ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായ തൊണ്ണൂറ്റിയൊമ്പതിലെ (കൊല്ലവര്‍ഷം 1099) വെള്ളപ്പൊക്കത്തിന് നൂറു വര്‍ഷം തികഞ്ഞിട്ട് ദിവസങ്ങളാവുന്നേയുള്ളൂ. പിന്നീടുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തം 2018-ലെ മഹാപ്രളയമായിരുന്നു. അതിനുശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനാണ് ഇപ്പോള്‍ കേരളം സാക്ഷിയാവുന്നത്. വയനാട്ടിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഒരു ദിവസം തികയുമ്പോള്‍ 150 കവിഞ്ഞു കഴിഞ്ഞു. സമാനതകളില്ലാത്ത ദുരന്തക്കാഴ്ചകളാണ് എവിടെയും.

To advertise here,

1924 കര്‍ക്കിടകം ഒന്നിന് (ജൂലായ് 14) തുടങ്ങി മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത പേമാരിയും പ്രളയവും കേരളത്തിലെ താഴ്ന്ന ഭാഗങ്ങളെ മുഴുവന്‍ വെള്ളത്തിലാക്കി. മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായ പ്രളയത്തില്‍ മരിച്ചവര്‍ എത്രയെന്ന് കണക്കില്ല, ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് കണക്കില്ല. കേട്ടറിഞ്ഞ ആ പേടിസ്വപ്നം എത്ര ഭയാനകമായിരുന്നുവെന്ന് മലയാളിക്ക് മനസ്സിലാക്കിക്കൊടുത്തത് 2018-ലെ പ്രളയമാണ്. 450 പേര്‍ മരിച്ച ഈ പ്രളയത്തില്‍ 14.57 ലക്ഷം ആളുകള്‍, 3,91,494 കുടുംബങ്ങള്‍ ക്യാമ്പുകളിലായി. 15,272 വീടുകള്‍ പൂര്‍ണമായും 2.53 ലക്ഷം വീടുകള്‍ ഭാഗികമായും നശിച്ചു. ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായെന്ന് സര്‍ക്കാര്‍ കണക്കുകള്‍. പ്രളയദുരിതമുണ്ടാക്കിയ മാനസിക അസ്വാസ്ഥ്യങ്ങളും നിസ്സാരമായിരുന്നില്ല.

ഇത്തരം പ്രകൃതി ദുരന്തങ്ങളിലെ മിക്കവാറുമുള്ള പൊതുഘടകം തുടര്‍ച്ചയായി പെയ്യുന്ന അതിതീവ്ര മഴയാണ്. അത് 99-ലെ വെള്ളപ്പൊക്കമായാലും 2018-ലെ പ്രളയമായാലും വയനാട്ടിലെ ദുരന്തമായാലും. 2018 ഓഗസ്റ്റ് ഒന്നിനും 20-നും ഇടയ്ക്ക് 771 മില്ലീമീറ്റര്‍ മഴ കിട്ടി. കോരിച്ചൊരിയുന്ന മഴ നിരവധി മണ്ണിടിച്ചിലുകള്‍ക്ക് വഴിവെച്ചു-10 ജില്ലകളിലായി 341 എണ്ണം. ഇടുക്കിയില്‍ മാത്രം 143-ഉം. ദീര്‍ഘകാല ശരാശരിയെക്കാള്‍ 96 ശതമാനം കൂടുതല്‍ മഴയാണ് ഈ സമയം കേരളത്തിലുണ്ടായതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ കാണിക്കുന്നു. ഇപ്പോള്‍ ദുരന്തമുണ്ടായ പുതുമലയില്‍ ജൂലായ് 30-ന് പെയ്തത് 118.5 മില്ലീമീറ്റര്‍ മഴയാണ്. പക്ഷേ, ജൂണ്‍ ഒന്നു മുതല്‍ ജൂലായ് 30 വരെയുള്ള കണക്കെടുത്താല്‍ ശരാശരിയില്‍ നിന്നും കാര്യമായ വ്യത്യാസം കാണാനില്ല. പെയ്തത് 1222.5 മി.മീ, സാധാരണ ശരാശരി 1283.5 മി.മീ. പക്ഷേ, വയനാട് ജില്ലയില്‍ ദുരന്തമുണ്ടായ ദിവസം ഒറ്റയടിക്ക് പെയ്തത് ഏതാണ്ട് 140 മില്ലീമീറ്റര്‍ മഴ. പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടി വരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. ദുരന്തമുണ്ടായ ഭാഗത്ത് ആദ്യത്തെ 24 മണിക്കൂറില്‍ 200-ഉം രണ്ടാമത്തേതില്‍ 372-ഉം മി.മീ വീതമായിരുന്നു പെയ്ത്ത്.

placeholder
മുണ്ടക്കൈയിൽ ഉരുൾപൊട്ടി മലവെള്ളം വന്ന വഴി. ഫോട്ടോ: കെ.പി.നിജീഷ് കുമാർ | മാതൃഭൂമി

ഒരുപക്ഷേ, അമ്പൂരിയില്‍ 2001-ലുണ്ടായ ഉരുള്‍പൊട്ടല്‍ വരാനിരിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ മുന്നറിയിപ്പു നല്‍കുകയായിരുന്നു. തുടര്‍ച്ചയായി പെയ്ത മഴയാണ് നവംബര്‍ ഒമ്പതിന് രാത്രി പൂച്ചമുക്കിലെ ഉരുള്‍പൊട്ടല്‍ മൂലമുള്ള മണ്ണിടിച്ചിലിനു കാരണമായത്. ജീവന്‍ നഷ്ടമായത് 39 പേര്‍ക്ക്. 2019-ല്‍ വയനാട്ടിലെ പുതുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത് 17 പേര്‍, കവളപ്പാറയില്‍ 57 പേര്‍. ഇവിടെനിന്നും ഏറെ ദൂരെയല്ല മുണ്ടക്കൈയും ചൂരല്‍മലയും. പിന്നെ, 70 പേരുടെ മരണത്തിനിടയാക്കിയ 2020-ലെ പെട്ടിമുടി ദുരന്തം. അവിടത്തെ ഹൃദയഭേദകമായ നിരവധി ദൃശ്യങ്ങള്‍ ഇപ്പോഴും മനസില്‍ നിന്നും മായാന്‍ മടിക്കുന്നു. വേറെയും വലുതും ചെറുതുമായ ദുരന്ത ഉരുളുകള്‍ നിരവധി.

2018-നു ശേഷം കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ വര്‍ധിച്ചു വരികയാണെന്നത് വ്യക്തം. 1961-നും 2016-നും ഇടയ്ക്ക് കേരളത്തില്‍ മണ്ണിടിച്ചിലില്‍ മരിച്ചത് 295 പേരായിരുന്നു. 2018, 2019, 2021 വര്‍ഷങ്ങളിലെ വിനാശകരമായ വെള്ളപ്പൊക്കങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിച്ചതായി വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ 13 ജില്ലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് പറയുന്നു. 2015-നും 2022-നും ഇടയ്ക്ക് ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടായ സംസ്ഥാനം കേരളമാണ് എന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇക്കാലയളവില്‍ ഉണ്ടായ 3,782 സംഭവങ്ങളില്‍ 2,239 മണ്ണിടിച്ചിലും നമ്മുടെ സംസ്ഥാനത്തായിരുന്നു.

നാലുവര്‍ഷം മുമ്പ് സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ (കെ.എസ്.ഡി.എം.എ) ഉന്നതസമിതി വയനാട്ടിലെ പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരിവില്‍ മണ്ണിടിച്ചില്‍ സാധ്യത കൂടുതലാണെന്നും അടിയന്തിരമായി നാലായിരം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും ഉപദേശം നല്‍കിയിരുന്നു. പക്ഷേ, അത് അവഗണിക്കപ്പെടുകയാണുണ്ടായത്. 2018-ല്‍ മാത്രം നൂറോളം മണ്ണിടിച്ചിലാണ് ഇവിടെയുണ്ടായത്. സമീപത്തെ കുറിച്യര്‍ മലയില്‍ നാലുവര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ നിന്നും അധികൃതര്‍ പാഠം ഉള്‍ക്കൊണ്ടില്ല.

placeholder
രുദ്രപ്രയാഗിലുണ്ടായ രക്ഷാപ്രവർത്തനം. Photo: PTI

ഈ നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട മഹാദുരന്തമായിരുന്നു 2013-ല്‍ ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുണ്ടായത്. തീര്‍ഥാടകരുടെ തിരക്കിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും കേദാര്‍നാഥ് ക്ഷേത്രത്തിന്റെ ചുറ്റുമുള്ളതടക്കം നിരവധി ജനവാസ കേന്ദ്രങ്ങളെ തകര്‍ത്തെറിഞ്ഞ് താഴേയ്ക്ക് കുതിക്കുകയായിരുന്നു. മരിച്ചത് ആറായിരത്തോളം പേര്‍.

ഭീകരമായ ആ മൃത്യുതാണ്ഡവം നല്‍കിയ മുന്നറിയിപ്പുകള്‍ അധികാരികള്‍ കണ്ടില്ലെന്നു നടിച്ചു. സുസ്ഥിരവികസനം നടപ്പാക്കാനുള്ള വിദഗ്ധസമിതി നിര്‍ദേശങ്ങള്‍ അവഗണിച്ച് ലക്ഷക്കണക്കിന് തീര്‍ഥാടകരെ കടത്തിവിടുന്നത് അധികൃതര്‍ തുടര്‍ന്നു. ദുരന്ത സാധ്യതയുള്ള താഴ്​വരകളില്‍ ജലവൈദ്യുത പദ്ധതികള്‍ ഉണ്ടാക്കരുതെന്ന ഉപദേശവും സ്വീകരിച്ചില്ല. വികസനത്തിന്റെ പേരില്‍ പരിസ്ഥിതി ഉത്കണ്ഠകളുടെ നേര്‍ക്ക് കണ്ണടയ്ക്കുന്ന രീതിയാണ് പൊതുവേ. അതുകൊണ്ടു തന്നെ ദുരന്തങ്ങള്‍ വരിനില്‍ക്കുകയാണ് എന്നുവേണം പറയാന്‍.

2021 ഫെബ്രുവരിയില്‍ ചമോലിയില്‍ നന്ദാദേവി ഹിമാനിയുടെ ഒരു ഭാഗം ജോഷിമഠില്‍ വച്ച് മുറിഞ്ഞുവീണത് നദികളില്‍ വലിയ വെള്ളപ്പൊക്കത്തിനും  നിരവധി പേരുടെ മരണത്തിനും വഴിവെച്ചു. ഉത്തരാഖണ്ഡിലെ തന്നെ മാല്‍പ്പാ ഗ്രാമത്തില്‍ 1998 ഓഗസ്റ്റ് 17-നും 18-നും ഇടയ്ക്ക് അടുപ്പിച്ചുണ്ടായ മണ്ണിടിച്ചിലുകളില്‍ പൊലിഞ്ഞത് 380 ജീവനുകളാണ്. മാല്‍പ്പാ ഗ്രാമം മുഴുവനായും ഒലിച്ചുപോവുകയായിരുന്നു.

1948 സെപ്തംബര്‍ 18-ന് ഗുവാഹാട്ടിയില്‍ നടന്ന മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ടത് അഞ്ഞൂറിലധികം പേരാണ്. ഒരു ഗ്രാമം പൂര്‍ണമായും കുത്തിയൊലിച്ചുവന്ന മണ്ണില്‍ മൂടപ്പെട്ടു. ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ 1968 ഒക്ടോബറില്‍ നടന്ന നിരവധിയായ മണ്ണിടിച്ചിലുകളില്‍ നഷ്ടമായത് ആയിരത്തോളം ജീവനുകളാണ്. ഒക്ടോബര്‍ രണ്ടു മുതല്‍ അഞ്ചു വരെ നിര്‍ത്താതെ പെയ്ത മഴയാണ് ഇതിനു കാരണമായത്. 52 മണിക്കൂറില്‍ ഏതാണ്ട് 1,000 മില്ലീമീറ്റര്‍ മഴ. 60 കിലോമീറ്റര്‍ നീളമുള്ള ഒരു ഹൈവേ 91 കഷണങ്ങളായി മുറിഞ്ഞു!

മഹാരാഷ്ട്രയിലെ മാലിന്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായത് 2014 ജൂലായ് 30-നാണ്. അന്നു മരിച്ചത് ഏതാണ്ട് 151 പേര്‍. കാണാതായത് നൂറോളം പേരെ. 2000 ജൂലായ് മാസത്തില്‍ മുംബൈ നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചത് 67 പേരായിരുന്നു. രണ്ടുവര്‍ഷം മുമ്പ് മണിപ്പൂരിലെ നോനി ജില്ലയില്‍ കനത്ത മണ്‍സൂണ്‍ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 58 പേര്‍ മരിച്ചു, മൂന്നുപേരെ കാണാതായി. മരിച്ചവരില്‍ 29 സൈനികരുമുണ്ട്.

ഓരോ ദുരന്തവും, നഷ്ടപ്പെടുന്ന ഓരോ ജീവനും ഓരോ ജീവിതവും നമ്മെ ഇതിന്റെ ആവര്‍ത്തനം ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രേരിപ്പിക്കേണ്ടതാണ്. നഷ്ടപ്പെടുന്നത് ഉറ്റവരും സ്ഥാവരജംഗമവസ്തുക്കളും ഉപജീവനവും മാത്രമല്ല, ജീവിക്കാനുള്ള താല്‍പര്യവും പ്രതീക്ഷകളും കൂടിയാണ്. സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദവുമായ ജീവന, വികസനരീതികള്‍ കഴിയുന്നത്ര പരീക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, ജനങ്ങളുടെ ഭാഗത്തു നിന്നും ഊര്‍ജ്ജിതമായ ശ്രമമുണ്ടായേ തീരൂ.