
മധുരതരമാണ് ഓരോ പാട്ടോര്‍മകളും. കാതുകളിലൂടെ എത്തി സിരകളില്‍ ലഹരിയായി തീരാറുണ്ട് പല പാട്ടുകളും. കുളിക്കുമ്പോഴും മറ്റും മൂളി പ്പാട്ടുകളായും മറ്റും അവ പലവട്ടം ആവര്‍ത്തിക്കപ്പെടുന്നു. പട്ടികയില്‍ തന്നെ പലരും പലവട്ടം ആവര്‍ത്തിച്ച് കേള്‍ക്കുന്ന പാട്ടുകളും അനവധിയാണ്. ചിലര്‍ക്ക് പാട്ട് ദിനചര്യയുടെ കൂടി ഭാഗമാണ്. സംഗീതമില്ലാത്ത, പാട്ട് കേള്‍ക്കാത്ത ഒരുദിവസം പലര്‍ക്കും വിരസമായി തീരുന്നു. നമ്മുടെ ഭാവങ്ങള്‍ക്ക് മാറ്റം പകരുവാന്‍ പോലും പാട്ടുകള്‍ കൊണ്ട് സാധിക്കും. ഇമ്പമാര്‍ന്ന ഗാനങ്ങള്‍ സമ്മാനിച്ച മലയാള സിനിമകളും അനവധിയാണ്. കാതിന് ഇമ്പമായി തീര്‍ന്ന, സിരകളില്‍ ലഹരി പടര്‍ത്തിയ ഗാനങ്ങള്‍ക്ക് പിന്നിലെ അണിയറക്കാരെ അറിയാം.
സംഗീത സംവിധായകരാണ് പാട്ടിന്റെ ക്യാപ്റ്റന്മാര്‍. പാട്ടിന്റെ ഈണവും തുഴച്ചിലുമെല്ലാം ഈ ക്യാപ്റ്റനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ഇളയരാജ, ഔസേപ്പച്ചന്‍, എം.ജി രാധാകൃഷ്ണന്‍, വിദ്യാസാഗര്‍, ദേവരാജന്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. പാട്ടിന്റെ നാള്‍വഴികളില്‍ പിന്താങ്ങായവരെ, അമരക്കാരെ ആദ്യം അറിയാം...
എത്ര കേട്ടാലും മതിവരാത്ത പാട്ടുകള്‍
എത്ര കേട്ടാലും മതിവരാത്ത പാട്ടുകള്‍ മലയാളത്തിന് സമ്മാനിച്ച സംഗീത സംവിധായകനാണ് വിദ്യാസാഗര്‍. 1989-ല്‍ പൂമാനം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഗാനരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശം. തമിഴ്, മലയാളം, തെലുഗു സിനിമകളില്‍ ഇതിനോടകം 225 ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തെ പിന്നെയും പിന്നെയും, മീശമാധവനിലെ കരിമിഴി കുരുവിയെ പോലെയുള്ള അനവധി ഗാനങ്ങള്‍ മലയാളികളുടെ ഹിറ്റ്ചാര്‍ട്ടിലിടം നേടി. 1995-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം നേടി. 1998 മുതല്‍ 2015 വരെയുള്ള കാലയളവില്‍ താനൊരുക്കിയ ഗാനങ്ങള്‍ക്ക് അംഗീകരിക്കപ്പെടുകയോ നാമനിര്‍ദേശം ചെയ്യപ്പെടുകയോ ചെയ്തു.
മഴ, ചായ, ജോണ്‍സന്‍ മാഷ്...
അന്നുമിന്നും മലയാളികളുടെ സ്വന്തമാണ് ജോണ്‍സണ്‍ മാഷും മാഷിന്റെ പാട്ടുകളും. ജി.ദേവരാജന്റെ സഹായിയായി 1970-കളിലാണ് തുടക്കം. പിന്നീടങ്ങോട്ട് പൊന്നില്‍ കുളിച്ച് നിന്ന ഒരുപാട് ഗാനങ്ങള്‍ മലയാളികള്‍ക്ക് അദ്ദേഹം സമ്മാനിച്ചു. പത്മരാജന്‍, ഭരതന്‍, ലോഹിതദാസ് തുടങ്ങിയ അതുല്യ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിന് സിദ്ധിച്ചു. മലയാള ചലച്ചിത്ര ഗാനരംഗത്ത് സ്വന്തമായി ഒരു ലേബലുണ്ടാക്കാന്‍ ജോണ്‍സണ്‍ മാഷിന് സാധിച്ചു. 1991-ല്‍ മാത്രം 31 ചിത്രങ്ങള്‍ക്ക് ഗാനമൊരുക്കി. 1993-ല്‍ പൊന്തന്‍മാട എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനും എം.ജി രാധാകൃഷ്ണനും
അദ്വൈതത്തിലെ അമ്പലപ്പുഴൈ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം ഒരു വട്ടമെങ്കിലും ആലപിക്കാത്ത മലയാളികളുണ്ടാവില്ല. മലയാള ഗാനശാഖയിലെ മികച്ച ഗാനമെന്ന വിശേഷിപ്പിക്കപ്പെടുന്ന ഗാനം പിറന്നത് എം.ജി രാധാകൃഷ്ണനിലൂടെയാണ്. 1969-ല്‍ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലൂടെ ഉണ്ണിഗണപതിയെ (പിന്നണി ഗായകന്‍) എന്ന ഗാനത്തിലൂടെയാണ് മലയാള സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശം. സ്വതന്ത്ര സംഗീത സംവിധായനാകുന്നത് ജി.അരവിന്ദന്റെ തമ്പിലൂടെയാണ്. മണിചിത്രത്താഴിലെ ഗാനങ്ങള്‍ മലയാള ഗാനരംഗത്ത് പുതുമയായി. അനന്തഭദ്രം എന്ന ചിത്രം കരിയര്‍ ബെസ്റ്റായി ഇന്നും നിലക്കൊള്ളുന്നു. 1995-ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു.
പൊന്നമ്പള്ളി പൊട്ടുംതൊട്ട് ജെറി അമല്‍ദേവ്
മലയാളി പ്രേക്ഷകര്‍ക്കായി ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ജെറി അമല്‍ദേവ്. മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍ അരങ്ങേറ്റം കുറിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കളടക്കം നിരവധി ചിത്രങ്ങളില്‍ സംഗീത സംവിധായകനായി. നോക്കെത്താ ദൂരത്ത് കണ്ണുംനട്ടിലെ ആയിരം കണ്ണുമായി എന്ന ഗാനം മലയാളികള്‍ ഇന്നും നെഞ്ചേറ്റുന്നു. മലയാളത്തിലെ നിത്യഹരിത സംഗീത സംവിധായകരിലൊരാളായി ഇന്നും വിലയിരുത്തപ്പെടുന്നുണ്ട് ജെറി അമല്‍ദേവ്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഹിറ്റടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നമ്പര്‍ 1 സ്‌നേഹതീരം ബംഗ്ലൂര്‍ നോര്‍ത്തിന് ശേഷം ഒരിടവേള എടുത്ത ജെറി പിന്നീട് അബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ഹീറോ ബിജുവെന്ന ചിത്രത്തിലൂടെ മടങ്ങിവന്നത്. ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ തന്നെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് സ്വന്തമാക്കി.
തെന്നിന്ത്യയുടെ ഇളയരാജയും ഗാനങ്ങളും
തെന്നിന്ത്യയുടെ മികച്ച സംഗീത സംവിധായകരില്‍ ഒരാളെന്ന പട്ടം നിലനിര്‍ത്തി കൊണ്ടു പോരുകയാണ് ഇളയരാജ. 1976-ല്‍ പുറത്തിറങ്ങിയ അന്നക്കിളി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. ഇസൈജ്ഞാനിയെന്ന വിളിപ്പേരും ഇദ്ദേഹത്തിന് സ്വന്തം. തെലുഗ്, തമിഴ്, മലയാളം ചിത്രങ്ങളില്‍ തന്റേതായ ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യയിലെ ആദ്യ 3-ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലും പ്രവര്‍ത്തിക്കാന്‍ ഇളയരാജയ്ക്ക് കഴിഞ്ഞു. ഏഴായിരത്തിലധികം ഗാനങ്ങള്‍ ഇളയരാജ വിവിധ ഭാഷകളിലെ വിവിധ ചിത്രങ്ങളിലൂടെ സമ്മാനിച്ചു. മലയാളത്തില്‍ ഇളയരാജ-സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട് നിരവധി ഹിറ്റ് ഗാനങ്ങള്‍ പിറക്കാന്‍ കാരണമായി. സംഗീത രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് അഞ്ച് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2010-ല്‍ പത്മഭൂഷണന്‍ നല്‍കി രാജ്യം ആദരിച്ചു.
ഇന്ദ്രനീലിമയോലും ഗാനങ്ങള്‍ സമ്മാനിച്ച ബോംബെ രവി
മലയാളികള്‍ക്ക് ഒരുപക്ഷേ രവി ശങ്കര്‍ വര്‍മ പരിചിതനാവില്ല. പക്ഷേ ബോംബെ രവിയെന്ന് കേട്ടാല്‍ തിരിച്ചറിയാത്ത മലയാളികളുണ്ടാവില്ല. ഒരു വടക്കന്‍ വീരഗാഥയിലെ കളരിവിളക്ക് തെളിഞ്ഞതാണോ, 1986-ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലെ ആരെയും ഭാവഗായകനാക്കും, പരിണയത്തിലെ അഞ്ചുശരങ്ങളും, മയൂക്കത്തിലെ ഈ പുഴയും കുളിര്‍ കാറ്റും തുടങ്ങിയ മലയാളികള്‍ നെഞ്ചേറ്റിയ ഗാനങ്ങള്‍ അനവധിയാണ്. ഒരുപാട് ഹിന്ദി ചിത്രങ്ങള്‍ക്കും അദ്ദേഹം ഗാനമൊരുക്കി. ഹരിഹരന്‍ ചിത്രങ്ങള്‍ ഒഴിച്ചു കൂടാനാവത്ത ഘടകമായി ബോംബൈ രവി മാറി. 1980-കളില്‍ ഹരിഹരന്റെ നിര്‍ബന്ധപ്രകാരം മലയാളത്തില്‍ വീണ്ടും സജീവമായി. ചിത്ര-ബോംബൈ രവി കോംബിനേഷന്‍ ചിത്ര നിരവധി വട്ടം ദേശീയ അവാര്‍ഡിനര്‍ഹയാക്കി. 1995-ല്‍ പരിണയം, സുകൃതം തുടങ്ങിയ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിന് ദേശീയ അവാര്‍ഡ് ബോംബൈ രവിയെ തേടിയെത്തി.
നാടന്‍ പാട്ടുകളും മോഹന്‍ സിത്താരയും
മലയാളി പ്രേക്ഷകര്‍ക്ക് കരുമാടിക്കുട്ടനിലൂടെ കൈ കൊട്ട് പെണ്ണെ പോലുള്ള നാടന്‍ പാട്ടുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് മോഹന്‍ സിത്താര. മോഹന്‍ സിത്താരയൊരുക്കി കെ.എസ് ചിത്ര ആലപിച്ച ഉണ്ണി വാവാവോ ഇന്നും മികച്ച താരാട്ടു പാട്ടുകളിലൊന്നായി തുടരുന്നു. ഒ.എന്‍.വി കുറുപ്പിനെ പോലുള്ള പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. വയലിനിസ്റ്റായി കരിയര്‍ ആരംഭിച്ച മോഹന്‍ സിത്താര ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1986-ലാണ് ചിത്രം പുറത്തിറങ്ങുന്നത്. പിന്നീടങ്ങോട്ട് മോഹന്‍ സിത്താരയ്ക്ക് തിരക്കിന്റെ നാളുകളായിരുന്നു. സര്‍ക്കസ്സുകാരുടെ കഥ പറഞ്ഞ് 2000-ല്‍ പുറത്തിറങ്ങിയ ജോക്കര്‍ എന്ന ചിത്രത്തിലെ കണ്ണീര്‍മഴയത്ത് ചിരിയുടെ കുട ചൂടി എന്ന ഗാനം മലയാള ചിത്രത്തിലെ ഏറ്റവും മികച്ച വിരഹ ഗാനങ്ങളിലൊന്ന് കൂടിയാണ്. 2009-ല്‍ പുറത്തിറങ്ങിയ സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു.
മലയാള സിനിമയോളം പഴക്കമുള്ള നല്ല ഗാനങ്ങള്‍
മലയാള സിനിമയോളം പഴക്കമുള്ള ഒരുപാട് നല്ല ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംഗീത സംവിധായകനാണ് ദക്ഷിണാമൂര്‍ത്തി. 1950-ല്‍ പുറത്തിറങ്ങിയ നല്ലതങ്കയിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം. യേശുദാസിനും മകന്‍ വിജയ യേശുദാസിനും ഗാനങ്ങളൊരുക്കിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്കും ഗാനമൊരുക്കി. ഇളയരാജ, പി.സുശീല തുടങ്ങിയവരുടെ ഗുരുനാഥന്‍ കൂടിയാണ് ദക്ഷിണാമൂര്‍ത്തി. കാവ്യമേളയിലെ സ്വപ്‌നങ്ങളെ നിങ്ങള്‍ സ്വര്‍കുമാരികളല്ലോ, ഇടനാഴയില്‍ ഒരു കാലൊച്ചയിലെ വാതില്‍ പഴുതുലൂടെയെന്‍ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും നിത്യഹരിത ഗാനങ്ങളായി തുടരുന്നു. 1992-ല്‍ മലയാളത്തില്‍ 'സത്യ മിത്രം' എന്ന പുസ്തകം രചിച്ചു. നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കി.
തമിഴകത്തിന്റെ സ്വന്തം എം.എസ് വിശ്വനാഥന്‍
തമിഴകത്തിന്റെ സ്വന്തം സംഗീത സംവിധായകനാണ് എം.എസ് വിശ്വനാഥന്‍. എം.എസ്.വി എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. തമിഴനാണെങ്കിലും ജനനം കേരളത്തില്‍ പാലക്കാടാണ്. വയലിനിസ്റ്റ് ടി.കെ രാമമൂര്‍ത്തിയുമായി ചേര്‍ന്ന് നൂറിലധികം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1950 മുതല്‍ 1965 വരെയുള്ള കാലയളവിലാണിത്. 700 ഓളം ചിത്രങ്ങളില്‍ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ചു. 1965-ലാണ് തന്റെ കരിയര്‍ എം.എസ് വിശ്വനാഥന്‍ ആരംഭിക്കുന്നത്. പൊല്ലാത്തവന്‍, ബില്ല, വരുമയിന്‍ നിറം സികപ്പ്, അന്ത എഴ് നാട്കല്‍, തണ്ണീര്‍ തണ്ണീര്‍, പോക്കിരിരാജ, അമ്മ അമ്മായിയമ്മ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനയത്തോടുള്ള താത്പര്യം മൂലം ചില സിനിമകളിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. കമല്‍ഹാസന്റെ 'കാതലാ കാതലാ' അവയിലൊന്ന് മാത്രം. 1974-ല്‍ പുറത്തിറങ്ങിയ ചന്ദ്രകാന്തം, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ എന്നീ മലയാള സിനിമകളുടെ സംഗീത സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു.
മലയാളത്തിന്റെ സ്വന്തം എം.എസ്. ബാബുരാജ്
1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവിനിലയും പോലുള്ള ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട് എം.എസ് ബാബുരാജ്. മുഹമ്മദ് സബീര്‍ ബാബുരാജെന്നാണ് മുഴുവന്‍ പേര്. ഗസലുകളുടെയും മലബാര്‍ മാപ്പിളപ്പാട്ടിന്റെയും ശ്രുതിമാധുരി മലയാളത്തിന് ആദ്യം കോര്‍ത്തു നല്‍കുന്നത് ബാബുരാജാണ്. നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങള്‍ക്ക് ഈണം നല്‍കി. രാമുകാരാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായി മാറുന്നത്. തുടര്‍ന്നങ്ങോട്ട് രണ്ട് പതിറ്റാണ്ട് കാലം മലയാള സിനിമയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. യേശുദാസിന് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിക്കാന്‍ ബാബുരാജിന് കഴിഞ്ഞു. ദ്വീപ് എന്ന ചിത്രത്തിലെ 'കടലെ നീലക്കടലെ' എന്ന ഗാനമാണ് ഒടുവില്‍ ചിട്ടപ്പെടുത്തിയത്.
മലയാളികളിന്നും ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കുന്ന ഗാനങ്ങളുടെ രചയിതാക്കളെ അറിയാം. വയലാര്‍ രാമവര്‍മ, ശ്രീകുമാരന്‍ തമ്പി, ബിച്ചു തിരുമല, റഫീഖ് അഹമ്മദ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
വയലാര്‍ എഴുതുമോ ഇതുപോലെ, പരിഹാസമല്ല ആദരവാണ്
മലയാളികളെന്നും നെഞ്ചേറ്റിയ ഗാനങ്ങളൊരുക്കിയ ഗാന രചയിതാവാണ് വയലാര്‍ രാമവര്‍മ. 256 ഓളം മലയാള ചിത്രങ്ങള്‍ക്കായി 1300 ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. ഒരു ഗാന രചയിതാവ് എന്നതിലുരി നല്ലൊരു കവി കൂടിയായിരുന്നു വയലാര്‍. വയലാര്‍ ശരത് ചന്ദ്ര വര്‍മ മകനാണ്. 1956-ലാണ് കൂടെപ്പിറപ്പ് എന്ന ചിത്രത്തിന് ഗാനം രചിക്കാനുള്ള അവസരം വയലാറിന് ലഭിക്കുന്നത്. ജി.ദേവരാജന് വേണ്ടി മാത്രമായി 700-ലധികം ഗാനങ്ങള്‍ വയലാറിന്റെ രചനയില്‍ പിറന്നു. പി.ഭാസ്‌കരന്‍, ഒ.എന്‍.വി കുറുപ്പ് എന്നീ കൂട്ടുക്കെട്ടുകളിലായി നിരവധി ഹിറ്റ് ഗാനങ്ങള്‍ പിറന്നു. 1962-ല്‍ സാരസംഗീതം എന്ന കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1972-ല്‍ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
പ്രിയങ്കരനായ ശ്രീകുമാരന്‍ തമ്പി
നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഗാന രചയിതാവ് കൂടിയാണ് ശ്രീകുമാരന്‍ തമ്പി. നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയും അദ്ദേഹമൊരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനയില്‍ പിറന്ന ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം ഇന്നും നിത്യഹരിത ഗാനങ്ങളിലൊന്നായി നിലക്കൊളളുന്നു. വള്ളത്തോള്‍ അവാര്‍ഡ് ജേതാവ് കൂടിയാണ് ശ്രീകുമാരന്‍ തമ്പി. നാല് നോവലുകളും അദ്ദേഹത്തിന്റെ രചനയില്‍ പിറന്നിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് ജെ.സി ഡാനിയേല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നായാട്ട്, ആക്രമണം, ഇടിമുഴക്കം എന്നിവ ബോക്‌സ ഓഫീസ് ഹിറ്റുകളാണ്.
ചിരപരിചിതനായ ബിച്ചു തിരുമല
ബി.ശിവശങ്കരന്‍ നായറെന്ന പേര് ഒരുപക്ഷേ മലയാളികള്‍ക്ക് പരിചിതമാകില്ല. എന്നാല്‍ ബിച്ചു തിരുമലയെ അറിയാത്ത മലയാളികളുണ്ടാവില്ല. 1991-ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദറിലെ മന്ത്രിക്കൊച്ചമ്മ വരുന്നെ എന്ന ഗാനം അനേകം ഹിറ്റുകളിലൊന്ന് മാത്രം. 1972-ല്‍ പുറത്തിറങ്ങിയ ഭജഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ഗാനരംഗത്തേക്ക് വരുന്നത്. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ചിത്രത്തിലെ ബ്രാഹ്‌മമുഹൂര്‍തത്തില്‍ പ്രാണസഖി എന്ന ഗാനം ജനശ്രദ്ധ നേടി. അതേ വര്‍ഷം പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം ആകാശവാണി ഏറ്റവുമധികം സംപ്രേക്ഷണം ചെയ്ത ഗാനം കൂടിയായിരുന്നു ഇത്. നടന്‍ മധുവിന്റെ സംവിധാനത്തിലൊരുങ്ങിയ അക്കല്‍ദാമ എന്ന ചിത്രത്തിലാണ് ബിച്ചു തിരുമലയുടെ ഗാനങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. 400-ലേറെ സിനിമകള്‍ക്ക് ഗാനമൊരുക്കി.
നിലാമലരുമായെത്തിയ റഫീഖ് അഹമ്മദ്
റഫീഖ് അഹമ്മദിന്റെ പേന തുമ്പില്‍ പിറന്ന അനേകം ഹിറ്റ് ഗാനങ്ങളിലൊന്നാണ് ഡയമണ്ട് നെക്ലേസിലെ നിലാ മലരെ എന്ന ഗാനം. 1999-ല്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തിലൊരുങ്ങിയ ഗര്‍ഷോമാണ് ആദ്യ ചിത്രം. കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലമാണ് ഗാനരചയിതാവാകുന്ന രണ്ടാമത്തെ ചിത്രം. ഗായകന്‍ എം.ജയചന്ദ്രനാണ് കമലിന് റഫീഖ് അഹമ്മദിനെ പരിചയപ്പെടുത്തുന്നത്. ഗാനരചയിതാവ് എന്നതിലുപരി നല്ലൊരു കവി കൂടിയാണ് റഫീഖ് അഹമ്മദ്. 2006-ല്‍ ആള്‍മറ എന്ന കവിതാ ശേഖരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 300-ഓളം സിനിമകള്‍ക്കായി 600-ലധികം ഗാനങ്ങള്‍ റഫീഖ് അഹമ്മദ് രചിച്ചു.
മച്ചകത്തമ്മ മുതല്‍ അമ്മ മഴക്കാറ് വരെ
മലയാളികളുടെ ഹിറ്റ് ചാര്‍ട്ടില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു പേരാണ് ഗിരീഷ് പുത്തഞ്ചേരി. ചിന്താവിഷ്ടയായ ശ്യാമളയിലെ മച്ചകത്തമ്മ, മാടമ്പിയിലെ അമ്മ മഴക്കാര്‍ പോലുള്ള ഗാനങ്ങള്‍ അക്കൂട്ടത്തില്‍ ചിലത് മാത്രം. ജയരാജിന്റെ ജോണി വാക്കറെന്ന ചിത്രം കരിയര്‍ ബ്രേക്കായി. ശാന്തമീ രാത്രിയില്‍ എന്ന ഗാനം ജനലക്ഷങ്ങള്‍ ഏറ്റെടുത്തു. ചുരുക്കം ചില ചിത്രങ്ങള്‍ക്ക് തിരക്കഥയും ഗിരീഷ് പുത്തഞ്ചേരി രചിച്ചിട്ടുണ്ട്. 1989-ല്‍ പുറത്തിറങ്ങിയ എന്‍ക്വയറിയാണ് ആദ്യ ചിത്രം. ഏറ്റവുമധികം ഗാനങ്ങള്‍ രചിച്ച റെക്കോഡും ഗിരീഷ് പുത്തഞ്ചേരിക്ക് സ്വന്തമാണ്. അനവധി ഭക്തിഗാനങ്ങളും ഗിരീഷ് പുത്തഞ്ചേരിയുടെ രചനയില്‍ പിറന്നിട്ടുണ്ട്. ഏഴ് വട്ടം മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.
പാട്ടിന്റെ നട്ടെല്ലെന്നത് പറയുന്നത് അതിന്റെ പിന്നണിശബ്ദമാണ്. പാട്ട് നല്ലതല്ലെങ്കിലും ഗായിക/ഗായകന്റെ സ്വരമാധുര്യം കണ്ട് നമ്മള്‍ കേട്ടിരിക്കാറുണ്ട്. ഭാവഗായകന്‍ ജയചന്ദ്രന്‍, ഗാനഗന്ധര്‍വന്‍ യേശുദാസ്, വാനമ്പാടിയെന്നറിയപ്പെടുന്ന കെ.എസ് ചിത്ര തുടങ്ങിയ അതുല്യ പ്രതിഭകള്‍ നമ്മുക്കിന്നുണ്ട്. അറിയാം ആ സ്വരമാധുരിക്ക് പിന്നിലുള്ളവരെ....
ഗാനഗന്ധര്‍വന്‍ യേശുദാസ്
ഗാനഗന്ധര്‍വനെന്ന വിളിപ്പേരിന് എന്തുകൊണ്ടും അര്‍ഹനാണ് കെ.ജെ യേശുദാസ്. ഇന്നും ഈ പേരിനൊരു പകരക്കാനായിട്ടില്ല. 1961 നവംബര്‍ 14-നാണ് ജാതി ഭേദം മതദ്വേഷം എന്ന ആദ്യ ഗാനം റെക്കോഡ് ചെയ്യപ്പെടുന്നത്. ഭാര്യ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ കരിയര്‍ ബ്രേക്കായി. നിരവധി ഭാഷകളില്‍ ഗാനം ആലപിക്കാനുള്ള ഭാഗ്യം യേശുദാസിന് ലഭിച്ചു. 1971-ല്‍ ജയ് ജവാന്‍ ജയ് കിസാന്‍ എന്ന ഹിന്ദി ചിത്രത്തില്‍ ഗാനം ആലപിച്ചു. അമിതാഭ് ബച്ചനെ പോലുള്ള പ്രതിഭകള്‍ക്കായി ഹിന്ദിയില്‍ ഗാനം ആലപിച്ചു. ചിറ്റ്‌ചോര്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിന്ദിയിലെ മെഗാഹിറ്റായി. യേശുദാസിന്റെ ഗാനാലാപനത്തില്‍ അഭിനയിക്കണമെന്നത് പല നടന്മാരുടെയും നടിമാരുടെയും സ്വപ്‌നമായി തീര്‍ന്നു. 1980 തരംഗിണി സ്റ്റുഡിയോസ് എന്ന സ്ഥാപനത്തിന് രൂപം നല്‍കി. 2021-ല്‍ പിന്നണിഗാന രംഗത്ത് യേശുദാസ് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി.
ഭാവഗായകനായ ജയചന്ദ്രന്‍
ഭാവഗായകന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യനാണ് ജയചന്ദ്രന്‍. പേപ്പറിലെ ഗാനങ്ങള്‍ക്ക് ഇത്ര തോതില്‍ ഭാവങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഗായകന്‍ വേറെയില്ല എന്ന് തന്നെ പറയാം. ദേവരാഗത്തിലെ ശിശിരകാലം, എന്റെ വീട് അപ്പൂന്റെയിലെയും വാവാവോ വാവേ, തിളക്കത്തിലെ നീയൊരു പുഴയായ്, രാവണപ്രഭുവിലെ അറിയാതെ അറിയാതെ, രണ്ടാം ഭാവത്തിലെ മറന്നിട്ടുമെന്തിനോ പോലുള്ള ഗാനങ്ങള്‍ ആ ഭാവഗായകന്റെ സ്വരമാധുരിയില്‍ പിറന്നു വീണു. മലയാളം, ഹിന്ദി, കനഡ, തെലുഗ്, തമിഴ് എന്നീ ഭാഷകളില്‍ നിരവധി സിനിമകള്‍ക്കായി ഗാനം ആലപിച്ചു. 2008-ലാണ് ഒരു ഹിന്ദി ചിത്രത്തിന് ആദ്യമായ് ഗാനം ആലപിക്കുന്നത്. 1967-ല്‍ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ എന്ന ചിത്രത്തിലെ അനുരാഗ ഗാനം പോലെ ഇന്നും നിത്യഹരിത ഗാനങ്ങളിലൊന്നായി ശേഷിക്കുന്നു.
മാലേയം മുതല്‍ മാര്‍ഗഴിയെ മല്ലികയെ വരെ
മാലേയം മാറോടണഞ്ഞു എന്ന ഒറ്റയൊരു ഗാനം മതി കെ.എസ് ചിത്ര എന്ന വാനമ്പാടിയുടെ സ്വരമാധുരി തിരിച്ചറിയാന്‍. 1979-ല്‍ സംഗീത സംവിധായകനായ എം.ജി രാധാകൃഷ്‌നാണ് കെ.എസ് ചിത്രയെ മലയാള പിന്നണി ഗാന ശാഖയ്ക്ക് പരിചയപ്പെടുത്തുന്നത്. യേശുദാസുമായി ഒന്നിച്ച് നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1986-ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലെ മഞ്ഞള്‍ പ്രസാദവും എന്ന ഗാനത്തിന് രണ്ടാം വട്ടം മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ചിത്രയെ തേടിയെത്തി. കെ.ജെ യേശുദാസ്, എം.ജി ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം ഏറ്റവുമധികം ഡ്യുയറ്റുകളും ചിത്ര ആലപിച്ചു. 1985-ലാണ് ഹിന്ദിയിലെ ആദ്യ ഗാനം ആലപിക്കുന്നത്. 200 ഓളം ഹിന്ദി ഗാനങ്ങള്‍ ചിത്ര ആലപിച്ചിട്ടുണ്ട്. പിന്നണി രംഗത്തെ സംഭാവനകള്‍ പരിഹണിച്ച് ആറ് ദേശീയ അവാര്‍ഡും 36 വിവിധ സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കി.
ആഴക്കടലിന്റെ അങ്ങേ കരയില്‍ നിന്നെത്തിയ ജാനകിയമ്മ
എസ്.ജാനകിയുടെ ഒരു ഗാനം ഒരുകുറി മാത്രം കേട്ടിരിക്കാന്‍ സാധിക്കില്ല. പല ആവര്‍ത്തി കേള്‍ക്കാന്‍ തോന്നുന്ന സ്വരമാധുര്യത്തിന് ഉടമയാണ് എം.ജാനകി. ചാന്തുപൊട്ടിലെ ആഴക്കടലിന്റെ എന്ന ഗാനം മലയാളികള്‍ നെഞ്ചേറ്റാന്‍ പ്രധാന കാരണം ആ സ്വര മാധുര്യമാണ്. 1957-ല്‍ പുറത്തിറങ്ങിയ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്കുള്ള ജാനകിയമ്മയുടെ കടന്നുവരവ്. ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് കനഡയിലാണ്. സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത ആദ്യ വര്‍ഷം തന്നെ ആറ് ഭാഷകളില്‍ ഗാനം ആലപിച്ചു. എസ്.പി ബാലസുബ്രഹ്‌മണ്യവുമായുള്ള ഗാനങ്ങളിന്നും നിത്യഹരിത ഗാനങ്ങളായി തുടരുന്നു. 1986-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുസ്‌കാരം ജാനകിയമ്മയെ തേടിയെത്തി.
മണിക്കുയിലെ മുതല്‍ മുത്തേ മുത്തേ വരെ
ഗ്രാമഫോണിലെ നിനക്കെന്റെ മനസിലെ എന്ന ഗാനം മലയാളികളുടെ ഹിറ്റ്ചാര്‍ട്ടിലിടം നേടാന്‍ പ്രധാന കാരണം സുജാതയാണ്. ചന്ദ്രോത്സവം എന്ന സിനിമയെ പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യ ഓര്‍മ വരിക ആരാരും കാണാതെ എന്ന ഗാനമാകും. അതിനും പ്രധാന കാരണം സുജാതയുടെ സ്വര മാധുര്യമാണ്. 1970-കളില്‍ ബേബി സുജാതയെന്ന പേരില്‍ ഗാനങ്ങള്‍ ആലപിച്ചു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കണ്ണെഴുതി പൊട്ടുംതൊട്ടിലെ ഗാനം ആലപിക്കുന്നത്. സുജാതയുടെ ആദ്യ ഗാനം കൂടിയാണിത്. 1977-ല്‍ പുറത്തിറങ്ങിയ ഗായത്രിയാണ് തമിഴില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. ചിത്രം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടിലിടം നേടി. പുതിയ മുഖം, ജീന്‍സ്, ജെന്റില്‍മാന്‍, മിന്‍സാര കനവ് തുടങ്ങിയവാണ് തമിഴില്‍ ഗാനം ആലപിച്ചിരിക്കുന്ന ചിത്രങ്ങള്‍. മിന്‍സാര കനവിലെ പൂ പൂക്കും ഓസൈ നിരവധി പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങി.
ഓലഞ്ഞാലി കുരുവിയും വാണി ജയറാമും
ഓലഞ്ഞാലി കുരുവിയെന്ന ഒറ്റ ഗാനം മതി വാണി ജയറാമെന്ന പ്രതിഭയുടെ കഴിവ് തിരിച്ചറിയാന്‍. 1973-ല്‍ പുറത്തിറങ്ങിയ തായും സെയ്യും ആണ് ആദ്യ തമിഴ് ചിത്രം. പക്ഷേ പുറത്തിറങ്ങുന്ന ആദ്യ ഗാനം 1973-ല്‍ പുറത്തിറങ്ങിയ വേട്ടയ്ക്ക് വന്ത മരുമകളെന്ന ചിത്രത്തിലെ ഗാനങ്ങളാണ്. ഹിന്ദിയിലും ഒരുപാട് നല്ല ഗാനങ്ങള്‍ വാണി ജയറാമിന്റെ ശബ്ദ മാധ്യുര്യത്തില്‍ പിറന്നു. എം.എസ് വിശ്വനാഥന്റെ സംഗീത സംവിധാനത്തില്‍ അനവധി ഹിറ്റുകള്‍ പിറന്നു. 1975-ലാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് വാണി ജയറാമിനെ തേടിയെത്തുന്നത്. അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രമാണ് സമ്മാനത്തിന് വാണി ജയറാമിനെ അര്‍ഹയാക്കിയത്. തെലുഗില്‍ നിരവധി ഭക്തി ഗാനങ്ങളും വാണിയുടെ ശബ്ദത്തില്‍ പിറന്നു. 1973-ല്‍ പുറത്തിറങ്ങിയ സ്വപ്‌നം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായ് ഗാനം ആലപിക്കുന്നത്. പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പാണ് മലയാളത്തിലെ മറ്റൊരു ശ്രദ്ധേയ ഗാനം.
പുതുവെള്ളെ മലയും ഇറുത്ത ചെമ്പനീര്‍ പൂവും
ഒരു ചെമ്പനീര്‍ പൂവിറുത്തു എന്ന ഗാനം മതി ഉണ്ണി മേനോന്‍ എന്ന ഗായകനെ തിരിച്ചറിയാന്‍. പാര്‍ത്ത മുതല നാള്‍, മിന്നലെ പിടുത്തു പോലെ തമിഴിലും നിരവധി ഹിറ്റുകള്‍ ഉണ്ണി മേനോന്റേതായി പിറന്നു. 1980-കളാണ് ഉണ്ണിയുടെ കരിയര്‍ തുടങ്ങുന്നത്. മഴനീര്‍ തുള്ളി പോലെ മലയാളത്തിലും അനവധി ഹിറ്റുകള്‍ ഉണ്ണിയുടേതായി പിറന്നു. തമിഴ്, മലയാളം, തെലുഗ് എന്നീ ഭാഷകളിലായി 500-ല്‍ പരം ഗാനങ്ങള്‍ ഉണ്ണി ആലപിച്ചു. ജീവിതത്തില്‍ വഴിത്തിരിവായത് 1992-ല്‍ പുറത്തിറങ്ങിയ റോജയിലെ പുതു വെള്ളെ മഴൈ എന്ന ഗാനമാണ്.
ഒന്നാം രാഗം പാടിയെത്തിയ വേണു നാദം
മലയാളികള്‍ക്ക് വേണു നാദമാണ് ജി.വേണുഗോപാലെന്ന ഗായകന്‍. മഴവില്‍ക്കാവടിയിലെ പള്ളിത്തേരുണ്ടോ, മുല്ലവള്ളിയും തേന്മാവിലെയും താമരനൂലിനാല്‍, പൂക്കാലം വരവായിലെ ഏതോ വാര്‍മുകുലിന്‍ പോലുള്ള ഹിറ്റ് ഗാനങ്ങളുടെ ഉടമ കൂടിയാണ് ജി.വേണുഗോപാല്‍. ഭ്രമരത്തിലെ കുഴലൂതും പൂന്തെന്നലെ പോലുള്ള ഗാനങ്ങളിലുൂടെ വേണുഗോപാല്‍ കവര്‍ന്നത് പ്രേക്ഷക ലക്ഷങ്ങളുടെ കൂടി ഹൃദയമാണ്. 1984-ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയാമാണ് അരങ്ങേറ്റ ചിത്രം. 4000-ത്തിലധികം ചിത്രങ്ങളില്‍ ഇതിനകം വേണുഗോപാല്‍ ഗാനം ആലപിച്ചു കഴിഞ്ഞു. മഹാസമുദ്രത്തിലെ കണ്ടോ കണ്ടോ കടലു കണ്ടോ... എന്ന ഗാനം മറ്റൊരു ശബ്ദത്തില്‍ ആലോചിക്കാന്‍ കൂടി കഴിയില്ല. ധ്രുവത്തിലെ കറുക വയല്‍ കുരുവി, ബാബ കല്യാണിയിലെ കൈ നിറയെ വെണ്ണ തരാം പോലുള്ള ഗാനങ്ങള്‍ മലയാളികളുടെ ആവര്‍ത്തന പട്ടികയിലിടം നേടിയവയാണ്.
തോരാ സംഗീതത്തിന്റെ മധുനാദം
മലയാളികള്‍ക്ക് തോരാ സംഗീതത്തിന്റെ മധുനാദമാണ് മധു ബാലകൃഷ്ണന്‍. സിനിമകളില്‍ മാത്രമല്ല നിരവധി ഭക്തി ഗാനങ്ങളിലൂടെയും ആ സ്വരമാധുര്യം മലയാളികള്‍ അറിഞ്ഞതാണ്. കാവല്‍ എന്ന ചിത്രത്തിലെ എന്നോമ്മല്‍ നിധിയല്ലേ എന്ന ഗാനം നെഞ്ചേറ്റതാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. മലയാളം, തമിഴ്, കന്നട, തെുലുഗു തുടങ്ങിയ ഭാഷകളിലായി 1000-ത്തോളം ഗാനം ഇതിനോടകം ആലപിച്ചിട്ടുണ്ട്. ആല്‍ബങ്ങളിലാണ് അധികവും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. 10,000-ത്തിലധികം ആല്‍ബങ്ങളില്‍ മധു ബാലകൃഷ്ണന്‍ പങ്കാളിയായിട്ടുണ്ട്. ഏറെയും ഭക്തി ആല്‍ബങ്ങളാണ്. 1995 മുതല്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാണ് മധു ബാലകൃഷ്ണന്‍. 2002-ല്‍ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചപ്പോള്‍ 2007-ല്‍ കലൈമാമണി പുരസ്‌കാരം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍ ആദരിച്ചു.
തോരാത്ത മഴ കൂടിയാണ് ഗാനങ്ങള്‍. ഇനിയും തോര്‍ന്നൊഴിയാതെ കാതുകളില്‍ ആ മഴയൊച്ച പെയ്തു കൊണ്ടേയിരിക്കും. പ്രതിഭകളായി വന്ന പ്രതിഭാസങ്ങളായി തീരാന്‍ ഇനിയും ഒട്ടനവധി പേരെത്തും. കാതിന് ഇമ്പമാകാന്‍ ആയിരത്തിലധികം ഗാനങ്ങളുണ്ടായി കൊണ്ടേയിരിക്കും. സംസാരത്തിന് ഭാഷ ഒരു അതിര്‍വരമ്പാണെങ്കില്‍ പാട്ടിന് ഭാഷയുടെ പ്രശ്‌നങ്ങളില്ല. സ്‌നേഹം പോലെ ഭാഷ ആവശ്യമില്ലാതെ ആ മാധ്യമം നിരന്തരം പ്രേക്ഷകരുമായി സംവദിക്കും. ഈണം നല്‍കി, വരികള്‍ നോക്കിയാണ് പല പാട്ടുകളെയും നമ്മള്‍ സ്‌നേഹിക്കുക. ഭാഷയറിയാതെ പാട്ടിനെ പ്രണയിക്കുന്നവര്‍ അനവധിയാണ്. പാട്ടിനോടുള്ള പ്രണയം നമ്മോട് നമ്മള്‍ക്കുള്ള പോലെയാണ്. അതിലൊരിക്കലും അവസാനിക്കുകയില്ല. കാത്തിരിക്കാം, കാതൊരുക്കാം നല്ല പാട്ടോര്‍മകള്‍ക്കും പ്രതിഭകള്‍ക്കുമായി...
Content Highlights: Malayalam movie, music composers, lyricists, play back singers
Published: 20 Jun 2023, 10:23 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented