പുതുതലമുറയ്ക്കിടയില്‍ വിഷുക്കഞ്ഞിയൊക്കെ അപൂര്‍വമാണ്. സദ്യയെന്ന വിശേഷത്തില്‍ മാത്രം ഒതുക്കുകയാണ് പലരും വിഷുദിനത്തിന്റെ ആഘോഷങ്ങള്‍

To advertise here,

മധ്യകേരളത്തിലെ വിഷുവിഭവങ്ങളില്‍ പ്രധാനമാണ് വിഷുക്കഞ്ഞി. പ്രാദേശികഭേദമനുസരിച്ച് ഇതില്‍ മാറ്റം വരാറുണ്ട്. ചിലയിടങ്ങളില്‍ കഞ്ഞിക്ക് പകരം വിഷുക്കട്ടയാണ്. പച്ചരിയും വന്‍പയറും (ചിലയിടങ്ങളിലിത് ചെറുപയറാണ്) ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന കഞ്ഞിയുടെ മധുരം വിഷുവിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മയാണ്.

പുതുതലമുറയ്ക്കിടയില്‍ വിഷുക്കഞ്ഞിയൊക്കെ അപൂര്‍വമാണ്. സദ്യയെന്ന വിശേഷത്തില്‍ മാത്രം ഒതുക്കുകയാണ് പലരും വിഷുദിനത്തിന്റെ ആഘോഷങ്ങള്‍. പ്രായമായവരുള്ള തറവാടുകളില്‍ ഇപ്പോഴും വിഷുക്കഞ്ഞി തയ്യാറാക്കലും കുടിക്കലുമൊക്കെ ഒരനുഷ്ഠാനം പോലെ തുടര്‍ന്നുവരുന്നുണ്ട്. വിഷുദിനത്തില്‍ രാവിലെയാണ് ഇത് തയ്യാറാക്കുക. കണികണ്ട്, കൈനീട്ടം വാങ്ങലും കൊടുക്കലുമെല്ലാം കഴിഞ്ഞാല്‍ പിന്നെ വിഷുക്കഞ്ഞി കുടിക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി - ഒരു കിലോ
വന്‍പയര്‍ - അരക്കിലോ
ശര്‍ക്കര - ഒരു കിലോ (മധുരം കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് കൂടുതല്‍ ശര്‍ക്കര ചേര്‍ക്കാം)
തേങ്ങാപ്പാല്‍ - രണ്ട് വലിയ തേങ്ങയുടേത് (ഒന്നാം പാലും രണ്ടാംപാലുമെല്ലാം വേര്‍തിരിക്കണം)
ഏലയ്ക്ക, ജീരകം, നെയ്യ്, അണ്ടിപ്പരിപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള പാത്രത്തില്‍ ആദ്യം പയര്‍ വറുത്തെടുക്കണം. കഴുകിവച്ചിരിക്കുന്ന പച്ചരിക്കൊപ്പം പയര്‍കൂടി ചേര്‍ത്ത് രണ്ടാം പാലൊഴിച്ച് വേവിക്കാം. പാല്‍ കുറവെന്ന് തോന്നിയാല്‍ മാത്രം വെള്ളം ചേര്‍ത്താല്‍ മതി. വെന്തുകഴിയുമ്പോള്‍ ഇതിലേക്ക് ശര്‍ക്കര ഉരുക്കിയത് ചേര്‍ക്കുക. അരിയും പയറും ശര്‍ക്കരയും ചേര്‍ന്ന് കഞ്ഞിയുടെ രൂപത്തിലാകുമ്പോള്‍ ഏലയ്ക്കയും ജീരകവും പൊടിച്ചത് ചേര്‍ക്കാം. നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പുമിടാം. (ചിലര്‍ കിസ്മിസ് കൂടി ഇതിനൊപ്പമിടാറുണ്ട്). ഒന്നിളക്കി ഒന്നാം പാല്‍ ചേര്‍ത്ത് അടുപ്പില്‍നിന്നിറക്കാം.