
കുരുന്നുകളെ പിടിച്ചിരുത്തിയ യൂട്യൂബിലെ ബേബി ഷാര്‍ക്ക് എന്ന ആല്‍ബം ഓര്‍മയില്ലേ..? കുരുന്നുകളെ മാത്രമല്ല സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മുതിര്‍ന്നവരുടേയും ചുണ്ടില്‍ ഒരു തവണയെങ്കിലും ബേബി ഷാര്‍ക്കിന്റെ ഈണം വന്നുപോയിരിക്കണം. കാഴ്ചക്കാരുടേയും കേള്‍വിക്കാരുടേയും എണ്ണം കൂട്ടി ഒരു ബാധ പോലെ കുട്ടികളില്‍ നിന്ന് കുട്ടികളിലേക്കും മുതിര്‍ന്നവരില്‍ നിന്ന് മുതിര്‍ന്നവരിലേക്കും അത് പടരുകയായിരുന്നു. യൂട്യൂബില്‍ ആദ്യമായി 10 ബില്ല്യണ്‍ അടിച്ച വീഡിയോ ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ, അത് വെറും 2.16 മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള 'ബേബി ഷാര്‍ക്ക് ഡാന്‍സ്' ആണ്. ദക്ഷിണ കൊറിയന്‍ മ്യൂസിക് കമ്പനി പിങ്ക്‌ഫോങ് പുറത്തിറക്കിയ വീഡിയോയ്ക്ക് നിലവില്‍ 12 ബില്ല്യണ്‍ ആണ് യൂട്യൂബില്‍ ഈ കുട്ടി സ്രാവ് വീഡിയോയ്ക്കുള്ള കാഴ്ചകളുടെ എണ്ണം. ദിനംപ്രതി ലക്ഷക്കണക്കിന് കാഴ്ചകള്‍ നേടിക്കൊണ്ടാണ് എക്കാലത്തേയും വലിയ യൂട്യൂബ് ഹിറ്റിലേക്കുള്ള കുഞ്ഞന്‍ സ്രാവിന്റെ പ്രയാണം.
ഹോപ് സിഗോയിന്റെ പത്താം വയസ്സിലെ ഗാനം
'Baby Shark, doo-doo, doo-doo
Mommy Shark, doo-doo, doo-doo
Daddy Shark, doo-doo, doo-doo
Grandma Shark, doo-doo, doo-doo
Grandpa Shark, doo-doo, doo-doo
Let's go hunt, doo-doo, doo-doo
Run away, doo-doo, doo-doo
Safe at last, doo-doo, doo-doo
It's the end, doo-doo, doo-doo'
പണ്ട് കിഡ്‌സ് നേഴ്‌സറികളിലും മറ്റും പ്രചാരത്തിലുണ്ടായിരുന്ന പാട്ടിന്റെ പുതിയ രൂപമാണ് പിങ്ക്‌ഫോങ് ഇറക്കിയ ബേബി ഷാര്‍ക്ക്.2016 ജൂണ്‍ 18നാണ് കിഡ്‌സ് നേഴ്‌സറി റൈം വിഭാഗത്തിലുള്ള ഈ വീഡിയോ യുട്യൂബില്‍ റിലീസ് ചെയ്യുന്നത്. ഒരു കൂട്ടം സ്രാവുകളുടെ ആനിമേഷന്റെ പശ്ചാത്തലത്തില്‍ രണ്ട് കുട്ടികള്‍ അവതരിപ്പിക്കുന്ന രീതിയിലാണ് 'ബേബി ഷാര്‍ക്ക് ഡാന്‍സ്' ചിത്രീകരിച്ചിരിക്കുന്നത്. പ്രമുഖ കൊറിയന്‍-അമേരിക്കന്‍ ഗായികയായ ഹോപ് സിഗോയിന്‍ 2015-ല്‍ തന്റെ പത്താം വയസ്സിലാണ് ബേബി ഷാര്‍ക്ക് ഗാനം ആലപിച്ച് അഭിനയിച്ചത്. ബൊമ്മി കാതറിന്‍ ഹാന്‍, ആനിപെന്‍ മാത്യു ഡിജികോമോ, റോബര്‍ട്ട് വില്ല്യം ഗാര്‍ഡ്‌നിയര്‍, ചാരിറ്റി വിന്‍ സിഗോയിന്‍ എന്നിവരാണ് മറ്റ് ഗായകര്‍. ഹോപ് സിഗോയിനെ കൂടാതെ കൊറിയന്‍-സ്‌കോട്ടിഷ് വംശജയായ എലെയ്ന്‍ ജോണ്‍സ്റ്റണ്‍ ആണ് വീഡിയോയില്‍ അഭിനയിച്ച രണ്ടാത്തെ അഭിനേത്രി.
2016-ല്‍ പുറത്തിറങ്ങിയ വീഡിയോ ഇന്തോനീഷ്യയിലാണ് ആദ്യമായി ഹിറ്റ് ആയത്. തുടര്‍ന്ന് വീഡിയോ ഏഷ്യന്‍ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യയില്‍ വ്യാപകമായി. 2017-ല്‍ ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളിലെ ടോപ്പ് ലിസ്റ്റില്‍ ഇടം നേടിയ വീഡിയോ പതിയെ ലോകം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. ലോകത്താകമാനമുള്ള മ്യൂസിക് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് റെക്കോര്‍ഡ് ചാര്‍ട്ടായ ബില്‍ബോര്‍ഡ് ഹോട്ട് 100-ല്‍ 32-ാം സ്ഥാനത്തും ഈ കുട്ടി സ്രാവ് ഇടം നേടിയിട്ടുണ്ട്. പുറത്തിറക്കി ചുരുങ്ങിയ കാലംകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള കുട്ടിപ്രേക്ഷകര്‍ കുട്ടി സ്രാവിനെ ഏറ്റെടുത്തു. 2022 ജനുവരി 13നാണ് യൂട്യൂബ് ചരിത്രത്തിലെ 10 ബില്ല്യണ്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള വീഡിയോ എന്ന റെക്കോര്‍ഡ് വീഡിയോ സ്വന്തമാക്കി. എന്നാല്‍ അതിന് മുന്‍പുതന്നെ ബേബി ഷാര്‍ക്കിന്റെ പേരില്‍ ഒരു ഗിന്നസ് റെക്കോര്‍ഡ് ചേര്‍ക്കപ്പെട്ടിരുന്നു. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കണ്ട വീഡിയോ എന്ന പേരിലുള്ള റെക്കോര്‍ഡ് 2020ലാണ് ബേബി ഷാര്‍ക്കിന് ലഭിച്ചത്. പ്യൂട്ടോറിക്കന്‍ പോപ് ഗായകരായ ലൂയിസ് ഫോണ്‍സി, ഡാഡി യാങ്കി എന്നിവരുടേതായി പുറത്തിറങ്ങിയ ഡെസ്പാസിതോയുടെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടായിരുന്നു ബേബി ഷാര്‍ക്കിന്റെ മുന്നേറ്റം. 2023ലെ കണക്കുകളില്‍ 8 ബില്ല്യണ്‍ വ്യൂസ് നേടിക്കൊണ്ട് ഡെസ്പാസിതോ രണ്ടാം സ്ഥാനത്തുണ്ട്.
കവര്‍ സോങ്ങിലെ ബേബി ഷാര്‍ക്ക്
ഗ്ലോബല്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയതോടെ ബേബി ഷാര്‍ക്കിന്റേതായി നിരവധി കവര്‍ വേര്‍ഷനുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.ഇംഗ്ലീഷ് അഭിനേതാവും ഗാകനും കൊമേഡിയനുമൊക്കെയായ ജെയിംസ് കോര്‍ഡന്‍ 2018 സെപ്തംബറില്‍ പുറത്തി റക്കിയയ കവര്‍ ആണ് അതില്‍ പ്രധാനപ്പെട്ടവയില്‍ ഒന്ന്. ഒരു പരിപാടിക്കിടെ തന്റെ പിയാനോയുടെ സഹായത്തോടെയാണ് ജെയിംസ് കോര്‍ഡന്‍ കവര്‍ ലൈവ് ആയി പാടിയത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത പ്രസ്തുത വീഡിയോയ്ക്ക് ഇന്ന് 40 ലക്ഷം കാഴ്ചക്കാരാണുള്ളത്.
2019ല്‍ തന്നെ പോപ്പ് ഗായകരായ ബെബെ റെക്‌സ, ജോണ്‍ ലെജന്‍ഡ് തന്റെ മകള്‍ക്കൊപ്പവും ബേബി ഷാര്‍ക്ക് കവര്‍ ചെയ്തു. മാര്‍ട്ടി ഗൗള്‍ഡ് കമ്മിങ് ചെയ്ത് കവര്‍ പെര്‍ഫോര്‍മന്‍സും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.
ഗ്ലോബല്‍ റാങ്കിങ്ങില്‍ ടോപ്പ്
വരികള്‍ തിരഞ്ഞെത്തുന്ന പാട്ടുകളുടെ റാങ്കിങ് ലിസ്റ്റായ ലിറിക്‌ഫൈന്‍ഡ് ഗ്ലോബല്‍ ചാര്‍ട്ടിലും 2018ല്‍ ബേബി ഷാര്‍ക്ക് ഒന്നാം സ്ഥാനത്തേക്കെത്തി. അതേകാലത്ത് തന്നെയായിരുന്നു കുട്ടികള്‍ക്കുള്ള ഡിജിറ്റല്‍ സോങ് സെയില്‍സ് ലിസ്റ്റിലും ബേബി ഷാര്‍ക്ക് ടോപ്പ് ലിസ്റ്റിലേക്ക് കയറിയത്. തൊട്ടടുത്ത വര്‍ഷമാണ് ബില്‍ബോര്‍ഡ് ഹോട്ട് 100-ലെ മുപ്പത്തിരണ്ടാം സ്ഥാനവും ബേബി ഷാര്‍ക്ക് നേടി. അതിനോടകം തന്നെ നിരവധി പോപ് ഗായകര്‍ തങ്ങളുടെ ഇഷ്ടഗാനങ്ങളിലൊന്നായി ബേബി ഷാര്‍ക്ക് മാറിയെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു. ഈ തുറന്നുപറച്ചിലുകളും ഗാനത്തിന്റെ പ്രചാരം വര്‍ധിപ്പിച്ചു.
സിനിമ, സീരിസ്, സെയില്‍സ്
ബേബി ഷാര്‍ക്ക് പ്രശസ്തിയാര്‍ജിച്ചതോടെ 2019ലാണ് ഷാര്‍ക്കിനെ അടിസ്ഥാനമാക്കി ഒരു സീരിസ് ചെയ്യുമെന്ന് പ്രഖ്യാപനം പുറത്തുവന്നത്. നികെലോഡിയോന്‍ എന്ന അമേരിക്കന്‍ ടിവി ചാനലാണ് പിങ്ക്‌ഫോങുമായി ചേര്‍ന്ന് സീരിസ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. 2021ല്‍ സീരിസ് പുറത്തിറക്കുകയും ചെയ്തു. 2023ല്‍ സീരിസിന്റെ രണ്ടാമത്തെ സീസണ്‍ ആണ് നടക്കുന്നത്.
അതിനിടെ വാള്‍ട്ട് ഡിസ്‌നിയും വമ്പന്‍ പ്രഖ്യാപനവുമായി രംഗത്തെത്തി. 2023 ഓഗസ്തില്‍ ബേബി ഷാര്‍ക്ക് ആനിമേഷന്‍ സിനിമയായി പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം. 2022ല്‍ ഇതിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. 175-225 ദശലക്ഷമാണ് സിനിമയ്ക്ക് പ്രതീക്ഷിക്കുന്ന ബജറ്റ്. റൂഡ് ഷ്രൂമാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വീഡിയോ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയതോടെ കുട്ടികള്‍ക്ക് വേണ്ടി ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്ന പല കമ്പനികളും ബേബി ഷാര്‍ക്കിനെ മാര്‍ക്കറ്റിങ് ടെക്‌നിക്കിനായി കൂട്ടുപിടിച്ചു. കെല്ലോഗ്‌സ് കമ്പനി ബേബി ഷാര്‍ക്ക് എന്ന പേരില്‍ സെറിയന്‍ തന്നെ പുറത്തിറക്കിയിരുന്നു.

2022ല്‍ 22 മില്ല്യണ്‍ വരുമാനം
ലക്ഷങ്ങളും കോടികളും കടന്ന് ബേബി ഷാര്‍ക്കിന്റെ വീഡിയോ കുതിക്കുമ്പോള്‍ പിങ്ക്‌ഫോങ് കമ്പനിയുടെ വരുമാനവും അതുപോലെ കുതിക്കുകയായിരുന്നു. 2022ല്‍ പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരം 2.20 കോടി ഡോളര്‍ ആയിരുന്നു കമ്പനിക്ക് ലഭിച്ച വരുമാനം.
ബോണസ് ഇന്‍സൈഡറിന്റെ കണക്കുകള്‍ പ്രകാരം പ്രതിമാസം ശരാശരി 15 കോടിയാണ് ബേബി ഷാര്‍ക്കിന്റെ കാഴ്ച. ഏകദേശം 2,83,000 ഡോളറാണ് പ്രതിമാസം കമ്പനിക്ക് ലഭിക്കുക. അതായത് പ്രതിദിനം 9400 ഡോളര്‍ വീതം.. !
ബേബി ഷാര്‍ക്കിനുമുണ്ട് കോപ്പിറൈറ്റ് യുദ്ധം
ബേബി ഷാര്‍ക്ക് വീഡിയോ പുറത്തിറങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഒറിജിനല്‍ സൃഷ്ടിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ പിങ്ക്‌ഫോങ് അല്ല ഗാനത്തിന്റെ യഥാര്‍ഥ അവകാശികള്‍ എന്ന പലരും അഭിപ്രായപ്പെട്ടിരുന്നു.
2018ല്‍ ലിബര്‍ട്ടി കൊറിയ പാര്‍ട്ടി അവരുടെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരത്തിനായി അവരെ 'ബേബി ഷാര്‍ക്ക്' എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സ്മാര്‍ട്ട് സ്റ്റഡി കമ്പനിയും മാതൃബ്രാന്‍ഡാനയ പിങ്ക്‌ഫോങും രംഗത്തെത്തി. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ കേട്ടിരുന്ന ഗാനമാണ് ബേബി ഷാര്‍ക്ക് എന്നും സമാനമായ പതിപ്പ് താന്‍ നിര്‍മിച്ചിരുന്നുവെന്നും അതിനാല്‍ പിങ്ക്‌ഫോങ് കമ്പനിക്ക് അത് സ്വന്തമാക്കാന്‍ യോഗ്യതയില്ലെന്നും അവകാശപ്പെട്ട് ജോണി റൈറ്റ് എന്നയാളും രംഗത്തെത്തി.കേസ് കോടതിയിലെത്തിയപ്പോള്‍, വാക്കാല്‍ കൈമാറപ്പെട്ട പാരമ്പര്യം പ്രസ്തുത കേസില്‍ നിലനില്‍ക്കില്ലെന്നായിരുന്നു കൊറിയന്‍ കോടതി പ്രസ്താവിച്ചത്. കേസില്‍ സ്മാര്‍ട്ട് സ്റ്റഡിയും പിങ്ക്‌ഫോങ്ങും വിജയിച്ചു.
യൂട്യൂബിലെ വമ്പന്മാര്‍ ഇവരാണ്
മ്യൂസിക് വീഡിയോ വിഭാഗത്തില്‍ ലൂയിസ് ഫോണ്‍സി ഡാഡി യാങ്കി എന്നിവര്‍ ചേര്‍ത്ത് പുറത്തിറക്കിയ ഡെസ്പാസിതോ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 8 ബില്ല്യണ്‍ ആണ് ഡെസ്പാസിതോയുടെ കാഴ്ചകളുടെ എണ്ണം. എഡ് ഷീരാന്റെ ഷേപ്പ് ഓഫ് യു, വിസ് ഖലീഫയുടെ 'സീ യു എഗെയിന്‍(2015), മാര്‍ക്ക് റോണ്‍സന്റെ 'അപ്ടൗണ്‍ ഫങ്ക്'(2014), സൈയുടെ ഗന്നം സ്റ്റൈല്‍, എല്‍ ചോംബോയുടെ ഡമെടു കോസീറ്റ, ക്രേസി ഫ്രോഗ്, മറൂണ്‍-5ന്റെ ഷുഗര്‍, കാറ്റി പെറിയുടെ റോര്‍, വണ്‍ റിപ്പബ്ലിക്കിന്റെ കൗണ്ടിങ് സ്റ്റാര്‍സ് എന്നിവയാണ് ടോപ്പ് 10-ല്‍ ഉള്‍പ്പെട്ട ഗാനങ്ങള്‍.
Content Highlights: Baby Shark Is Still Making Millions From Its Billions Of Views On YouTube
Published: 20 Jun 2023, 10:17 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented