'ഒരു പുസ്തകം നന്നായി വായിക്കാന്‍ ഒരാള്‍ അത് എഴുതുന്നത് പോലെ വായിക്കണം' - വിര്‍ജീനിയ വുള്‍ഫ്
ജീവിതത്തില്‍ ആദ്യം വായിച്ച കഥ ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായി ഒരു ഉത്തരം പറയാന്‍ കഴിയില്ല. ഒരുപക്ഷേ ബാലരമയിലെ മായാവിയാകാം, ബാലമംഗളത്തിലെ ഡിങ്കനായിരിക്കാം, ബാലഭൂമിയിലെ കുറുംകഥകളായിരിക്കാം... തീര്‍ച്ചയില്ല. ബാലഭൂമിയും ബാലരമയുമൊക്കെ അത്രമേല്‍ കുട്ടിക്കാലം മുതല്‍ക്കെ രസിച്ച് വായിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായി വായിച്ച നോവല്‍ ഭാഗം പേരോര്‍മയില്ലെങ്കിലും അത് മനോരമ ആഴ്ചപ്പതിപ്പിലെ ഒരു നോവലായിരിക്കുമെന്ന് ഉറപ്പാണ്.
ആഴ്ചപ്പതിപ്പുകള്‍ അടുത്ത വീട്ടിലെ ചേച്ചിമാരോട് കരഞ്ഞും കാലുപിടിച്ചും വാങ്ങിക്കൊണ്ടുവന്നിട്ട് അമ്മ അറിയാതെ പുസ്തകങ്ങള്‍ക്കിടയിലും അല്ലാതെയും ഒളിച്ചുവായിക്കുന്ന വിദ്യ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോള്‍ തൊട്ട് ശീലമാക്കിയിരുന്നു. ആ വിദ്യ കണ്ടെത്തിയപ്പോള്‍ അമ്മ തുട പൊട്ടുന്ന മാതിരി അടിച്ചതും, മൂന്നാം ക്ലാസ്സിലെ ടീച്ചറുടെ അടുക്കല്‍ മോളുടെ ആഴ്ചപ്പതിപ്പ് വായനയെക്കുറിച്ച് പരാതി പറയാന്‍ പോയതും കൃത്യമായി ഓര്‍ക്കുന്നുണ്ട്.
കുട്ടിക്കാലവായനകള്‍ സ്വയം സന്തോഷിപ്പിക്കാനും മറ്റുള്ളവരെ രസിപ്പിക്കാനുള്ള ഉപാധിയായും ഞാന്‍ കണ്ടിരുന്നു. സ്‌കൂള്‍ ലീവുള്ള ദിവസങ്ങളില്‍ കൂട്ടുകുടുംബമായി ജീവിക്കുന്ന ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ കൈയില്‍ ബാലഭൂമിയോ ബാലരമയോ കരുതും. ടി.വി.യോ മൊബൈലോ ഇല്ലാത്ത അക്കാലത്ത് എന്റെ വരവും കാത്ത് രണ്ട് അമ്മാമമാര്‍ അവിടെയുണ്ടാകും. അവരുടെ നടുക്കിരുന്ന് ഡിങ്കന്റെ കഥ വായിക്കുമ്പോള്‍ ഇടയ്ക്ക് അലറിയും ചില ഡയലോഗുകള്‍ ചിരിച്ചും പറഞ്ഞ് അവരെ രസിപ്പിക്കുന്നത് എന്റെ ഇഷ്ടവിനോദമായിരുന്നു.
പ്രണയം, ലൈംഗികത, കുടുംബം... ഇതിനെക്കുറിച്ചൊന്നും അറിയാഞ്ഞിട്ടുകൂടിയും ആഴ്ചപ്പതിപ്പിലെ നോവല്‍കഥാപാത്രങ്ങളുടെ സംഭാഷണം വായിച്ചുകൊടുക്കുമ്പോള്‍ ഞാനറിയാതെ തന്നെ അവിടെയാകെ നിശബ്ദത നിറയും. ഞാന്‍ വായിക്കുന്നത് കേള്‍ക്കാന്‍ ആ രണ്ട് അമ്മാമമാര്‍ക്ക് എന്തൊരു ഇഷ്ടമായിരുന്നെന്നോ.
എല്ലാ കര്‍ക്കിടകസന്ധ്യകളിലും അമ്മയോട് വാശിപിടച്ച് അമ്മയുടെ കൈയില്‍ നിന്ന് രാമായണം തട്ടിപ്പറിച്ച് വായിക്കുന്നതും ഈ ആര്‍ത്തിയുടെ തുടര്‍ച്ചയായിരുന്നു. പദങ്ങളുടെ അര്‍ഥങ്ങള്‍ ആലോചിച്ച് വായനയുടെ മറ്റൊരു ലോകത്തിലേക്ക് മാറാന്‍ സഹായിച്ചത് രാമായണം തന്നെയാണ്. അമ്മയുടെ ഷെല്‍ഫില്‍ തുണികള്‍ക്കിടയില്‍ പേജുകള്‍ പിന്നിക്കിടന്നിരുന്ന 'നളിനി' വായിക്കാന്‍ പ്രേരണയായത് രാമായണം വായിച്ചുണ്ടായ കൗതുകമാണ്. അറിയാത്ത പദങ്ങള്‍ കാണുന്നു, മറ്റേതോ ലോകങ്ങള്‍ കാണുന്നു എന്നതില്‍പ്പരം കഥാപാത്രങ്ങളെ ഓര്‍ത്ത് സങ്കടമോ സന്തോഷമോ അതില്‍ നിന്ന് കിട്ടിയിട്ടില്ല.
വായനയ്ക്ക് കരയിപ്പിക്കാനും കഴിയുമെന്ന് എനിക്ക് തെളിയിച്ച് തന്നത് സുകുമാരകവിയുടെ ജീവിതം പറഞ്ഞ ഒരു പുസ്തകമാണ്. പുസ്തകത്തിന്റെ പേര് ഇന്നോര്‍മയില്ല. പക്ഷേ അത് കിട്ടിയതും വായിച്ചതും എവിടെ നിന്നാണെന്ന് വ്യക്തമായി ഓര്‍ക്കുന്നു. കൂട്ടുകാര്‍ക്കൊപ്പമുള്ള കളിക്കിടയില്‍ അടുത്ത വീട്ടുകാരുടെ പഴയ സാധനങ്ങള്‍ കൂട്ടിയിടുന്ന ഷെഡ്ഡില്‍ നിന്നാണ് ആ പുസ്തകം കിട്ടിയത്. പുസ്തകങ്ങള്‍ കാണുമ്പോള്‍ എത്ര നിയന്ത്രിച്ചാലും കൈ അങ്ങോട്ടേക്ക് ചലിക്കുമെന്ന് ഉറപ്പായിരുന്നു.
മഴയും വെയിലും മാറി മാറി നനഞ്ഞ് ഒരു പരുവമായ ആ പുസ്തകം അവിടെയിരുന്നുതന്നെ വായിച്ചവസാനിച്ചപ്പോഴേക്കും ഞാന്‍ കരഞ്ഞിരുന്നു. ആദ്യമായി എന്നെ ഒരു പുസ്തകം കരയിപ്പിച്ചു. 'പശ്യേ പ്രിയേ കോങ്കണഭൂവിഭാഗാന്‍' എന്ന് പിന്നീടെത്രയോ തവണ ഓര്‍ക്കുമ്പോഴൊക്കെ ഞാന്‍ കരഞ്ഞിരിക്കുന്നു... എനിക്കുറപ്പാണ് വാര്‍ധക്യത്തില്‍ സ്മൃതിനാശം സംഭവിച്ച് മറ്റെന്തൊക്കെ മറന്നാലും സുകുമാരകവിയുടെ കഥ ഞാന്‍ മറക്കാനിടയില്ല.
വായന മറ്റൊരു തലത്തിലേക്ക് വഴിമാറിയത് അവിടെ മുതല്‍ക്കാണ്. 'ഒരു കുടയും കുഞ്ഞുപെങ്ങളിലും' തുടങ്ങി നാട്ടിലെ ലൈബ്രറിയിലെയും സ്‌കൂള്‍ ലൈബ്രറിയിലെയും സകല പുസ്തകങ്ങളെയും ഞാന്‍ തിന്നാന്‍ തുടങ്ങുകയായിരുന്നു. പഴയ പുസ്തകങ്ങളില്‍ നിന്നാണ് ഒടുവില്‍ കുഞ്ഞികൃഷ്ണമേനോനെയും, സുകുമാരനെയും വായിച്ചത്. ബഷീറിന്റെ ഭാഷയെയും, എസ്.കെ.യുടെ കഥാസൗന്ദര്യങ്ങളെയും, എം.ടി.യുടെ വള്ളുവനാടിനെയും, തകഴിയുടെ ജീവിതക്കാഴ്ചകളെയും... എന്റേത് കൂടിയാക്കി മാറ്റി ഞാന്‍ വായിച്ച് തുടങ്ങി.
ഉറൂബിനെയും കാരൂറിനെയും വൈലോപ്പിള്ളിയെയും ചങ്ങമ്പുഴയെയും ആശാനെയും പതിവായി വായിച്ച് തുടങ്ങി. കൗമാരത്തില്‍ വായിച്ച 'മോതിരം' പ്രണയത്തിന്റെ മറ്റൊരു തലം കാണിച്ചുതന്നു. ഹൃദയസ്പര്‍ശിയായ ഉജ്ജ്വല പ്രേമകഥ. കഥകള്‍ക്കും നോവലുകള്‍ക്കുമപ്പുറം ചരിത്രവും ആത്മകഥകളും വായിച്ച് തുടങ്ങി. ഓര്‍മകുറിപ്പുകള്‍, ജീവചരിത്രങ്ങള്‍... വായന കൂടുതല്‍ വിശാലമാവുകയായിരുന്നു.
ചെക്കോവിന്റെയും മോപ്പാസാങ്ങിന്റെയും ഒ ഹെന്റിയുടെയും പരിഭാഷകള്‍ എനിക്ക് എത്തിച്ച് തന്നത് എന്റെ വായനാഭ്രാന്ത് നന്നായി അറിയാവുന്ന ഒരു അധ്യാപകനായിരുന്നു. മലയാളത്തിനപ്പുറം കഥകള്‍ ഉണ്ടെന്നത് എന്നെ അതിശയിപ്പിച്ചു. ഒ. ഹെന്റി കഥകളിലെ ട്വിസ്റ്റ് എന്നെ എത്രമാത്രം അമ്പരപ്പിച്ചിട്ടുണ്ട്! മാര്‍ക്കേസും കാഫ്കയും, ദസ്തയേവ്സ്‌കിയും കൊതിപ്പിച്ചിട്ടുണ്ട്.
മാധവിക്കുട്ടിയുടെ സ്ത്രീകളോട് പ്രണയപ്പെട്ടും, കെ.ആര്‍. മീരയുടെ സ്ത്രീകളോട് അസൂയ തോന്നിയും, അരുന്ധതി റോയിയുടെ സ്ത്രീകളോട് സ്‌നേഹം തോന്നിയുമൊക്കെ സ്ത്രീകളെഴുതുന്ന കൃതികളെ നെഞ്ചോടുചേര്‍ത്തിട്ടുണ്ട്.
ബാലഭൂമിയില്‍ തുടങ്ങിയ വായന കേരളത്തിലെ മാത്രമല്ല മറ്റ് ദേശങ്ങളിലേയും ജീവിതങ്ങള്‍ അറിയാനുള്ള വഴിയായി മാറിയിരിക്കുന്നു. ഇനിയും അതങ്ങനെ തുടരണമെന്ന് കൊതിക്കുന്നു. ഇത്രയും കാലം വായിച്ചതില്‍ ഏറ്റവുമധികം വിസ്മയിപ്പിച്ച കൃതി ഏതെന്ന് ചോദിച്ചാല്‍, ഇഷ്ടപ്പെട്ടത് ഏതെന്ന് ചോദിച്ചാല്‍ കൃത്യമായൊരുത്തരം പറയാന്‍ പ്രയാസമാണ്. ഒരുപക്ഷേ, ഏറ്റവും മികച്ചത് വായിക്കാനിരിക്കുന്നതേ ഉണ്ടാകൂ...
Content Highlights: Reading day 2024 reading experience by author Jinsha Ganga
Published: 18 Jun 2024, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented