''ഞാനൊരു വിക്ടിം അല്ല, വിഷണറിയാണ്''- ഇന്നിത് ലോകത്തോട് പറയുമ്പോള്‍ ആത്മവിശ്വാസം മാത്രമാണ് ശോഭ വിശ്വനാഥ് എന്ന യുവസംരഭകയുടെ ശബ്ദത്തിലുടനീളം നിഴലിക്കുന്നത്.  വീവേഴ്സ് വില്ലേജ് എന്ന കൈത്തറി വസ്ത്രനിര്‍മാണസ്ഥാപനം ഇന്ന് ശ്രദ്ധ നേടിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശോഭയുടെ ഇച്ഛാശക്തിയും കഠിനാധാധ്വാനവും മാത്രമാണ്. നെയ്ത്ത് മേഖലയില്‍ അര്‍ഹിക്കുന്ന വേതനം ലഭിക്കാത്തവരെ മുന്നോട്ട് കൊണ്ടുവരുവാനും അവര്‍ നേരിടുന്ന അസമത്വം അവസാനിപ്പിക്കാനും ഒട്ടേറെ പദ്ധതികള്‍ വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ശോഭയിന്ന്. അതോടൊപ്പം തന്നെ പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ള സന്നദ്ധസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഒട്ടും എളുപ്പമായിരുന്നില്ല ശോഭയുടെ യാത്ര, അതികഠിനമായ വിവാഹജീവിതത്തില്‍ പതിയെ പുറത്ത് കടന്ന് സ്വയം പര്യാപ്തയായി ജീവിക്കണം എന്ന സ്വപ്നത്തോടെയാണ് ശോഭ തന്റെ സംരഭം ആരംഭിച്ചത്. ഇഷ്ടപ്പെട്ട മേഖലയില്‍ പതിയെ വേരുപിടിക്കുന്നതിനിടെയാണ് ശോഭയുടെ ജീവിതം കീഴ്മേല്‍ മറിയുന്നത്. ഒരു വിവാഹാഭ്യര്‍ഥന നിരസിച്ചതായിരുന്നു അതിന് തുടക്കം. ഒട്ടുംവൈകാതെ തന്നെ ശോഭയുടെ സ്ഥാപനത്തില്‍ നിന്ന് പോലീസ് കഞ്ചാവ് പിടികൂടുന്നു. തനിക്ക് മേല്‍ ആകാശം ഇടിഞ്ഞുവീണ പ്രതീതിയായിരുന്നു ശോഭയ്ക്ക്. അറസ്റ്റിലായതിന് ശേഷവും തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഉള്‍ക്കൊള്ളാന്‍ ശോഭയ്ക്ക് കഴിഞ്ഞില്ല, മരവിപ്പായിരുന്നു ആദ്യം. എന്നാല്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ അപമാനഭാരം ഭയന്ന് ആത്മഹത്യയ്ക്ക് മുതിരാനോ ഒളിച്ചിരുന്ന് ജീവിതം തള്ളി നീക്കാനോ ശോഭ തയ്യാറായില്ല. പകരം തന്റെ നിരപരാധിത്വം  തെളിയിക്കാന്‍ അവര്‍ അഹോരാത്രം പോരാടി. ഒടുവില്‍ നീതിയിലേക്ക്. 

To advertise here,

ജീവിതാനുഭവങ്ങള്‍ ഒട്ടേറെ മുറിവുകള്‍ ശോഭയ്ക്ക് സമ്മാനിച്ചു കഴിഞ്ഞു. പക്ഷേ അതെല്ലാം ഉണക്കാനുള്ള മനക്കരുത്തും ശോഭ ആര്‍ജ്ജിച്ചെടുത്തു. ലോകമൊട്ടാകെ വനിതാദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ശോഭയുടെ ജീവിതാനുഭവങ്ങള്‍ കുറച്ചുപേര്‍ക്കെങ്കിലും പ്രചോദനമായേക്കാം.

ഗാര്‍ഹിക പീഡനം അനുഭവിക്കുമ്പോഴും എല്ലാം ശരിയാകുമെന്ന ‍പാഴ് സ്വപ്നം

എന്റെ ജീവിതത്തില്‍ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠം, നമ്മള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ അതിനുള്ള പരിഹാരവും നമ്മള്‍ തന്നെ കണ്ടെത്തണമെന്നാണ്. മറ്റാര്‍ക്കും നമ്മളെ സഹായിക്കാനാകില്ല. എല്ലാവരെയും പോലെ പുതിയ പ്രതീക്ഷകളുമായാണ് ഞാന്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ നമ്മള്‍ വിചാരിച്ചതുപോലെയല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ കടുത്ത മരവിപ്പ് ബാധിച്ചു. അതില്‍ നിന്ന് പുറത്തിറങ്ങുന്നത് തന്നെയാണ് സന്തോഷമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ എന്തു ചെയ്യണമെന്ന ആശയകുഴപ്പമായിരുന്നു. മാനസികവും ശാരീരികവുമായ പീഡനം തുടരുമ്പോഴും ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന് വെറുതേ പ്രതീക്ഷിച്ചു. എന്റെ പ്രശ്നങ്ങള്‍ മറ്റുള്ളവരോട് തുറന്ന് പറയുന്ന സ്വഭാവം എനിക്കില്ലായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ പെട്ടന്ന് ഒരു തീരുമാനം എടുക്കുമ്പോള്‍ സമൂഹം എന്ത് കരുതും, വേണ്ടപ്പെട്ടവര്‍ക്ക് വിഷമമാകില്ലേ തുടങ്ങിയ അനാവശ്യ ചിന്തകള്‍ എന്നെ അലട്ടി. മറ്റൊരു പ്രധാനകാര്യം എന്തെന്നാല്‍ വിവാഹത്തിന് മുൻപ് നന്നായി ജോലി ചെയ്ത് സമ്പാ​ദിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. എന്നാൽ വിവാഹത്തോടെ അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു. അതുകൊണ്ടു തന്നെ എനിക്ക് സാമ്പത്തിക ഭദ്രത ഇല്ലായിരുന്നു. ഞാന്‍ സ്വയം പര്യാപ്തയല്ലായിരുന്നു. ഇതെല്ലാം എന്നെ തികച്ചും നിസ്സഹായയാക്കി. അതും സന്തോഷകരമല്ലാത്ത ജീവിതത്തില്‍ തുടരാന്‍ എന്നെ പ്രേരിപ്പിച്ചു.

എല്ലാം വിട്ടെറിഞ്ഞ് ഇറങ്ങി പോന്ന ദിവസം

മറ്റുള്ളവരുടെ വിവാഹബന്ധത്തില പ്രശ്നങ്ങള്‍ കാണുമ്പോള്‍ എനിക്ക് ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന ചിന്തയായിരുന്നു എനിക്ക്.  ഒരു തരം ഡിനൈയല്‍ ആയിരുന്നു ഞാന്‍ ആദ്യം കണ്ടെത്തിയ പ്രതിരോധം. വീട്ടുകാര്‍ പണം മുടക്കി ആഡംബരമായി നടത്തിയ വിവാഹമാണ്. അത് വേണ്ടെന്ന് വയ്ക്കുന്നതിലൂടെ ഞാന്‍ എടുത്തുചാടുകയാണോ എന്ന തോന്നലായിരുന്നു ആദ്യം.  ഐ നെവര്‍ ഗീവ് അപ്പ്, അതു തന്നെയാണ് എന്റെ ഏറ്റവും വലിയ ഗുണവും ദോഷവും. എത്ര പ്രശ്നങ്ങളുണ്ടായാലും ഞാന്‍ അതില്‍ പിടിവിടാതെ ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കും. അതുകൊണ്ടു തന്നെയാണ് ഞാന്‍ വിവാഹജീവിതം ഇത്രയും കാലം നീട്ടിക്കൊണ്ടുപോയത്. പീഡനം ഭയന്ന് രാത്രി സയമങ്ങളിൽ ബാത്ത്റൂമിൽ കിടന്നുറങ്ങിയിട്ടുണ്ട്. ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അന്ന് അത് പരാജയപ്പെട്ട് ബോധത്തിൽ നിന്ന് ഉണർന്നപ്പോൾ ആദ്യം കണ്ടത് ആറ്റുകാൽ അമ്മയുടെ ചിത്രമാണ്. ഞാൻ അമ്മയുടെ ഭക്തയാണ്. അതെനിക്ക് നൽകിയ പ്രതീക്ഷ എത്രത്തോളമായിരുന്നുവെന്ന് അളക്കാൻ  സാധിക്കില്ല. അതോടെ ഇനി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. 

ഒരു ദിവസം ഉപദ്രവം താങ്ങാനാകാതെ വന്നപ്പോള്‍ ഞാന്‍ എന്റെ സഹോദരനെ ഫോണിൽ വിളിച്ചു. തുടര്‍ന്ന് പോലീസിനെയും. ഒരുപാട് തവണ പോലീസിനെ സമീപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നിട്ടു കൂടി ഞാന്‍ അതിന് മുതിര്‍ന്നില്ല. രണ്ടു പ്രാവശ്യം പോലീസ് സ്റ്റേഷന്റെ ഗേറ്റ് വരെയെത്തി മനസ്സുമാറി വീട്ടിലേക്ക് തിരികെ പോന്നിട്ടുണ്ട്. ഇനിയും ഇതു തുടര്‍ന്നുകൊണ്ടുപോകാനാകില്ലെന്ന്  മനസ്സിലായതോട ആ ദിവസം ഞാന്‍ അവിടെ നിന്ന് ഇറങ്ങി.

അമിതമായ സഹനവും ക്ഷമയും ജീവിതം നശിപ്പിക്കും

ഭാര്യയോ ഭര്‍ത്താവോ ആരോ ആകട്ടെ, നിങ്ങളെ ഒരു പ്രാവശ്യം തല്ലിയാല്‍ അവിടെ ഫുള്‍ സ്റ്റോപ്പ് ഇടാന്‍ കഴിയണം. ഇല്ലെങ്കില്‍ തല്ലുക്കൊള്ളുന്നത് നിങ്ങള്‍ക്കും തല്ലുന്നത് അവര്‍ക്കും ശീലമാകും. നിങ്ങള്‍ നിങ്ങളെ തന്നെ നന്നായി സ്നേഹിക്കുക, ബഹുമാനിക്കുക. എങ്കില്‍ മാത്രമേ മറ്റുള്ളവരെയും സമാന ചിന്താഗതിയിലൂടെ നോക്കി കാണാന്‍ സാധിക്കൂ. ഒരു ഉദാഹരണം പറയാം, എന്റെ ഒരു സ്റ്റാഫിന്റെ സഹോദരി പതിനാല് വര്‍ഷമായി കടുത്ത ഗാര്‍ഹിക പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം അവര്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിന് ഭര്‍ത്താവ് സമ്മതിച്ചില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ പുറത്തേക്കു പോകാനോ അവര്‍ക്ക് അനുവാദം ഇല്ലായിരുന്നു. വരുമാനം ഇല്ലാത്തതുകൊണ്ട് ആ നശിച്ച ജീവിതത്തിൽ നിന്ന് പുറത്ത് കടക്കാന്‍ ഭയമായിരുന്നു. അവര്‍ ഈയിടെ എന്നെ വിളിച്ച് എല്ലാ പ്രശ്നങ്ങളും പങ്കുവച്ചു. എനിക്കത് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത് ഞാനും അതേ സാഹചര്യത്തിലൂടെ കടന്നുപോയത് കൊണ്ടായിരുന്നു. സഹിച്ചത് മതി പുറത്ത് കടക്കണമെന്നാണ് ഞാന്‍ അവരോട് ആദ്യം പറഞ്ഞത്. കാരണം എന്റെ വിഷയത്തിൽ അമിതമായ സഹനവും ക്ഷമയും കാരണമാണ് ജീവിതം കൂടുതല്‍ വഷളായത്. ആ സ്ത്രീയ്ക്ക് നന്നായി തയിക്കാന്‍ (ടെെലറിങ്) അറിയാം. അത് മതി ഒരാൾക്ക് ജോലിയെടുത്ത് മനസ്സമാധാനതോടെ ജീവിക്കാന്‍. എത്ര സ്ത്രീകളാണ് തയ്യല്‍ ജീവിതോപാധിയാക്കി കുടുംബം പോറ്റുന്നത്. ഒടുവില്‍ ഭര്‍ത്താല്‍ നിന്ന് അവർ വേര്‍പിരിയുകയും പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങുകയും ചെയ്തു. അന്ന് രാത്രിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ മനസമാധാനത്തോടെ ഉറങ്ങിയത്. ഇതുപോലത്തെ ഒരുപാട് സ്ത്രീകളുടെ കഥകളുണ്ട്. അതിലൊന്ന് മാത്രമാണ് ഞാൻ ഇവിടെ പറഞ്ഞത്.

കടുത്ത ദാമ്പത്യപ്രശ്നങ്ങളില്‍ നിന്ന് പുറത്ത് വന്ന് സന്തോഷത്തോടെ ജീവിതം നയിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ പരിചയത്തില്‍ ആരെങ്കിലും സമാനമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ ഒരിക്കലും കണ്ണടയ്ക്കരുത്. മോശം ബന്ധങ്ങളില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ ഒരു പക്ഷേ നിങ്ങളുടെ ഒരുവാക്ക് അവരെ സഹായിച്ചേക്കും. അതൊരു വലിയ സാമൂഹ്യ സേവനമാണെന്നേ ഞാന്‍ പറയൂ. വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നത് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണ്. കാരണം ഇഷ്ടമില്ലാത്ത ബന്ധങ്ങളില്‍ കടിച്ചു തൂങ്ങാതെ അതില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ ഓരോരുത്തര്‍ക്കും സാധിക്കുമ്പോഴാണ് ഒരു സമൂഹം മെച്ചപ്പെടുന്നത്.

ഒറ്റയ്ക്കു ജീവിക്കുമ്പോള്‍ നേരിടേണ്ടി വന്ന പ്രതിസന്ധികള്‍

വിവാഹജീവിതത്തില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷം മാതാപിതാക്കളെ ആശ്രയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. സ്വയം പര്യാപ്തയാകണം എന്നത് ഉറച്ച തീരുമാനമായിരുന്നു. വീവേഴ്സ് വില്ലേജിന്റെ പ്രാരംഭജോലികള്‍ നേരത്തേ തുടങ്ങിവച്ചിരുന്നു. പക്ഷേ അതൊരിക്കലും എനിക്ക് വേണ്ടി തുടങ്ങിയതായിരുന്നില്ല. കെെത്തറി മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയായിരുന്നു. പക്ഷേ വിവാഹബന്ധം അവസാനിപ്പിച്ച ശേഷം എന്റെ ജീവിതം കെട്ടിപ്പടുക്കാനും വീവേഴ്സ് വില്ലേജ് നട്ടെല്ലായി മാറി. അതുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനം. 

ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്ത് ഒറ്റയ്ക്കായിരുന്നു താമസം. ഒറ്റയ്ക്കാണ് എന്നതിന്റെ പേരില്‍ പലരും അപ്പാര്‍ട്ട്മെന്റോ വീടോ തരാന്‍ തയ്യാറായിരുന്നില്ല. ഒരുപാട് അന്വേഷണങ്ങള്‍ക്കൊടുവില്‍ താമസിക്കാനൊരിടം ലഭിച്ചതിന് ശേഷവും ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. ഉദാഹരണത്തിന് ജോലിയിൽ മുഴുകുമ്പോള്‍ ഞാന്‍ സമയം നോക്കാറില്ല. പ്രത്യേകിച്ച് ബിനാലെയുടെയും അന്താരാഷ്ട്ര ചലച്ചിത്രമേളയുടെയും സമയത്തെല്ലാം നല്ല തിരക്കായിരിക്കും. മണിക്കൂറുകള്‍ കടന്നുപോകുന്നത് പോലും അറിയില്ല. അര്‍ധരാത്രിയോട് അടുപ്പിച്ചെല്ലാം അപ്പാര്‍ട്ട്മെന്റില്‍ തിരികെ എത്തേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. അതെല്ലാം മോശം കണ്ണുകൊണ്ട് നോക്കി കാണുന്നവര്‍ ഉണ്ടായിരുന്നു. പകൽ അവർ നമ്മളെ ശ്രദ്ധിക്കുകയില്ല. എന്നാൽ രാത്രി കാലങ്ങളിൽ ഉറക്കമില്ലാതെ മൂങ്ങകളെപ്പോലെ തുറിച്ചുനോക്കി കൊണ്ടേയിരിക്കും. എന്നിരുന്നാലും അതിലൊന്നും എന്റെ ഫോക്കസ് നഷ്ടപ്പെടുത്താന്‍ ഞാന്‍ തയ്യറായിരുന്നില്ല. എന്തുചെയ്താലും കുറ്റം കാണുന്നവർ ഉണ്ടായിരിക്കും. അവരെ തൃപ്തിപ്പെടുത്താൻ ആർക്കും സാധിക്കുകയില്ല. എന്തിനാണ് നമ്മൾ അവരെക്കുറിച്ചോർത്ത് മനസ്സമാധാനം കളയുന്നത്. 

തെറ്റു ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു, പക്ഷേ...

എനിക്ക് സംഭവിച്ചത് ഒരിക്കലും മറ്റാർക്കും സംഭവിക്കരുത്. 2021 ജനുവരി  21 നാണ് എന്റെ സ്ഥാപനത്തില്‍ നിന്ന് പോലീസ് കഞ്ചാവ് കണ്ടെത്തുന്നത്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അന്ന് പോലീസ് എന്നോട് വളരെ മോശമായാണ് പെരുമാറിയത്. കസ്റ്റഡിയിലെടുത്ത് എന്നെ സ്റ്റേഷനില്‍ കൊണ്ടുപോകുമ്പോഴും ഇത് ഞാനല്ല ചെയ്തതെന്ന് ആണയിട്ട് പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴേക്കും എന്റെ സഹോദരനെല്ലാം അവിടെയെത്തി. ശോഭ തെറ്റ് ചെയ്തിട്ടില്ലെന്ന്, ഒരു പോലീസ് ഓഫീസര്‍ എന്റെ സഹോദരനോട് പറയുന്നത് ഞാന്‍ കേട്ടു. സത്യം പറഞ്ഞാല്‍ ജീവിതം അവസാനിച്ചു എന്ന് കരുതിയ, എനിക്ക് ആ വാക്കുകള്‍ വലിയ ആശ്വാസമാണ് നല്‍കിയത്. സ്റ്റേഷന്‍ ജാമ്യത്തില്‍ ഇറങ്ങി പുറത്തിറങ്ങിയപ്പോള്‍ എന്തുചെയ്യണമെന്ന് എനിക്ക് അറിയുമായിരുന്നില്ല. പക്ഷേ ഒരു കാര്യം ഉറപ്പിച്ചിരുന്നു, ഞാന്‍ ആത്മഹത്യ ചെയ്യില്ലെന്ന്. എന്തു തന്നെ സംഭവിച്ചാലും നിരപരാധിയാണെന്ന് എനിക്ക് തെളിയിക്കണമായിരുന്നു. 

മൗനത്തേക്കാള്‍ ശക്തമായ പ്രതിരോധം ഇല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം

ഞാന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെല്ലാം അറിയാമായിരുന്നു. പക്ഷേ എന്നെ അറിയാത്തവര്‍ പല കോണുകളില്‍ നിന്നും കുറ്റപ്പെടുത്താനും പരിഹസിക്കാനും ശ്രമിച്ചു. പക്ഷേ അതിനോടൊന്നും ഞാന്‍ പ്രതികരിച്ചില്ല.നിരപരാധിത്വം  തെളിയിക്കുന്നവരെ സോഷ്യല്‍ മീഡിയ വഴിയോ അല്ലാതെയോ യാതൊരു പരസ്യപ്രതികരണവും ഞാന്‍ നടത്തില്ലെന്ന് ഉറപ്പിച്ചിരുന്നു. 
ചില സമയങ്ങളില്‍ മൗനത്തേക്കാള്‍ ശക്തമായ പ്രതിരോധമോ മറുപടിയോ ഇല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ആ സമയങ്ങളിലായിരുന്നു. അതിന് ഒരുപാട് ധെെര്യം ആവശ്യമായിരുന്നു. 

പിടിച്ചെടുത്ത കഞ്ചാവിന്റെ തൂക്കം കുറവായതുകൊണ്ടാണ് സ്റ്റേഷന്‍ ജാമ്യം ലഭിച്ചത്. പിഴ അടച്ച് എനിക്ക് എളുപ്പത്തിൽ കേസ് അവസാനിപ്പിക്കാമായിരുന്നു. പക്ഷേ ഞാന്‍ അതിന് തയ്യാറായില്ല. സംഭവത്തിന് പിന്നിലെ സത്യം പുറത്ത്‌കൊണ്ടുവരേണ്ടത് എന്റെ ആവശ്യമായിരുന്നു. അതിന് മുൻപ് ഞാൻ മരിച്ചുപോകരുതേ എന്നാണ് ദെെവത്തോട് നിത്യവും ആ സമയത്ത് പ്രാർഥിച്ചുകൊണ്ടിരുന്നത്. 

സി.വി രാമന്‍ പിള്ളയുടെയും അടൂര്‍ ഭാസിയുടെയും ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തറവാട്ടിലാണ് സ്ഥാപനം നടത്തുന്നത്. ഞങ്ങള്‍ അമ്പലം പോലെ പവിത്രമായി കാണുന്ന ഒരിടമാണ്. അവിടെ പുകവലി പോലും നിരോധിച്ചിരിക്കുകയാണ്. അവിടെ നിന്നാണ് കഞ്ചാവ് പിടിച്ചിരിക്കുന്നത്. കൂടാതെ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. അതെല്ലാം പരിശോധിച്ചാല്‍ സത്യവസ്ഥ പോലീസിന് അന്നേ അറിയാമായിരുന്നു. 

നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം

പിന്നീടുള്ള ഓരോ ദിവസവും കേസിന് വേണ്ടി ഞാന്‍ സ്‌റ്റേഷനില്‍ കയറിയിറങ്ങി. പക്ഷേ യാതൊരു കാരണവശാലും നടപടികള്‍ മുന്നോട്ട് പോകുന്നില്ല. തുടര്‍ന്ന് ഞാന്‍ മുഖ്യമന്ത്രിയും ഡിജിപിയ്ക്കും പരാതി നല്‍കി. അത് വളരെ എളുപ്പമായിരുന്നു എന്ന് തോന്നാം. പക്ഷെ ഡിജിപിയെ നേരിട്ടു കാണാന്‍  നാലോ അഞ്ചോ വട്ടം രാവിലെ മുതല്‍ വൈകുന്നേരം വരെ എനിക്ക് കാത്തിരിക്കേണ്ടി വന്നു. അത് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയായിരുന്നില്ല, കോവിഡ് കാലമായിരുന്നു, ഒട്ടേറെ ഒദ്യോഗിക തിരക്കുകള്‍ ഉണ്ടായിരുന്നു.  നേരിട്ട് കണ്ട് പരാതി നല്‍കിയപ്പോള്‍ തന്നെ കൂടുതല്‍ മികച്ച ഒരു അന്വേഷണസംഘത്തെ പുനരന്വേഷണത്തിന് നിയോഗിക്കാം എന്ന് അദ്ദേഹം ഉറപ്പു നല്‍കി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറികൊണ്ടുള്ള ഉത്തരവിറങ്ങി. ഡി.വെെ.എസ്.പി അമ്മിണിക്കുട്ടനായിരുന്നു അന്വേഷണചുമതല. അദ്ദേഹം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ അന്വേഷണം ആരംഭിച്ചു.

ആദ്യം തയ്യാറാക്കിയ എഫ്‌ഐആറില്‍ വീവേഴ്‌സ് വില്ലേജില്‍ പോലീസ് തിരച്ചില്‍ നടത്തുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നതായും ഞാന്‍ തന്നെയാണ് കഞ്ചാവ് കാണിച്ചു കൊടുത്തതെന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സ്ഥാപനത്തില്‍ നിന്ന് നാര്‍ക്കോട്ടിക് വിഭാഗം കഞ്ചാവ് കണ്ടെത്തിയ ശേഷമാണ് ഞാന്‍ അവിടെ എത്തിയത് എന്നതിന് സാക്ഷികളും തെളിവുകളും ഉണ്ടായിരുന്നു. ഞാൻ പുതിയതായി തുടങ്ങിയ കോവളത്തെ ഹാൻഡ്ലൂം വില്ലേജിൽ വന്ന് നാര്‍ക്കോട്ടിക് വിഭാഗം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വീവേഴ്സ് വില്ലേജിൽ നിന്ന് ഏതാണ്ട് 30 കിലോമീറ്റർ അകലെയാണ്  ഹാൻഡ്ലൂം വില്ലേജ്. പിന്നെ എങ്ങിനെയാണ് അവർ പരിശോധന നടത്തുമ്പോൾ ഞാൻ അവിടെയുണ്ടാകുന്നത്. ഈ വൈരുധ്യം ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടു. സിസിടിവി പരിശോധിക്കാന്‍ ക്രൈംബ്രാഞ്ചിനോടാവശ്യപ്പെട്ടപ്പോള്‍ അവര്‍ സഹകരിക്കാനും സംഭവത്തിന്റെ തലേ ദിവസം മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിക്കാനും തയ്യാറായി. തുടര്‍ന്ന് കേസ് തെളിയിക്കാന്‍ സഹായകമായ സൂചനകള്‍ ലഭിച്ചു. സംശയമുള്ള വ്യക്തികളെ കുറിച്ച് പരാതിയില്‍ രേഖപ്പെടുത്തിയിരുന്നു. അവിടുത്തെ ഒരു മുന്‍ജീവക്കാരനും വര്‍ഷങ്ങളായി എനിക്കൊപ്പമുള്ള പ്രായമായ ഒരു ജീവനക്കാരിയുമാണ് കഞ്ചാവ് ഒളിപ്പിച്ചത്. അവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതോടെ ഹരീഷ് ഹരിദാസാണ് അതിന് പിന്നിലെന്ന് പോലീസിന് വ്യക്തമായി. മൂന്ന് മാസം കൊണ്ട് എന്റെനിരപരാധിത്വം  തെളിഞ്ഞു, കേസില്‍ കുറ്റവിമുക്തയായി. 

ഒരു 'നോ' പറഞ്ഞതിനുള്ള പ്രതികാരം 

എന്റെ മുന്‍സുഹൃത്തായിരുന്നു ഹരീഷ് ഹരിദാസ്. അയാളുടെ വിവാഹഭ്യര്‍ഥനയോട് ഞാന്‍ നോ പറഞ്ഞു, അത് അയാള്‍ക്ക് ഉള്‍ക്കൊള്ളാനില്ല. അതെ തുടര്‍ന്നുള്ള പ്രതികാരമായിരുന്നു ഈ കെട്ടിച്ചമച്ച കേസ്. എന്നെ എങ്ങിനെയെങ്കിലും നശിപ്പിക്കുക, പൊതുസമൂഹത്തിന് മുന്‍പില്‍ കുറ്റക്കാരിയാക്കുക, ഒടുവിൽ അപമാനഭാരത്തോടെ ഞാൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതും, ഇതൊക്കെയായിരുന്നു അയാളുടെ ലക്ഷ്യം.  'നോ', പറഞ്ഞതിന്റെ നമ്മുടെ സമൂഹത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ശാരീരകമായ ആക്രമണത്തിന് പകരം ഇവിടെ മാനസിക പീഡനം അത്രയേയുള്ളൂ. കേസില്‍ പ്രതിയായതോടെ ഇയാള്‍ ഉടന്‍ തന്നെ മുന്‍കൂര്‍ ജാമ്യമെടുത്തു. യു.കെ പൗരനാണ് അയാള്‍. ഇതുവരെ അയാള്‍ക്ക് ഈ കേസില്‍ തക്കതായ ശിക്ഷ ലഭിച്ചിട്ടില്ല. ഇന്നും ഞാന്‍ പോരാട്ടം തുടരുകയാണ്. അയാള്‍ മറ്റുപലരോടും പറഞ്ഞു നടക്കുന്നത് എനിക്ക് കോടികൾ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി എന്നാണ്. പക്ഷേ അതില്‍ യാതൊരു സത്യവുമില്ല. കോടികളല്ല, എന്തു തന്നെ നല്‍കിയാലും ഞാന്‍ പിന്‍മാറുകയില്ല. പോലീസ് കേസില്‍ കുറ്റപത്രം നല്‍കി കഴിഞ്ഞു. എന്റെ ഭാഗത്ത് നിന്ന് മാനനഷ്ടക്കേസും നല്‍കിയിട്ടുണ്ട്. വളരെ പണവും സ്വാധീനവുമുള്ള വ്യക്തിയാണ് അയാൾ. സമൂഹത്തിൽ ഉന്നതരുമായി ബന്ധമുള്ള കുടുംബമാണ് അയാളുടേത്. പക്ഷേ കർമ എന്നൊന്നുണ്ട്. അതിൽ ഞാൻ വിശ്വസിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയിലുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. 

ഒരിക്കലും തോറ്റ് പിന്‍മാറരുത്, സ്വയം പര്യാപ്തയാകുക

എന്റെ നിരപരാധിത്വത്തില്‍ വിശ്വസിച്ച കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പിന്നെ അഭിഭാഷകരായ അശോക് നായര്‍, മില്ലു ദണ്ഡപാണി, ശാന്തി മായാദേവി, ഡിവെെഎസ്പി അജിത് മോഹൻ, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, ഡിവെെഎസ്പി അമ്മിണി പിള്ള സാർ തുടങ്ങിയവര്‍ക്കെല്ലാം എത്ര നന്ദി പറഞ്ഞാലും തീരില്ല. കേസുമായി മുന്നോട്ട് പോകുമ്പോള്‍ എന്റെ ആത്മവീര്യം നശിപ്പിക്കാന്‍ സ്റ്റോക്കിങ് (ഒരാളില്‍ അസ്വസ്ഥതയുണ്ടാക്കും വിധം അയാളെ പിന്തുടരുക), സൈബര്‍ ആക്രമണം എന്നിവയെല്ലാം ഉണ്ടായിരുന്നു. അതെല്ലാം അതിജീവിച്ചാണ് മുന്നോട്ട് നടന്നത്. കേസ് നല്‍കിയ മാനസികാഘാതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സമയമെടുത്തു. യോഗയും മെഡിറ്റേഷനും പ്രാര്‍ഥനയുമൊക്കെയാണ് എന്നെ സഹായിച്ചത്. എനിക്ക് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാം. ഇതില്‍ നിന്നെല്ലാം ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം എന്ന് പറയുന്നത്, ഒരിക്കലും തോറ്റ് പിന്‍മാറരുത്, നെവര്‍ ഗീവ് അപ്പ്. ഈ പ്രശ്നങ്ങൾക്കെല്ലാം ശേഷമാണ് സസ്റെെനബിൾ ഫാഷൻ ഷോ സംഘടിപ്പിച്ചത്. ഒളിമ്പിക് അസോസിയേഷന് വേണ്ടിയുള്ള ഫണ്ട് റെെസർ ആയിരുന്നു. അതിന് ലോക റെക്കോഡു ലഭിക്കുകയുണ്ടായി. വലിയ വിജയമായിരുന്നു. 

വനിതാ ദിനത്തില്‍ സ്ത്രീകളോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം. എന്തു പ്രതിസന്ധി വന്നാലും അതിജീവിക്കാനാകും. ആ ശക്തി ഒരിക്കലും പുറത്ത് നിന്ന് ലഭിക്കുന്നതല്ല, നമ്മുടെയുള്ളിൽ തന്നെയുണ്ട്. അത് തിരിച്ചറിയുക. സ്വയം സ്‌നേഹിക്കുക. ഒരിക്കലും നിങ്ങളുടെ സന്തോഷത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. നമ്മളെ ഒരു വ്യക്തിയായി ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യാത്ത ഒരിടത്ത് ഒരിക്കലും നില്‍ക്കരുത്. സ്വയം പര്യാപ്തയാകുക. സാമ്പത്തിക സ്വാതന്ത്ര്യമാണ് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. വാക്കുകളേക്കാൾ പ്രവർത്തിയിലൂടെ നമ്മുടെ ശക്തി തെളിയിക്കാൻ ശ്രമിക്കുക.

ഒരുപാട് സ്വപ്നം കാണുക, അതിനായി പരിശ്രമിക്കുക. ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ സ്വപ്നം, എനിക്ക് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതിയാകണമെന്നാണ്. കേൾക്കുമ്പോൾ പലരും ചിരിക്കുമായിരിക്കും, പക്ഷേ അത് പറയുന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ട്.