ബെർലിൻ: യൂറോപ്പിലെ ഫുട്ബോളിൽ കിരീടം മോഹിച്ചെത്തുന്ന 24 ടീമുകളുടെ പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച കിക്കോഫ്. യൂറോകപ്പിന്റെ 17-ാം എഡിഷനാണ് ജർമനിയിൽ പന്തുരുളുന്നത്. ഫുട്ബോൾ പ്രേമികൾക്ക് ആവേശത്തിന്റെ ഒരുമാസമാണ് യൂറോകപ്പ് സമ്മാനിക്കുന്നത്.
മ്യൂണിക്കിലെ ഫുട്ബോൾ അരീനയിൽ ആതിഥേയരായ ജർമനിയും സ്കോട്ട്ലൻഡും ഏറ്റുമുട്ടുന്നതോടെ പോരാട്ടങ്ങൾക്കു തുടക്കമാകും. ജുലായ് 14-ന് ബെർലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിലാണ് കിരീടപോരാട്ടം
ടീമുകൾ 24
മത്സരം 51
കളിക്കാർ 662
വേദികൾ 10
ഗ്രൂപ്പ് 6
നിലവിലെ ചാമ്പ്യൻ- ഇറ്റലി
കൂടുതൽ കിരീടം ജർമനി, സ്പെയിൻ (3)
കൂടുതൽ ടൂർണമെന്റ്- ജർമനി (13)
ഇത്തവണത്തെ അരങ്ങേറ്റ ടീം- ജോർജിയ
കൂടുതൽ ഗോൾ- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 14
കൂടുതൽ മത്സരം- ക്രിസ്റ്റ്യാനോ റൊണാൾഡോ 25
യൂറോകപ്പിൽ കളിച്ച പ്രായംകുറഞ്ഞ താരം- കാസ്പർ കോസ്ലോവ്സ്കി (പോളണ്ട്) 17 വർഷം 246 ദിവസം
പ്രായം കൂടിയതാരം- ഗാബോർ കിറാലി (ഹംഗറി) 40 വർഷം 86 ദിവസം
വേഗമേറിയ ഗോൾ- ദിമിത്ര കിരിച്ചെങ്കോ (റഷ്യ) 67 സെക്കൻഡ്
കൂടുതൽ ഗോൾ വന്ന ടൂർണമെന്റ്- 2020 (142 ഗോൾ)
പരിശീലകനെന്ന നിലയിൽ കൂടുതൽ മത്സരം- ജോക്കിം ലോ (ജർമനി) 21
കൂടുതൽ കാണികളുള്ള മത്സരം- സോവിയറ്റ് യൂണിയൻ- സ്പെയിൻ (1964 ജൂൺ 21) 79,115
ചാമ്പ്യൻമാർ
ജർമനി 3 (1972, 1980, 1996)
സ്പെയിൻ 3 (1964, 2008, 2012)
ഇറ്റലി 2 (1968, 2020)
ഫ്രാൻസ് 2 (1984, 2000)
ഇറ്റലി 2 (1968, 2020)
റഷ്യ (1960)
ചെക്ക് റിപ്പബ്ലിക് (1996)
പോർച്ചുഗൽ (2016)
സ്ലൊവാക്യ (1976)
നെതർലൻഡ്സ് (1988)
ഡെൻമാർക്ക് (1992)
ഗ്രീസ് (2004)
ഘടന
ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് സ്ഥാനക്കാർ പ്രീക്വാർട്ടറിലേക്ക് കടക്കും. ഒപ്പം മികച്ച നാല് മൂന്നാം സ്ഥാനക്കാരും.
അപരാജിതർ
യോഗ്യതാ റൗണ്ടിൽ എല്ലാ മത്സരങ്ങളും ജയിച്ച ഏക ടീം പോർച്ചുഗൽ, 10 മത്സരവും ജയിച്ചു. 36 ഗോളടിച്ച ടീം വഴങ്ങിയത് വെറും രണ്ട് ഗോൾ.
ഫ്രാൻസ്, ഇംഗ്ലണ്ട് യോഗ്യതാ റൗണ്ടിൽ തോൽക്കാത്ത ടീമുകളാണ്
നഷ്ടം
സ്വീഡനും നോർവേയും യൂറോ കപ്പിന് യോഗ്യത നേടിയിട്ടില്ല. 1996-നുശേഷം ആദ്യമായാണ് സ്വീഡൻ യോഗ്യത നേടാതിരിക്കുന്നത്
നോർവേ താരങ്ങളായ എർലിങ് ഹാളണ്ട്, ആമാർട്ടിൻ ഒഡെഗാർഡ്, സ്വീഡന്റെ സ്ട്രൈക്കർ അലെക്സാണ്ടർ ഇസാക്ക് എന്നിവർ യൂറോയിലില്ല.
ഗ്രൂപ്പ്
എ- ജർമനി, സ്കോട്ട്ലൻഡ്, ഹംഗറി, സ്വിറ്റ്സർലൻഡ്
ബി- സ്പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ
സി- സ്ലൊവീനിയ, ഡെൻമാർക്ക്, സെർബിയ, ഇംഗ്ലണ്ട്
ഡി-പോളണ്ട്, ഹോളണ്ട്, ഓസ്ട്രിയ, ഫ്രാൻസ്
ഇ-ബെൽജിയം, സ്ലൊവാക്യ, റൊമാനിയ, യുക്രൈൻ,
എഫ്-തുർക്കി, ജോർജിയ, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്
ജയിക്കാൻ ജർമനി
സ്വന്തംമണ്ണിൽ യൂറോകപ്പ് ഫുട്ബോളിൽ കളിക്കാനിറങ്ങുമ്പോൾ ജർമനിയുടെ ലക്ഷ്യം നാലാം കിരീടമാണ്. അതിലേക്കുള്ള ആദ്യചുവടാണ് സ്കോട്ട്ലൻഡിനെതിരായ ഉദ്ഘാടനമത്സരം. വെള്ളിയാഴ്ച രാത്രി 12.30 ന് മ്യൂണിക്കിലെ ഫുട്ബോൾ അരീനയിലാണ് ജർമനി-സ്കോട്ട്ലൻഡ് മത്സരത്തിന്റെ കിക്കോഫ്.
1996 ന് ശേഷം ജർമനിക്ക് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ ടീം തകരുകയും ചെയ്തു. എന്നാൽ പുതിയ പരിശീലകൻ ജൂലിയൻ നാഗൽസ്മാന്റെ കീഴിൽ ടീം മെച്ചപ്പെട്ടിട്ടുണ്ട്. മികച്ച ഒരുകൂട്ടം യുവതാരങ്ങളുടെ സാന്നിധ്യവും ഒപ്പം പോരാട്ടവീര്യം ചോരാത്ത മുതിർന്നതാരങ്ങളുമാണ് ജർമനിയുടെ കരുത്ത്. വിരമിക്കൽ പിൻവലിച്ച് മധ്യനിരതാരം ടോണി ക്രൂസ് ടീമിലേക്ക് തിരിച്ചുവന്നത് ശക്തി വർധിപ്പിക്കും. 4-2-3-1 ശൈലിയിലാകും ജർമനി കളിക്കുന്നത്. കെയ് ഹാവെർട്സ് ഏക സ്ട്രൈക്കറുടെ റോളിലെത്തും. ഇൽകേ ഗുണ്ടോഗൻ തൊട്ടുപിന്നിൽ കളിക്കും. വിങ്ങുകളിൽ ഫ്ളോറിയൻ റിറ്റ്സും ജമാൽ മുസിയാളയുമാകും. ടോണി ക്രൂസും റോബർട്ട് ആൻഡ്രിച്ചുമാകും. ജോനാഥൻ താഹ്- അന്റോണിയോ റുഡിഗർ സഖ്യമാകും സെൻട്രൽ ഡിഫൻസിൽ.
സ്റ്റീവ് ക്ലാർക്ക് പരിശീലിപ്പിക്കുന്ന സ്കോട്ട്ലൻഡ് അട്ടിമറിക്ക് കെൽപ്പുള്ളവരാണ്. 3-5-1-1 ഫോർമേഷനിലാകും സ്കോട്ടിഷ് ടീം കളിക്കുന്നത്. ചെ ആഡംസ് സ്ട്രൈക്കറായി കളിക്കും. ജോൺ മാക്ഗിനാകും രണ്ടാം സ്ട്രൈക്കറുടെ റോളിൽ. സ്കോട്ട്ം മാക്ടോമിനെ, കലും മാക് ഗ്രിഗോർ, ബില്ലി ഗിൽമോർ എന്നിവർ മധ്യനിരയിലുണ്ടാകും. ആന്റണി റാൽസ്റ്റൻ, ആൻഡി റോബർട്ട്സൻ എന്നിവർ വിങിൽ കളിക്കും.
കിരീടമോഹികളും കറുത്തകുതിരകളും
യൂറോകപ്പ് ഫുട്ബോളിന് പന്തുരുളുമ്പോൾ കളിപ്രേമികളുടെ മനസ്സിലുയരുന്ന ചോദ്യം ആരാകും കപ്പുയർത്തുന്നതെന്നാകും. ലോകകപ്പിനെക്കാൾ മികച്ചത് യൂറോകപ്പാണെന്ന് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ പറയുന്നതിൽത്തന്നെയുണ്ട് യൂറോകപ്പിലെ പോരാട്ടങ്ങളുടെ കടുപ്പം.
നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി, വമ്പന്മാരായ ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, പോർച്ചുഗൽ, ബെൽജിയം, സ്പെയിൻ ടീമുകളാണ് കിരീടമോഹികൾ. മുൻതാരങ്ങളായ അലൻ ഷിയററും വെയ്ൻ റൂണിയും കിരീടം ഇംഗ്ലണ്ടിനെന്ന് ഉറപ്പിക്കുമ്പോൾ ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിനാണ് പരിശീലകൻ ഹോസെ മൗറീന്യോ സാധ്യത കാണുന്നത്. വിഖ്യാത കളിയെഴുത്തുകാരൻ ജോനാഥൻ വിൽസൻ ജർമനി കപ്പുയർത്തുമെന്നും ഫൈനലിൽ എതിരാളി ഫ്രാൻസാകുമെന്നും പ്രവചിക്കുന്നു. ഇംഗ്ലീഷ് ഗോൾകീപ്പർ ജോ ഹാർട്ട് സ്പാനിഷ് ടീമിനൊപ്പമാണ്.
വമ്പന്മാരുടെ സാധ്യത പറയുമ്പോൾത്തന്നെ 1992-ൽ ഡെന്മാർക്കും 2004-ൽ ഗ്രീസും കറുത്തകുതിരകളായി കിരീടം നേടിയ ചരിത്രവും യൂറോകപ്പിനുണ്ട്. ഇത്തവണ ഹംഗറി, റൊമാനിയ, തുർക്കി, സ്കോട്ട്ലൻഡ്, സ്ലോവീനിയ ടീമുകൾ അട്ടിമറിക്ക് കരുത്തുള്ളവരാണ്. ഗോളടിമത്സരത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, റൊമേലു ലുക്കാക്കു, ഹാരി കെയ്ൻ, റാസ്മസ് ഹോയ്ലുണ്ട് എന്നിവർ തയ്യാറായിവരുന്നുണ്ട്.
ലൈവ്
സോണി ടെൻ-2, ടെൻ-3, സോണി ലിവ്
സമ്മാനത്തുക 2984 കോടി
യൂറോകപ്പിന്റെ ഇത്തവണത്തെ മൊത്തം സമ്മാനത്തുക 2984 കോടി രൂപയാണ്. കിരീടം നേടുന്ന ടീമിന് 72.12 കോടി രൂപ ലഭിക്കും. റണ്ണറപ്പിന് 45.07 കോടി രൂപയാണ് സമ്മാനത്തുക.
സെമിഫൈനലിലെത്തിയാൽ 36 കോടി രൂപ ടീമിന് കിട്ടും. യൂറോകപ്പിൽ മത്സരിക്കുന്ന ടീമുകൾക്ക് 83.38 കോടി രൂപവീതമാണ് നൽകുന്നത്. ഓരോ മത്സരത്തിലെ വിജയത്തിനും ഒമ്പതുകോടി രൂപ ലഭിക്കും.
Content Highlights: uefa euro cup 2024
Published: 14 Jun 2024, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented