
രാഷ്ട്രീയ നേതാക്കളുടെ വ്യത്യസ്തമായ ചിത്രങ്ങളെടുക്കുവാൻ കഴിയുകയെന്നത് ഏതൊരു ന്യൂസ് ഫോട്ടോഗ്രാഫറുടേയും സ്വപ്നമാണ്. വി.എസ്. അച്യുതാനന്ദന്റെ അനേകം ചിത്രങ്ങൾ കേരളത്തിലെ മിക്ക ഫോട്ടോഗ്രാഫർമാരും തങ്ങളുടെ ശേഖരത്തിൽ സൂക്ഷിക്കുന്നുണ്ടാവാം. സി.പി.എം പോലൊരു പ്രസ്ഥാനത്തിന്റെ സമുന്നതനായൊരു നേതാവിന്റെ വ്യത്യസ്ത രീതികളിലുള്ള ഇത്രയധികം ചിത്രങ്ങൾ ലഭിക്കുകയെന്നതും അപൂർവ്വമാകാം. തന്റെ ശരീര ഭാഷയുടെ പ്രത്യേകതയും, താൻ ഇടപെട്ട വിഷയങ്ങളുടെ വൈവിധ്യവുമാകാം ഇത്തരം ചിത്രങ്ങൾക്ക് വി.എസ്. വിഷയീഭവിച്ചത്.
ആദ്യകാലത്തെ സമരചിത്രങ്ങൾ മുതൽ, പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടത്തിയ ഇടപെടലുകളും തുടർന്ന് മുഖ്യമന്ത്രിയായശേഷമുള്ള പ്രവർത്തനങ്ങളും, പാർട്ടി വിഭാഗിയത കത്തിനിന്നിരുന്ന കാലത്തെ പിണറായി വിജയൻ വി.എസ് സംഗമങ്ങളുടെ ചിത്രങ്ങൾ വരെയും തികച്ചും വ്യത്യസ്തത പുലർത്തുന്നതായിരുന്നു. വി.എസിന്റെ എണ്ണമറ്റ ചിത്രങ്ങൾ എടുത്തിട്ടുണ്ടെങ്കിലും, അവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നവയാണ് ആലപ്പുഴയിൽ നടന്ന സി.പി.എം. 21-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായ സംസ്ഥാന സമ്മേളന ചിത്രങ്ങൾ. വി.എസിന്റെ തട്ടകമായ ആലപ്പുഴയിൽ ഒരുപാട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് പാർട്ടി സമ്മേളനമെത്തിയത്. സമരമുഖങ്ങളിലും ഉൾപാർട്ടി സമരത്തിലും, ഒരിക്കലും പിന്നോട്ടുപോയിട്ടില്ലാത്ത, പോരാട്ട വീര്യത്തിന്റെ പര്യായമായിരുന്ന വി.എസ്. ചിത്രങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നവയാണിവ.
വി.എസ്. അച്ചുതാനന്ദന് പാർട്ടിവിരുദ്ധ മനോഭാവമാണെന്നുള്ള അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്ഥാവനയും, അതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയുന്നുവെന്ന വി.എസിന്റെ മറുപടിയും തീർത്ത സ്‌ഫോടനാത്മകമായ സാഹചര്യത്തിലാണ് 2015 ഫെബ്രുവരി 20-ന് ആലപ്പുഴയിൽ സമ്മേളനം ആരംഭിക്കുന്നത്. ഉദ്ഘാടനത്തലേന്ന്, ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദിക്കുപുറത്ത് സ്വാഗതസംഘം അധ്യക്ഷൻ ജി.സുധാകരൻ പതാക ഉയർത്തുന്ന വേദിയിലേക്ക് തികഞ്ഞ ഗൗരവത്തോടെയാണ് വി.എസ്. എത്തിയത്. ആരോടുമൊന്നും സംസാരിക്കാതെ നേതാക്കൾക്കൊപ്പം നിന്നു. മറ്റുള്ള നേതാക്കളൊക്കെ സൗഹൃദം പങ്കുവയ്ക്കുമ്പോൾ എല്ലാ വാശിയും കണിശതയും വി.എസ്. തന്റെ മുഖത്തുകാട്ടി. പാർട്ടി പതാക വാനിലേക്ക് ഉയരുമ്പോൾ പിണറായി വിജയനടക്കമുള്ള നേതാക്കൾ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു. എന്നാൽ വി.എസ്. തന്റെ എല്ലാ അനിഷ്ടവും, കാർക്കശ്യവും എടുത്തുകാട്ടി മുഖം വലിച്ചു മുറുക്കി അനങ്ങാതെ, കൈകൾ ഉയർത്താതെ നിന്നു. സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് പാർട്ടിയിലും പ്രതിപക്ഷ നേതാവായതുപോലെ...

സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാംനാൾ മൂന്നു ചിത്രങ്ങളിലൂടെയാണ് വി.എസിനെ അടയാളപ്പെടുത്താൻ ശ്രമിച്ചത്. രാവിലെ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കായ് നേതാക്കെളെത്തുന്നു. നേരത്തെ എത്തിയ വി.എസ്. കസേരകളിട്ടിരിക്കുന്നയിടത്ത് രണ്ടാംനിരയിലെ ആദ്യ കസേരയിൽ ഇരുന്നു. രക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന വേദി. എല്ലാ വർഷവും രക്തസാക്ഷി വാരാചരണത്തിന് താൻ ദീപശിഖ തെളിയിച്ച് കൈമാറുന്ന വേദി. എന്നും മുൻ നിരയിലുണ്ടായിരുന്ന വി.എസ്. അന്ന് രണ്ടാം നിരയിലിരിക്കുന്ന ചിത്രം പകർത്തുമ്പോഴേക്കും പാർട്ടി ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടും, മറ്റ് നേതാക്കളുമെത്തി. മുൻനിരയിലെ കസേരയിലിരിക്കുമ്പോൾ, കാരാട്ട് വി.എസ്സിനേയും മുന്നിലേക്ക് ക്ഷണിച്ചു. വിളികാത്തിരുന്നപോലെ വി.എസ്. മുൻനിരയിലേക്കെത്തി. സമ്മേളന നഗരിയായ കളർകോട് എസ്.കെ. ഓഡിറ്റോറിയത്തിലെത്തുമ്പോഴും സംഘർഷാന്തരീക്ഷത്തിന് മാറ്റമില്ല. സമ്മേളന വേദിയിൽ നിന്ന് നേതാക്കളെല്ലാവരും ദേശീയപാതയോരത്തൊരുക്കിയ മണ്ഡപത്തിലേക്ക് പുഷ്പാർച്ചനയ്ക്കായി പോയപ്പോൾ വി.എസ് സമ്മളനവേദിയിൽ ഏകനായ് ഇരുന്നു. എന്തോ തീരുമാനിച്ചുറപ്പിച്ച മുഖഭാവത്തോടെ...

സമ്മേളനത്തിൽ പങ്കെടുക്കുന്ന മുതിർന്ന പ്രതിനിധിയെന്ന നിലയിൽ വി.എസ്സാണ് സമ്മേളന നഗരിയിലെ പതാക ഉയർത്തിയത്. എന്നാൽ തലേ ദിവസങ്ങളിലെ സംഭവവികാസങ്ങളുടെ പശ്ചാതലത്തിൽ പതാക ഉയർത്തൽ പ്രസംഗത്തിന് അദ്ദേഹത്തിനു അവസരം നൽകിയില്ല. ആ വിഷമത മുഴുവൻ അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു. ഒരിക്കലും താഴ്ത്താത്ത ശിരസ് അന്ന് അദ്ദേഹം താഴ്ത്തി. പാർട്ടി കെട്ടിയുയർത്തിയ വേലിക്കകത്തേയ്‌ക്കോ? പുറത്തേയ്‌ക്കോ? എന്നപോലെ കൊടിമരത്തിനു ചുറ്റും കെട്ടിയുയർത്തിയ വേലിയിൽപ്പിടിച്ച് എല്ലാവരാലും അവഗണിക്കപ്പെട്ട് അദ്ദേഹം നിന്നു.

എന്നും തന്റെ ചടുല നീക്കങ്ങൾക്കൊണ്ട് നേതാക്കളേയും, പാർട്ടിയേയും അമ്പരപ്പിച്ച വി.എസ്. രണ്ടാംദിനം സമ്മേളനവേദിയിൽനിന്ന് ഇറങ്ങിപ്പോയി. രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുള്ള ആ ഇറങ്ങിപ്പോക്ക് വി.എസിന്റെ വ്യത്യസ്ത ചിത്രങ്ങൾക്കായി കാത്തിരുന്ന ഞങ്ങൾ ഫോട്ടോഗ്രാഫർമാരേയും ഞെട്ടിച്ചു. ആർക്കും അദ്ദേഹം ഇറങ്ങിപ്പോകുന്ന നല്ല ചിത്രങ്ങൾ കിട്ടിയിരുന്നില്ല. പാർട്ടി സമ്മേളനം പുരോഗമിക്കുമ്പോൾ സമ്മേളനവേദിക്ക് കുറച്ചകലെയുള്ള തന്റെ വേലിക്കകത്തു വീട്ടിൽ ചിട്ടകളിലും ദിനചര്യകളിലും കടുകിടെ മാറ്റംവരുത്താതെ വി.എസ്. ഉണ്ടായിരുന്നു. ഒരിക്കലും അവസാനിക്കാത്ത പോരാട്ടവീര്യവുമായി.
Content Highlights: Rare photos of VS Achuthanandan at the CPM State Conference in Alappuzha
Published: 22 Jul 2025, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented