'നീ എന്തിനാ എന്നോട് ചോദിക്കാതെ ടൗണില്‍ പോയത്...?
നീ എന്തിനാണ് അവള്‍/അവനൊപ്പം പോയത്..?  
നീ എന്തിനാണ് അവള്‍/അവനോട് സംസാരിച്ചത്..?
നീ എന്തിനാണ് എന്നോട് ചോദിക്കാതെ ഇന്റര്‍വ്യൂവിന് പോയത്..?
നീ എന്തിനാണ് ഫെയ്‌സ്ബുക്കില്‍ ഫോട്ടോപോസ്റ്റ് ഇട്ടത്..?
നീ എന്തിനാണ് ശരീരം കാണുന്ന വസ്ത്രം ധരിക്കുന്നത്..?
നീ എന്തിനാണ് എന്നോട് പറയാതെ മുടി മുറിച്ചത്..?'

To advertise here,

പ്രിയ സുഹൃത്തേ നിങ്ങള്‍ പ്രണയിക്കുമ്പോഴേപ്പോഴെങ്കിലും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നേരിട്ടുണ്ടോ...?  നേരിട്ടിട്ടില്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളുടെ കാമുകി/ കാമുകന്‍ കിടുവാണ്. ഇത്തരം ചോദ്യങ്ങള്‍ നേരിട്ടുവെങ്കില്‍ നിങ്ങള്‍ തിരിച്ചറിയുക, ഈ ചോദ്യങ്ങളെല്ലാം ഒരു ചരടാണ്, നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്വത്തിന് മേല്‍ പ്രണയം കൊരുത്തിടുന്ന നിയന്ത്രണത്തിന്റെ ചരട്. അത്തരം ചരടുകള്‍ പൊട്ടിക്കാതെ പ്രണയത്തിന്റെ സൗന്ദര്യം നിങ്ങള്‍ക്ക് ആസ്വദിക്കാനാവില്ലെന്നതാണ് യാഥാര്‍ഥ്യം. പലപ്പോഴും ഇത്തരം നിയന്ത്രണങ്ങളെ കെയറിങ്ങായി പലരും തെറ്റിധരിക്കാറുണ്ട്. അത് പലരും സിനിമകളിലൂടെയും മറ്റും മഹത്വവത്കരിക്കുകയും ചെയ്യും. പോയ വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മള്‍ ആഘോഷിച്ച പല പ്രണയസിനിമകളും ഒന്ന് പരിശോധിച്ചാല്‍ ഇത്തരം ടോക്‌സിക്കായ പെരുമാറ്റങ്ങളെ മഹത്വവത്കരിക്കുന്നതായി കാണാം. എന്നാല്‍ നിരുപാധിക പ്രണയം, (Uncondiional Love) എന്നൊരു സുന്ദരലോകം അപ്പുറമുണ്ടെന്ന അറിവില്ലായ്മയാണ് പലപ്പോഴും പ്രണയത്തിലെ ഇത്തരം മോശം ശീലങ്ങളെ മഹത്വവത്കരിക്കാന്‍ കാരണമാകുന്നത്. നിയന്ത്രണങ്ങളില്ലാത്ത പ്രണയം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് വ്യക്തി സ്വാതന്ത്ര്വം തന്നെയാണ്. പ്രണയത്തിലേര്‍പ്പെടുന്ന രണ്ടുവ്യക്തികളും അവരുടെ ഇടങ്ങളെയും ഇഷ്ടങ്ങളെയും തെരഞ്ഞെടുപ്പുകളെയും പരസ്പരം ബഹുമാനിക്കാന്‍ പഠിച്ചുകഴിഞ്ഞാല്‍ നിയന്ത്രണത്തിന്റെ ഈ ചരടുകള്‍ താനേ ഇല്ലാതാകും. വഴിയരികില്‍ ചിലര്‍ തങ്ങളുടെ പ്രണയസ്മാരകമായി കെട്ടിയിടുന്ന  'പ്രണയപ്പൂട്ടു' (Love Lock) കള്‍ കാണുമ്പോള്‍ പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട് അത്തരത്തില്‍ പൂട്ടിയിടേണ്ട ഒന്നാണോ പ്രണയമെന്ന്. പല പ്രണയങ്ങളിലും പൂട്ടുവീഴുന്നത് ഒരാളുടെ സ്വാതന്ത്ര്വങ്ങളുടെയും സ്വപ്‌നങ്ങളുടെയും മുകളില്‍ തന്നെയല്ലേ..? ഇത് പലരും തിരിച്ചറിയുമ്പോഴേക്കും കാലം ഒരുപാട് ഒഴുക്കിതീരാറുണ്ട്. ഈ പ്രണയപ്പൂട്ടിന് പിന്നിലും ഒരു പ്രണയകഥയുണ്ടെന്നതാണ് മറ്റൊരു കാര്യം.

നാദയും റെല്‍ജയും

ഒന്നാം ലോക മഹായുദ്ധം നടക്കുന്ന കാലം. തെക്കു കിഴക്കന്‍ യൂറോപ്പിലെ സെര്‍ബിയയിലെ ഒരുപ്രദേശത്തെ നാദ എന്ന സ്‌കൂള്‍ അധ്യാപിക റെല്‍ജ എന്ന പട്ടാളക്കാരനുമായി പ്രണയത്തിലായിരുന്നു. യുദ്ധം വന്നതോടെ റെല്‍ജയ്ക്ക് സൈന്യത്തിനൊപ്പം വിവിധ രാജ്യങ്ങളിലേക്ക് പോവേണ്ടി വന്നു. റെല്‍ജയുടെ മടങ്ങിവരവും കാത്ത് നാദ പ്രതീക്ഷയോടെ ഇരുന്നു. അതിനിടയില്‍  ഗ്രീസില്‍ കണ്ടുമുട്ടിയ കോര്‍ഫു എന്ന പെണ്‍കുട്ടിയുമായി റെല്‍ജ ഇഷ്ടത്തിലായി. നാദയുമായി ഉണ്ടായിരുന്ന പ്രണയം അതോടെ റെല്‍ജ നിരസിച്ചു. വല്ലാതെ മനംനൊന്ത 'നാദ'  നാളുകള്‍ക്കകം മരണപ്പെട്ടു.  ഈ സംഭവം നാട് മുഴുവന്‍ അറിഞ്ഞു. നഗരത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രണയം സംരക്ഷിക്കാന്‍ റെല്‍ജയും നാദയും സ്ഥിരം കണ്ടിരുന്ന പാലത്തില്‍ ചെറിയ താഴുകള്‍ ഇട്ട് പൂട്ടാന്‍ തുടങ്ങി. ഇതാണ് ലോകത്തിന്റെ പലഭാഗത്തേക്കും പിന്നീട് വ്യാപിച്ചത്.

സുന്ദരമായ ഒരുപാട് പ്രണയങ്ങള്‍  മനുഷ്യനുണ്ടായ കാലം മുതല്‍ ഈ ലോകത്ത് സംഭവിച്ചിട്ടുണ്ട്. അത്തരം പ്രണയകഥകളാണ് പലപ്പോഴും പ്രണയിതാക്കള്‍ക്ക് ആവേശമാകുന്നതും. എന്നാല്‍ ഇത്തരം പലകഥകളും ഉണ്ടാക്കുന്ന ഫാന്റസി ലോകം പോലെ നിങ്ങളുടെ പ്രണയത്തെ ഒരിക്കലും കാണാന്‍ ശ്രമിക്കരുത്. അത് ചിലപ്പോള്‍ സംഘര്‍ഷങ്ങളില്‍ ചെന്നേ അവസാനിക്കുകയുള്ളൂ. രണ്ടുമനുഷ്യര്‍ പരസ്പരം ഇഷ്ടപ്പെടുമ്പോള്‍ ഈ ലോകം കൂടുതല്‍ സുന്ദരമാകുന്നു എന്ന് പറയാറുണ്ട്.  പ്രതിസന്ധികളില്‍ പരസ്പരം തണലായി ഒരുപാട് പ്രണയങ്ങള്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലുമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലും പോയവര്‍ഷം കോഴിക്കോട്ടും നടന്ന പ്രണയജീവിത കഥകള്‍ പരിശോധിച്ചാല്‍ രണ്ടിലും പ്രണയം ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനുള്ള വെളിച്ചമാകുന്നത് കാണാം.

യുദ്ധത്തെ തോല്‍പ്പിച്ച പ്രണയം

വര്‍ഷം 1939... മധ്യപോളണ്ടിലെ ക്രാസ്‌നിക്ക് എന്ന ഗ്രാമത്തില്‍ ഹിറ്റ്‌ലര്‍ ഭരണകൂടം ഒരു വിമാനകമ്പനി സ്ഥാപിച്ചു. അവിടെ ജോലി ചെയ്യാനായി വിവിധയിടങ്ങളില്‍ നിന്ന് യഹൂദന്മാരടക്കമുള്ളവരെ തീവണ്ടികളില്‍ ലേബര്‍ ക്യാമ്പുകളിലേക്ക് എത്തിച്ചു. പുക തുപ്പി വന്നുനിന്ന തീവണ്ടികളിലൊന്നില്‍ നിന്ന് മനായയെന്നു പേരുള്ള 16 വയസ്സുകാരിയും മിനാറെന്ന 19 കാരനും ഇറങ്ങിവന്നു. ഒരേ ഗ്രാമത്തില്‍ ജനിച്ച് വളര്‍ച്ചയിലെപ്പോഴോ പരസ്പരം പ്രണയിച്ച് തുടങ്ങി രണ്ടുപേര്‍. ക്യാമ്പുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ബാരക്കുകളായിരുന്നു. നാസി പട്ടാളത്തിന്റെ കാവലും ഒപ്പം ബാരക്കുകളെ വേര്‍തിരിക്കാന്‍ മുള്ളുവേലിയും. കമ്പനിയിലെ 12 മണിക്കൂര്‍ നീളുന്ന അധ്വാനം ഏതൊരു മനുഷ്യനും താങ്ങാവുന്നതിനും അപ്പുറമായിരുന്നു. പലരും ജോലിസമയംകഴിഞ്ഞ ഉടന്‍ കിടക്കയിലേക്ക് വീഴും. പക്ഷേ ആ ക്ഷീണത്തിനും മുള്ളുവേലികള്‍ക്കും മനായയുടെയും മിനാറിന്റെയും പ്രണയത്തെ തടയിടാന്‍ കഴിഞ്ഞിരുന്നില്ല. ജോലി കഴിഞ്ഞുള്ള രാത്രികളില്‍ മുള്ളുവേലിക്കിടയിലൂടെ അതീവസാഹസികമായി നുഴഞ്ഞ് മിനാര്‍ എത്തും, നിറയുന്ന ഇരുട്ടിലും തന്നെ വേലിക്കരികില്‍ കാത്തിരിക്കുന്ന മനായ എന്ന തന്റെ പ്രണയവെളിച്ചത്തെ കാണാന്‍. ജീവതം അടുത്ത പകല്‍ വരെ നീളുമോ എന്നുപോലും അറിയാത്ത ആ ദിവസങ്ങളിലെ രാത്രികളില്‍ അവര്‍ പ്രണയത്തിന്റെ ചിറകിലേറി ഒരുമിച്ചുള്ള ജീവിതത്തിന്റെ സ്വപ്‌നങ്ങള്‍ കണ്ടു. 

രാത്രികളിലൊന്നില്‍ മിനാര്‍ മനായയോട് പറഞ്ഞു '  മനായ ഇവിടെനിന്ന് ഞാനാണ് ആദ്യം രക്ഷപ്പെടുന്നതെങ്കില്‍ നമ്മുടെ ഗ്രാമത്തിലെത്തി നിനക്കായി ഞാന്‍ കാത്തിരിക്കും'.  ആ ഉറപ്പിന് മരണത്തോളം വിലയുള്ള മറ്റൊരു ഉറപ്പായിരുന്നു മനായ നല്‍കിയത്,  ' മിനാര്‍ , ഞാനാണ് ഇവിടെനിന്ന് ആദ്യം രക്ഷപ്പെട്ടു ഗ്രാമത്തില്‍ എത്തുന്നതെങ്കില്‍ എന്റെ  മരണംവരെ നിനക്കായി ഞാന്‍ അവിടെ കാത്തിരിക്കുന്നുണ്ടാകും'. ആകാശത്ത് നിന്ന് നക്ഷത്രങ്ങള്‍ മനായയുടെയും മിനാറിന്റെയും പ്രണയം കണ്ണിമചിമ്മാതെ നോക്കികൊണ്ടിരുന്നു. പിറ്റേന്ന് മിനാര്‍ ദൂരെയുള്ള മറ്റൊരു ക്യാമ്പിലേക്ക് മാറ്റപ്പെട്ടു. ഇതറിയാതെ പിന്നീടുള്ള രാത്രികളിലും മനായ പ്രതീക്ഷയോടെ വേലികള്‍ക്കരികില്‍ കാത്തിരുന്നു. പക്ഷേ നക്ഷത്രങ്ങള്‍പോലും മിനാര്‍ പോയകാര്യം മനായയോട് പറഞ്ഞില്ല. മിനാര്‍ എത്തിയ പുതിയ ക്യാമ്പിന്റെ പിറകുവശത്ത് ഒരുബേക്കറി ഉണ്ടായിരുന്നു. ബേക്കറിയിലെ പിന്‍വാതില്‍ കടന്നാല്‍ ക്യാമ്പിന് പുറത്തെത്താം. ഇത് മനസ്സിലാക്കിയ മിനാറും സുഹൃത്തുക്കളും കൃത്യമായ ആസൂത്രണത്തോടെ രാത്രികളൊന്നില്‍ സ്വാതന്ത്ര്വത്തിലേക്കുള്ള ആ പിന്‍വാതില്‍ തുറന്നു. പച്ചപ്പുല്ലടക്കം തിന്ന് വിശപ്പടക്കി കാല്‍നടയായി അഞ്ചുദിവസങ്ങള്‍, എല്ലാം ദുരിതങ്ങളും താണ്ടി മിനാര്‍ ഗ്രാമത്തിലെത്തുക തന്നെ ചെയ്തു. നാസി പട്ടാളം മൈനുകളും ബോംബുകളും ഉയോഗിച്ച് പൊട്ടിച്ച് തകര്‍ത്ത് കളഞ്ഞ നഗരത്തിന്റെ അസ്ഥികൂടം മാത്രമാണ് എന്നാല്‍ മിനാറില്‍ മുന്നില്‍ ബാക്കി കിടന്നത്.  ഇരുപതോളം പേര്‍ മാത്രം അവശേഷിച്ച ആ ഗ്രാമത്തില്‍ മനായയെും കാത്ത് മിനാര്‍ ഇരുന്നു. മാസങ്ങള്‍ പിന്നിട്ടു, ഇല കൊഴിച്ചും തളിര്‍ത്തും പൂത്തും മരങ്ങള്‍ ഋതുഭേദങ്ങള്‍ മാറ്റിയുടുത്തു. സോവിയറ്റ് പട്ടാളത്തിന്റെ ചെമ്പട  നാസി പട്ടാളത്തെ തോല്‍പ്പിച്ച് പോളണ്ട് കീഴടക്കി. പട്ടാളക്കാര്‍ ക്യാമ്പില്‍ നിന്ന് മനായയെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ 30 കിലോയ്ക്ക് താഴെയായിരുന്നു ആ പെണ്‍കുട്ടിയുടെ ഭാരം. മെലിഞ്ഞുണങ്ങിയ ശരീരത്തിലെവിടെയോ ജീവന്‍ അവശേഷിക്കുന്നുണ്ടായിരുന്നു എന്ന് മാത്രം.  എന്നാല്‍ ഹൃദയത്തില്‍ നിന്ന് പ്രണയം മരണത്തെ മല്ലടിച്ച് തോല്‍പ്പിച്ചപ്പോള്‍ ദിവസങ്ങള്‍ക്കകം മനായ സുഖം പ്രാപിച്ചു, ആശുപത്രികിടക്കയില്‍ നിന്ന് പിച്ചവെച്ച് തുടങ്ങിയ അവസ്ഥയില്‍ മനായ പിന്നെ കാത്തു നിന്നില്ല. ഗ്രാമം ലക്ഷ്യമാക്കി നടന്നു, ആകാശത്ത് അസ്തമയ സൂര്യന്റെ ചുവപ്പ് പടര്‍ന്ന വൈകുന്നേരങ്ങളിലൊന്നില്‍ മിനാര്‍ ദൂരെ നിന്ന് ഒരു വെളിച്ചം തന്നിലേക്ക് അടുത്തുവരുന്നതായി കണ്ടു. മനായ, മനായ..... നാളുകളുടെ കാത്തിരിപ്പിനുശേഷം അവര്‍ സന്ധ്യയില്‍ വീണ്ടും കണ്ടുമുട്ടി, കെട്ടിപ്പുണര്‍ന്നു. ലോകം വീണ്ടും ശാന്തമായി.

( റഫറന്‍സ്:  Until We Meet Again: A True Story of Love and Survival in the Holocaust)
...........

ജീവിതം കാതിലോതിയത്....

വര്‍ഷം 2021....
കോഴിക്കോട് കെ.സി.എല്‍.ചാനലില്‍ ക്യാമറാമാനായിരുന്നു റെമോ ബെഞ്ചമിന്‍ പീറ്റര്‍. അവിടേക്ക് ട്രെയിനിയായാണ് അരുണിമ എത്തിയത്. അവര്‍  പിന്നീട് സുഹൃത്തുക്കളായി. വൈകാതെ ആ ബന്ധം പ്രണയമായി. വൈകാതെ ആ പ്രണയത്തിന് ഇരുകുടുംബക്കാരും പച്ചക്കൊടി വീശിയപ്പോള്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.  2021 മാര്‍ച്ച് 15-നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. എല്ലാം ഭംഗിയായി നടന്ന ആ പകലിനപ്പുറം വഴിയരികില്‍ റെമോയെയും കാത്ത് ഒരു അപകടം പതിയിരിപ്പുണ്ടായിരുന്നു.  നിശ്ചയത്തിന് ഭക്ഷണം തയ്യാറാക്കിയ പാത്രം തിരികെ കടയില്‍ ഏല്‍പ്പിക്കാന്‍ പോകുകയായിരുന്നു റെമോയും സുഹൃത്തും. റോഡില്‍ വച്ച് ഒരു ഓട്ടോറിക്ഷയിലിടിച്ച് റെമോയുടെ ബൈക്ക് മറിഞ്ഞു. ഓടിക്കൂടിയ ആളുകള്‍ ചോരയില്‍ കുളിച്ച യുവാക്കളെയും എടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു. റെമോയുടെ ആന്തരികാവയവങ്ങള്‍ക്കായിരുന്നു പരിക്കുകളെല്ലാം. ശ്വാസകോശത്തിന് ചതവ്. വൃക്ക തകരാറിലായി. മസ്തിഷ്‌കത്തിനും പരിക്കേറ്റു. ഇടുപ്പില്‍ രക്തം കട്ടപിടിച്ച് അണുബാധയുണ്ടായി. അതിനിടയില്‍ കൊവിഡും പിടിപ്പെട്ടു. വെന്റിലേറ്ററിന്റെ തണുപ്പിനപ്പുറം റെമോയെയും കാത്ത് മരണം നിന്നു. പലരും ജീവിതത്തിലേക്ക് ഇനി റെമോ മടങ്ങിവരില്ലെന്ന് പറഞ്ഞപ്പോഴും അപകടം നടന്ന ദിവസം മുതല്‍ ഐസിയുവിന് പുറത്ത് അവന്‍ മടങ്ങിവരുമെന്ന ഉറപ്പോടെ അരുണിമ കാത്തിരുന്നു. ഒരു ദിവസമല്ല, രണ്ടുദിവസമല്ല, രണ്ടുമാസത്തോളം വെന്റിലേറ്ററില്‍ നിന്ന് റെമോ ജീവിതത്തിലേക്ക് ഉയര്‍ത്തെണീക്കുന്നതും കാത്ത് അവളിരുന്നു. ആ ദിവസങ്ങളില്‍ റെമോയുടെ തണുത്ത നെറ്റിയില്‍ അരുണിമ കുറി തൊട്ടുകൊടുത്തു. മുഖംതാഴ്ത്തി കാതില്‍ മെല്ലെ വിളിച്ചു നോക്കി. ഒറ്റയ്ക്കിരുന്ന്  കരഞ്ഞപ്പോഴും റെമോയുടെ മുന്നില്‍ ചിരിച്ച മുഖവുമായി തന്നെ അവളിരുന്നു. മെല്ലെ വെന്റിലേറ്ററില്‍ നിന്ന് റെമേയോ വാര്‍ഡിലേക്ക് മാറ്റി, അപ്പോഴും ബോധം തിരിച്ചുകിട്ടാന്‍ സമയമെടുത്തു. ബോധം കിട്ടിയാലും അവന്‍ ഓര്‍മകളുണ്ടാകുമോ എന്ന് പലരും ഭയന്നപ്പോഴും അരുണിമയ്ക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരുദിവസം റെമോ ചുണ്ടനക്കി ' അരുണിമേ....' ആ വിളി അരുണിമയുടെ കാതിലേക്ക് ഒരുതിരപോലെ വന്നടിച്ചു.  ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയപ്പോഴും റെമോ കിടപ്പായിരുന്നു. ഓരോ ദിവസവും അരുണിമ രാവിലെ റെമോയുടെ വീട്ടിലെത്തി. അവനുള്ള ആഹാരം തയ്യാറാക്കും, കഴിപ്പിക്കും, കുളിപ്പിക്കും, യൂറിന്‍ബാഗ് വൃത്തിയാക്കും... അമ്മയെ നഷ്ടപ്പെട്ട റെമോയ്ക്ക് അവളപ്പോള്‍ അമ്മയായി മാറി. മെല്ലെ മെല്ലെ  ജീവിതത്തിന്റെ പച്ചപ്പിലേക്ക് അരുണിമയുടെ കൈപിടിച്ച് റെമോ തിരിച്ചുകയറി. അപകടം നടന്ന്  ഒരുവര്‍ഷത്തിനിപ്പുറം മറ്റൊരു മാര്‍ച്ച് വരികയാണ്, അവര്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്.  മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ അരുണിമ എന്ന പ്രണയവെളിച്ചത്തിനൊപ്പം റെമോ പുത്തന്‍ പ്രതീക്ഷകളുടെ പ്രകാശത്തിലേക്ക് നടക്കുകയാണ്.
......
എട്ടുദശകത്തിന്റെ ഇടവേളകളുണ്ട്  ഈ പ്രണയ കഥകള്‍ തമ്മില്‍, പക്ഷേ കേള്‍ക്കുന്നവര്‍ക്ക് മുന്നില്‍ കാത്തിരിപ്പിന്റെ നോവും ഒത്തുച്ചേരലിന്റെ സന്തോഷവും നിറയ്ക്കുന്നുണ്ട് ഈ മനുഷ്യരും അവരുടെ പ്രണയവും.  പ്രണയം അങ്ങനെയാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള പ്രതീക്ഷയായി അത് പൂവിടും. എല്ലാ പ്രതീക്ഷയും അവസാനിച്ച് മരണത്തെ പുല്‍കാന്‍ നില്‍ക്കുന്ന വേളയില്‍ ചിലപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുകയറാനുള്ള വെളിച്ചമായത് മാറും. അത്രമേല്‍ സുന്ദരമായ പ്രണയം എപ്പോഴാണ് പകയും വിദ്വേഷവും ആകുന്നതെന്ന് ചിലപ്പോള്‍ ചിന്തിച്ചാല്‍  അത്ഭുതം തോന്നും. നിബന്ധനകളുടെ ചരടില്‍ കെട്ടിയിടപ്പെടുമ്പോഴും സ്വാര്‍ഥരായി മാറുമ്പോഴുമാണ് എല്ലാ പ്രണയങ്ങളിലും ഇത്തരം പകയും വിദ്വേഷവും നിറയുന്നതെന്നതാണ് യഥാര്‍ഥ്യം. അത്തരം തെറ്റായ ചിന്തകള്‍ മനസ്സില്‍ ഉടലെടുക്കുമ്പോള്‍ തന്നെ അതിനെ അടിച്ചമര്‍ത്താന്‍ നമുക്ക് സ്വയം കഴിഞ്ഞെങ്കില്‍ മാത്രമേ നല്ലൊരു പങ്കാളിയാകാന്‍ നമുക്ക് സാധിക്കുകയുള്ളൂ. നിങ്ങളുടെ കാമുകി/ കാമുകനോട്  ഒരുകാര്യം പറയുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം അതിലെ ശരി, തെറ്റുകളെ കുറിച്ച് സ്വയം വിലയിരുത്തുക. അതുപോലെ പങ്കാളിയുടെ ഇത്തരം ചരടുവലികളെ കെയറിങ് എന്ന് വ്യഖ്യാനിച്ച് മഹത്വവത്കരിക്കാതെ തിരുത്തുക. തിരുത്താന്‍ തയ്യാറാകാത്ത മനുഷ്യരില്‍ നിന്ന് പുറത്തുകടക്കുക, കാരണം സ്വപ്‌നങ്ങളുടെ വലിയൊരു സ്വതന്ത്ര്വലോകം നിങ്ങള്‍ക്കായി പുറത്ത് കാത്തിരിക്കുന്നുണ്ട്. നിങ്ങള്‍ ഈ ഭൂമിയില്‍ ജനിക്കുമ്പോള്‍ രണ്ടു തെരഞ്ഞെടുപ്പുകളാണ് ഉള്ളത്, ഒന്ന് പ്രണയിക്കുക, രണ്ട് പ്രണയിക്കാതിരിക്കുക. പ്രണയിക്കാതിരിക്കാന്‍ വളരെ എളുപ്പമാണ്, ജീവിതം കൂടുതല്‍ വിരസമാകുമെന്ന് മാത്രം. എന്നാല്‍ പ്രണയിക്കുന്നതും പ്രണയം നഷ്ടപ്പെടുന്നതുമെല്ലാം എളുപ്പമല്ലാത്ത കാര്യങ്ങളാണ്, പക്ഷേ അത്രമേല്‍ സുന്ദരമായ മറ്റൊരുനുഭവം ജീവിതത്തില്‍ ഇല്ലതാനും. അതുകൊണ്ട് ടെന്നിസണ്‍ പറഞ്ഞത് പോലെ ' 'Better to Have Loved and Lost than Never to Have Loved at All'? ( Alfred Lord Tennyson) .
ഇനി ഒന്ന് സ്വയം ഉള്ളിലേക്ക് നോക്കൂ, മനസ്സിലെവിടെയെങ്കിലും പങ്കാളിയെ കെട്ടിയിടുന്ന ആ ചങ്ങല ബാക്കി കിടക്കുന്നുണ്ടോ...? ഉണ്ടെങ്കില്‍ അവയ്‌ക്കെല്ലാം മനസ്സില്‍ തന്നെ ചിതയൊരുങ്ങട്ടെ. ആ ചിതയ്ക്കപ്പുറം നിങ്ങളെയും കാത്ത് പ്രണയം അതിന്റെ എല്ലാ വര്‍ണാകാഴ്ചകളോടും കൂടി പൂത്തുനില്‍ക്കുന്നുണ്ട്.....
 

Content Highlights: valentines day, unconditional love, toxic relationship