'പാട്ടുകാരനെന്നതിനേക്കാള്‍ മ്യൂസിക് ഡയറക്ടര്‍ എന്നറിയപ്പെടുന്നത് തന്നെയാണ് എനിക്കിഷ്ടം'


ജസ്റ്റിൻ വർ​ഗീസ് / സ്വീറ്റി കാവ്

ജസ്റ്റിൻ വർ​ഗീസ് | Photo : Facebook

സം​ഗീതമേഖലയിൽ പാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും സം​ഗീതത്തെ ഹൃദയത്തോട് ചേർത്ത കുടുംബമാണ് ജസ്റ്റിൻ വർ​​​​​​ഗീസിനെ സം​ഗീതസംവിധായകനാക്കിയത്. വളരെ കുറവ് എണ്ണം സിനിമകൾ മാത്രമാണ് ക്രെഡിറ്റിലുള്ളതെങ്കിലും മികച്ച സം​ഗീതസംവിധായകനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരമുൾപ്പെടെ ​ജസ്റ്റിൻ നേടി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് സ്വതന്ത്രസം​ഗീതസംവിധായകനായത്. തുടർന്ന് ചെയ്ത ​ഗാനങ്ങളും പശ്ചാത്തലസം​ഗീതവും ആദ്യചിത്രത്തിനേക്കാൾ ശ്രദ്ധ നേടി. ജോജി എന്ന സിനിമയിലൂടെ മികച്ച പശ്ചാത്തലസം​ഗീതസംവിധായകനുള്ള സംസ്ഥാനപുരസ്കാരം നേടിയ ജസ്റ്റിന്റെ ​ഗാനങ്ങളും വലിയ രീതിയിൽ സ്വീകാര്യത നേടിയിട്ടുണ്ട്.
അടിപൊളിയും മെലഡിയും ഹിറ്റാക്കുന്ന ജസ്റ്റിന്റെ വിശേഷങ്ങളിലേക്ക്.

ജോജിയുടെ ബാക്ഗ്രൗണ്ട് സ്‌കോറില്‍ നിന്ന് തന്നെ ആരംഭിക്കാം. സാധാരണയായി മലയാളസിനിമയിലുള്ളതു പോലെയൊരു ട്രീറ്റ്‌മെന്റല്ല ജോജിയുടേത്. ജോജിയുടെ പശ്ചാത്തലസംഗീതം നല്ല രീതിയില്‍ പ്രശംസിക്കപ്പെടുകയും ചെയ്തു. ജോജിയ്ക്ക് വേണ്ടി എന്തൊക്കെ ഹോംവര്‍ക്കുകളാണ് ജസ്റ്റിന്‍ ചെയ്തത്?

ജോജിയുടെ ബാക്ഗ്രൗണ്ട് സ്‌കോറിന് ഒരു വെസ്‌റ്റേണ്‍ ക്ലാസിക്കല്‍ ജോണറില്‍ ഉള്ള തീംസ് വേണമെന്നാണ് ദിലീഷേട്ടന്‍ (സംവിധായകന്‍ ദിലീഷ് പോത്തന്‍) പറഞ്ഞത്. അവര്‍ ഉദ്ദേശിക്കുന്ന മൂഡ് മനസിലാക്കിത്തരാന്‍ വേണ്ടി കുറേ ട്രാക്കുകള്‍ കേള്‍പ്പിച്ച്തന്നു. അത്തരം ജോണറിലുള്ള കുറേ ട്രാക്കുകള്‍ ഞാനും കേട്ടു. കൂടാതെ സിംഫണി ഉള്‍പ്പെടെ കുറേ ഓര്‍ക്കസ്ട്രല്‍ പീസും ഗ്ലൂമി സണ്‍ഡേ, ഗോഡ്ഫാദര്‍ തുടങ്ങിയ തീംസ്, ജോണ്‍സണ്‍ മാഷ്, ഇളയരാജ സര്‍ തുടങ്ങി പല മുതിര്‍ന്ന സംഗീതസംവിധായകരുടേയും ട്രാക്കുകള്‍ എന്നിവ കേള്‍ക്കുകയും എത്തരത്തിലാണ് ആ ട്യൂണുകളും മെലഡികളും കണ്‍സ്ട്രക്റ്റ് ചെയ്തിരിക്കുന്നതെന്ന് പഠനം നടത്തിയിരുന്നു. അതിനുശേഷമാണ് ജോജിയുടെ വര്‍ക്ക് തുടങ്ങിയത്. ഒന്ന് സ്റ്റാര്‍ട്ട് ചെയ്ത ശേഷം പിന്നീട് സിനിമയിലെ സിറ്റുവേഷനുകള്‍ക്കനുസരിച്ച് മ്യൂസിക് ക്രമേണ ഉണ്ടായി വരികയാണ് ചെയ്തത്.

അഞ്ച് കൊല്ലത്തിനിടെ പത്തില്‍ താഴെ സിനിമകളില്‍ മാത്രമാണ് സംഗീതസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ളത്. ചെയ്ത പാട്ടുകളധികവും സൂപ്പര്‍ഹിറ്റും. സംഗീതസംവിധാനരംഗത്ത് വളരെ ജൂനിയറെന്ന് വിശേഷിക്കാവുന്ന ജസ്റ്റിന് സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം ലഭിക്കുമ്പോള്‍ ഏതുവിധത്തിലാണ് അതിനെ നോക്കിക്കാണുന്നത്. ഉത്തരവാദിത്വം ഏറിയതായോ മറ്റോ തോന്നുന്നുണ്ടോ?

അവാര്‍ഡ് ലഭിച്ചതു കൊണ്ട് ഉത്തരവാദിത്വം കൂടിയെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ചെറുതായാലും വലുതായാലും ഞാന്‍ ഒരു വര്‍ക്കിനെ ഒരേ പ്രാധാന്യത്തോടെയാണ് കാണുന്നത്. എന്റെ പേരിലിറങ്ങുന്ന ഒരു വര്‍ക്ക് എന്റെയൊരു മാക്‌സിമം എഫര്‍ട്ട് കൊടുത്ത് ഏറ്റവും നല്ല ഔട്ട്പുട്ടായി വരണമെന്നാണ് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. ഷോട്ട് ഫിലിമോ ഡിവോഷണല്‍ സോങ്ങോ ഫിലിം സോങ്ങോ ആവട്ടെ ഒരേ പ്രാധാന്യത്തോടെയാണ് ഞാന്‍ വര്‍ക്ക് ചെയ്യാറുള്ളത്. അതിനുവേണ്ടി എന്റെ ഭാഗത്ത് നിന്നുള്ള എല്ലാ എഫര്‍ട്ടും കൊടുത്ത് ഏറ്റവും അടിപൊളിയായി ചെയ്യാന്‍ ശ്രമിക്കാറുണ്ട്. വളരെ കുറച്ച് സിനിമകളേ ഇപ്പോള്‍ എന്റെ ക്രെഡിറ്റിലുള്ളൂ. എനിക്ക് കംഫര്‍ട്ടബിളായതും മാനേജ് ചെയ്യാന്‍ പറ്റുന്നതുമായ സിനിമകളാണ് ഞാന്‍ എടുക്കാറുള്ളത്. എണ്ണം കുറഞ്ഞാലും ക്വാളിറ്റി കുറയരുത് എന്നാണ് ആഗ്രഹം. സാധാരണ ഒരു വര്‍ക്ക് ചെയ്യുന്ന സമയത്ത് ഇപ്പോള്‍ രണ്ടെണ്ണമൊക്കെ ചെയ്യേണ്ടി വരുന്നുണ്ട്. ടൈം മാനേജ്‌മെന്റൊക്കെ ഞാന്‍ പഠിച്ചുവരുന്നതേയുള്ളു. ക്വാളിറ്റി കുറയാതെ മള്‍ട്ടിപ്പിള്‍ പ്രോജക്ട്‌സ് എങ്ങനെ ചെയ്യാമെന്ന കാര്യം ഞാന്‍ ട്രൈ ചെയ്തുകൊണ്ടിരിക്കുകയാണ്. കുറേ സിനിമകള്‍ ഒരുമിച്ച് ചെയ്യണമെന്ന് ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചെയ്യുന്നത് കുറച്ചായാലും ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാതെയായിരിക്കണം എന്നാണ് ഞാന്‍ കരുതുന്നത്.

ആദ്യത്തെ സിനിമ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മുതല്‍ പാട്ടുകളിലാവട്ടെ, പശ്ചാത്തലസംഗീതത്തിലാവട്ടെ വ്യത്യസ്തമായ കളറും ടോണും കൊണ്ടുവരാന്‍ ജസ്റ്റിന്‍ മനഃപൂര്‍വം ശ്രമിക്കുന്നതാണോ മറിച്ച് പുതുമ വേണമെന്ന ജസ്റ്റിന്റെ സമീപനമാണോ മുന്നിട്ട് നില്‍ക്കുന്നത്?

വ്യത്യസ്തത ഉണ്ടാവണമെന്ന് എപ്പോഴും ആഗ്രഹമുണ്ട്. എപ്പോഴും കേള്‍ക്കുന്ന വളരെ പ്രെഡിക്ടബിള്‍ ആയിട്ടുള്ള ട്യൂണും പ്രെഡിക്ടബിള്‍ ആയിട്ടുള്ള ഓര്‍ക്കസ്‌ട്രേഷന്‍ രീതികളും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. കേള്‍ക്കുമ്പോള്‍ ഇന്ററസ്റ്റിങ് ആയിട്ടുള്ള, വളരെ ഡിഫറന്റ് ആയിട്ടുള്ള പാട്ടുകളും മ്യൂസിക്കും ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എന്റെ വര്‍ക്കുകള്‍ വെറൈറ്റിയാണെന്ന് നാലാള് പറയണമെന്നാണ് എപ്പോഴും ആഗ്രഹം. ഡിഫറന്റായ ട്രാക്കുകള്‍ കേള്‍ക്കുന്നതിലാണ് താത്പര്യവും. ഔട്ട് ഓഫ് ദ ബോക്‌സ് ആയി വരുന്ന സംഭവങ്ങള്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടു തന്നെ ഞാന്‍ ചെയ്യുന്ന വര്‍ക്കുകള്‍ എമന്‌ടെങ്കിലും തരത്തില്‍ വ്യത്യസ്തത പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നു. അതിന് വേണ്ടി മനഃപൂര്‍വം ശ്രമിക്കാറുണ്ട്. ഇന്‍സ്ട്രുമെന്റ്‌സിന്റെ കാര്യത്തിലായാലും ഒരു പാട്ട് ചെയ്യുമ്പോള്‍ ആ പാട്ടിന്റെ മൊത്തത്തിലുള്ള കണ്‍സ്ട്രക്ഷന്‍ ഡിഫറന്റ് ആകണമെന്ന് ആഗ്രഹിക്കാറുണ്ട്. ചിലപ്പോള്‍ നന്നാവും ചിലപ്പോള്‍ അത് പാളിപ്പോകാറുമുണ്ട്.

യുവതലമുറയ്ക്ക് സ്വീകാര്യമായ വിധത്തിലുള്ള സംഗീതമൊരുക്കാന്‍ ജസ്റ്റിനെ സഹായിക്കുന്നത് എന്ത് / ഒരു സിനിമയ്ക്ക് സംഗീതമൊരുക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്ന ഘടകങ്ങള്‍?

ഒരു പാട്ട് ചെയ്യുമ്പോള്‍ അങ്ങനെ കൃത്യമായ ഒരു ടാര്‍ഗറ്റഡ് ഓഡിയന്‍സ് എന്റെ മനസ്സിലില്ല. ഒരു സിനിമയുടെ സിറ്റുവേഷന്‍ എന്താണ് ഡിമാന്‍ഡ് ചെയ്യുന്നത് അല്ലെങ്കില്‍ ഡയറക്ടര്‍ എന്താണ് പറയുന്നത്, ഒരു പാട്ടിലൂടെ ആ സിനിമയില്‍ അല്ലെങ്കില്‍ ആ സീനില്‍ എന്താണ് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് എന്നതനുസരിച്ചാണ് ഞാന്‍ സംഗീതം ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സിന്റെ യുഗത്തിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. റീല്‍സിലൊക്കെ എന്താണ് ട്രെന്‍ഡിങ്ങായി ഓടിക്കൊണ്ടിരിക്കുന്നത്, എന്ത് കണ്ടന്റാണ് ആള്‍ക്കാര്‍ക്ക് കൂടുതലിഷ്ടപ്പെടുന്നതെന്ന് നോട്ട് ചെയ്യാറുണ്ട്. എങ്കിലും പാട്ടും ബാക്ക്ഗ്രൗണ്ട് സ്‌കോറും ചെയ്യുമ്പോള്‍ സിനിമയുടെ സ്വഭാവവും ഡയറക്ടറുടെ പോയന്റ് ഓഫ് വ്യൂവും സിനിമയിലെ ഇമോഷന്‍ കണ്‍വേ ചെയ്യുന്ന മ്യൂസിക് ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. പക്ഷെ തീര്‍ച്ചയായിട്ടും യൂത്തിനിഷ്ടപ്പെടുന്ന സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കാറുമുണ്ട്.

സെര്‍ച്ച് ചെയ്യുമ്പോള്‍ ജസ്റ്റിന്‍ വര്‍ഗ്ഗീസിനെ ഗായകന്‍ എന്നാണ് ഗൂഗിള്‍ പരിചയപ്പെടുത്തുന്നത്. ജസ്റ്റിന്‍ പാടിയ പാട്ടുകളും നല്ല രീതിയില്‍ സ്വീകരിക്കപ്പെടുന്നു. പുതുമുഖഗായകര്‍ക്കും അവസരം നല്‍കുകയും പാട്ടുകള്‍ ഹിറ്റാവുകയും ചെയ്യുന്നു. എന്താണ് അതിനെ കുറിച്ച് പറയാനുള്ളത്?

ഞാനത്ര നല്ല ഗായകനല്ല. മ്യൂസിക് ഡയറക്ടറായി തന്നെ തുടരാനാണ് എനിക്ക് കൂടുതലിഷ്ടം. ചില പാട്ടുകളുടെ ട്രാക്കുകള്‍ ഞാന്‍ തന്നെ പാടിവെയ്ക്കും. അത് കേട്ട് ചിലപ്പോള്‍ ഡയറക്ടര്‍മാര്‍ ഞാന്‍ തന്നെ പാടിയാല്‍ മതിയെന്ന് പറയുമ്പോഴാണ് ഞാന്‍ പാടിയ പാട്ടുകള്‍ ആ സിനിമകളില്‍ വരുന്നത്. ചില ഹമ്മിങ്ങോ കോറസോ പാടാറുണ്ട്. മ്യാവൂ എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ പാടിയ ട്രാക്ക് കേട്ട് ലാല്‍ ജോസ് സാര്‍ ഞാന്‍ തന്നെ പാടിയാല്‍ മതിയെന്ന് നിര്‍ബന്ധിച്ചു. അപ്പോള്‍ പിന്നെ എനിക്കത്ര ധൈര്യമൊന്നുമില്ലെങ്കിലും ഞാനങ്ങ് പാടി. പിന്നെ സൂപ്പര്‍ ശരണ്യയിലും എന്റെ പാട്ട് വന്നത് ഡയറക്ടര്‍ പറഞ്ഞതു കൊണ്ട് മാത്രമാണ്. ഞാനധികം പാടിയിട്ടുമില്ല, കൂടുതല്‍ പാടാന്‍ ഉദ്ദേശിക്കുന്നുമില്ല. ഇടയ്‌ക്കൊക്കെ എനിക്ക് പറ്റാവുന്ന ചിലതൊക്കെ പാടുമായിരിക്കും. പാട്ടുകാരനെന്നതിനേക്കാള്‍ മ്യൂസിക് ഡയറക്ടര്‍ എന്നറിയപ്പെടുന്നത് തന്നെയാണ് എനിക്കിഷ്ടം.

മ്യൂസിക് ഡയറക്ടറായി സിനിമാമേഖലയിലേക്ക് വരുന്നതിന് മുമ്പ് മ്യൂസിക് പ്രോഗ്രാമറായി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആ അനുഭവങ്ങള്‍?

സൗണ്ട് എന്‍ജിനീയറിങ് ആണ് ഞാന്‍ പഠിച്ചത്. കോഴ്‌സ് കഴിഞ്ഞിട്ട് മ്യൂസിക് പ്രൊഡക്ഷനില്‍ വലിയ താത്പര്യമായിരുന്നു. സുഹൃത്തുക്കള്‍ വഴി അത് പഠിച്ചു. പിന്നീട് മ്യൂസിക് പ്രോഗ്രാമിങ് കൂടി പഠിച്ച ശേഷം ബിജി ചേട്ടന്റെ (ബിജിബാൽ) അസിസ്റ്റന്റായി. ലൗഡ്‌സ്പീക്കറിലൂടെ. പിന്നീട് ബിജിയേട്ടന്റെ കൂടെ കുറേ സിനിമകളില്‍ ബാക്ഗ്രൗണ്ട് സ്‌കോറുകള്‍ക്കും പാട്ടുകള്‍ക്കും പ്രോഗ്രാമിങ് ചെയ്തു. ഗോപിചേട്ടന്റെ (ഗോപി സുന്ദര്‍) കൂടെയും വര്‍ക്ക് ചെയ്തിട്ടുണ്ട്. ബിജിചേട്ടന്റെ കൂടെയായിരുന്നു എന്റെ വര്‍ക്കുകള്‍ കൂടുതലും. ചേട്ടന്റെ അടുത്ത് നിന്നാണ് ഞാന്‍ ബാക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്യുന്നതെങ്ങനെയെന്നൊക്കെ പഠിച്ചത്.

ബാക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്യുന്നതാണ് പാട്ടുകള്‍ ചെയ്യുന്നതിനേക്കാള്‍ ജസ്റ്റിന് ഈസിയെന്ന് ഒരഭിമുഖത്തില്‍ പറഞ്ഞുകേട്ടു. കാരണം?

ഈസി എന്ന് പറയാൻ പറ്റില്ല, രണ്ടും കുറച്ചു പണി തന്നെയാണ്. കോൺഫിഡൻസ് കുറച്ചുകൂടി ബാക്​ഗ്രൗണ്ട് സ്കോറിലാണെന്ന് മാത്രം. ബിജിചേട്ടനോടൊപ്പം കുറേ സിനിമകളിലെ ബാക്​ഗ്രൗണ്ട് സ്കോറിൽ വർക്ക് ചെയ്തിട്ടുണ്ട്. പല സീനുകൾ പലതരത്തിൽ ട്രീറ്റ് ചെയ്തുള്ള എക്സ്പീരിയൻസ് ഉണ്ട്. ബാക്​ഗ്രൗണ്ട് സ്കോറിനെ എങ്ങനെ ട്രീറ്റ് ചെയ്യണമെന്ന് കണ്ടുപഠിച്ചിട്ടുണ്ട്. ആ മേഖലയിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ഈസിയായി തോന്നാറുണ്ട്. പാട്ടുകളുടെ കാര്യമാകുമ്പോൾ ക്വാളിറ്റിയെ കുറിച്ച് ആശങ്കയുണ്ടാകും. ആൾക്കാർക്ക് ഇഷ്ടപ്പെടുമോയെന്ന തോന്നലുണ്ടാകും. സ്വയം സംതൃപ്തി കിട്ടണം. അതത്ര എളുപ്പമല്ല. ഓരോ പാട്ടുണ്ടാക്കുമ്പോഴും എല്ലാവർക്കും സ്വീകാര്യമായതാവണം എന്നൊരു ആ​ഗ്രഹവും ഭയവും എപ്പോഴുമുണ്ട്.

ഈണമിട്ട ശേഷം വരികളെഴുതുന്ന പാട്ടുകളാണോ വരികളെഴുതി ഈണമിടുന്നവയാണോ മികച്ചത് / സംഗീതസംവിധായകനെന്ന നിലയില്‍ ഏതിനോടാണ് താത്പര്യം?

എന്റെ കൂടുതൽ പാട്ടുകളും വരികളും ഈണവും ഒന്നിച്ചുണ്ടായവയാണ്. വരികൾ എഴുതിയ ശേഷം ട്യൂൺ ചെയ്തവയുമുണ്ട്. ഒരു മീറ്റർ മാത്രം കൺസ്ട്രക്ട് ചെയ്തിട്ട് വരികളെഴുതിയവയും ഉണ്ട്. പാട്ടെഴുത്തുകാർക്ക് വരികൾ ആദ്യമെഴുതുന്നത് ഇഷ്ടമുള്ളതായിട്ട് തോന്നാറുണ്ട്. അതുകൊണ്ട് അവർക്ക് ഇഷ്ടമുള്ള രീതിയിൽ വരികളെഴുതാനുള്ള ഫ്രീഡം നൽകാൻ ശ്രമിക്കാറുണ്ട്. ഒപ്പം പ്രവർത്തിച്ച ​ഗാനരചയിതാക്കൾ, ഉദാഹരണത്തിന് സന്തോഷ് വർമയോ സുഹൈൽ കോയയോ ആണെങ്കിൽ ഞങ്ങൾ വർക്ക് തുടങ്ങുന്നതിന് മുമ്പ് ഒരുമിച്ചിരുന്ന ചർച്ച നടത്താറുണ്ട്. അങ്ങനെ നല്ല ട്യൂണുകളോ വരികളോ അവിചാരിതമായി കടന്നുവരാറുണ്ട്. ട്യൂണിട്ട് വരികളെഴുതൽ എന്റെ കാര്യത്തിൽ വളരെ കുറച്ചേ സംഭവിച്ചിട്ടുള്ളൂ.

മലയാളസിനിമാരംഗത്ത് ഒട്ടേറെ പുതുമുഖങ്ങള്‍ (എല്ലാ മേഖലയിലും) കടന്നുവരുന്നുണ്ട്. മുന്‍കാലത്തേക്കാള്‍ ഒരുപാട് പേര്‍ക്ക് അവസരം ലഭിക്കുന്നത് എല്ലാ മേഖലകളിലും പുതുമകള്‍ കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ, കാരണം കോംപറ്റിഷന്‍ കൂടുകയാണല്ലോ?

മലയാളത്തിൽ ധാരാളം സിനിമകളിറങ്ങുന്നുണ്ട്. എല്ലാവർക്കും അവസരങ്ങളുണ്ട്. ഞാനാദ്യമായ് സിനിമയിലേക്ക് വരുന്നതു തന്നെ എന്റെയൊരു സുഹൃത്ത് സിനിമയെടുത്തപ്പോഴാണ്. അത്തരത്തിൽ എല്ലാവർക്കും അവസരം ലഭിക്കുന്നുണ്ട്. മാത്രമല്ല സിനിമയിലല്ലെങ്കിൽ പോലും ടാലന്റുള്ളവർക്ക് അത് പ്രകടിപ്പിക്കാനുള്ള സൗകര്യം മുൻപത്തെക്കാളേറെയുണ്ട്. യൂട്യൂബിലും മറ്റ് പ്ലാറ്റ് ഫോമുകളിലും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാം. അതുകൊണ്ട് തന്നെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കൂടുതൽ അവസരം കിട്ടുന്നുണ്ടെന്ന് പറയാം.

മേരിയും പരേതനായ വർ​ഗീസുമാണ് ജസ്റ്റിന്റെ മാതാപിതാക്കൾ. ഭാര്യ മീര. അഞ്ച് വയസുകാരിയായ തൻവിയാണ് മകൾ.

Content Highlights: Justin Varghese, Interview, Music Composer, World Music Day, Joji Movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul office

1 min

'ഗാന്ധി ചിത്രം തകര്‍ത്തത് SFI-ക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

Jul 4, 2022

Most Commented