വര്‍ഷാവര്‍ഷം ഓണത്തിനും വിഷുവിനും അമ്മവീട്ടില്‍ പോയി കൈനീട്ടവും പുത്തനുടുപ്പുകളും കൈനിറയെ വാങ്ങികൊണ്ടിരുന്ന ഒരു ബാല്യകാലം. സമ്മര്‍ വെക്കേഷന്‍ സ്‌കൂള്‍ അടച്ച് ആ രണ്ടുമാസം അമ്മച്ഛന്റെയും അമ്മൂമ്മയുടെയും കൂടെ അവിടെയെങ്ങും കൂടും. അന്നൊക്കെ ഒരുപാട് മുടിയുള്ള എനിക്ക് തലയില്‍ എണ്ണ തേച്ചു തരുന്നതും രാത്രി മുടി രണ്ടു ഭാഗങ്ങളാക്കി പിന്നിയിട്ട് തരുന്നതും അമ്മൂമ്മ തന്നെ. ആ വെക്കേഷനില്‍ റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും അമ്മൂമ്മയുടെ നേതൃത്വത്തില്‍ ഞങ്ങളെ എല്ലാവരെയും കൊണ്ട് പോകും. അങ്ങനെ ആഘോഷങ്ങള്‍ പൊടിപൊടിച്ചു ഇരുന്ന പ്രായവും കാലവും. ഇതിനൊന്നും ഒരു ആവര്‍ത്തനവിരസതയോ മുടക്കമോ ഇല്ലാതെ കൊണ്ടാടിയതാകട്ടെ അമ്മൂമ്മയാണ്.
ഞങ്ങള്‍ക്ക് പഠനത്തിന്റെ തിരക്കുകള്‍ കൂടിയപ്പോള്‍ അമ്മവീട്ടില്‍ വിഷുവിനു പോകുന്നതെല്ലാം കുറഞ്ഞു. അതിനുശേഷം തിരക്കുകള്‍ കാരണം ആഘോഷങ്ങള്‍ക്ക് ചെന്നെത്താന്‍ കഴിയാറില്ല അതില്‍ പിന്നെ ചെല്ലുമ്പോള്‍ അമ്മൂമ്മ പരിഭവം പറയും.' മക്കളെ നിങ്ങള്‍ മാത്രമാണ് ഓണത്തിനും വിഷുനും ഇല്ലാഞ്ഞത് '. വരുമെന്ന് പ്രതീക്ഷിച്ചു അമ്മക്ക് വേണ്ടി മാമനെക്കൊണ്ട് സാരി അമ്മൂമ്മ വാങ്ങിച്ചുവെച്ചിട്ടുണ്ടാകും.
ടീവീ സീരിയലുകളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അമ്മൂമ്മ ഒരിക്കല്‍പോലും അതിലെ നെഗറ്റീവ് കഥാപാത്രങ്ങളെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. എല്ലാവരെയും സഹായിക്കാനും സ്‌നേഹിക്കാനും ഇഷ്ടമുള്ള ഒരാളായിരുന്നു. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്താലേ പിന്നെ അമ്മൂമ്മയ്ക്ക് സമാധാനം ഉണ്ടാവുള്ളൂ. എങ്ങനെയെങ്കിലും അടുക്കളയിലെത്തി സ്വാദില്‍ തയ്യാറാക്കിയാലോ വിളമ്പി കൊടുക്കാന്‍ വേറെ ആരെയെങ്കിലും ഏല്പിച്ച് അടുക്കളയില്‍ വീണ്ടും തിരക്കിലാകും. ആഘോഷങ്ങളിലുള്ള സദ്യ ഒരുക്കാനും കണിവെക്കാനുമുള്ള തയ്യാറെടുപ്പുകള്‍ ഞാന്‍ അമ്മൂമ്മയില്‍ കണ്ടാണ് പഠിച്ചത്.
വാര്‍ദ്ധക്യത്തിന്റെ അവശതകളില്‍ കിടപ്പിലായപ്പോഴേക്കും ആ മനസ്സ് വല്ലാതെ തളര്‍ന്നിരുന്നു. സുഖമില്ലാതെ കിടന്നു പോയ സമയത്ത് കണ്ട് സംസാരിച്ചു തിരിച്ചുപോരുമ്പോള്‍ നിനക്ക് ഒരു ദിവസം ഇവിടെ എന്റെ അടുത്ത് നിന്നൂടെയെന്ന് പറഞ്ഞപ്പോള്‍ ജോലിയുടെയും കുട്ടിയുടെയും കാര്യം പറഞ്ഞു ഇനി വരുമ്പോള്‍ കൂടെ നില്‍ക്കാമെന്നും പറഞ്ഞു പോന്നതായിരുന്നു.' വേദന സഹിച്ചു മതിയായി മക്കളേ എന്നെ ദൈവമേ ഒന്ന് വിളിച്ചാല്‍ മതി' എന്ന് പറഞ്ഞപ്പോള്‍ ഒരു ഉറക്കത്തില്‍ അതെല്ലാം തീര്‍ന്നു പോകും എന്ന് ഞാന്‍ വിചാരിച്ചില്ല. ഓരോ വിഷുവിനും പുത്തനുടുപ്പും അതിനു മാച്ച് ആയിട്ടുള്ള വളയും പൊട്ടും നെയില്‍ പോളിഷ് വാങ്ങിത്തന്ന് ഒരുക്കാനും കൂടെ കൊണ്ടുപോകാനും ഒരുപാട് ഇഷ്ടമുണ്ടായിരുന്ന അമ്മൂമ്മ ഇനി വരുന്നൊരു ആഘോഷങ്ങള്‍ക്കും ഇല്ലെന്നോര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. എന്നെ ഒരുപാട് താലോലിച്ച ആ കൈകള്‍ ഇന്ന് ഈ ലോകത്തില്ല. ഇനി ഒരു തിരിച്ചുവരവും ചമയങ്ങളും വാക്കുകളും ഒന്നും ഇല്ലാത്ത ലോകത്ത് സുഖമായിരിക്കും അല്ലേ അമ്മൂമ്മേ....
സമയമില്ലായ്മ ഒരു പ്രശ്‌നം ആകുമ്പോള്‍ മാറ്റി നിര്‍ത്തേണ്ടി വന്നവരുടെ വിയോഗം മനസ്സിനെന്നും ഒരു തീരാനോവാണ്. മരിച്ചവരുടെ ഓര്‍മ്മകള്‍ സങ്കടം തന്നെയാണ്, ജീവിച്ചിരുന്നപ്പോള്‍ അവരെ ഇത്രമാത്രം സ്‌നേഹിച്ചാല്‍ പോരായിരുന്നെന്ന് തോന്നുന്ന നിമിഷം കണ്ണുനീര്‍ വീഴ്ത്തി അവരുടെ ഓര്‍മ്മകളിലേക്ക് പോകാന്‍ മാത്രമേ കഴിയുള്ളൂ.
വര്‍ഷങ്ങള്‍ക്ക് ശേഷം ഓണത്തിനും വിഷുവിനും അല്ലാതെ മക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ കുട്ടികളൊക്കെ പങ്കെടുത്ത ഒരു ചടങ്ങിന് എല്ലാവരും പഴയ പോലെ ഒത്തു കൂടി പക്ഷേ അതെല്ലാം സംഘടിപ്പിക്കാനും സന്തോഷിക്കാനും ഉണ്ടായിരുന്ന അമ്മൂമ്മയുടെ വിയോഗത്തിന്റെ തീര്‍പ്പ് ആയിരുന്നത്. ആ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോള്‍ അമ്മച്ഛന്റെ അന്നുവരെ കാണാത്ത വാത്സല്യം ഞാന്‍ തിരിച്ചറിഞ്ഞു. കൈ പിടിച്ച് യാത്ര പറഞ്ഞു ഇറങ്ങുന്ന സമയത്ത് എന്റെ കയ്യില്‍ ഒരു മുത്തം തന്നു കൊണ്ട് 'ആ' എന്നു മാത്രം പറഞ്ഞു. അവിടെ അമ്മച്ഛന്റെ സ്‌നേഹത്തില്‍ ഞാന്‍ അമ്മൂമ്മയെയും തിരിച്ചറിഞ്ഞു, എല്ലാവരും വന്നതുകൊണ്ട് അമ്മൂമ്മയുടെ മനസ്സ് ഒരുപാട് സന്തോഷിച്ചുണ്ടെന്ന് എന്നോട് പറയാതെ പറഞ്ഞെന്ന് തോന്നി.
Content Highlights: Vishu festival memories
Published: 15 Apr 2022, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented