ന്യൂഡൽഹി: രാജ്യത്തെ ആയുർവേദ മേഖലയ്ക്ക് പ്രാധാന്യം നൽകി കേന്ദ്ര ബജറ്റ്. പുതുതായി സ്ഥാപിക്കാനൊരുങ്ങുന്ന അഞ്ച് മെഡിക്കൽ ഹബ്ബുകളിൽ മൂന്നെണ്ണം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയാണ്. ആയുഷ് ഫാർമസികൾ നവീകരിക്കുമെന്നും ആയുർവേദ ഉത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആയുർവേദ ഔഷധങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനായി ഔഷധകൃഷി പ്രോത്സാഹിപ്പിക്കും.

To advertise here,

ഔഷധച്ചെടികൾ വളർത്തുന്നതിനും അവരയുടെ പ്രാഥമിക സംസ്‌കരണത്തിനുമായി കർഷകർക്കും സംരഭകർക്കും പ്രത്യേക സാമ്പത്തിക സഹായം നൽകും. മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യ പങ്കാളിത്തത്തോടെ ഹബ്ബുകൾ നിർമിക്കും. വെറ്ററിനറി, പാര വെറ്ററിനറി കോളേജുകൾ വർധിപ്പിക്കും. പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഞ്ച് യൂണിവേഴ്‌സിറ്റി ടൗൺഷിപ്പുകൾ സ്ഥാപിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും പെൺകുട്ടികൾക്കുവേണ്ടി ഹോസ്റ്റൽ സ്ഥാപിക്കും. വിദ്യാഭ്യാസ, തൊഴിൽ സംബന്ധമായ വെല്ലുവിളികൾ നേരിടുന്ന പെൺകുട്ടികൾക്കായാണ് ഈ ഹോസ്റ്റൽ. നിർദ്ദിഷ്ട യൂണിവേഴ്‌സിറ്റി ടൗൺഷിപ്പുകൾ, ഒന്നിലധികം യൂണിവേഴ്‌സിറ്റികൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൈപുണ്യ കേന്ദ്രങ്ങൾ, താമസ സമുച്ചയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സംയോജിത അക്കാദമിക് ഹബ്ബുകളായി പ്രവർത്തിക്കും. സേവനമേഖലയിൽ എഐയുടെ ആഘാതം പഠിക്കാൻ പ്രത്യേക പാനൽ രൂപീകരിക്കും. എഐ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.