ജീവിതവും രാഷ്ട്രീയജീവിതവും നിരന്തര സമരമായിരുന്നു വിഎസിന്. ദരിദ്രമായ ചുറ്റുപാടിൽ ജനിച്ചു. നാലാംവയസ്സിൽ അമ്മ മരിക്കുക, പതിനൊന്നാം വയസ്സിൽ അച്ഛനെ നഷ്ടമാകുക. ഏഴാം ക്ലാസിൽ പഠിത്തം നിർത്താൻ ഇതിനപ്പുറം കാരണങ്ങൾ വേണ്ടല്ലോ. സ്കൂളിൽ പഠിക്കേണ്ട പ്രായത്തിൽ തയ്യൽക്കടയിൽ ജ്യേഷ്ഠന്റെ സഹായിയായി തുന്നൽപ്പണി പഠിച്ചു. പിന്നീട് ആസ്പിൻവാൾ കമ്പനിയിൽ കയർത്തൊഴിലാളിയായി. അവിടെ തൊഴിലാളി യൂണിയൻ പ്രവർത്തനവും തുടങ്ങി. ചെറുപ്രായത്തിൽത്തന്നെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.

To advertise here,

പി. കൃഷ്ണപിള്ളയെന്ന അതുല്യ സംഘാടകനാണ് കുട്ടനാട് മേഖലയിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ വി.എസിനെ നിയോഗിച്ചത്. പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് ഒളിവിലും തെളിവിലും മാറിമാറി പ്രവർത്തനവും പോരാട്ടവും. പോലീസ് അറസ്റ്റുചെയ്ത് ക്രൂരമായി പീഡിപ്പിച്ചു.

1964-ൽ റിവിഷനിസത്തിനെതിരായ സമരത്തിന്റെ ഭാഗമായി സിപിഐ നാഷണൽ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന മുപ്പത്തിരണ്ടുപേരിലെ ഏറ്റവും അവസാനംവരെ ജീവിച്ചിരുന്ന പോരാളിയെന്നാണ് വി.എസിനെ വിശേഷിപ്പിച്ചുപോന്നത്. ആ അർഥത്തിലും വി.എസ്. ചരിത്രത്തിലെ മറക്കാനാവാത്ത അധ്യായമായി സ്വയം അടയാളപ്പെടുത്തി.

1965 മുതൽ 2016 വരെ പത്ത് തിരഞ്ഞെടുപ്പുപോരാട്ടങ്ങൾ. ഏഴ് വിജയവും മൂന്നു പരാജയവും. പാരിസ്ഥിതികപ്രശ്നങ്ങളും നീതി നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ പ്രശ്നങ്ങളും ഒരേ വീറോടെ ഏറ്റെടുത്തു.

അതിനിടെ വെട്ടിനിരത്തൽ വീരനെന്ന് അപഹസിക്കപ്പെട്ടു. ഇങ്ങനെ പ്രചരിപ്പിച്ച മാധ്യമങ്ങൾതന്നെ വി.എസിനെ ജനനായകനായി വാഴ്ത്താനും നിർബന്ധിതരായി. മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും അദ്ദേഹം പ്രവർത്തിക്കുന്നത് എത്ര പ്രഗല്‌ഭമായിട്ടാണെന്ന് 2006-16 കാലഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം മന്ത്രിസഭയിലും നിയമസഭയിലും ഉണ്ടായിരുന്നപ്പോൾ നേരിട്ട് മനസ്സിലാക്കാൻകഴിഞ്ഞു. ഇരുപത്, ഇരുപത്തിയൊന്ന് എന്നീ രണ്ടുനൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന സമരഭരിതമായ ജീവിതം, അതാണ് വി.എസ്.