മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി മുംബൈ ഇന്ത്യന്‍സ്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിനാണ് മുംബൈ തകര്‍ത്തുവിട്ടത്. ലീഗില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം ജയവും ആര്‍സിബിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്.

To advertise here,

ആര്‍സിബി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം വെറും 14.2 ഓവറില്‍ തന്നെ മുംബൈ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ഹയ്‌ലി മാത്യൂസിന്റെയും നാറ്റ് സ്‌കിവര്‍ ബ്രണ്‍ഡിന്റെയും പ്രകടനമാണ് മുംബൈക്ക് ആധികാരിക ജയമൊരുക്കിയത്. മൂന്ന് വിക്കറ്റുമായി ഹയ്‌ലി ബൗളിങ്ങിലും തിളങ്ങി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ ഹയ്‌ലി 38 പന്തില്‍ നിന്ന് ഒരു സിക്‌സും 13 ഫോറുമടക്കം 77 റണ്‍സോടെ പുറത്താകാതെ നിന്നു. നാറ്റ് സ്‌കിവര്‍ 29 പന്തില്‍ നിന്ന് ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 55 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 114 റണ്‍സിന്റെ കൂട്ടുകെട്ട് ആര്‍സിബിയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. 23 റണ്‍സെടുത്ത യസ്തിക ഭാട്ടിയയുടെ വിക്കറ്റ് മാത്രമാണ് മുംബൈക്ക് നഷ്ടമായത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 18.4 ഓവറില്‍ 155 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. പ്രധാന താരങ്ങളെല്ലാം ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ മത്സരത്തില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന (23), റിച്ച ഘോഷ് (28), കനിക അഹൂജ (22), ശ്രേയങ്ക പാട്ടീല്‍ (23), മേഗന്‍ ഷുട്ട് (20) എന്നിവര്‍ക്ക് മാത്രമാണ് ആര്‍സിബി സ്‌കോറിലേക്ക് അല്‍പമെങ്കിലും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാനായത്.

സോഫി ഡിവൈന്‍ (16), ദിഷ കസാറ്റ് (0), എല്ലിസെ പെറി (13), ഹീതര്‍ നൈറ്റ് (0) എന്നിവരെല്ലാം ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

മുംബൈക്കായി ഹയ്‌ലി മാത്യൂസ് മൂന്ന് വിക്കറ്റുമായി തിളങ്ങി. സയ്ക ഇഷാഖും അമേലിയ കെറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.