വമ്പന്‍താരങ്ങള്‍ കാലിടറിവീണപ്പോള്‍ ഇത്തവണത്തെ യൂറോകപ്പ് ഫുട്ബോള്‍ ആഘോഷമാക്കുകയാണ് യുവതാരങ്ങള്‍. സൂപ്പര്‍ താരങ്ങളായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, ബെല്‍ജിയത്തിന്റെ കെവിന്‍ ഡിബ്രുയ്ന്‍, ഇറ്റലിയുടെ ജിയാന്‍ലൂജി ഡൊണ്ണെരുമ്മ തുടങ്ങി ഫുട്ബോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച താരങ്ങള്‍ നിറംമങ്ങിയാണ് കളംവിട്ടത്. എന്നാല്‍, ലാമിന്‍ യമാല്‍മുതല്‍ ഫ്രാന്‍സിസ്‌കോ കോണ്‍സെക്കോവരെയുള്ള പുത്തന്‍താരങ്ങള്‍ അരങ്ങുതകര്‍ക്കുകയും ചെയ്തു. കളിക്കളത്തില്‍ തിളങ്ങിയ താരങ്ങളില്‍ പലരും കൗമാരത്തില്‍നിന്ന് യൗവനത്തിലേക്ക് കടക്കുന്നതേയുള്ളൂ. ജര്‍മന്‍ യൂറോകപ്പിനെ തട്ടുപൊളിപ്പന്‍ യുവജനോത്സവമാക്കി മാറ്റുകയാണിവര്‍.

To advertise here,

ലാമിന്‍ യമാല്‍ -16 (സ്പെയിന്‍)

ടൂര്‍ണമെന്റിലെ താരമാകുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം. ഫൈനല്‍വരെയുള്ള സ്പെയിനിന്റെ മുന്നേറ്റത്തില്‍ വലതുവിങ്ങര്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഒരു ഗോളും മൂന്ന് അസിസ്റ്റും മാത്രമല്ല കളിക്കളത്തില്‍ എതിരാളികള്‍ക്കുണ്ടാക്കുന്ന സമ്മര്‍ദമാണ് 16-കാരന്‍ താരത്തെ ശ്രദ്ധേയനാക്കുന്നത്.

കളി 6

കളിസമയം 418

ഗോള്‍ 1

അസിസ്റ്റ് 3

ഗോള്‍ശ്രമം 16

ജമാല്‍ മുസിയാള 21 (ജര്‍മനി)

ക്ലബ്ബ് ഫുട്ബോളില്‍ വരവറിയിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര ഫുട്ബോളില്‍ തെളിയുന്നത് യൂറോകപ്പിലൂടെയാണ്. ഇരുവിങ്ങുകളിലും 21-കാരന്‍ താരത്തെ കളിപ്പിച്ചു. മൂന്നുഗോളാണ് നേടിയത്. വേഗവും ഡ്രിബ്ലിങ് മികവും ആവോളമുള്ള മുസിയാള ജര്‍മനിയുടെ വരുംകാലതാരമെന്ന് വിലയിരുത്തപ്പെട്ടുക്കഴിഞ്ഞു.

കളി 5

കളിസമയം 423

ഗോള്‍ 3

അസിസ്റ്റ് 0

ഗോള്‍ശ്രമം 10

ജൂഡ് ബെല്ലിങ്ങാം - 21 (ഇംഗ്ലണ്ട്)

റെക്കോഡ് തുകയ്ക്കാണ് സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ങാമിനെ ടീമിലെത്തിച്ചത്. ക്ലബ്ബ് ഫുട്ബോളില്‍ മികച്ച ഫോമിലായിരുന്ന ബെല്ലിങ്ങാം അതേ ഫോമില്‍ തന്നെയാണ് യൂറോകപ്പില്‍ ഇംഗ്ലണ്ടിനായി കളിക്കുന്നതും. സ്ലോവാക്യക്കെതിരേ ഇംഗ്ലണ്ടിനെ തോല്‍വിയില്‍നിന്ന് രക്ഷപ്പെടുത്തിയ ഓവര്‍ഹെഡ് ഗോളിലുണ്ട് പ്രതിഭാസ്പര്‍ശം.

കളി 6

കളിസമയം 581

ഗോള്‍ 2

അസിസ്റ്റ് 0

ഗോള്‍ശ്രമം 5

സാവി സിമണ്‍സ് 21 (നെതര്‍ലന്‍ഡ്സ്)

നെതര്‍ലന്‍ഡ്സിന്റെ ഭാവിപ്രതീക്ഷയാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായും വിങ്ങറായും കളിക്കാന്‍ശേഷിയുള്ള സാവി സിമണ്‍സ്. യൂറോകപ്പില്‍ കിട്ടിയ അവസരങ്ങളിലെല്ലാം മികവ് പുറത്തെടുക്കാന്‍ യുവതാരത്തിനായി.

കളി 6

കളിസമയം 456

ഗോള്‍ 1

അസിസ്റ്റ് 2

ഗോള്‍ശ്രമം 10

അര്‍ഡ ഗുളാര്‍-19 (തുര്‍ക്കി)

ജോര്‍ജിയക്കെതിരായ വണ്ടര്‍ ഗോളോടെയാണ് യൂറോകപ്പില്‍ അര്‍ഡ ഗുളാര്‍ ശ്രദ്ധേയനായത്. തുര്‍ക്കി മെസ്സി എന്ന് വിളിപ്പേരുള്ള താരം ക്ലബ്ബ് ഫുട്ബോളില്‍ റയല്‍ മഡ്രിഡിനായും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

കളി 5

കളിസമയം 342

ഗോള്‍ 1

അസിസ്റ്റ് 2

ഗോള്‍ശ്രമം 10

ഫ്രാന്‍സിസ്‌കോ കോണ്‍സെക്കോ 21 (പോര്‍ച്ചുഗല്‍)

യൂറോകപ്പില്‍നിന്ന് പോര്‍ച്ചുഗല്‍ പുറത്തായെങ്കിലും ഫ്രാന്‍സിസ്‌കോ കോണ്‍സെക്കോക്ക് കോളടിച്ച മട്ടാണ്. യൂറോപ്പിലെ വമ്പന്‍ക്ലബ്ബുകളാണ് വിംഗര്‍ക്കുപിന്നാലെയുള്ളത്. താരനിബഡമായ പോര്‍ച്ചുഗല്‍ ടീമില്‍ സ്ഥാനമുറപ്പിക്കുന്ന പ്രകടനമാണ് കോണ്‍സെക്കോയില്‍നിന്നുണ്ടായത്.

കളി 4

കളിസമയം 181

ഗോള്‍ 1

അസിസ്റ്റ് 0

ഗോള്‍ശ്രമം 6

എഡ്വാര്‍ഡ് കാമവിംഗ 21 (ഫ്രാന്‍സ്)

ഡിഫന്‍സീവ് മിഡ്ഫീല്‍ഡറും ലെഫ്റ്റ് വിങ്ബാക്കുമായി കളിപ്പിക്കാവുന്ന താരം. യൂറോകപ്പ് സെമിയില്‍ സ്പെയിനെതിരേ കാമവിംഗ കളത്തിലെത്തിയതോടെ മാറ്റം പ്രകടമായിരുന്നു. ക്ലബ്ബ് ഫുട്ബോളില്‍ മിന്നുന്ന ഫോമിലാണ്

കളി 4

കളിസമയം 166

ഗോള്‍ 0

അസിസ്റ്റ് 0

ടാക്കിള്‍ 13

തിളങ്ങിയവര്‍

ഇംഗ്ലണ്ട് മധ്യനിരതാരം കോബി മൈയ്നു, സ്പാനിഷ് വിങ്ങര്‍ നിക്കോ വില്യംസ്, ഇംഗ്ലണ്ട് മുന്നേറ്റനിരതാരം കോള്‍ പാമര്‍, ജര്‍മനി വിങ്ങര്‍ ഫ്ളോറിയന്‍ വിര്‍ട്സ്, ജോര്‍ജിയയുടെ മുന്നേറ്റനിരതാരം ജോര്‍ജെസ് മിക്കൗറ്റഡ്സെ