
യൂറോപ്പിലെ ചാമ്പ്യന്‍ ടീമിനെ കണ്ടെത്താനുള്ള പോരാട്ടത്തിന് തുടക്കമാവുകയാണ്. ജര്‍മനിയില്‍ യൂറോ കപ്പ് കിരീടത്തിനായി മാറ്റുരയ്ക്കുക 24 ടീമുകള്‍. വിവിധ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകള്‍ക്കായി കളത്തിലിറങ്ങിയ ഒരുപിടി യൂറോപ്യന്‍ ഫുട്‌ബോള്‍ താരങ്ങളെ ദേശീയ ടീം കുപ്പായത്തില്‍ ഇനി ഒരു മാസക്കാലത്തോളം കാണാം. എന്നാല്‍ വിവിധ മൈതാനങ്ങളില്‍ വെന്നിക്കൊടി പാറിച്ച ഒരുപിടി പ്രമുഖ താരങ്ങളുടെ അവസാന യൂറോ കൂടിയാണിത്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജര്‍മനിയുടെ ടോണി ക്രൂസ്, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് എന്നിവര്‍ അവരില്‍ ചിലരാണ്.
ലൂക്കാ മോഡ്രിച്ച് - ക്രൊയേഷ്യ
യൂറോയുടെ ഇത്തവണത്തെ പതിപ്പില്‍ അവസാനമായി കളത്തിലിറങ്ങുന്ന വമ്പന്‍ പേരുകളിലൊന്ന് ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിന്റേതാണ്. ടീമിനെ നയിക്കുന്നതും മോഡ്രിച്ച് തന്നെ. മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ മോഡ്രിച്ചിനെ കേന്ദ്രീകരിച്ചാകും ഇത്തവണയും ക്രൊയേഷ്യന്‍ തന്ത്രങ്ങള്‍. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡുമായാണ് മോഡ്രിച്ച് യൂറോയില്‍ ബൂട്ടുകെട്ടിയിറങ്ങുക. 175 മത്സരങ്ങളിലാണ് ക്രൊയേഷ്യയ്ക്കായി മോഡ്രിച്ച് കളത്തിലിറങ്ങിയത്. 2018 ലോകകപ്പില്‍ കലാശപ്പോരിലാണ് മോഡ്രിച്ചിനും സംഘത്തിനും കിരീടം നഷ്ടമാകുന്നത്. 2022 ലോകകപ്പില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2021 യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ കാലിടറി. ദീര്‍ഘകാലമായി ഇത്തരത്തില്‍ തട്ടിത്തടഞ്ഞു പോകുന്ന ഒരു രാജ്യാന്തര കിരീടമെന്ന ലക്ഷ്യത്തിലേക്കാണ് ഈ യൂറോയില്‍ മോഡ്രിച്ച് കളത്തിലിറങ്ങുന്നത്. ലോകത്തിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ മോഡ്രിച്ച് 39-ാം വയസിലേക്ക് കടക്കുകയാണ്. റയല്‍ മാഡ്രിഡിനായി കിരീടങ്ങള്‍ വാരിക്കൂട്ടുമ്പോഴും ക്രൊയേഷ്യന്‍ ജേഴ്‌സിയില്‍ ഒരു കിരീടം ഇന്നും താരത്തിന് കിട്ടാക്കനിയാണ്. റയലിനൊപ്പം ഒരു സീസണ്‍ കൂടി തുടരാനുള്ള ആഗ്രഹം താരം പങ്കുവെച്ചിട്ടുണ്ടെങ്കിലും ദേശീയ ജേഴ്‌സിയില്‍ താരത്തിന്റെ അവസാന ടൂര്‍ണമെന്റാകും ഇത്.
ടോണി ക്രൂസ് - ജര്‍മനി
റയലില്‍ മോഡ്രിച്ചിന്റെ സഹതാരവും മിഡ്ഫീല്‍ഡിലെ പങ്കാളിയുമായ ടോണി ക്രൂസിനും ജര്‍മന്‍ ജേഴ്‌സിയില്‍ ഇത് അവസാന അങ്കം. 2021-ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതായിരുന്നു ക്രൂസ്. എന്നാല്‍ ഈ 34-കാരന്റെ പ്ലേ മേക്കിങ് മികവും സെറ്റ് പീസുകളിലെ കൃത്യതയും ക്രൂസിനെ തിരികെ വിളിക്കാന്‍ ജര്‍മന്‍ കോച്ച് ജൂലിയന്‍ നഗെല്‍സ്മാനെ പ്രേരിപ്പിക്കുകയായിരുന്നു. തന്റെ അവസാന ടൂര്‍ണമെന്റാകും ഇതെന്ന് ക്രൂസ് പ്രഖ്യാപിച്ചതാണ്. കഴിഞ്ഞ സീസണില്‍ റയലിനൊപ്പം ലാ ലിഗയും ആറാം ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയതിനു പിന്നാലെ ക്രൂസ് ക്ലബ്ബ് കരിയര്‍ അവസാനിപ്പിച്ചിരുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - പോര്‍ച്ചുഗല്‍
ഇത്തവണത്തെ യൂറോയില്‍ വമ്പന്‍ പേരുകളിലൊന്ന് തീര്‍ച്ചയായും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതാണ്. അഞ്ചു തവണ ബാലണ്‍ദ്യോര്‍ ജേതാവും പോര്‍ച്ചുഗലിനൊപ്പം 2016-ലെ യൂറോ കപ്പുയര്‍ത്തുകയും ചെയ്ത റൊണാള്‍ഡോയുടെ ദേശീയ ജേഴ്‌സിയില്‍ അവസാന പ്രധാന ടൂര്‍ണമെന്റ് തന്നെയാകും ജര്‍മനിയിലേത്. 39-ാം വയസില്‍ തന്റെ ആറാം യൂറോ കപ്പ് ടൂര്‍ണമെന്റിനിറങ്ങുന്ന റോണോ ഏറ്റവും കൂടുതല്‍ യൂറോ കപ്പുകള്‍ കളിക്കുന്ന താരമെന്ന നേട്ടം ഇത്തവണ സ്വന്തമാക്കും. യൂറോ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും റോണോ തന്നെ. 2021 യൂറോയിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവുകൂടിയായ റൊണാള്‍ഡോ തന്നെയാകും ഇത്തവണയും പോര്‍ച്ചുഗലിന്റെ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുക.
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി - പോളണ്ട്
ക്ലബ്ബ് കരിയറില്‍ വിവിധ ക്ലബ്ബുകള്‍ക്കായി കിരീടങ്ങള്‍ വാരിക്കൂട്ടിയ താരമാണ് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. എന്നാല്‍ ദേശീയ ടീമിനൊപ്പം ഓര്‍ക്കാവുന്ന കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ആളുകൂടിയാണ് ബാഴ്‌സലോണയുടെ 35-കാരനായ ഈ പോളിഷ് താരം. അതിനാല്‍ തന്നെ തന്റെ അവസാന യൂറോ കപ്പില്‍ കിരീടം മാത്രമാകും ലെവന്‍ഡോവ്‌സ്‌കിയുടെ ലക്ഷ്യം.
കെവിന്‍ ഡിബ്രുയിന്‍ - ബെല്‍ജിയം
ബെല്‍ജിയന്‍ ഫുട്ബോളിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലെ പ്രധാന താരങ്ങളിലൊരാളായ കെവിന്‍ ഡിബ്രുയ്നും 2024 യൂറോ ദേശീയ കരിയറിലെ അവസാന ടൂര്‍ണമെന്റായേക്കും. ഒരു മേജര്‍ ട്രോഫിക്കായുള്ള ബെല്‍ജിയത്തിന്റെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കാന്‍ ഉറച്ചുതന്നെയാകും ഡിബ്രുയിന്‍ കളത്തിലിറങ്ങുക. അടുത്തകാലത്തായി പരിക്കുകള്‍ അലട്ടുന്ന 32-കാരനായ താരം ദേശീയ ജേഴ്‌സിയില്‍ ഇനിയൊരു മേജര്‍ ടൂര്‍ണമെന്റിനുണ്ടായേക്കില്ല. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിക്കൊപ്പം അഞ്ചാം പ്രീമിയര്‍ ലീഗ് കിരീടം നേടിയാണ് താരം യൂറോ കപ്പിനെത്തുന്നത്.
Content Highlights: from cristiano ronaldo to luka modric stars playing their last uefa euro
Published: 14 Jun 2024, 09:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented