
പ്രണയവും കലയും ചരിത്രവും കൂട്ടിമുട്ടുന്ന നിർമിതിയാണ് ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ. തന്റെ പ്രിയപത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി രണ്ട് ദശാബ്ദമെടുത്ത് ആഗ്രയിൽ, യമുനാനദിക്കരയിൽ മുഗൾ ചക്രവർത്തി ഷാജഹാൻ പണികഴിപ്പിച്ച പ്രണയ മഹൽ ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിക്കാത്ത പ്രണയിതാക്കളില്ല. കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നാണ് രബീന്ദ്രനാഥ ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മുംതാസിനോടുള്ള ഷാജഹാന്റെ പ്രണയത്തേയും അതിന്റെ സ്മാരകമായ ഈ സൗധത്തേയും ലോകം പ്രണയത്തോടെ നോക്കി കാണുന്നു.
ആദ്യകാലത്തെ മുഗൾ കെട്ടിടങ്ങൾ എല്ലാം തന്നെ ചുവന്ന മണൽക്കല്ലിലാണ് നിർമ്മിച്ചിരുന്നത്. പക്ഷേ, ഷാജഹാൻ താജ് മഹൽ പണിയുന്നതിന് വെണ്ണക്കല്ലും വിലപിടിപ്പുള്ള മറ്റു കല്ലുകളുമാണ് ഉപയോഗിച്ചത്. ഇത് മുഗൾ കാലഘട്ടത്തെ മറ്റ് സമുച്ചയങ്ങളേക്കാൾ താജ്മഹലിന് ഒരു പ്രത്യേക ആകർഷണം ജനിപ്പിക്കുന്നു. താജ് മഹൽ പേർഷ്യൻ സംസ്കാരത്തിന്റേയും മുഗൾ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. നിർമാണത്തിൽ സമർകണ്ടിലെ ഗുർ-ഏ-അമീർ എന്ന കെട്ടിടം, ഹുമയൂണിന്റെ ശവകുടീരം, ഡൽഹിയിലെ ഷാജഹാന്റെ സ്വന്തം നിർമിതിയായ ജുമാ മസ്ജിദ് എന്നിവയിൽ നിന്നും വാസ്തു പ്രചോദനങ്ങളും ഉൾകൊണ്ടിട്ടുണ്ട്. പൂർണ്ണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച താജ്മഹൽ കേവലം ഒരു ശവകുടീരത്തിനപ്പുറം കാലാതിവർത്തിയായ പ്രണയകുടീരമായി നിലനിൽക്കുന്നു.
മുഗൾ സാമ്രാജ്യത്തിൻ്റെ നാലാമത്തെ ചക്രവർത്തിയായിരുന്ന ജഹാംഗീറിൻ്റെ മകനായ ഷഹാബ്-ഉദ്-ദിൻ-മുഹമ്മദ്-ഖുറത്തിനെ പൗരൻമാരാണ് 'ഷാജഹാൻ' എന്ന് വിളിച്ചത്. രാജ്ഞി നൂർജഹാൻ്റെ ബന്ധു കൂടിയായിരുന്ന അർജുമന്ദ് ബാനോ ബീഗത്തിനോട് ഷാജഹാന് പ്രണയം തോന്നി. മുംതാസ് മഹലെന്നാണ് അർജുമന്ദ് ബാനോ ബീഗത്തെ ഷാജഹാൻ വിളിച്ചത്. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം ഷാജഹാൻ തൻ്റെ നാല് സഹോദരന്മാരെ കീഴടക്കി മുഗൾ സാമ്രാജ്യത്തിൻ്റെ സിംഹാസനം നേടിയെടുത്തു. ഷാജഹാന് അവൾ ഭാഗ്യംകൊണ്ടുവന്ന മാലാഖയായി. ഏറെ വിശ്വസിച്ചിരുന്ന ജീവിതസഖി.

ഷാജഹാന്റെ മൂന്നാം ഭാര്യയായി മാറിയ മുംതാസ് മഹൽ 1631 ൽ മരണത്തിന് കീഴടങ്ങി. തന്റെ 14- മത്തെ കുട്ടിയായ ഗൗഹറ ബീഗത്തെ പ്രസവിച്ച ഉടനെയായിരുന്നു അന്ത്യം. വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉണ്ടായിരുന്ന ഷാജഹാൻ ചക്രവർത്തി പ്രിയപത്നിയുടെ മരണത്തോടെ അതീവ ദുഃഖത്തിലായി. മുംതാസ് മഹലിനോടുള്ള ഷാജഹാന്റെ അഗാധ പ്രണയം താജ് മഹൽ പണിയുവാനുള്ള പ്രേരണയായി. താജ്മഹലിൻ്റെ നിർമ്മാണം 1632 ൽ ആരംഭിച്ചു. 1638-39 ഓടെ ശവകുടീരം പൂർത്തിയായി. അനുബന്ധ കെട്ടിടങ്ങളുടെ നിർമാണം 1643-ഓടെ പൂർത്തിയായി, അലങ്കാരപ്പണികൾ 1647 വരെ തുടർന്നു. മൊത്തത്തിൽ, 42 ഏക്കർ (17-ഹെക്ടർ) സമുച്ചയത്തിൻ്റെ നിർമ്മാണം 22 വർഷംകൊണ്ടാണ് പൂർത്തികരിച്ചത്.
ഉസ്താദ് അഹമ്മദ് ലാഹോറി, ഉസ്താദ് ഈസ എന്നിവരാണ് താജ്മഹലിന്റെ മുഖ്യ ശിൽപികളായി വിലയിരുത്തപ്പെടുന്നത്. കുംഭഗോപുരത്തിന്റെ താഴെയാണ് മുംതാസ് മഹലിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ളത്. തൊട്ടടുത്തു തന്നെ ഷാജഹാന്റെ കബറിടവുമുണ്ട്. തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് നിലകൊള്ളുന്ന താജ്മഹൽ ഇപ്പോൾ ആർക്കിയോളജിക്കൽ വകുപ്പിന് കീഴിലാണ്. സമചതുര സ്തംഭപാദത്തിൽ വെള്ള മാർബിളിൽ നിർമ്മിച്ചിട്ടുള്ള കുടീരമാണ് താജ് മഹലിന്റെ പ്രധാന ഭാഗമായി വിലയിരുത്തപ്പെടുന്നത്. ഇവാൻ എന്ന ഒരു കമാനാകൃതിയിലുള്ള വാതിലും, ഏറ്റവും മുകളിലായി ഒരു വലിയ കുംഭ ഗോപുരവും സ്ഥിതിചെയ്യുന്നു. മുഗൾ വംശത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യകളിൽ ഒന്നായിട്ടാണ് പുറമേയുള്ള അലങ്കാരങ്ങൾ കണക്കാക്കുന്നത്.
ഇന്ത്യയിലെയും ഏഷ്യയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് താജ്മഹൽ നിർമ്മിച്ചത്. രാജസ്ഥാനിൽ നിന്ന് വെളുത്ത മാർബിൾ, പഞ്ചാബിൽ നിന്ന് ജാസ്പർ കല്ലുകൾ, ചൈനയിൽ നിന്ന് ജേഡ്, ക്രിസ്റ്റൽ എന്നിവയും തിബെത്ത്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും പലതരം കല്ലുകൾ കൂടാതെ അറേബ്യയിൽ നിന്നും വിലപിടിപ്പുള്ള കല്ലുകൾ എന്നിവ കൊണ്ടുവന്നു. വെള്ള മാർബിളുകളിൽ ഏഷ്യയുടെ വിവിധ മേഖലകളിൽ നിന്നും കൊണ്ടു വന്ന 28 തരത്തിലുള്ള വില പിടിപ്പുള്ള കല്ലുകൾ പതിച്ചിരുന്നു. ആയിരത്തിലധികം ആനകളെ ഉപയോഗിച്ചാണ് സാധനങ്ങൾ പണി സ്ഥലത്തേക്കെത്തിച്ചതെന്നാണ് പറയപ്പെടുന്നത്. സൂര്യപ്രകാശത്തിൻ്റെയോ ചന്ദ്രപ്രകാശത്തിൻ്റെയോ തീവ്രതയനുസരിച്ച് നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന വെളുത്ത മാർബിൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ താജ്മഹലിൻ്റെ നിറത്തിൽ വ്യത്യാസം വരുന്നു.
താജ് മഹലിന്റെ നിർമാണത്തിനു ശേഷമാണ് ഷാജഹാന്റെ മകനായ ഔറംഗസീബ് അദ്ദേഹത്തെ ആഗ്ര കോട്ടയിൽ തടങ്കലിലാക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം മുംതാസ് മഹലിന്റെ അടുത്ത് തന്നെ അദ്ദേഹത്തെ അടക്കുകയും ചെയ്തു.

1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടൻ താജ് മഹലിന്റെ ചുവരുകളിൽ നിന്ന് വിലപിടിപ്പുള്ള കല്ലുകളും രത്നങ്ങളും കവർന്നു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ് വൈസ്രോയി ജീർണ്ണാവസ്ഥയിലായ താജ് മഹലിന്റെ പുനരുദ്ധാരണത്തിന് ഉത്തരവ് നൽകി. 1908 ൽ പുനരുദ്ധാരണം പൂർത്തിയായി. അകത്തെ അറയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ഉദ്യാനം ഇന്ന് കാണുന്ന പോലെ പുനർനവീകരിക്കുകയും ചെയ്തു.
പ്രണയത്തിന്റെ പ്രതീകമായി ലോകം അംഗീകരിച്ച താജ്മഹലിന് നിരവധി അംഗീകാരങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ്മഹൽ ഇടം നേടി. 2023 ൽ ലഗേജ് സ്‌റ്റോറേജ് സർവീസായ ബൗൺസ് നടത്തിയ സർവേയിൽ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്കുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് താജ്മഹൽ. വർഷം തോറും വിദേശികളടക്കം 2 മുതൽ 4 ദശലക്ഷം ആളുകൾ ഈ പ്രണയ മഹൽ കാണാൻ ആഗ്രയിലെത്താറുണ്ട്.
Content Highlights: valentines day, taj mahal
Published: 13 Feb 2024, 02:04 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented