''ചില കേസുകളുടെ പരിശോധന കഴിയുമ്പോള്‍ നമുക്കും ആ മൃതദേഹത്തിന്റെ മണമാകും. ധരിച്ചിരുന്ന വസ്ത്രം പിന്നീട് ഇടാനോ കിടപ്പുമുറിയില്‍ കയറാനോ തോന്നാതെ ദിവസങ്ങളോളം നീളും ആ മരവിപ്പ്. ഭക്ഷണം കഴിക്കാനാകാതെ മനംപിരട്ടും. ഇപ്പോള്‍ ഇതെല്ലാം ശീലമായിക്കഴിഞ്ഞു. മൃതദേഹങ്ങള്‍ കാണുമ്പോഴാണ് ഇത്രയേയുള്ളൂ നമ്മുടെയൊക്കെ ജീവിതമെന്ന തോന്നല്‍ വരുന്നത്. ഈ ചെറിയ ജീവിതത്തിനുവേണ്ടിയാണോ മനുഷ്യന്‍ സമരംചെയ്യുന്നതെന്നും ആലോചിക്കും.'' 18 വര്‍ഷത്തെ അനുഭവത്തില്‍നിന്നാണ് കണ്ണൂര്‍ റീജണല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ജോയിന്റ് ഡയറക്ടര്‍ എന്‍.ആര്‍. ബുഷ്റ ബീഗം സംസാരിക്കുന്നത്.
ഫൊറന്‍സിക് മേഖലയിലെ ഈ ജോലിയില്‍ തെല്ലുപോലും മടുപ്പുതോന്നിയിട്ടില്ല ഇവര്‍ക്ക്. സ്ത്രീയാണെന്ന കാരണംകൊണ്ട് ഈ ജോലി ബുദ്ധിമുട്ടാണെന്നും തോന്നിയിട്ടില്ല. സ്ത്രീകള്‍ക്ക് പറ്റിയതല്ല ഫൊറന്‍സിക് മേഖലയെന്നു പറഞ്ഞ് മടങ്ങിപ്പോകുന്നവരെ കണ്ടിട്ടുണ്ട്. ആസ്വദിച്ച് ചെയ്യാവുന്ന ജോലിയാണിതെന്നാണ് അഭിപ്രായം. ചെയ്യുന്ന ജോലിയോട് നീതി പുലര്‍ത്തുക എന്നതാണ് പ്രധാനം. കൊടുക്കുന്ന തെളിവുകള്‍ തെറ്റിപ്പോയാല്‍ നിരപരാധിയായ ഒരാള്‍ ശിക്ഷിക്കപ്പെട്ടേക്കാം. പിഴവുകളുണ്ടാകരുതെന്ന ജാഗ്രതയോടെ വേണം ജോലിചെയ്യാന്‍.
ശേഖരിച്ച തെളിവുകള്‍ പ്രതിയെ കണ്ടെത്താനുള്ള പ്രധാന കാരണമാകുമ്പോള്‍ സംതൃപ്തി തോന്നാറുണ്ടെന്നു പറയുന്നു ബുഷ്റ. സങ്കടം തോന്നിയ ഒരു സംഭവം വണ്ടിപ്പെരിയാര്‍ കേസിലെ വിധിയാണ്. പ്രതിക്കെതിരായ തെളിവുകളെല്ലാം ശേഖരിച്ച് റിപ്പോര്‍ട്ട് കൊടുത്തിരുന്നു. എന്നിട്ടും അയാളെ വെറുതേവിട്ടു. വര്‍ഷങ്ങള്‍ക്കുമുന്‍പ് തിരുവനന്തപുരത്ത് പ്രവാസിയെ കൊന്ന് 16 പ്ലാസ്റ്റിക് കവറുകളിലാക്കി കുഴിച്ചിട്ട കേസില്‍ തെളിവുശേഖരിക്കാന്‍ പോയി. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കുഴിയില്‍നിന്നെടുത്ത് പരിശോധിച്ചു. പിന്നീട് 10 വര്‍ഷത്തോളം ചിക്കന്‍ കഴിച്ചിട്ടില്ലെന്ന് പറയുന്നു ഇവര്‍.
പരിശോധനകളില്‍ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും തെളിവ് കണ്ടെത്തുക എന്നതാണ് പ്രധാനം. സെപ്റ്റിക് ടാങ്കുകള്‍ക്കുള്ളില്‍വരെ പരിശോധന നടത്തേണ്ടതായിവരും. റോഡില്ലാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരും. കോടതിയിലും കണ്ടെത്തിയ തെളിവുകള്‍ തെറ്റിയിട്ടില്ലെന്ന് സമര്‍ഥിക്കണം. ജോലിയില്‍ക്കയറിയ ആദ്യകാലങ്ങളിലായിരുന്നു ഇതിലൊക്കെ ബുദ്ധിമുട്ട് തോന്നിയത്. മണംകൊണ്ടുപോലും തെളിവുകള്‍ ശേഖരിക്കാനാകുന്ന രീതിയിലേക്ക് അനുഭവങ്ങള്‍ തങ്ങളെ മാറ്റും.
മുന്‍ഗാമികളായ ഉദ്യോഗസ്ഥരില്‍നിന്നാണ് പല കാര്യങ്ങളും പഠിച്ചതെന്നും ബുഷ്റ പറയുന്നു. ഉള്ളുലയ്ക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്കും സാക്ഷിയാകേണ്ടിവരും. കോടതിമുറികളിലും സംഭവസ്ഥലങ്ങളിലും കേട്ട കരച്ചിലുകളും തളര്‍ന്ന കണ്ണുകളും അസ്വസ്ഥമാക്കിയിട്ടുണ്ട്. ''സ്ത്രീയാണെന്ന കാരണംകൊണ്ട് ജോലിയിലോ വ്യക്തിജീവിതത്തിലോ പിന്നോട്ടുപോകേണ്ട കാര്യമില്ല. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍മാത്രം ചെയ്യുക, സന്തോഷം പിന്നാലെ വന്നോളും.'' -ബുഷ്റ പറയുന്നു.
Content Highlights: forensic science laboratory joint director bushra begums experience
Published: 08 Mar 2024, 09:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented