുന്നു ക്രിക്കറ്റുമായുള്ള ബന്ധം. ലെതർ ബോൾ ക്രിക്കറ്റിൽ സ്ഥിരമായി കളിക്കാൻ തുടങ്ങിയത് 2017-18 കാലഘട്ടത്തിലാണെന്ന് തോന്നുന്നു. ആദ്യമായി കളിച്ചതുതന്നെ എ ഡിവിഷൻ മത്സരത്തിലാണ്. അന്ന് ഞാൻ പ്രധാനമായും സ്പിന്നറായിരുന്നു.

ഞാൻ ജനിച്ച് വളർന്നത് താനൂരിലാണ്. എന്നാൽ ക്രിക്കറ്റിന്റെ കാര്യത്തിൽ പിന്നീട് എനിക്ക് പ്രധാന ബേസായി മാറിയത് പരപ്പനങ്ങാടിയാണ്. അവിടെയാണ് കൂടുതൽ മത്സരങ്ങൾ കളിച്ചതും ക്രിക്കറ്റിൽ മുന്നോട്ടുപോകാനുള്ള അവസരങ്ങൾ ലഭിച്ചതും.

യോ-യോ ടെസ്റ്റിലെ തിരിച്ചടി, ഒടുവിൽ അവസരം

കഴിഞ്ഞ വർഷം എൻഎസ്‌കെ ട്രോഫിയുടെ സെലക്ഷൻ മത്സരങ്ങളെല്ലാം പാസായിരുന്നു. എന്നാൽ പിന്നീട് നടന്ന യോ-യോ ടെസ്റ്റിൽ നിശ്ചയിച്ച പോയിന്റ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് പുറത്താകേണ്ടിവന്നത്.

ഇത്തവണ അത്തരമൊരു സാഹചര്യമുണ്ടായില്ല. പരമാവധി മത്സരങ്ങൾ കളിക്കാനും പ്രകടനം മെച്ചപ്പെടുത്താനും കഴിഞ്ഞു. എൻഎസ്‌കെ ട്രോഫിയിൽ നന്നായി പന്തെറിയാൻ കഴിഞ്ഞതാണ് ഇപ്പോൾ കെസിഎൽ പോലൊരു വലിയ വേദിയിലേക്ക് എത്താൻ സഹായിച്ചത്.

കെസിഎല്ലിന്റെ ആദ്യ സീസണിൽ മലപ്പുറം ജില്ലയിൽനിന്ന് 19 പേരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. അതിൽനിന്ന് 10-12 താരങ്ങളെയാണ് തിരഞ്ഞെടുത്തത്. ഓൾ കേരള ടൂർണമെന്റുകളിൽ സ്ഥിരമായി കളിച്ചിരുന്നില്ല എന്നതും അന്ന് തിരിച്ചടിയായി. എന്നാൽ ഇത്തവണ എൻഎസ്‌കെയിലെ പ്രകടനത്തിന് ശേഷം ആദ്യമായി കെസിഎൽ അവസരം ലഭിച്ചു.

ഹാർഡ് ടെന്നീസിൽ നിന്ന് പേസ് ബൗളിങ്ങിലേക്ക്

ലെതർ ബോൾ ക്രിക്കറ്റിൽ തുടക്കത്തിൽ സ്പിന്നറായിരുന്നെങ്കിലും ഹാർഡ് ടെന്നീസ് ക്രിക്കറ്റിൽ പ്രധാനമായും പേസ് ബൗളറായാണ് പന്തെറിഞ്ഞിരുന്നത്. എൻഎസ്‌കെ ട്രോഫിയിൽ 45 ഓവർ മത്സരമായിരുന്നതിനാലും ടീമിൽ ഇടംകൈ സ്പിന്നറുടെ അഭാവമുണ്ടായിരുന്നതിനാലും സ്പിൻ ബൗളിങ്ങിലാണ് കൂടുതൽ അവസരം ലഭിച്ചത്.

എൻഎസ്‌കെയുടെ പരിശീലനത്തിലും മത്സരങ്ങളിലും സ്പിന്നറായാണ് കളിച്ചത്. എന്നാൽ കെസിഎല്ലിൽ എത്തിയപ്പോഴാണ് വീണ്ടും പേസ് ബൗളറുടെ റോളിലേക്ക് മാറുന്നത്. ഹാർഡ് ടെന്നീസ് ക്രിക്കറ്റിൽ സ്ഥിരമായി ചെയ്തിരുന്ന കാര്യം തന്നെയായതിനാൽ പുതിയ റോളിലേക്ക് മാറാൻ സാധിച്ചു. ഇത്തവണ ഡെത്ത് ഓവറുകളിൽ പന്തെറിഞ്ഞ് റൺസ് നിയന്ത്രിക്കുകയും ബൗണ്ടറികൾ പരമാവധി ഒഴിവാക്കുകയുമാണ് പ്രധാന ലക്ഷ്യം.

എൻഎസ്‌കെ പ്രകടനം തുറന്ന കെസിഎൽ വാതിൽ

എൻഎസ്‌കെ ട്രോഫിയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതോടെയാണ് കെസിഎൽ അവസരം ലഭിച്ചത്. വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അവിടെ നന്നായി പന്തെറിഞ്ഞപ്പോൾ പുതിയൊരു അവസരം തുറന്നു.

തൃശൂർ ടൈറ്റൻസിന്റെ 20 അംഗ സ്‌ക്വാഡിൽ ഒരുപാട് സീനിയർ താരങ്ങളുണ്ട്. അതുപോലെ ഇപ്പോൾ സജീവമായി കളിക്കുന്ന യുവതാരങ്ങളുമുണ്ട്. അവരുടെ കൂടെ കളിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്. എല്ലാവരിൽനിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.

കെസിഎൽ പോലൊരു വലിയ ടൂർണമെന്റിൽ കളിക്കുമ്പോൾ ഫിറ്റ്‌നസിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്നുണ്ട്. സാധാരണ കളിക്കുന്നതുപോലെയല്ല ഇവിടെ. കൃത്യമായ വർക്ക് ഔട്ടും ശാരീരികക്ഷമതയും ഉണ്ടെങ്കിലേ മുന്നോട്ടുപോകാൻ കഴിയൂ.

ബുംറയേയും സഹീറിനേയും ഇഷ്ടം, ലക്ഷ്യം മികച്ച പ്രകടനം

ഒരു താരം മാത്രമാണ് എന്റെ ഇഷ്ടതാരമെന്ന് പറയാനില്ല. സച്ചിൻ തെണ്ടുൽക്കർ, യുവരാജ് സിങ്, സുരേഷ് റെയ്ന എന്നിവരുടെയെല്ലാം കളി ഇഷ്ടമാണ്. ബൗളർമാരിൽ സഹീർ ഖാനെയും നിലവിലെ താരങ്ങളിൽ ജസ്പ്രീത് ബുംറയെയും ഇഷ്ടമാണ്.

കെസിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ലക്ഷ്യം. ഇവിടെ നന്നായി കളിക്കാൻ കഴിഞ്ഞാൽ കേരള ടീമിലേക്കും കൂടുതൽ വലിയ ക്രിക്കറ്റ് വേദികളിലേക്കും അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. ഇപ്പോൾ തൃശ്ശൂർ ടൈറ്റൻസിനായി എന്നെക്കൊണ്ട് കഴിയുന്ന ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് എന്റെ ശ്രമം.