ജയകൃഷ്ണന്റെ 'ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍' എന്ന നോവലിനെക്കുറിച്ച്; 

To advertise here,

''ശവങ്ങളുടെ കൂടെ പകുതി മരിച്ചവനായി തടവില്‍ കിടക്കുമ്പോഴാണ് ഒരുവന്‍ ഏറ്റവും വലിയ കഥപറച്ചിലുകാരനാവുക. ജീവിച്ചിരിക്കുന്നുവെന്ന് സ്വയം വിശ്വസിപ്പിക്കാനായി  അവന് കഥകള്‍ പറഞ്ഞേ മതിയാകൂ. പലപ്പോഴും ചോരമണക്കുന്ന കഥകളായിരിക്കും അവ. അങ്ങനെ കുപ്പിയിലടയ്ക്കപ്പെട്ട ആ മനുഷ്യനും കുറേ കഥകളുണ്ടാക്കി. 
ഒരിക്കലും ഞാനാ കഥകള്‍ ആര്‍ക്കും പറഞ്ഞുകൊടുക്കില്ല.'' - (ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍)

രുപക്ഷേ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മാജിക്കല്‍ റിയലിസ്റ്റ് നോവലായി സാഹിത്യ ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തിയേക്കാവുന്ന രചനയാണ് ജയകൃഷ്ണന്റെ 'ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍'. ഒരു സാഹിത്യ ആഖ്യാനസങ്കേതം എന്ന നിലയില്‍ മാജിക്കല്‍ റിയലിസം എന്തെല്ലാം സാധ്യതകളേയും സമീപനങ്ങളേയും ഭാഷാപരമായും ശില്‍പപരമായും ആശയപരമായും ഉപയോഗപ്പെടുത്തുന്നുണ്ടോ അവയെല്ലാം തികച്ചും സര്‍ഗാത്മകമായി പരീക്ഷിക്കുന്ന നോവലാണിത്. മലയാള വായനക്കാരന് തികച്ചും പരിചിതമായ ഈ സാഹിത്യ സങ്കേതത്തെ ഉപയോഗിക്കുന്നതു വഴി അതിന്റെ ഭൂമികയില്‍, തന്നെ അടയാളപ്പെടുത്തുന്ന ഒരു ആദ്യപര്യവേഷകന്റെ വെല്ലുവിളി ജയകൃഷ്ണന്‍ ഏറ്റെടുത്തിരിക്കുന്നു. തന്റെ ഉദ്യമത്തില്‍ അയാള്‍ അഭിനന്ദനാര്‍ഹമാം വിധം വിജയിക്കുകയും ചെയ്തിരിക്കുന്നു.

സമകാലിക ഫിക്ഷന്റെ വൈവിധ്യം സ്വാഭാവികമായും അമ്പരപ്പിക്കുന്നതാണ്. ഇതിനൊരു കാരണമായിരിക്കുന്നത് ബഹുസ്വര ആഖ്യാനങ്ങളുടെ(Narratives) വൈപുല്യവും. സാഹിത്യം/ അസാഹിത്യം(non-literature)എന്ന ദ്വന്ദ പരികല്‍പന അസാധ്യമാകും വിധം ജീവിതാഖ്യാനങ്ങളും അനുഭവാഖ്യാനങ്ങളും നിരന്തരം എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതുതന്നെയാണ്. ഈ അര്‍ത്ഥത്തില്‍ വായനക്കാരന്‍ എന്ന സങ്കല്‍പംതന്നെ തീര്‍ത്തും അപനിര്‍മിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

അതുകൊണ്ട് പുതിയ ഫിക്ഷന്റെ മുന്നിലുള്ള ഒരു ഗുണനിലവാരപരിശോധന, സാഹിത്യാത്മകതയും കലാത്മകതയും ഉടനീളം നിലനിര്‍ത്താനും അതേ പരികല്‍പനകളുടെ പേരില്‍ രചനയെ അംഗീകരിക്കാന്‍ സന്നദ്ധനായ വായനക്കാരനെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. ഈ ബെഞ്ച്മാര്‍ക്കിങ്ങില്‍ ജയകൃഷ്ണന്റെ നോവല്‍ പൂര്‍ണമായും വിജയിക്കുന്നുണ്ട്.

രേഖീയമായ ഒരാഖ്യാനമാണെന്ന പ്രതീതി ഉടനീളം നിലനിര്‍ത്തുന്ന ഒരു കഥയില്‍ യാഥാര്‍ഥ്യത്തെ അതിവര്‍ത്തിക്കുന്ന അതിയാഥാര്‍ഥ്യത്തെ കലര്‍ത്തുകയാണ് ഈ നോവലില്‍. സഞ്ജയന്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതം ആഖ്യാതാവുതന്നെയാണ്  രേഖപ്പെടുത്തുന്നത്. അതേസമയം നിരന്തരമായ പരകായപ്രവേശത്തിലൂടെ ആഖ്യാതാവ് ഇതര കഥാപാത്രങ്ങളും അവരുടെ ഭാഷയും അവരിലൂടെ പറയപ്പെടുന്ന അനുഭവങ്ങളുമായി പകര്‍ന്നാടുന്നു.

എല്ലാ അര്‍ഥത്തിലും നോവലിസ്റ്റിന്റെ കൃതഹസ്തത അനുഭവപ്പെടുത്തുന്ന ഒരു ആഖ്യാന കൗശലം ഇവിടെ വിജയകരമായി വികസിപ്പിക്കപ്പെടുന്നു.

നഗരസഭയിലെ ഒരു അധോതല ജീവനക്കാരനായിരിക്കുന്ന സഞ്ജയന്റെ ജീവിതമാണ് ഒരു ഏബന്‍ മിത്ത്( Urban myth ) എന്ന് വിളിക്കാവുന്ന നോവലിന്റെ കേന്ദ്രതന്തു. രേഖീയമായി പുരോഗമിക്കുന്ന ആ ജീവിതത്തിന്റെ ഗതിവിഗതികളില്‍ അമൂര്‍ത്തത എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നതാണ് നോവലിലെ കരകൗശലത്തിന്റെയും ഭാവനയുടെയും സര്‍ഗാത്മകതയുടെയും അന്വേഷണം.

അധികാരവുമായുള്ള വ്യക്തിയുടെ അഭിമുഖീകരണം എന്ന കേന്ദ്ര പ്രമേയത്തെ അര്‍ധ യാഥാര്‍ഥ്യത്തിന്റെ സവിശേഷമായ ഭാഷാശൈലിയിലേക്ക് തുടര്‍ച്ചയായി ഇടകലര്‍ത്തുന്ന ക്രാഫ്റ്റ് ആരംഭം മുതല്‍ വായനക്കാരനെ വിഭ്രമത്തിലാഴ്ത്തുന്നു.

അന്തര്‍മുഖനും വായനക്കാരനും ഏകാകിയുമായ സഞ്ജയന്റെ ജീവിതത്തെ പൊതുജീവിതത്തിന്റെ വ്യവഹാര മാതൃകകള്‍ അഭിമുഖീകരിക്കുന്നതും തുടര്‍ന്നുണ്ടാവുന്ന സംഘര്‍ഷത്തില്‍ പരാജയപ്പെടുന്ന അയാളുടെ ദുരന്താനുഭവവുമാണ് കഥയുടെ രൂപരേഖയായി അസംഖ്യം പുരാവൃത്തങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നത്. ഒടുവില്‍ ഏതൊരു നല്ല നോവലിലും എന്നതുപോലെതന്നെ ഇതിവൃത്തം അതിനെത്തനെ സംക്രമിപ്പിക്കുന്ന കലാനുഭവവുമായി മാറുന്നു.

തനതായ ഒരു ലാവണ്യാനുഭവത്തിന്റെ സൗഖ്യമോ അശാന്തിയോ അവശേഷിപ്പിക്കുന്ന രചനയാണ് 'ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍'. ജയകൃഷ്ണന്റെതന്നെ ചിത്രരചനയുടെ എല്ലുറപ്പും നോവല്‍ വിനിമയം ചെയ്യുന്നുണ്ട്. യഥാര്‍ഥത്തില്‍ ആസക്തിയോളമെത്തുന്ന ധാരാളിത്തത്തോടെ വരച്ച നൂറുകണക്കിന് രേഖാചിത്രങ്ങളാല്‍ പരസ്പരം ബന്ധിപ്പിക്കുന്നതും പൂരിപ്പിക്കുന്നതുമായ രചനയാണ് ഈ നോവല്‍. കറുപ്പിലും വെളുപ്പിലുമായിരിക്കുന്ന ഈ ചിത്രാവലി, നിറങ്ങളില്‍ കാണുവാനുള്ള ഔത്സുക്യം വായനക്കാരനെ ആവേശിക്കാതിരിക്കില്ല.

നൂറോളം കവിതകളുടെ ചൂണ്ടുപലകകള്‍ പിന്നിട്ടുകൊണ്ടാണ് ആഖ്യാനത്തിന്റെ ഗതിവിഗതികള്‍. സ്പാനിഷ്, ഇറ്റാലിയന്‍, ചിലിയന്‍, മെക്‌സിക്കന്‍ തുടങ്ങി ലാറ്റിനമേരിക്കന്‍-യൂറോ കവിതയുടെ താരസ്വരങ്ങളെല്ലാം കഥയില്‍ നടവരമ്പുകള്‍ തീര്‍ക്കുന്നു. യഥാര്‍ഥത്തില്‍ ഈ ഇടപെടലുകളിലൂടെ വ്യാഖ്യാനിക്കപ്പെട്ട ജീവിതത്തിന്റെ ഫാന്റസിയായി നോവല്‍ ഉയരുന്നു.

കവിതയുടെയും ചിത്രകലയുടെയും ഫിക്ഷന്റെയും ആത്മകഥനത്തിന്റെയും ഒരു വിചിത്ര സംയുക്തം അസാധാരണമായ ഒരു വായനാനുഭവം പകരുന്നു. കഥയുടെ മണ്ണടരുകളുടെ ആഴത്തില്‍ സെര്‍വാന്റിസും, ഹുവാന്‍ റുള്‍ഫോയും, മാര്‍ ക്വിസും, കുന്ദേരയും തുടങ്ങി നിരവധി ആധികാരികതകള്‍ ലയിച്ച് കിടക്കുന്നു. അതുകൊണ്ടുതന്നെ നിശിത ശിക്ഷണത്തില്‍ പരിപാകം വന്ന ഒരു കലാഭിരുചിയുടെ പൂര്‍ണത തൊടുന്ന രചനയായി 'ഭൂതങ്ങള്‍' മാറുന്നു.

മുത്തശ്ശിക്കഥകളോടുള്ള നോവലിസ്റ്റിന്റെ ആഭിമുഖ്യം തനതായ ഒരു മോട്ടിഫിന്റെ തിരിച്ചറിയലില്‍ ആണ് എത്തിച്ചേരുന്നത്. എണ്ണമറ്റ ആര്‍ക്കിടൈപ്പുകളുടെ ഒരു അക്ഷയഖനിയില്‍ ഖനനം നടത്തുന്ന ഒരു ശൈലി ഇതിലൂടെ ജയകൃഷ്ണന്‍ സ്വായത്തമാക്കുന്നു. കോഴിക്കോട് നഗരത്തിലെ പുസ്തകശാലകള്‍ പരിചയമുള്ള ഒരു വായനക്കാരന് അവിടങ്ങളിലെ മനുഷ്യരെയും ഇതേ മുത്തശ്ശിക്കഥയില്‍ കണ്ടെടുക്കാന്‍ വാതിലുകള്‍ തുറന്നിടുകയും ചെയ്തിരിക്കുന്നു.

പാരിസ്ഥിതിക അവബോധത്തിന്റെ സൂക്ഷ്മമായ അടിത്തറയില്‍ അന്യഥാ അദൃശ്യമായ ജൈവ ലോകത്തെ ജയകൃഷ്ണന്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നു. ചിത്രശലഭങ്ങളും പുഴുക്കളും ഷഡ്പദങ്ങളും ഉരഗങ്ങളുമെല്ലാം സമൃദ്ധമായ ഒരു ജൈവപരിസരമാണ് കഥയുടെ വഴിത്തിരിവുകളിലെല്ലാം വായനക്കാരനെ ഭ്രമിപ്പിക്കുന്നത്.

അന്യവല്‍ക്കരിക്കപ്പെട്ട രതിയുടേയും വിഫലമായ പീഡാനുഭവത്തിന്റെയും ചിരന്തരമായ ഏകാന്തതയുടെയും ഒരു മഹാഖ്യാനത്തെ നോവല്‍ സാക്ഷാത്ക്കരിക്കുന്നു. തീര്‍ത്തും സഫലമായ ഒരു വായനാനുഭവത്തെ അത് വാഗ്ദാനം ചെയ്യുന്നു.