ഈരാറ്റുപേട്ട: ആരോഗ്യം, ജീവിതം എന്നിവയിലെ ചിട്ടകളിൽ വി.എസ്.അച്യുതാനന്ദന് വളരെ നിർബന്ധമുണ്ട്. അതിരാവിലത്തെ നടത്തം, പ്രകൃതിഭക്ഷണം തുടങ്ങിയവ മലയാളിക്ക് വളരെ പരിചിതം. പക്ഷേ, ഈ അണുവിട തെറ്റാത്ത ചിട്ട തന്നെയാണ് അദ്ദേഹത്തിന് ഒളിവുകാലത്ത് വിനയായതും. പൂഞ്ഞാറിൽനിന്ന് അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടതും പോലീസ് മർദനവുമെല്ലാം ചരിത്രത്തിന്റെ ഭാഗം.

To advertise here,

എവിടെയാണെങ്കിലും രണ്ടുനേരം കുളി വി.എസിന് നിർബന്ധമായിരുന്നു. അത് പോരാട്ടസമയത്തും ഒളിവുജീവിതത്തിലും ജയിലിലുമെല്ലാം മാറ്റമില്ലാതെ തുടർന്നു. 1946 ഒക്ടോബറിലാണ് വി.എസ്. അച്യുതാനന്ദൻ പൂഞ്ഞാറിൽ ഒളിച്ചുതാമസിക്കാൻ എത്തിയത്. അവിടെ മൂവേലിത്തോട്ടിൽ വെട്ടിക്കുഴിക്കടവിൽ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് അദ്ദേഹത്തെ പിടിച്ചത്. പോലീസ് തിരയുന്നതും ഒളിവിൽനിന്ന് പുറത്തിറങ്ങി കുളിക്കാൻ പോകുന്നതിലെ അപകടവും സഖാക്കൾ അദ്ദേഹത്തെ അറിയിച്ചിരുന്നുവെങ്കിലും കുളിയില്ലാതെ ഒരുദിനം അദ്ദേഹത്തിന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

അച്യുതാനന്ദന്റെ ഒളിവുജീവിതത്തിന്റെ നല്ലൊരുഭാഗവും പൂഞ്ഞാറിലായിരുന്നു. പുന്നപ്രസമരത്തിൽ പ്രതിയാക്കപ്പെട്ടപ്പോഴാണ് വി.എസ്. ഒളിച്ചുതാമസിക്കുവാനായി പൂഞ്ഞാറിലെത്തിയത്. സർ സി.പി.ക്കെതിരേ സമരം ആരംഭിച്ച തിരുവിതാംകൂറിലെ സ്ഥലങ്ങളിൽ ഒന്നായിരുന്നു പൂഞ്ഞാർ. സി.പി. ഭരണം തുലയട്ടെ, സി.പി. ഭരണം അറബിക്കടലിൽ എന്ന് പൂഞ്ഞാറിൽനിന്നുയർന്ന മുദ്രാവാക്യത്തിന്റെ ഓർമ്മകൾ ആയിരിക്കണം വി.എസിനെ പൂഞ്ഞാറിലെത്തിച്ചത്.

പൂഞ്ഞാർ വാലാനിക്കൽ സഹദേവനുമായി അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. സഹദേവന്റെ വീട്ടിലാണ് ആദ്യദിവസങ്ങളിൽ വി.എസ്. താമസിച്ചത്. സഹദേവന്റെ അച്ഛൻ വൈദ്യനായ ഇട്ടിണ്ടാനെ കാണുവാനായി നിരവധിപ്പേർ ദിവസവും വീട്ടിലെത്തിയിരുന്നു. അതിനാൽ അധികം ദിവസം ഒളിച്ച് അവിടെ താമസിക്കുക സാധ്യമല്ലായിരുന്നു. തുടർന്ന് വാലാനിക്കൽ കുടുംബത്തിൽപ്പെട്ട ചളരികുന്ന് ഭാഗത്തെ കരുമാലിപ്പുഴ മാധവന്റെ വീട്ടിലേക്ക് മാറി. ഒരു മാസത്തോളം വി.എസ്. ഇവിടെ ഉണ്ടായിരുന്നു. ഇതിനിടയിൽ ഒരുപ്രാവശ്യം നാട്ടിലേക്കുപോയി. തിരിച്ചെത്തിയപ്പോഴാണ് നാട്ടുകാരിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് വി.എസിനെ പോലീസ് തിരയാൻ തുടങ്ങിയത്. നാട്ടുകാരൻ അല്ലാത്ത ഒരാൾ തോട്ടിൽ കുളിക്കുവാൻ എത്തുന്നു എന്ന വിവരം അറിഞ്ഞ പോലീസ് അവിടെ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.

കുളിക്കുവാൻ ഇറങ്ങവേ വി.എസിനെ പോലീസ് വളഞ്ഞ് പിടിച്ചുകൊണ്ടുപോയി. തോർത്തുമുണ്ട് ഉടുത്തനിലയിലാണ് അദ്ദേഹത്തെ പോലീസ് ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുവന്നത്. അവിടെ സ്റ്റേഷനിൽ ഇരുത്തി. പിന്നീട് അവിടെനിന്ന് പാലായിലേക്ക് എത്തിച്ചു. അവിടെ അദ്ദേഹത്തെ ചോദ്യംചെയ്തു. മർദനവും ഏൽക്കേണ്ടിവന്നു. പിന്നീട് ജയിലിലേക്ക് കൊണ്ടുപോയി.

വി.എസിന്റെ ഓർമ്മയ്ക്കായി, അദ്ദേഹം ഒളിച്ചുതാമസിച്ച ചളരികുന്നിലേക്കുള്ള റോഡിന് വി.എസ്. അച്യുതാനന്ദൻ റോഡ് എന്ന പേരാണ് നൽകിയിരിക്കുന്നത്. ഈ റോഡ് ഉദ്ഘാടനംചെയ്യാൻ വി.എസ്. എത്തിയിരുന്നു.