
തുമ്പീ വാ തുമ്പക്കുടത്തിൻ
തുഞ്ചത്തായ് ഊഞ്ഞാലിടാം...
ആകാശപ്പൊന്നാലിന്നിലകളെ
ആയത്തിൽ തൊട്ടേ വരാം...
1982-ൽ ബാലു മഹേന്ദ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഓളങ്ങളിലെ ഈ ഗാനം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജനങ്ങളുടെ മനസ്സിൽ ഇന്നും അതിന് ഇളം പ്രായമാണ്. തലമുറകൾ കടന്നു പോയിട്ടും ഈ ഗാനം പുതുമയോടെ കാതുകൾക്ക് ഈണം പകരുന്നുണ്ടെങ്കിൽ മാന്ത്രികമായത് എന്തോ ആ ഗാനത്തിലുണ്ടായെന്നിരിക്കാം. ഇന്ത്യൻ സംഗീത ലോകം സാക്ഷിയായ ഒരു സംഗീത പ്രതിഭയുടെ സ്പർശമാണ് ഗാനത്തെ അത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്. ഒരു ശരാശരി ദക്ഷിണേന്ത്യക്കാരന് ഇദ്ദേഹത്തിൽ നിന്നും രക്ഷ നേടുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. അവരുടെ ആഘോഷങ്ങളിലും, സുഖദുഃഖങ്ങളിലും പല കുറി ഈ മനുഷ്യൻ ഈണം നൽകിയ വരികൾ കടന്നുപോയിട്ടുണ്ടാകാം. അതേ..ആയിരത്തിലധികം ചിത്രങ്ങളുടെ സംഗീതസംവിധായകൻ, 8,000-ത്തിലധികം ഗാനങ്ങൾ, അഞ്ച് പതിറ്റാണ്ടിനോട് അടുക്കുന്ന കരിയർ...സാക്ഷാൽ ഇസൈജ്ഞാനി ഇളയരാജ.
1943 ജൂൺ രണ്ടിന് തേനി ജില്ലയിലെ പണ്ണായിപുരം ഗ്രാമത്തിലായിരുന്നു രാജയുടെ ജനനം. ഒരു സംഗീതജ്ഞനെന്ന നിലയിയിലുള്ള അദ്ദേഹത്തിന്റെ വളർച്ചയിൽ തമിഴ് നാടോടി സംഗീതം വഹിച്ച പങ്ക് വളരെ വലുതാണ്. തന്റെ 14-ാം വയസ്സിൽ തന്നെ തന്റെ സഹോദരൻ പാവലാർ വരദരാജന്റെ നേതൃത്വത്തിലുള്ള പാവലാർ ബ്രദേഴ്‌സ് എന്ന് സംഗീത ട്രൂപ്പിന്റെ ഭാഗമായിരുന്നു രാജ. തുടർന്ന് 1968-കളോടെ വെസ്റ്റേൺ ക്ലാസിക് മ്യൂസികും കർണാടിക് സംഗീതവുമടക്കം ശാസ്ത്രീയമായി അഭ്യസിക്കുവാനുള്ള തീരുമാനമെടുക്കുന്ന ആ യുവാവിന്റെ ചുറ്റമുള്ളവർ സ്വപ്നത്തിൽ പോലും വിചാരിച്ച് കാണില്ല ഇന്ത്യൻ സംഗീത ലോകത്തെ പതിറ്റാണ്ടുകൾ പിന്നിടുന്ന അതുല്യപ്രതിഭയായി ഇദ്ദേഹം വളരുമെന്ന്.
സലിൽ ചൗധരിയുടേയും ജി കെ വെങ്കടേഷിന്റെ പ്രിയപ്പെട്ട ശിഷ്യൻ
സംഗീതരംഗത്തേക്ക് കടന്നതിന് ശേഷം മേഖലയിലെ പ്രമുഖരോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഇളയരാജയുടെ കരിയറിന് ഏറെ സഹായകരമായി തീർന്നു. എം എസ് വിശ്വനാഥൻ, സലിൽ ചൗധരി, ജി കെ വെങ്കടേഷ് തുടങ്ങിയ പ്രശസ്തവരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു. അതേ സമയം സ്വന്തമായി സംഗീതം ചെയ്യാനും അദ്ദേഹം മറന്നില്ല. വർഷങ്ങൾക്കിപ്പുറം ദക്ഷിണേന്ത്യൻ സംഗീതലോകത്തെക്കുറിച്ച് സംസാരിക്കുന്ന സാഹചര്യത്തിൽ രാജയെ വിസ്മരിക്കുന്നത് അസാധ്യമായിരിക്കും. ദക്ഷിണേന്ത്യൻ സിനിമകൾക്ക് പുറമെ ഹിന്ദി, മറാത്തി എന്നീ ഭാഷകളിലെ ഗാനങ്ങൾക്കും രാജ ഈണം പകർന്നിട്ടുണ്ട്.
1976-ൽ ദേവരാജ് മോഹൻ സംവിധാനം ചെയ്ത തമിഴ് ചിത്രം അന്നൈക്കിളിയാണ് ഇളയരാജയുടെ അരങ്ങേറ്റ ചിത്രമായി കണക്കാക്കുന്നത്. തമിഴ് സിനിമ ചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായി കണക്കാക്കുന്ന അന്നൈക്കിളിയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന് രാജയുടെ ഗാനങ്ങൾ തന്നെയായിരുന്നു. ചിത്രത്തിലെ 'മച്ചാന പാർതിങ്കലാ' എന്ന ഗാനം സിനിമാലോകത്തേക്കുള്ള രാജയുടെ വരവറിയിച്ച ഗാനങ്ങളിലൊന്ന് തന്നെയായിരുന്നു.
കെ. ജോർജിന്റെ വ്യാമോഹവും പത്മരാജന്റെ മൂന്നാം പക്കവും
സ്വപ്നാടനം എന്ന ക്ലാസിക്കിന് ശേഷം കെ.ജി. ജോർജ് സംവിധാനം ചെയ്ത വ്യാമോഹം (1978) എന്ന ചിത്രത്തിലൂടെയാണ് ഇളയരാജയുടെ മലയാള സിനിമാലോകത്തേക്കുള്ള പ്രവേശനം. ഡോ. പവിത്രന്റെ വരികൾക്ക് രാജ ഈണം നൽകി യേശുദാസും എസ്. ജാനകിയും ചേർന്ന് ആലപിച്ച 'പൂവാടികളിൽ അലയും തേനിളം കാറ്റേ, പനിനീർമഴയിൽ കുളിർ കോരി നിൽപ്പൂ ഞാൻ.....'' എന്ന മെലഡിയാണ് മലയാള സിനിമയിലെ രാജയുടെ ആദ്യഗാനം. "ആറുമണിക്കൂർ'' എന്നൊരു ഡബിംഗ് ചിത്രം രാജയുടെ ഈണങ്ങളുമായി പുറത്തു വന്നിരുന്നെങ്കിലും വ്യാമോഹമാണ് അദ്ദേഹത്തിൽ ആദ്യ മലയാളചിത്രമായി കണക്കാക്കുന്നത്.
പിന്നീടങ്ങോട്ട് മലയാള സിനിമാലോകം സാക്ഷിയാകാൻ പോകുന്ന ഒട്ടനവധി രാജാസ്പർശമുള്ള ഗാനങ്ങളുടെ ഒരു തുടക്കം മാത്രമായിരുന്നു അത്. വാണിജ്യ സിനിമാ ചേരുവകളിൽ നിന്നും എന്നും മാറി സഞ്ചരിച്ചിരുന്ന പത്മരാജന്റെ രണ്ട് ചിത്രങ്ങൾക്കും രാജ ഈണം നൽകി. സീസണും മൂന്നാം പക്കവും. അക്കാലത്ത് ഇറങ്ങിയ ഗാനങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നതായിരുന്നു സീസണിലെ ഗാനങ്ങൾ. കോവളത്ത് ഉല്ലസിക്കാനെത്തുന്ന സഞ്ചാരികളുടേയും ആ സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്നവരുടെ താളവും കോർത്തിണക്കി രാജ ചിട്ടപ്പെടുത്തിയ പോയ് വരൂ എന്ന ഗാനം അന്നോളം മലയാളം സിനിമ കണ്ടതിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. സീസണിലെ ഗാനങ്ങൾ വഴി മാറി സഞ്ചരിച്ചവയായിരുന്നെങ്കിൽ മൂന്നാം പക്കത്തിൽ ഏറെയും ജനപ്രിയ ഗാനങ്ങളായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് രാജ ഈണം പകർന്ന് "ഉണരുമീ ഗാനം" ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. ഇതേ ഗാനമാണ് ജി.വേണുഗോപാലിന് അദ്ദേഹത്തിന്റെ പ്രഥമ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുക്കുന്നത്.
മലയാള സിനിമാചരിത്രത്തിലെ നാഴികകല്ലായി കണക്കാക്കുന്ന നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇളയരാജ. 1984-ൽ ജിജോ പുന്നൂസിന്റെ സംവിധാനത്തിൽ നവോദയ സ്റ്റുഡിയോയ്ക്ക് കീഴിൽ പ്രേക്ഷകരിലേക്കെത്തിയ ഫാന്റസി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് രാജയായിരുന്നു. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ 3ഡി ഫോർമാറ്റിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയായിരുന്നു കുട്ടിച്ചാത്തൻ. ഒപ്റ്റിക്കൽ ഇല്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ജിജോ ഒരുക്കിയ അത്ഭുതമായിരുന്നു "ആലിപ്പഴം പെറുക്കാം" എന്ന ഗാനം. ഈ ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചത് രാജയായിരുന്നു. ബിച്ചു തിരുമലയുടെ വരികൾക്ക് രാജ ഈണം പകർന്ന ഗാനം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
രാജിവ് അഞ്ചൽ ചിത്രം ഗുരുവിന്റെ സംഗീതസംവിധായകനും മറ്റ് ആരുമല്ലായിരുന്നു. ഓസ്‌കർ പുരസ്കാരത്തിന് രാജ്യത്ത് നിന്നും തിരഞ്ഞെടുക്കുന്ന ആദ്യ മലയാള ചിത്രമായി മാറി അന്ന് ഗുരു. ഗുരുവിനായി ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും അന്ന് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഗ്രാമങ്ങളുടേയും നാട്ടുകാരുടേയും കഥകൾ പറയുന്ന സത്യൻ അന്തിക്കാടിനൊപ്പം രാജ ചേർന്നപ്പോൾ ഒരുങ്ങിയതെല്ലാം അതിമനോഹരമായ ഗാനങ്ങളായിരുന്നു. മനസ്സിനക്കരെ മുതൽ സ്നേഹവീട് വരെയുള്ള അന്തിക്കാട് ചിത്രങ്ങൾക്ക് രാജ ഗാനങ്ങളൊരുക്കി. ഹരികുമാർ സംവിധാനം ചെയ്ത ക്ലിന്റാണ് അദ്ദേഹം അവസാനമായി സംഗീതം നൽകിയ മലയാള ചിത്രം.
ഇളയരാജ തന്റെ സംഗീത പ്രതിഭയാൽ ഇന്നും ജനങ്ങളെ അതിശയിപ്പിക്കുന്നു. 8000-ത്തിലധികം ഗാനങ്ങൾക്ക് ഈണം പകർന്നിട്ടും ഇന്നും മറ്റൊന്നിനോട് സാമ്യമില്ലാതെ രാജയുടെ മനസ്സ് പുതിയ ഈണങ്ങൾ കണ്ടെത്തുന്നു. സംഗീതം സപ്തസ്വരങ്ങളാണ്...അതിന് ഭാഷയുടെ അതിർവരമ്പുകളില്ല...സിബി മലയിൽ- മോഹൻലാൽ ചിത്രം ദേവദൂതനിൽ പറയുന്നത് പോലെ അയാൾ സംഗീതത്തിന്റെ രാജാവാണ്...ഇളയരാജ!
Content Highlights: Ilaiyaraaja, music composer, music day
Published: 20 Jun 2023, 10:18 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented