യനാട്ടിലെ ഉരുള്‍പൊട്ടലില്‍ നൂറുകണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ വന്യമൃഗങ്ങള്‍ എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യം സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. രണ്ടു മ്ലാവുകളുടെ ജഡങ്ങള്‍ കണ്ടെത്തിയ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഒരാനയ്ക്കുപോലും ജീവഹാനി സംഭവിച്ചതായി അറിവില്ല. കീരികളും ഉടുമ്പുകളും പാമ്പുകളും കുറുനരികളും കുത്തൊഴുക്കില്‍പ്പെട്ടു മരണമടഞ്ഞിട്ടുണ്ടോ? ഇവയുടെ മൃതശരീരങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.

To advertise here,

എങ്ങനെയാകാം വന്യമൃഗങ്ങള്‍ ഈ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്? വന്യമൃഗങ്ങള്‍ക്ക് പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനുള്ള കഴിവ് അവയെ തുണച്ചിരിക്കുമോ? അതോ ദുരന്ത മേഖലകളിലെ മൃഗ സാന്ദ്രതയുടെ  കുറവുകൊണ്ടായിരിക്കുമോ അവയുടെ ജഡങ്ങള്‍ കണ്ടുകിട്ടാത്തത്?

കാലേക്കൂട്ടി കാണുന്നവരോ കാട്ടുമൃഗങ്ങൾ?

വന്യമൃഗങ്ങള്‍ക്ക് ഭൂമികുലുക്കം, സുനാമി, ചുഴലിക്കാറ്റ് മുതലായ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുമെന്ന് പല ഗവേഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മനുഷ്യന് സംവേദനക്ഷമമല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാനും കാഴ്ചകള്‍ കാണാനും ഗന്ധങ്ങള്‍ തിച്ചറിയാനും കാന്തിക കിരണങ്ങളോട് പ്രതികരിക്കാനും കഴിയും.

ആനകള്‍ പരപസ്പരം ആശയ വിനിമയം ചെയുന്ന ശബ്ദം (Infrasonic Sound) നമുക്ക് കേള്‍ക്കാന്‍ കഴിയില്ല. ആനകള്‍ കിലോമീറ്ററുകള്‍ അകലെയുള്ള  മറ്റു  ആനകളെ പേരുപറഞ്ഞു  വിളിക്കുന്നതായി  ഈയിടെ പുറത്തുവന്ന ഗവേഷണഫലങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കെനിയയിലെ ആനകളില്‍ മൂന്നര പതിറ്റാണ്ടോളം നടത്തിയ ഗവേഷണങ്ങളാണ് ഈ കണ്ടെത്തലിനു ആധാരമായത്.

അതേപോലെ വവ്വാലുകള്‍ ആശയ വിനിമയം ചെയ്യുന്ന ചില ശബ്ദങ്ങള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയില്ല. പ്രാവുകളും ശലഭങ്ങളും തേനീച്ചകളും കാണുന്ന ലോകങ്ങള്‍ നമുക്ക്  അന്യമാണ്. വെള്ളിമൂങ്ങകള്‍ക്ക് രാത്രിയിലെ അരണ്ട വെളിച്ചത്തില്‍ നമ്മളേക്കാള്‍ നൂറിരട്ടി കാഴ്ചശക്തിയുണ്ട്.

placeholder
വയനാട് ചൂരൽമലയിൽ ഉറ്റവരെ നഷ്ടപ്പെട്ട പശുവും കിടാവും ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ. ഫോട്ടോ: പി.കൃഷ്ണപ്രദീപ് | മാതൃഭൂമി

നായകള്‍ക്കും ഉറുമ്പുകള്‍ക്കും മണത്തറിയാന്‍  അസാധാരണമായ ശേഷിയുണ്ട്. ഇതര മൃഗങ്ങളും പക്ഷികളും പ്രാണികളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ ഇന്ദ്രിയക്ഷമത തുലോം പരിമിതമാണ്. അതുകൊണ്ടാണ് പ്രകൃതി ദുരന്തങ്ങളുടെ ആഗമനസൂചനകള്‍ നമുക്ക് മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയാത്തത്.

വയനാട്ടിലെ ദുരന്തത്തില്‍ നിന്ന്  രക്ഷപ്പെട്ട ഒരു സ്ത്രീ മലമുകളില്‍ ആനകളെ കണ്ടതായി വെളിപ്പെടുത്തിയിരുന്നു. ഒരുപക്ഷേ, ദുരന്തത്തിന് മുമ്പെ ആനകള്‍ നമുക്ക് അജ്ഞാതമായ ഏതെങ്കിലും സൂചനകള്‍ ലഭിച്ചിരുന്നതിനാല്‍  മലകയറി സുരക്ഷിതസ്ഥാനത്തു നിലയുറപ്പിച്ചതാകാം. വളര്‍ത്തു തത്തയുടെ അസ്വാഭാവിക പെരുമാറ്റം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രേരണയായി എന്ന് മറ്റൊരാളും വ്യക്തമാക്കിയിട്ടുണ്ട്.

കുറയുന്ന വന്യമൃഗ സാന്ദ്രത

മനുഷ്യര്‍ക്ക് ഗോചരമല്ലാത്ത ഏതെങ്കിലും സൂചനകളാകാം മറ്റു വന്യമൃഗങ്ങള്‍ക്കും അപകടത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹായകമായത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ചൂരല്‍ മലയിലും സമീപപ്രദേശങ്ങളിലും പക്ഷിനിരീക്ഷണത്തിനായി സന്ദര്‍ശനം നടത്തിയപ്പോള്‍ വന്യമൃഗങ്ങളുടെ സാന്ദ്രതക്കുറവ് ശ്രദ്ധയില്‍ പെട്ടിരുന്നു. എങ്കിലും ഉരുള്‍പോട്ടലിന്റെ ആഘാതമേഖലകള്‍ വന്യമൃഗങ്ങള്‍ ഒട്ടുമില്ലാത്ത ഇടങ്ങളല്ല.

പ്രകൃതി ദുരന്തങ്ങള്‍ക്ക് മുമ്പേ പക്ഷികളും മൃഗങ്ങളും ഷഡ്പദങ്ങളും പ്രകടിപ്പിക്കുന്ന അസാധാരണമായ സ്വാഭാവ സവിശേഷതകള്‍ പഠിച്ചാല്‍ ദുരന്തങ്ങള്‍ പലതും നമുക്ക് പ്രവചിക്കാന്‍ കഴിയും. വളരെപ്പണ്ടുമുതല്‍ക്കേ പ്രകൃതിക്ഷോഭങ്ങള്‍ക്കു മുമ്പേ മൃഗങ്ങള്‍ പ്രകടിപ്പിക്കുന്ന വിചിത്ര സ്വാഭാവങ്ങള്‍ നിരീക്ഷിച്ചിരുന്നു. ക്രിസ്തുവിനു മുമ്പേ 373-ല്‍ ഗ്രീക്ക് ചരിത്രകാരനായ തൂസിദീദിസ് (Thucydides) ഭൂമികുലുക്കത്തിന് മുമ്പേ എലികളിലും  നായകളിലും മറ്റും വിചിത്ര പെരുമാറ്റങ്ങള്‍ ദൃശ്യമായതായി രേഖപ്പടുത്തിയിട്ടുണ്ട്. ഉറുമ്പുകള്‍ പൊതുവെ രാത്രിയില്‍ മാളങ്ങളിലാണ് കഴിച്ചുകൂട്ടുക .എന്നാല്‍ ഭൂമികുലുക്കത്തിന് മുമ്പേ അവ പറത്തുവന്നു സജീവമാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല പെരുമഴക്കുമുമ്പേ കൂട്ടില്‍ വെള്ളം കയറാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതായും ഓസ്‌കിന്‍, വില്യംസ് തുടങ്ങിയ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

തുമ്പികൾ നൽകിയ സിഗ്നൽ

1976-ല്‍ ചൈനയില്‍ നടന്ന ഭൂമികുലുക്കത്തിന് മുമ്പേ തുമ്പികളുടെ വന്‍കൂട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി കണ്ടിരുന്നു. മഴക്കുമുമ്പേ ചിത്രശലഭങ്ങള്‍ ചിറകുകള്‍ നനയാതിരിക്കാന്‍ ഇലകള്‍ക്കടിയിലും മറ്റും അഭയം തേടാറുണ്ട്. വന്യമൃഗങ്ങള്‍ മാത്രമല്ല വളര്‍ത്തുമൃഗങ്ങളും പ്രകൃതി ദുരന്തങ്ങള്‍ക്കു  മുമ്പേ വിചിത്ര സ്വാഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതായി  ദൃക് സാക്ഷിവിവരണങ്ങളുണ്ട്.

2004 -ല്‍ രണ്ടുലക്ഷത്തിലേറെ ആളുകളുടെ ജീവന്‍ അപഹരിച്ച സുനാമിക്ക് മുമ്പേ നിരവധി ആനകളും രാജഹംസങ്ങളും സുരക്ഷിതസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടിരുന്നു. നായ, പൂച്ച മുതലായ വളര്‍ത്തു മൃഗങ്ങള്‍ വീട്ടികത്ത് അഭയം തേടിയതായി കണ്ടിരുന്നു. മൃഗങ്ങള്‍ക്കു പിന്നാലെ മലമുകളിലേക്ക് ഓടിക്കയറി രക്ഷപ്പെട്ട മനുഷ്യരുമുണ്ടത്രെ. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പേ ഇറ്റലിയിലെ ഇടക്കിടെ ഭൂമികുലുക്കമുണ്ടാകുന്ന ഒരു പ്രദേശത്തു നടത്തിയ ഗവേഷണം ലോകശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഈ പ്രദേശത്തെ ഏതാനും നായകളിലും പശുക്കളിലും ചെമ്മെരിയാടുകളിലും ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍  ഘടിപ്പിച്ചു അവയുടെ ചലനങ്ങള്‍ പഠിച്ചിരുന്നു.

ഭൂമി കുലുക്കത്തിന് ഏതാണ്ട് 20 മണിക്കൂറിനു മുമ്പേ ആടുകളും പശുക്കളും അസാധാരണമായി പെരുമാറുന്നതായി  ഗവേഷകന്മാര്‍ നിരീക്ഷിച്ചു. നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ എട്ടില്‍ ഏഴു ഭൂമികുലുക്കങ്ങള്‍ അവര്‍ക്കു കൃത്യമായി പ്രവചിക്കാന്‍ കഴിഞ്ഞുവത്രെ. പെറുവിലും സിസിലിയിലും നടന്ന പഠനങ്ങളിലും സമാനഫലങ്ങള്‍ തന്നെ ലഭിച്ചിരുന്നു.

ഭൂമി കുലുക്കത്തിന് ഏതാണ്ട് ഒരാഴ്ച മുമ്പേതന്നെ മൃഗങ്ങള്‍ അസാധാരണ ചലനങ്ങള്‍ പ്രകടിപ്പിക്കുന്നതായി  നിരീക്ഷിച്ചിരുന്നു. ക്രമേണ ചലനങ്ങള്‍ കുറഞ്ഞുവരികയും ഭൂകമ്പസമയത്തു നിശ്ചലരാകുകയും ചെയ്തു.  മൃഗങ്ങളുടെ സ്വാഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ കാരണം അന്വേഷണ വിധേയമാക്കിയിരുന്നു. ഭൂമികുലുക്കത്തിന് ആഴ്ചകള്‍ക്കു മുമ്പേതന്നെ അന്തരീക്ഷത്തിലെ വൈദ്യുത ചാര്‍ജുകള്‍ക്കു വ്യതിയാനം സംഭവിച്ച് കൊണ്ടിരുന്നു. ഈ വ്യതിയാനങ്ങളാണ് മൃഗങ്ങളുടെ പെരുമാറ്റത്തിലും ചലനങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാക്കിയത്.

ഭൂമികുലുക്കത്തിന് മുമ്പ് ഭൂമിക്കടിയിലുണ്ടാകുന്ന വൈദ്യുത മാറ്റങ്ങളാണ് അന്തരീക്ഷ വായുവില്‍ വൈദ്യുത കണങ്ങള്‍ സൃഷ്ടിക്കുന്നത്. നമുക്ക് ഇതുവരെ കൃത്യമായി കണ്ടെത്താന്‍ പറ്റാത്ത മൃഗേന്ദ്രിയങ്ങള്‍ ഈ മാറ്റത്തോട് സംവേദിക്കുമ്പോഴാണ് അവയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. ഭൂമികുലുക്കത്തിന് മുമ്പേ അന്തരീക്ഷത്തിലുണ്ടാകുന്ന ചില വാതകങ്ങളുടെ സാന്നിധ്യവും മൃഗങ്ങളെ അസ്വസ്ഥരാക്കിയേക്കാം.

പഠിക്കണം വിചിത്ര സ്വഭാവങ്ങൾ

2001-ല്‍ ഗുജറാത്തിലെ ഭുജില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് മാനുഷ്യര്‍ക്കാണ് ജീവഹാനി ഉണ്ടായത്. ഭൂകമ്പത്തിനു മുമ്പായി പ്രഭവ കേന്ദ്രത്തിനു ചുറ്റുമുള്ള അന്തരീക്ഷത്തില്‍ കാര്‍ബണ്‍മോണോക്‌സൈഡ് എന്ന  വാതകത്തിന്റെ അളവ് ക്രമാതീതമായി വർധിച്ചതായി കണ്ടെത്തിയിരുന്നു ഭൂമിക്കടിയിലെ പാറകളില്‍ രൂപപ്പെട്ട സമ്മര്‍ദമാകാം ഈ വാതകത്തിന്റെ അളവ് കൂടാന്‍ കാരണമായത്. ഈ  വാതകത്തിന്റെ വര്‍ധനവ് ഒരുപക്ഷേ മൃഗങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. പ്രകൃതി ദുരന്തങ്ങള്‍ക്ക് മുമ്പെ മൃഗങ്ങള്‍ പ്രകടിപ്പിക്കുന്ന വിചിത്ര സ്വഭാവങ്ങളുടെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്തണമെങ്കില്‍ ഇനിയും ഒട്ടേറെ പഠനങ്ങള്‍ അനിവാര്യമാണ്.

പ്രകൃതി ദുരന്തങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ ഉതകുന്ന സാങ്കേതിക വിദ്യകള്‍ നാം ഇതുവരെ സ്വായത്തമാക്കിയിട്ടില്ല. സാധ്യതകള്‍ മാത്രമേ പ്രവചിക്കാന്‍ പറ്റൂ. ഇവിടെ  കൃത്യമായി ഏതുസമയത്തു  ഭൂകമ്പമുണ്ടാകുമെന്നോ ഉരുള്‍പൊട്ടുമെന്നോ സുനാമി ഉണ്ടാകുമെന്നോ അഗ്‌നിപര്‍വത വിസ്‌ഫോടനമുണ്ടാകുമെന്നോ പ്രവചിക്കുക അസാധ്യമാണ്. മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കാകട്ടെ ദുരന്ത സൂചനകള്‍ മുന്‍കൂട്ടി ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ല.

പക്ഷേ, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഷഡ്പദങ്ങള്‍ക്കും മനുഷ്യന് കേള്‍ക്കാന്‍ കഴിയാത്ത ശബ്ദങ്ങള്‍ കേള്‍ക്കാനും കാഴ്ചകള്‍ കാണാനും ഗന്ധങ്ങള്‍ മണത്തറിയാനും സാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. മഴ പെട്ടെന്ന് ശക്തമായി പെയ്യുമ്പോള്‍ അന്തരീക്ഷതാപത്തിലും ഈര്‍പ്പത്തിലും എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത്? ഈ മാറ്റങ്ങള്‍ മൃഗങ്ങള്‍ക്കു ഉള്‍ക്കൊള്ളാന്‍ കഴിയുമോ? ഇങ്ങനെയുള്ള ഏതെങ്കിലും മാറ്റങ്ങള്‍ മനസ്സിലാക്കിയത് കൊണ്ടാകുമോ വയനാട്ടിലെ ദുരന്തമുഖത്തു നിന്ന് ആനകള്‍ ഉയരങ്ങളില്‍ അഭയം തേടിയത്?

ഈ ചോദ്യങ്ങള്‍ക്കു ഒന്നുംതന്നെ നമുക്ക് കൃത്യമായ ഉത്തരങ്ങളില്ല. മനുഷ്യേന്ദ്രിയങ്ങള്‍ക്കോ  നിലവിലുള്ള സാങ്കേതിക വിദ്യകള്‍ക്കോ അപ്രാപ്യമായതു, പ്രകൃതി ദുരന്തങ്ങളോട്  പക്ഷിമൃഗാദികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് ആഴത്തിലും സൂക്ഷ്മമായും പഠിച്ചാല്‍ പ്രാപ്യമായേക്കാം. നമ്മുടെ ശാസ്ത്രജ്ഞന്മാരും സാങ്കേതിക സ്ഥാപനങ്ങളും ഇത്തരം ഗവേഷണങ്ങള്‍ക്കു അതീവ പ്രാധാന്യം കൊടുക്കണം. തല്‍ഫലമായി പ്രകൃതി ദുരന്തങ്ങളില്‍ ഹനിക്കപ്പെടുന്ന നൂറുകണക്കിന്  മനുഷ്യജീവനു രക്ഷാകവചമൊരുക്കാന്‍ നമുക്ക് കഴിഞ്ഞേക്കാം.