കാസര്‍കോട്: പ്രളയത്തിനും കോവിഡിനും ശേഷമെത്തുന്ന വിഷുവിപണിയില്‍ ഞൊറിഞ്ഞുടുത്ത് നിവര്‍ന്നുനില്‍ക്കാനൊരുങ്ങി കാസര്‍കോട് സാരി. വിഷുക്കാലം തിളക്കത്തിന്റെതാകുമെന്ന പ്രതീക്ഷയിലാണ് കാസര്‍കോടിന്റെ 'ലോക പൈതൃകം'.

To advertise here,

ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയശേഷം ആവശ്യക്കാരുടെ എണ്ണവും വില്പനയും കൂടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രളയവും കോവിഡും കാസര്‍കോട് സാരിയുടെ പ്രഭയ്ക്ക് മങ്ങലേല്‍പ്പിച്ചത്. ആവശ്യക്കാരുടെ താത്പര്യം മനസ്സിലാക്കി വിപണിയില്‍ കരുത്തുകൂട്ടാന്‍ പുതിയ നിറങ്ങളിലേക്കും ഡിസൈനുകളിലേക്കും സാരി മാറ്റിയിട്ടുണ്ട്. പുതിയ തലമുറയ്ക്കായി ചുരിദാറും ഒരുക്കിയിട്ടുണ്ട്.

1938-ല്‍ ഉത്പാദനം തുടങ്ങിയ കാസര്‍കോട് സാരി ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയത് 2011-ലാണ്. ഉത്പാദകരായ കാസര്‍കോട് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിലനില്‍പ്പ് പോലും ഭീഷണിയിലായിരുന്നു അപ്പോള്‍. ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയതോടെ സാരിക്ക് ആവശ്യക്കാരേറിയത് സൊസൈറ്റിക്ക് പ്രതീക്ഷയുടെ തിളക്കം നല്‍കിയിരുന്നു.

പുതിയ തൊഴിലാളികളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കി നെയ്ത്ത് തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് തിരിച്ചടികള്‍ തുടങ്ങിയത്. ഇപ്പോള്‍ 35 തൊഴിലാളികളാണ് സൊസൈറ്റിക്ക് കീഴിലുള്ളതെന്ന് സെക്രട്ടറി ബി.എന്‍. അനിതയും മുന്‍ സെക്രട്ടറി കെ. ലോകനാഥയും പറഞ്ഞു.

അലക്കുംതോറും തിളക്കം കുറയുന്നതാണ് സാധാരണ തുണികള്‍. എന്നാല്‍, അലക്കുംതോറും തിളക്കം കൂടുമെന്നതാണ് കാസര്‍കോട് സാരിയുടെ പ്രത്യേകത. ഓരോ നൂലും സ്റ്റാര്‍ച്ച് മുക്കി നെയ്യുന്നതാണ് ആ മങ്ങാത്ത തിളക്കത്തിന്റെ രഹസ്യമെന്ന് തൊഴിലാളികള്‍ പറയുന്നു.