കല്ലും മുള്ളും കാലിന് മെത്തയാക്കി പാപങ്ങളെ പാതയോരങ്ങളിലുപേക്ഷിച്ചൊരു ശബരിമല യാത്ര. അതാണ് എരുമേലിയിൽ നിന്ന് പമ്പയിലേക്കുള്ള കാനനയാത്ര. വാക്കുകൾക്കപ്പുറത്തെ അനുഭവമാണ് ഇതു വഴിയുള്ളയാത്ര.പള്ളിക്കത്തോട്ടിൽ നിന്ന് പുറപ്പെട്ട 22 അംഗ സംഘത്തോടൊപ്പമായിരുന്നു മലചവിട്ട് . വെള്ളിയാഴ്ച രാത്രിയിലാണ് ആനിക്കാട് ക്ഷേത്രത്തിൽ നിന്ന് കെട്ടു നിറച്ചത്. രാത്രിയിൽ എരുമേലിയിൽ ശാസ്താവിനെ തൊഴുത് ഇരുമ്പൂന്നിക്കരയിലേക്ക് ചുവടുവെച്ചത്. ഇരുമ്പൂന്നിക്കര ശിവ-പാർവതി ക്ഷേത്രത്തിൽ വിരിവെച്ചു. വിരിപ്പന്തലുകൾ സജീവമായി വരുന്നതേയുള്ളു. പുലർച്ചെ ഏഴു മണിക്ക് ശേഷമാണ് വനത്തിലേക്ക് പ്രവേശനം. ഇരുമ്പൂന്നിക്കര ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് ജീവനക്കാർ തീർഥാടകരെ വനത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നു. വനം പ്ലാസ് പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. പ്ലാസ്റ്റിക് കുപ്പിവെള്ളമടക്കം നിരോധിച്ചിട്ടുണ്ട്. സ്റ്റീൽ കുപ്പിയിൽ കുടിവെള്ളം കരുതണം. ആധാർ കാർഡും ബുക്കിങ് രസീതും കൈയിൽ കരുതണം. നഗ്നപാദരായി നടക്കാൻ കഴിയാത്തവർ റബ്ബർ ചെരുപ്പ് കരുതുന്നത് നല്ലതാണ്. കാൽനട സുഗമമാക്കാൻ ഊന്നുവടി കരുതുന്നതും നല്ലതാണ്.

To advertise here,

മൊബൈൽ റെയ്ഞ്ച്

വനപാതയിൽ മൊബൈൽ റെയ്ഞ്ച് ഇടത്താവളങ്ങളിൽ നന്നായി ലഭിക്കും. സാധാരണ പാതയിൽ റെയ്ഞ് കുറവാണ്. ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലക്കിലും കോൾ വിളിക്കാൻ കഷ്ടിച്ച് കഴിയും. അഴുത, മുക്കുഴി, കരിമലമുകൾ എന്നിവിടങ്ങളിൽ നെറ്റ് കണ്ഷൻ സാധാരണ പോലെ ലഭ്യമാണ്.

കുറുക്കു വഴി വേണ്ട

പതയിലുടനീളം ചെറിയ ചെറിയ കുറുക്കുവഴികളുണ്ട്. ഇവയെ ആശ്രയിക്കാതിരിക്കുന്നതാണ് ഉചിതം. ചെറിയ ദൂരം ലാഭിക്കാമെങ്കിലും അപകട സാധ്യത ഏറെയാണ്. ഇളകിയിരിക്കുന്ന കല്ലുകളും വഴുക്കലും കൂടുതലാണ്.

ഒറ്റതിരിഞ്ഞ് നടക്കണ്ട

വനഭംഗി ആസ്വദിച്ച് നടക്കുന്നതിനിടയിൽ പിന്നിലായിപ്പോയി. വലിയാനവട്ടത്തിയപ്പോൾ ആനച്ചൂരിന്റെ ഗന്ധം അനുഭവപ്പെട്ടു. പാതയോർത്തു കണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥനോട് വെറുതേ ചോദിച്ചു. ആനയുണ്ടോ സർ - ചുറ്റുമുണ്ട് രാവിലെ വഴിന്ന് മാറും നാലു മണിക്ക് അവ തിരിച്ചെത്തും. ഒറ്റയ്ക്ക് പോകരുത്. കൂട്ടം കൂടി ശരണം വിളിച്ചുപോവുക. ഉള്ളിൽ നേരിയ ആനപ്പേടി. പരമാവധി വേഗത്തിൽ നടന്ന് സംഘത്തോടൊപ്പം ചേർന്നു. കണ്ണാപ്പി സ്വാമി ഉറക്കെ ശരണം വിളിച്ചു.

കാളകെട്ടി, മുക്കുഴി, കരിമല എന്നീ കേന്ദ്രങ്ങളിൽ ആരോഗ്യ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുനുണ്ട്. അടിയന്തിര ശുശ്രൂഷകൾ ലഭിക്കും. പരമ്പരാഗത കാനനപാതയിൽ ഇപ്പോൾ പൊതുവെ തിരക്ക് കുറവാണ്.