ആപത്തുകാലത്ത് എന്തുചെയ്യും? (ആപദി കിം കരണീയം?) നാട്ടിലെ അറിയപ്പെടുന്ന ബ്രാഹ്‌മണ പണ്ഡിതശ്രേഷ്ഠര്‍ അറിവ് പരീക്ഷിക്കാന്‍ കാക്കശ്ശേരി ഭട്ടതിരിയോട് കോഴിക്കോട്ടുവെച്ച് ചോദിച്ചു. ഒട്ടും അമാന്തിക്കാതെ മറുപടി വന്നു: ''ദേവിയുടെ ആ കാലടികളെ സ്മരിച്ചാല്‍ മതി'' (സ്മരണീയം ചരണയുഗളമംബായാഃ). ''അങ്ങനെ സ്മരിച്ചാല്‍ എന്താണ് സംഭവിക്കുക?'' (തത് സ്മരണം കിം കുരുതേ?) -ഉടനെ മറുചോദ്യം വന്നു. ഉത്തരവും പിന്നാലെയെത്തി: ''അത് ബ്രഹ്‌മാവ് മുതലായവരെക്കൂടിയും ഭൃത്യന്മാരാക്കും'' (ബ്രഹ്‌മാദീനപി ച കിങ്കരീകുരുേത).
-ഐതിഹ്യമാലയിലെ ഈ കഥാസന്ദര്‍ഭത്തിന് കോഴിക്കോട്ടെ വളയനാട് ദേവീക്ഷേത്രവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഭക്തരായും ഭക്തരല്ലാതെയും ആയിരങ്ങളാണ് ഈ സ്മരണയോടെ ഇവിടത്തെ പടി കയറുന്നത്.
ദേവി കരുത്തായും കരുതലായും കൂട്ടായും കാര്യസാധ്യത്തിനുള്ള അത്താണിയായുമെല്ലാം ഒപ്പമുണ്ടാകുമെന്നതിനാല്‍ പലകാര്യങ്ങള്‍ക്കായാണ് നാട് ദേവിയെ സ്മരിക്കുന്നത്. വിദ്യയ്ക്കും ആരോഗ്യത്തിനും ആയുസ്സിനുമെല്ലാം വേണ്ടിയുള്ള വഴിപാടുകളും നിത്യേന ഇവിടെ നടക്കുന്നുമുണ്ട്. ശത്രുവിനുമേല്‍ ജയം നേടാനുള്ള സാമൂതിരി രാജാവിന്റെ തീവ്രശ്രമമാണ് ദേവിയെ ഇവിടെ എത്തിച്ചതെന്നും ഐതിഹ്യമുണ്ട്. സാമൂതിരി രാജാവ് കോഴിക്കോട് ഭരിച്ചിരുന്ന കാലത്ത് തന്റെ വിജയത്തിനും നാടിന്റെ നന്മയ്ക്കും വേണ്ടി ദേവിയെ കൂടെക്കൂട്ടി വളയനാട്ട് പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.
തന്റെ കൂടെ വരണമെന്നാവശ്യപ്പെട്ട സാമൂതിരിയോട് ദേവി ഒരു നിബന്ധന വെച്ചു. യാത്രയില്‍ എപ്പോഴെങ്കിലും പിന്തിരിഞ്ഞു നോക്കിയാല്‍ താന്‍ തരികെപ്പോകുമെന്നായിരുന്നു അത്. മുന്‍പില്‍ സാമൂതിരി രാജാവും പിന്നില്‍ ഭഗവതിയും യാത്ര തുടര്‍ന്നു. കുറെ ദൂരം പിന്നിട്ടപ്പോള്‍ പിന്നില്‍നിന്നും ദേവിയുടെ കാല്‍ ച്ചിലങ്കയുടെ ശബ്ദം കേള്‍ക്കാതെ വന്നപ്പോള്‍, സംശയത്താല്‍ രാജാവ് തിരിഞ്ഞുനോക്കി. ഇതുകണ്ട ദേവി തന്റെ ൈകയിലുണ്ടായിരുന്ന വള ഊരി എറിയുകയും വള വീണ സ്ഥലത്തായിരിക്കും തന്റെ സാന്നിധ്യമെന്ന് പറഞ്ഞ് പോവുകയും ചെയ്തു. ആകാശത്ത് വള ഒരാഴ്ച കറങ്ങി തറയില്‍ തട്ടി സമീപത്തെ കുന്നിന്‍മുകളില്‍ പോയിവീണെന്നാണ് ഐതിഹ്യം. വള കറങ്ങി തറയില്‍തട്ടിയഇടത്തെ ആഴ്ചവട്ടം തറയ്ക്കല്‍ ഭഗവതിയായും വള ചെന്നുവീണയടത്തെ വളയനാട് ഭഗവതിയായും പിന്നീട് അറിയപ്പെട്ടു.
തളി മഹാദേവക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഉടവാള്‍ (നാന്തകം) ഉത്സവം കൊടിയേറുന്നതിനു രണ്ടുദിവസം മുന്‍പ് വളയനാട്ടേക്ക് എഴുന്നെള്ളിച്ച് കൊണ്ടുവരും. നാന്തകം ക്ഷേത്രത്തില്‍ എത്തുന്ന സമയം ദേവി വട്ടോളി ഇല്ലത്തേക്ക് മാറും. ഈ ദിവസങ്ങളില്‍ ദേവിക്ക് വട്ടോളി ഇല്ലത്ത് മൂസ്സത്മാരും ക്ഷേത്രത്തില്‍ ദേവീചൈതന്യം ആവാഹിക്കപ്പെട്ട നാന്തകത്തിന് നമ്പൂതിരിമാരുമാണ് പൂജ നടത്താറ്.
Content Highlights: sree valayanad devi temple
Published: 11 Oct 2024, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented