ഒറ്റരാത്രി കൊണ്ട് ഒരു നാടിന്റെ തലവര മാറ്റിയിരിക്കുകയാണ് പ്രകൃതി. വയനാട്  ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. 250ാളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണവും ഭീകരവുമായ ദുരന്തത്തിനാണ് വയനാട് മുണ്ടക്കൈയും ചൂരൽമലയും സാക്ഷ്യം വഹിച്ചത്. എന്നാൽ, പശ്ചിമഘട്ട മലനിരകൾ കിഴക്കൻ അതിരു കാക്കുന്ന സംസ്ഥാനത്ത് ഉരുൾ ദുരന്തം ഇതാദ്യമല്ല. കേരളത്തിൽ മാത്രം കഴിഞ്ഞ പത്ത് വർഷത്തിനിടെ മാത്രം 255 ഓളം ജീവനാണ് ഉരുൾ കവർന്നത്. 2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടത് 182 പേര്‍ക്കാണ്

To advertise here,

2001: അമ്പൂരി

തിരുവനന്തപുരം അമ്പൂരി പഞ്ചയത്തിൽ 2001 നവംബറില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ 39 പേരുടെ ജീവനാണ് എടുത്തത്. 2001 നവംബര്‍ 9നാണ് കേരളം അന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഉരുള്‍പ്പൊട്ടലിന് സാക്ഷിയായത്. ഒരു മലയോര ഗ്രാമത്തം ഒന്നടക്കം ആ രാക്ഷസ ഉരുള്‍പ്പൊട്ടലില്‍ ഞെരിഞ്ഞമര്‍ന്നു. ആറ് മണിതൊട്ട് ഇടിവെട്ടോട് കൂടിയ ശക്തമായ മഴ പെയ്യാന്‍ ആരംഭിച്ചു. വെറുമൊരു മഴ മാത്രമാണിതെന്നാണ് നാട്ടുകാര്‍ കരുതിയത് എന്നാല്‍ അത് വളരെ വേഗത്തില്‍ തന്നെ ഉഗ്രരൂപിയായി മാറി.

placeholder
അമ്പൂരിയിലെ ദുരന്തം. ഫോട്ടോ: മാതൃഭൂമി

സംഭവ ദിവസം രാത്രി 8.15ന് കുരിശുമലയുടെ അടിവാരത്ത് നിന്ന് അതിഭീകരമായി ശബ്ദം പരിവാസികള്‍ കേട്ടു. കുരിശുമലയുടെ അടിവാരത്തുള്ള കവലയിലെ നാലോളം വീടുകള്‍ മണ്ണിനടിയിലായി. പാറയും മണ്ണും കുത്തിയൊലിച്ചു വന്നുകൊണ്ടിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനായി സജീവമായി ഇറങ്ങി. അടിവാരത്തെ കവലയായി പുച്ചമുക്കിലെ സിഡി തോമസിന്റെ വിവാഹ നിശ്ചയത്തിനെത്തിയവരായിരുന്നു മരിച്ചവരില്‍ ഏറെയും. ഗൃഹനാഥന്‍ സിഡി തോമസ് കടുകിടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു. 24 പേരാണ് തോമസിന്റെ വീട്ടില്‍ നിന്ന് മാത്രം മരണപ്പെട്ടത്  ഉരുള്‍പ്പൊട്ടല്‍ സാധ്യതമേഖലയായി കുരിശുമല, പൂച്ചമുക്ക്, കുമ്പിച്ചല്‍ എന്നിവിടങ്ങളെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

placeholder
അമ്പൂരിയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം. ഫോട്ടോ: മാതൃഭൂമി

2001: വെണ്ണിയാനി

2001 ജൂലായ് 9നാണ് ഇടുക്കി തൊടുപുഴ താലൂക്കിലെ വെണ്ണിയാനിയില്‍ ഉരുള്‍പൊട്ടുന്നത്. പുലര്‍ച്ച പെയ്ത ശക്തമായ മഴയോടൊപ്പം ഉരുള്‍പൊട്ടുകയായിരുന്നു. വെള്ളപാച്ചിലില്‍ ആദ്യം ഇടയപ്പറമ്പില്‍ ഭാസ്‌കരന്റെയും കുമാരിയുടെ വീട് തകരുകയും ഇരുവരും മരിക്കുകയും ചെയ്തു. തുടരെ ഇരുപതോളം ഉരുളുകളാണ് പൊട്ടിയത്. അന്ന് ഉച്ചയ്ക്ക് 11.30യോടെ മലയാള മനോരമയുടെ ഫോട്ടോഗ്രാഫർ വിക്ടര്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തി. എന്നാല്‍ പിന്നീട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഫോട്ടോ എടുത്തുകൊണ്ടിരിക്കുകയായിരുന്ന വിക്ടറും മരിച്ചു. നൂറോളം ആള്‍ക്കാര്‍ നോക്കിനില്‍ക്കെയാണ് ഉരുള്‍പൊട്ടിയത്. ഇവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് വിക്ടറിനെ കണ്ടെത്തിയത്.

placeholder

വിക്ടര്‍ ജോര്‍ജ്ജിനെ തിരയാന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ മലയിടിഞ്ഞ ഭാഗത്ത് വടംകെട്ടി ഇറങ്ങാന്‍ ശ്രമിക്കുന്നു: ഫോട്ടോ: സി സുനില്‍കുമാര്‍ | മാതൃഭൂമി

2012 : പുല്ലൂരാംപാറ

2012 ഓഗസ്റ്റ് 7നാണ് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ പുല്ലൂരാംപാറ മഞ്ഞവെയില്‍ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടുന്നത്. 8 പേരാണ് ഈ ദുരന്തത്തില്‍ മരിച്ചത്. വാസസ്ഥലങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും വലിയനാശനഷ്ടങ്ങളാണ് സംഭവിച്ചത്. ദിവസങ്ങളായി നിര്‍ത്താതെ പെയ്ത മഴയായിരുന്നു അന്നത്തെ ഉരുള്‍പ്പൊട്ടലിന് കാരണമായതെന്നാണ് കണ്ടെത്തല്‍

2018 : കട്ടിപ്പാറ

2018 ജൂണ്‍ 14നാണ് കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടുന്നത്. 14ന് പുലര്‍ച്ചെയുണ്ടായ ദുരന്തത്തില്‍ 14 പേരാണ് മരിച്ചത്. 5 വീടുകള്‍ പൂര്‍ണമായി നശിക്കുകയും 33 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് സമീപ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാവുകയും അഞ്ചോളം പഞ്ചായത്തുകള്‍ വെള്ളത്തിലാവുകയും ചെയ്തു. ഏഴ് ദിവസമാണ് രക്ഷാപ്രവര്‍ത്തനം നീണ്ടുനിന്നത്. കോഴിക്കോട് ജില്ലയിലുണ്ടായ ഏറ്റവും വലിയ ദുരന്തമായിട്ടാണ് കട്ടിപ്പാറ ഉരുള്‍പൊട്ടലിനെ കണക്കാക്കുന്നത്. പ്രദേശത്തെ അനധികൃതമായി നടത്തിയിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ക്വാറി, അശാസ്ത്രീയ ജലസംഭരണി എന്നിവയെല്ലാമാണ് ഉരുള്‍പൊട്ടലിന് കാരണമായതെന്നാണ് കണ്ടെത്തല്‍

2019 : കവളപ്പാറ

2019 ഓഗസ്റ്റ് എട്ടിന് മലപ്പുറത്തെ കവളപ്പാറയില്‍ നടന്ന ദുരന്തം 59 പേരുടെ ജീവനാണെടുത്തത്. ഇതില്‍ 11 പേരെ കണ്ടെത്താനായില്ല.രാത്രി എട്ടോടെയാണ് ദുരന്തമുണ്ടാവുന്നത്. കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പ്പൊട്ടി താഴ്‌വാരത്തെ 45 വീടുകള്‍ മണ്ണിനടിയിലായി. ഇരുപത് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് 48 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 12 പേരുടെ മൃതദേഹങ്ങള്‍ ഇന്നും കണ്ടുകിട്ടിയിട്ടില്ല. കവളപ്പാറയിലെ ജനവാസ കേന്ദ്രത്തിലടക്കം 45 വീടുകളാണ് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്. ഇതേ ദുരന്തം നടന്ന ദിവസം സമീപപ്രദേശത്തെ പാതാറിലും നാശം സംഭവിച്ചു. അതിഭീകരമായ ഉരുള്‍പൊട്ടലില്‍ ഈ നാട് തന്നെ അപ്രത്യക്ഷമായി. എന്നാല്‍, ഭാഗ്യവശാല്‍ ഇവിടെ ആളപായമുണ്ടായില്ല. മുത്തപ്പന്‍ കുന്നിലെ കവളപ്പാറ കോളനിയിലെ 32 വീടുകളടക്കം നൂറ്റിയറുപതോളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മാറിത്താമസിക്കാന്‍ പറഞ്ഞ കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി പുനരധിവാസം സാധ്യതമാക്കിയത്

placeholder
കവളപ്പാറയിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: മാതൃഭൂമി

2019 : പുത്തുമല

2019 ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുള്‍പൊട്ടലില്‍ പുത്തുമലയിലെയും സമീപപ്രദേശമായ പച്ചക്കാടിലെയും 17 പേരാണ് മരണപ്പെട്ടത്. ഇതില്‍ അഞ്ചുപേരുടെ മൃതദേഹം ഇപ്പോഴും കാണാമറയത്താണ്. പച്ചക്കാടിലെ കുന്നിന്‍മുകളില്‍ നിന്നാണ് ഉരുള്‍പ്പൊട്ടിയത്. ഇവരില്‍ കന്നന്‍കാടന്‍ അബൂബക്കര്‍, പൂത്രത്തൊടിയില്‍ ഹംസ, നാച്ചി വീട്ടില്‍ അവറാന്‍, എടക്കണ്ടന്‍ നബീസ, എസ്റ്റേറ്റ് തൊഴിലാളി അണ്ണയ്യ എന്നിവരെ കണ്ടെത്താനായിട്ടില്ല. നിനച്ചിരിക്കാതെ കണ്‍വെട്ടത്തുനിന്ന് മറഞ്ഞവരെ അവസാനമായി ഒരുനോക്ക് കാണാനോ അന്ത്യകര്‍മങ്ങള്‍ ചെയ്യാനോ ബന്ധുക്കള്‍ക്ക് യോഗമുണ്ടായില്ല.

placeholder
പുത്തുമലയിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: മാതൃഭൂമി

മഴയുടെ അസാധാരണഭാവം കണ്ട് പന്തികേട് തോന്നിയ പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും ഓഗസ്റ്റ് എട്ടിന് രാവിലെ പച്ചക്കാടുനിന്ന് പ്രദേശവാസികളെ കശ്മീര്‍ വനംവകുപ്പ് ഓഫീസിലെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ക്യാമ്പില്‍നിന്ന് വൈകീട്ട് വീണ്ടും വീട്ടിലെത്തിയപ്പോഴാണ് അബൂബക്കറെയും അവറാനെയും ദുരന്തം തട്ടിയെടുത്തത്. പേരക്കുട്ടിയുടെ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണാഭരണങ്ങളെടുക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് ഹംസ അപകടത്തില്‍പ്പെട്ടത്. ഉരുള്‍പൊട്ടലില്‍ ഒഴുകിയമര്‍ന്ന എസ്റ്റേറ്റ് കാന്റീനില്‍ ഇരിക്കുമ്പോഴാണ് നബീസയെ ഉരുള്‍ തട്ടിയെടുത്തത്. ദുരന്തസ്ഥലത്തെ പാടികളില്‍നിന്ന് തൊഴിലാളികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് എസ്റ്റേറ്റ് തൊഴിലാളിയായ അണ്ണയ്യയെ കാണാതായത്. ദുരന്തത്തെത്തുടര്‍ന്ന് മുഴുവന്‍ കുടുംബങ്ങളെയും മേപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ വിവിധസ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു

placeholder
പുത്തുമലയിൽ നിന്നുള്ള ദൃശ്യം

65 ഓളം വീടുകളാണ് ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്നത്. മനുഷ്യവാസയോഗ്യമല്ലെന്ന് വിദഗ്ധര്‍ വിധിയെഴുതിയ ഇവിടെ ഇതുവരെ വൈദ്യുതിയും പുനഃസ്ഥാപിച്ചിട്ടില്ല. പുത്തുമലയിലെ എസ്റ്റേറ്റ് പാടികളിലും താമസക്കാര്‍ കുറവാണ്.16 പാടികളുണ്ടായിരുന്നതില്‍ ഒരെണ്ണം ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും ഒലിച്ചുപോയിരുന്നു. അഞ്ചെണ്ണം ഉപയോഗയോഗ്യമല്ലാതായി. അതിഥിതൊഴിലാളികളുടേതടക്കം പത്ത് പാടികളില്‍മാത്രമാണ് താമസമുള്ളത്.

2020 : പെട്ടിമുടി

2020 ഓഗസ്റ്റ് ആറിന് രാത്രി പത്തരയ്ക്കാണ് പെട്ടിമുടിക്കുമീതെ ദുരന്തം ഉരുള്‍പൊട്ടിയെത്തിയത്. നിമിഷനേരംകൊണ്ട് ലയങ്ങളെല്ലാം മണ്ണിനടിയിലായി. കൂറ്റന്‍ പാറക്കല്ലുകളും വന്നുവീണു. ജോലി കഴിഞ്ഞുവന്ന ക്ഷീണത്തില്‍ മിക്കവരും ഉറക്കംപിടിച്ചിരുന്നു.ക്ഷണനേരം കൊണ്ട്  അവര്‍ മണ്ണില്‍ പൂണ്ടുപോയി.വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ കുറവുകാരണം 10 മണിക്കൂറിന് ശേഷമാണ് ദുരന്തം പുറംലോകം അറിഞ്ഞത്. പിന്നെ കണ്ടത് സംസ്ഥാനം സമയം വെെകിയതുകൊണ്ട്  ശ്രമകരമായ രക്ഷാപ്രവര്‍ത്തനമായിരുന്നു.

placeholder
പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം. ഫോട്ടോ: മാതൃഭൂമി

ദുരന്തനിവാരണസേനയും വിവിധ വകുപ്പുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കോവിഡിനെ അവഗണിച്ച്  അഞ്ഞൂറിലധികം പേര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 19 ദിവസം നീണ്ടുനിന്ന തിരച്ചില്‍. ഓരോ ദിവസവും ഹൃദയഭേദകമായിരുന്നു കാഴ്ചകള്‍. അച്ഛനും അമ്മയ്ക്കുമൊപ്പം കെട്ടിപ്പിടിച്ചുകിടക്കുന്ന രീതിയില്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തപ്പോള്‍ നാട് കണ്ണീരണിഞ്ഞു.

placeholder
പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരെ അടക്കിയ സ്ഥലം (ഫയല്‍ ചിത്രം)| ഫോട്ടോ: ഷഹീര്‍ സി.എച്ച്

ദുരന്തഭൂമിയിലും സമീപത്തുകൂടി ഒഴുകുന്ന പെട്ടിമുടിപുഴ, ഗ്രാവല്‍ ബാങ്ക്, ഉരുള്‍പൊട്ടി ഒഴുകിയഭാഗത്തെ വനപ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടന്നത്. തിരച്ചിലില്‍ 14 കിലോമീറ്റര്‍ ദൂരത്തുനിന്നുവരെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കനത്ത മഴയെയും മുടല്‍മഞ്ഞും കൊടുംതണുപ്പും അട്ടകടിയും രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണുയര്‍ത്തിയത്.

placeholder
പെട്ടിമുടിയിലെ ദൃശ്യം. ഫോട്ടോ: മാതൃഭൂമി

രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ ദുരന്തഭൂമിയില്‍നിന്ന് നാലുകിലോമീറ്റര്‍ ദൂരത്തുള്ള രാജമലയ്ക്കുസമീപമുള്ള എസ്റ്റേറ്റ് ആശുപത്രിയിലായിരുന്നു പരിശോധനകള്‍ നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. അവസാനം നാലുപേരെ ഒഴികെ ബാക്കി 66 പേരെ കണ്ടെത്തി. പരമാവധി ശ്രമിച്ചിട്ടും ആ നാലുപേര്‍ കാണാമറയത്തുതന്നെ നിന്നു. ഇവരെ മരിച്ചതായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.പോലീസ്, എന്‍.ഡി.ആര്‍.എഫ്., അഗ്‌നിരക്ഷാസേന, പഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കി.

2021 : കൂട്ടിക്കല്‍

2021 ഒക്ടോബര്‍ 16ന് കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ഥി പ്രദേശമായ കൂട്ടിക്കല്‍, കൊക്കയാര്‍ എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ 13 ജീവനുകളാണ് നഷ്ടപ്പെട്ടത്. ആ ശനിയാഴ്ച്ച പകല്‍ ഇടവിടാതെ മഴപെയ്യാനായി ആരംഭിച്ചു. സാധാരണ മഴയില്‍ നിന്ന് ആരംഭിച്ചത് പിന്നിട് സര്‍വശാന്തയും കൈവെടിഞ്ഞ് സംഹാരതാണ്ഡവം ആടിതിമിര്‍ക്കാന്‍ ആരംഭിച്ചു.പുലകയാര്‍ കല്ലിതുള്ളി ഒഴുകാന്‍ ആരംഭിച്ചു. കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. കെട്ടിടാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പുഴയിലൂടെ കുതിച്ചെത്താന്‍ ആരംഭിച്ചു.ആയിരക്കണിക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ടത്. ഒരു കുടുംബത്തിലെ ആറ് പേരാണ് ദുരന്തത്തില്‍ ഒറ്റയടിക്ക് മരണപ്പെട്ടത്. പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളാണ് ഈ മഹാദുരനന്തത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.