വൈക്കത്തെ കായലരികിലേക്ക് ഒരു വലിയ വള്ളമടുത്തു. അതിൽ മറ്റു മൂന്നുപേർക്കൊപ്പമെത്തിയ മനുഷ്യൻ, പിന്നോട്ടുപോകുമോ എന്നു ശങ്കിച്ച വലിയൊരു സമരത്തിന്റെ അഗ്നി ആളിക്കത്തിച്ചു. അന്ന് ഈറോഡിൽനിന്ന്‌ സമരക്കരയിൽ വന്നിറങ്ങിയ മനുഷ്യൻ ഇ.വി. രാമസ്വാമി നായ്കർ. തമിഴകത്തിന്റെ സ്വന്തം തന്തൈ പെരിയാർ.

To advertise here,

സത്യാഗ്രഹ ചൂളയിലേക്ക്

തമിഴ്‌നാട്ടിലെ ശുചീന്ദ്രപുരത്ത് വൈക്കത്തിനു സമാനമായി അവർണർക്ക് വഴിനടക്കാൻ കഴിയാത്ത ഒട്ടേറെ ക്ഷേത്രങ്ങളുണ്ടായിരുന്നു. ഇതിനെതിരേ തന്തൈ പെരിയോർ ശക്തമായി പ്രതികരിച്ചുകൊണ്ടിരുന്ന കാലം. ഇതിനിടെ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വംനൽകിയിരുന്ന ടി.കെ. മാധവൻ, കെ.പി. കേശവമേനോൻ, ബാരിസ്റ്റർ ജോർജ് ജോസഫ് തുടങ്ങി 19 പ്രമുഖ നേതാക്കൾ ജയിലിലായി. സത്യാഗ്രഹം ആരു നയിക്കുമെന്ന ചോദ്യത്തിന് കോൺഗ്രസ് കണ്ടെത്തിയ ഉത്തരമായിരുന്നു പെരിയാർ. തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷനായിരുന്ന അദ്ദേഹം തൊട്ടുകൂടായ്മക്കെതിരേ നടത്തിവന്ന പോരാട്ടങ്ങൾ ഇതിനകം ശ്രദ്ധനേടിയിരുന്നു. പാർട്ടിനിർദേശപ്രകാരം, സമരസാരഥ്യം ഏറ്റെടുക്കണമെന്നുകാണിച്ച് ബാരിസ്റ്റർ ജോർജ് ജോസഫും കെ.പി. കേശവമേനോനും പെരിയാർക്ക് കത്തയച്ചു. ഈറോഡിലെ മേൽവിലാസത്തിലയച്ച കത്ത് അദ്ദേഹം സമരയാത്രയിലായതിനാൽ കൈപ്പറ്റാനായില്ല. തുടർന്ന് മധുര ജില്ലയിലെ പണ്ണപുരം എന്ന ഗ്രാമത്തിൽ ജനക്കൂട്ടത്തോട് പ്രസംഗിച്ചുനിൽക്കുമ്പോഴാണ് കത്ത് എത്തിപ്പെടുന്നത്. ഒട്ടും അമാന്തിക്കാതെത്തന്നെ സമരത്തിൽ പങ്കെടുക്കാൻ സന്നദ്ധനായി.

മധുരദാസ്, ദ്വാരകദാസ്, നാരായണസ്വാമി എന്നിവരാണ് അദ്ദേഹത്തോടൊപ്പം വൈക്കത്തെത്തിയത്. ഒപ്പം തിരുവനന്തപുരത്തുനിന്ന് 17 സമരവൊളന്റിയർമാരും.

പ്രസംഗവും അറസ്റ്റും

സമരത്തിന്റെ സാരഥ്യം പെരിയാർ, മന്നത്ത് പദ്മനാഭൻ, ചിറ്റേടത്ത് ശങ്കുപ്പിള്ള, കോയമ്പത്തൂർ അബ്ദുൾ റഹിം എന്നിവരടങ്ങുന്ന കമ്മിറ്റി ഏറ്റെടുത്തു. സത്യാഗ്രഹസ്ഥലത്തേക്ക് ആളുകളെ എത്തിക്കാനുള്ള ആശയപ്രചാരണത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. വിവിധയിടങ്ങളിലെത്തി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നൂറോളം പ്രസംഗങ്ങൾ അദ്ദേഹം നടത്തി.

ഇത് സമരത്തെ ആളിക്കത്തിച്ചു. രാജാവിനെയും ബ്രാഹ്‌മണ്യത്തെയും നിശിതമായി വിമർശിച്ചായിരുന്നു പ്രസംഗം. സമരം വീണ്ടും സജീവമായെന്ന് മനസ്സിലാക്കിയ ഭരണകൂടം വൈക്കത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനാജ്ഞ ലംഘിച്ച് വീണ്ടും പ്രസംഗിച്ച പെരിയോറിനെയും മറ്റ് മൂന്നുനേതാക്കളെയും പോലീസ് ഏപ്രിൽ 23-ന് അറസ്റ്റുചെയ്ത് അരുവിക്കുറ്റിയിലുള്ള ജയിലിലടച്ചു.

അണയാത്ത തീ

അദ്ദേഹത്തെ ജയിലിലടച്ചെങ്കിലും തമിഴകത്തിന്റെ പോരാട്ടവീര്യം നിലച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മാൾ വൈക്കത്തെത്തി. വനിതകളെ സംഘടിപ്പിച്ച് തിരുവിതാംകൂറിൽ പ്രചാരണം നടത്തി. സഹോദരി ആർ.എസ്. കണ്ണമ്മാളും പിന്നീട് അണിചേർന്നു. നാടുമുഴുവൻ സത്യാഗ്രഹ ഭജനയും ഘോഷയാത്രകളുംകൊണ്ടുനിറഞ്ഞ് സമരം അതിന്റെ ഉച്ചസ്ഥായിയിലെത്തി. പെരിയാർ ജയിൽമോചിതനായി വീണ്ടും സത്യാഗ്രഹത്തിൽ പങ്കെടുത്തു.

എന്നാൽ, ദേശഭ്രഷ്ട് കല്പിച്ചുകൊണ്ടാണ് ഭരണകൂടം നേരിട്ടത്. ഈ ഉത്തരവും ലംഘിക്കപ്പെട്ടു. ആറുമാസം കഠിനതടവായിരുന്നു അതിനു ശിക്ഷ. പാർപ്പിച്ചതാകട്ടെ, കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന ജയിലിലും. വൈക്കത്തെ നായകത്വം, ‘വൈക്കം വീരൻ’ എന്ന ബിരുദം അദ്ദേഹത്തിന്‌ സമ്മാനിച്ചു.

പെരിയോറിനെ ഇല്ലാതാക്കാൻ രാജാവിനോട് അടുപ്പമുള്ള ചില പ്രമാണിമാർ വലിയ പണപ്പിരിവ് നടത്തി ശത്രുസംഹാരയാഗം ആരംഭിച്ചു. ഇതറിഞ്ഞ് ചിരിയായിരുന്നു പെരിയോറിന്റെ മറുപടി. യാഗം അവസാനിക്കുംമുമ്പ്‌ രാജാവ് മരിച്ചു. രാജാവിന്റെ അടിയന്തിരത്തോടനുബന്ധിച്ച് അദ്ദേഹമടക്കമുള്ള സമരക്കാരെ മോചിപ്പിച്ചു.

സ്മാരകം

കേരളത്തിൽ തമിഴ്‌നാട് സർക്കാരിന് തന്തൈ പെരിയോരുടെ പേരിൽ ഏക സ്മാരകമുള്ള ഇടം വൈക്കമാണെന്നത് അധികമാർക്കും അറിയില്ല. ഇവിടെ പട്ടണമധ്യത്തിൽ 78 സെന്റ് സ്ഥലത്താണ് ലൈബ്രറിയും ചെറു മ്യൂസിയവുമെല്ലാം അടങ്ങുന്ന സ്മാരകം.