
ഇന്ന് മാര്‍ച്ച് 3. അന്താരാഷ്ട്ര വന്യജീവിദിനം.
വന്യജീവികളുടെ സംരക്ഷണത്തിനുള്ള പ്രാധാന്യം ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനു വേണ്ടിയാണ്, 2013 മുതല്‍ ഐക്യരാഷ്ടസഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 3 അന്താരാഷ്ട്ര വന്യജീവിദിനമായി ആചരിച്ചു തുടങ്ങിയത്. Recovering Key Species for Ecosystem Restoration എന്നതാണ് 2022 ലെ വന്യജീവിദിനത്തിന്റെ വിഷയം .
Key Species എന്നാല്‍ ഒരു സ്ഥലത്തെ ആഹാരശൃംഖലയെ ഏതെങ്കിലും വിധത്തില്‍ സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തുന്ന ജീവിവര്‍ഗ്ഗം എന്നാണ് അര്‍ത്ഥം. അതായത്, ആ ജീവിവര്‍ഗ്ഗത്തിന്റെ നാശം, അവിടുത്തെ മറ്റുള്ള എല്ലാ ജീവിവര്‍ഗ്ഗങ്ങളുടേയും നാശത്തിനു കാരണമായിത്തീരും. ഒന്നുകില്‍ പൂട്ടുകയോ അല്ലെങ്കില്‍ തുറക്കുകയോ ചെയ്യുന്ന 'താക്കോല്‍ വര്‍ഗ്ഗം '.
മൂളക്കക്കുരുവി ( Humming bird ) മുതല്‍ ആഫ്രിക്കന്‍ ആനവരെ ഇത്തരം Key Species ന് ഉദാഹരണമാണ്. മൂളക്കക്കുരുവി പൂക്കളിലെ തേന്‍ കുടിക്കുന്നതോടൊപ്പം എത്രയോ ആയിരക്കണക്കിന് പൂക്കളില്‍ സ്വയമറിയാതെ പരാഗണം നടത്തുകയും അങ്ങനെ ആ സസ്യങ്ങളുടെ വംശത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു !
നേരേ തിരിച്ചുള്ള ഒരുതരം ജീവിവര്‍ഗ്ഗസന്തുലനമാണ് ആഫ്രിക്കന്‍ ആനകള്‍ നിര്‍വഹിക്കുന്നത്. സാവന്ന എന്നറിയപ്പെടുന്ന വിശാലമായ ആഫ്രിക്കന്‍ പുല്‍മേടുകളില്‍ അവിടവിടെയായി വളര്‍ന്നു നില്ക്കുന്ന വലിയ മരങ്ങളെ ഒന്നാകെ വലിച്ചൊടിച്ച് ഭക്ഷണമാക്കുന്നതിലൂടെ അവ പുല്‍മേടുകളെ ആശ്രയിച്ചു ജീവിക്കുന്ന എത്രയോ ഏറെ ജീവിവര്‍ഗ്ഗങ്ങള്‍ക്ക് അവയുടെ ആഹാരസസ്യങ്ങളുടെ ലഭ്യത ഉറപ്പാക്കിക്കൊടുക്കുന്നു !
കടുവ ഒരു Key Species ആണെന്നതുപോലെ, നമ്മുടെ നാട്ടിലും ഓരോ ആഹാരശൃംഖലകളിലും അത്രയേറെ പ്രാധാന്യമുള്ള മറ്റു ജീവിവര്‍ഗ്ഗങ്ങളോ സസ്യവര്‍ഗ്ഗങ്ങളോ തീര്‍ച്ചയായും ഉണ്ടായിരിക്കില്ലേ ? നമ്മുടെ സൂചീമുഖിപ്പക്ഷികള്‍ ഒരു Key Species ചെയ്യുന്ന തരത്തില്‍ പരാഗണം വഴി സപുഷ്പികളായ പല സസ്യങ്ങളേയും നിലനിര്‍ത്തുന്നതില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ടാവില്ലേ ?
നമ്മുടെ നാട്ടിലെ പേരാല്‍മരങ്ങള്‍ അവയുടെ പരിണാമത്തിനൊപ്പം വളര്‍ത്തിക്കൊണ്ടുവന്ന, അവയുടെ പൂക്കളിലെ പരാഗണം സാദ്ധ്യമാക്കുന്ന ഒരേയൊരിനം ജീവിവര്‍ഗ്ഗമായ Fig wasp നെ സംബന്ധിച്ചിടത്തോളം മാത്രമെങ്കിലും ഒരു Key Species അല്ലേ ? അങ്ങനെ നോക്കുമ്പോള്‍ ഓരോയിനം ജീവിവര്‍ഗ്ഗങ്ങള്‍ക്കുമുണ്ടാവില്ലേ നമ്മളിതുവരെയറിയാത്ത ഇത്തരമൊരു അസാമാന്യമായ പ്രത്യേകത ? പാമ്പുകളിലുമുണ്ടാവില്ലേ അത്തരം Key Species കള്‍ ? അതിന് നല്ലൊരു ഉദാഹരണമല്ലേ രാജവെമ്പാല ?
പാമ്പുകളുടെ എണ്ണം സന്തുലമാക്കുന്ന രാജവെമ്പാല

രാജവെമ്പാലകള്‍ മറ്റു പാമ്പുകളെ ആഹാരമാക്കുന്നവയാണ്. ( Ophiophagus ) അതുവഴി അവ അതാതു പ്രദേശങ്ങളിലെ പാമ്പുകളുടെ എണ്ണം സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താന്‍ പാമ്പുപിടിയന്‍ പക്ഷികളോടും കീരികളോടും പാമ്പുതീനികളായ മറ്റു മൃഗങ്ങളോടുമൊപ്പം വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നു.
അതാത് പരിസ്ഥിതികളില്‍ അവ നിര്‍വഹിക്കുന്ന ഇത്തരം പ്രവൃത്തികളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാന്‍ നമ്മുടെ രാജ്യത്ത് ഒരുപക്ഷേ ആദ്യമായി തുടങ്ങിയ ഒരു പദ്ധതിയാണ് അഗുംബേ മഴക്കാടുകളിലെ രാജവെമ്പാല ഗവേഷണകേന്ദ്രം ( Agumbe Rainforest Research Station ).
കര്‍ണ്ണാടകത്തിലെ ശിവമോഗ ജില്ലയില്‍ ( പഴയ ഷിമോഗ ) സോമേശ്വര വന്യജീവി സങ്കേതത്തോടും അഗുംബേ റിസര്‍വ് വനത്തോടും ചേര്‍ന്നുകിടക്കുന്ന നാലരയേക്കര്‍ വിസ്തൃതിയുള്ള ദക്ഷിണ- മദ്ധ്യ പശ്ചിമഘട്ടത്തിലെ നിമ്‌നതലമഴക്കാടാണ് അഗുംബേ റെയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷന്‍.
ഷിമോഗ ജില്ലയിലെ അഗുംബേ ഗ്രാമത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ മഴക്കാടുകള്‍.
അഗുംബേ ഗ്രാമത്തിലെ ജനങ്ങള്‍ പാമ്പുകളെ ഏറെ കരുതലോടെയും സഹജീവികളെന്ന പരിഗണനയോടെയും സമീപിക്കുന്നത് ശ്രദ്ധയില്‍ പെട്ട റോമുലസ് വിറ്റാക്കറാണ് 2005 ല്‍ മദ്രാസ് ക്രോക്കൊഡൈല്‍ ബാങ്കിന്റെ കീഴില്‍ ഈ ഫീല്‍ഡ് സ്റ്റേഷന്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്.
ലോകത്തില്‍ തന്നെ ആദ്യത്തേതായ King cobra telemetry project വിജയകരമായി നടപ്പാക്കിയ ( ഇന്ത്യയിലെ ആദ്യത്തെ Snake telemetry project ) ഫീല്‍ഡ് റിസര്‍ച്ച് സ്റ്റേഷന്‍ എന്ന നിലയില്‍ മാത്രമല്ല, പറക്കുന്ന ഓന്തുകള്‍, വിവിധയിനം അപൂര്‍വ തവളകള്‍, മലഞ്ചോലകളുടെ പ്രാധാന്യവും പ്രത്യേകതകളും തുടങ്ങിയ വിഷയങ്ങളിലും വിശദമായ പഠനങ്ങള്‍ നടത്തുക എന്ന നിലയിലും പ്രശസ്തമായ ഒരു ഗവേഷണസ്ഥാപനമാണ്.
കൂടാതെ 32 ഇനം സസ്തനികള്‍, 45 ഇനം ഉരഗങ്ങള്‍, 31 ഇനം ഉഭയജീവികള്‍, 202 ഇനം പക്ഷികള്‍, 130 ഇനം പൂമ്പാറ്റകള്‍, വിവിധയിനം അപൂര്‍വ സസ്യങ്ങള്‍ എന്നിവയും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.( ഏതൊരു ജീവിവര്‍ഗ്ഗത്തെ കുറിച്ച് പഠിച്ചാലും അവയുടെ ചുറ്റുപാടുകളെക്കൂടി പഠനവിധേയമാക്കാതെ ആ പഠനം ഒരിക്കലും പൂര്‍ണ്ണമാവില്ലെന്ന് ചുരുക്കം )
കൂടുണ്ടാക്കി, മുട്ടകളുടെ സംരക്ഷണത്തിനുവേണ്ടി ആ കൂടിനുള്ളില്‍ ചുരുണ്ടുകൂടുന്ന പെണ്‍രാജവെമ്പാലകള്‍ എത്രസമയം കൂടുമ്പോഴാണ് പുറത്തിറങ്ങുക, എത്ര സമയം കൊണ്ട് അവ തിരിച്ചെത്തുന്നു, ഇരയേയോ ഇണയേയോ തേടി ഒരു രാജവെമ്പാല ഒരു നിശ്ചിതസമയത്തിനുള്ളില്‍ ഓരോ സീസണിലും ഏകദേശം എത്രദൂരം സഞ്ചരിക്കുന്നു, എന്നുതുടങ്ങിയ വിവരങ്ങള്‍ കൂടാതെ, വയറിനുള്ളില്‍ മുട്ടകള്‍ രൂപപ്പെട്ട ഒരു പെണ്‍രാജവെമ്പാലയെ ആണ്‍രാജവെമ്പാല കടിച്ചുകൊന്ന അപൂര്‍വ സംഭവം വരെ അഗുംബെ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷനില്‍ ടെലിമെട്രി പഠനത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അതുകൂടാതെയാണ് ഈ മഴക്കാടുകളോടു ചേര്‍ന്നുകിടക്കുന്ന ജനവാസമേഖലകളില്‍ കടന്നുകയറുന്ന രാജവെമ്പാലകളെ ആളുകള്‍ എങ്ങനെ സമീപിക്കുന്നു എന്നു മനസ്സിലാക്കലും അവര്‍ തമ്മിലുള്ള വിനാശകരമായ പരസ്പരസമീപനം ഇല്ലാതാക്കാന്‍ എന്തുചെയ്യണമെന്നുള്ള പ്രായോഗികപഠനവും രാജവെമ്പാലകളുടെ സംരക്ഷണത്തോടൊപ്പം അവിടെ നടന്നുവരുന്നുണ്ട്.
ഇതുപോലെ തന്നെ കര്‍ണ്ണാടകയിലെ രത്‌നപുരിയില്‍ സര്‍പ്പഗവേഷകനായ ജെറി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന മറ്റൊരു പാമ്പുഗവേഷണകേന്ദ്രമാണ് Liana Forest Farm. ഇവിടെ നടന്ന telemetry പഠനങ്ങളില്‍ റസ്സല്‍ അണലി, അതുവരെയുള്ള ധാരണകള്‍ക്കു വിരുദ്ധമായി, ആളുകള്‍ തൊട്ടടുത്തെത്തിയാല്‍ പോലും പലപ്പോഴും അകാരണമായി ആളുകളെ കടിക്കാറില്ല എന്നുള്ള കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ( ഓരോ മനുഷ്യര്‍ക്കുമെന്ന പോലെ, ഓരോ ജീവികള്‍ക്കും അവരുടെ സ്വഭാവത്തില്‍ ഓരോ സമയത്തിനനുസരിച്ചുപോലും വലിയ വ്യത്യാസങ്ങളുണ്ടെന്നിരിക്കേ, ഈ പഠനത്തില്‍ കൂടുതല്‍ data തീര്‍ച്ചയായും ആവശ്യമുണ്ട്)
ചുരുക്കം പറഞ്ഞാല്‍, ഒരു ഇരപിടിയനായും ഇരയായും ആവാസവ്യവസ്ഥയിലെ ആഹാരശൃംഖലകളെ ബലപ്പെടുത്തുകയും സന്തുലനം ചെയ്യുകയും ചെയ്യുന്ന, ധാന്യോപജീവികളും ഫലോപജീവികളുമൊക്കെയായ എലികള്‍,പക്ഷികള്‍,അണ്ണാന്‍ തുടങ്ങിയവയെ ആഹാരമാക്കുക വഴി സസ്യങ്ങളുടെ ആരോഗ്യകരമായ വിത്തുവിതരണത്തെ പോലും ഒരു പരിധിവരെ സ്വാധീനിക്കുന്ന പാമ്പുകളെക്കുറിച്ച്, ( റാറ്റില്‍ പാമ്പുകളുടെ കുടലിനുള്ളില്‍ വെച്ച് പോലും ഇങ്ങനെ ഉള്ളിലെത്തുന്ന വിത്തുകള്‍ക്ക് മുളപൊട്ടിയിരുന്നതായി Harry. W. Greene നെ പോലുള്ള ഉരഗഗവേഷകര്‍ പഠനങ്ങളില്‍ പറയുന്നു). നാം പഠനങ്ങൾ നടത്തേണ്ടതുണ്ട്. അതില്‍ തന്നെ വേണമെങ്കില്‍ ഒരു apex predator എന്ന് വിളിക്കാവുന്ന രാജവെമ്പാല ഒരു Key Species ആണോ എന്നതിനെ കുറിച്ച് നമുക്ക് തീര്‍ച്ചയായും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.
Content Highlights: Are snakes Key Species for Ecosystem Restoration, world wild lide day March 3, Environment
Published: 03 Mar 2022, 07:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented