
കോഴിക്കോട്: സത്യം, നീതി എന്നിവമാത്രം പരിഗണിക്കുക, മറ്റെല്ലാം മറക്കുക- വ്യാഴാഴ്ച അന്തരിച്ച ഫൊറൻസിക് വിദഗ്ധ ഡോ. ഷെർലി വാസു സ്വജീവിതത്തിനു നൽകിയ ആപ്തവാക്യം ഇതായിരുന്നു. സ്ത്രീകൾ കടന്നുവരാൻ മടിച്ചിരുന്ന ഒരു മേഖലയ്ക്കായി മൂന്നുപതിറ്റാണ്ടിലേറെ സ്വജീവിതം സമർപ്പിച്ച അവർ കുറിച്ചു- ‘എൻജിനിയറിങ് വിദ്യാർഥിയായിരുന്ന രാജന്റെ മൃതദേഹം എന്നെങ്കിലും എന്റെ ടേബിളിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പത്തിരുപതു വയസ്സുള്ള ആ വിദ്യാർഥിയുടെ ജഡം കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിക്കുന്നതിന് എന്റെ പോലീസ് സുഹൃത്തുക്കൾക്ക് കഴിഞ്ഞില്ല.’ ഇരുപതിനായിരത്തിലേറെ പോസ്റ്റ്‌മോർട്ടങ്ങൾ ചെയ്ത ഡോക്ടറുടെ വാക്കുകളിൽ നീതിപരതയുണ്ട്. നമ്മുടെ വ്യവസ്ഥയോടുള്ള വിമർശനമുണ്ട്. സത്യം എന്നെങ്കിലും വെളിപ്പെടുമെന്ന പ്രതീക്ഷയുമുണ്ട്.
പലകേസുകളിലും പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ ഡോ. ഷെർലി വഹിച്ച പങ്ക് ചെറുതല്ല. തികച്ചും യാദൃച്ഛികമായാണ് അവർ ഈ രംഗത്തെത്തിയത്. 1981-ൽ വെള്ളച്ചാട്ടത്തിൽവീണു മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ സഹായിക്കാൻ തന്റെ പ്രൊഫസർ നിയോഗിച്ചു. പുതിയൊരു ലോകത്തേക്ക് അതോടെ അവർ നടന്നടുക്കുകയായിരുന്നു. തെളിവുകൾ തേടിയുള്ള സൂക്ഷ്മപരിശോധന വിരമിക്കുംവരെ തുടർന്നു. ആ കൈകൾ വിറച്ച നിമിഷങ്ങളുണ്ട്. പക്ഷേ, സത്യം തേടിയുള്ള യാത്രയിൽ ആ മനസ്സ് ഒരിക്കലും പിന്നോട്ടുപോയില്ല.
കുട്ടികളുടെയും ഗർഭസ്ഥശിശുക്കളുടെയും മറ്റും മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് തന്നെ വളരെയേറെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് ഡോ. ഷെർലി എഴുതിയിട്ടുണ്ട്. മാതൃമനസ്സ് നോവുമ്പോഴും ശ്രദ്ധയും സൂക്ഷ്മതയും കൈവിടാതെ ആ കണ്ണുകൾ തെളിവുകൾക്കായി പരതി. ഒരിക്കൽ വയനാട് ടൈഗർ റിസർവിൽനിന്ന് 110 കിലോമീറ്റർ അകലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു കൊണ്ടുവന്ന സ്ത്രീയുടെ മൃതദേഹം ഡോക്ടറെ നടുക്കി. കടുവയുടെ ആക്രമണത്തിൽ തലയും കഴുത്തിലെ മാംസപേശികളും മാത്രമായിരുന്നു ബാക്കി. പോസ്റ്റ്‌മോർട്ടം എന്നത് ഒരു ചോദ്യംപോലുമില്ലാത്ത കഠിനപരീക്ഷയിൽ ഉത്തരമെഴുതുന്നതിന് തുല്യമാണെന്ന് പിന്നീട് അവർ പറഞ്ഞിട്ടുണ്ട്.
ഷൊർണൂർ-എറണാകുളം പാസഞ്ചറിൽനിന്ന് ഗോവിന്ദച്ചാമിയുടെ പീഡനമേറ്റ് ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോർട്ടം കണ്ടെത്തലുകൾ നടത്തിയത് ഡോ. ഷെർലിയാണ്. ഇതെത്തുടർന്ന് സഹപ്രവർത്തകരുമായി തർക്കവും പിന്നീടുണ്ടായി. തർക്കങ്ങൾക്ക് ഡോ. ഷെർലി ചെവികൊടുത്തില്ല. കോടതിവിധിയിൽ അവരുടെ കണ്ടെത്തലുകൾ നിർണായകമായി.
തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ വികസനത്തിൽ ഡോ. ഷെർലി പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. ഡന്റൽ കോളേജ്, മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷൻ, അക്കാദമിക് കോംപ്ലക്‌സ്, പുതിയ ഒ.പി. ഫാർമസി ബ്ലോക്ക്, പാരാമെഡിക്കൽ വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ തുടങ്ങിയവ പ്രിൻസിപ്പലായിരിക്കെ ഡോ. ഷെർലിയുടെ മേൽനോട്ടത്തിൽ നിർമിച്ചതാണ്.
Content Highlights: Dr. Shirley Vasu, a pioneering forensic expert known for her work on over 20,000 postmortems
Published: 05 Sept 2025, 08:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented