പെര്‍ത്ത്: ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തിനു മുമ്പ് ഓസ്‌ട്രേലിയക്ക് തിരിച്ചടി. സ്പിന്നര്‍ ആദം സാംപയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

To advertise here,

സാംപയ്ക്ക് രോഗലക്ഷണങ്ങള്‍ കാര്യമായില്ലെങ്കിലും താരം കളിക്കുന്ന കാര്യം സംശയമാണെന്ന് ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ചട്ടമനുസരിച്ച് കോവിഡുണ്ടെങ്കിലും കളിക്കാനിറങ്ങാം. എന്നാല്‍, മത്സരത്തിനും പരിശീലനത്തിനും താരം ഒറ്റയ്ക്ക് സഞ്ചരിക്കണം. ഐ.സി.സി. മെഡിക്കല്‍ ഓഫീസറെയും എതിര്‍ടീമംഗങ്ങളെയും സ്റ്റേഡിയം സ്റ്റാഫിനെയും ഇക്കാര്യം അറിയിക്കണം. ഇത്തരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ അയര്‍ലന്‍ഡിന്റെ ഓള്‍റൗണ്ടര്‍ ജോര്‍ജ് ഡോക്ട്രെല്‍ കളിക്കാനിറങ്ങിയിരുന്നു. മത്സരത്തിനുമുമ്പ് നടത്തിയ പരിശോധനയില്‍ ഡോക്ട്രെല്‍ കോവിഡ് പോസിറ്റീവായിരുന്നു. മത്സരത്തില്‍ ഡോക്ട്രെല്‍ 16 പന്തില്‍ 14 റണ്‍സെടുക്കുകയും ചെയ്തു.

സാംപയ്ക്ക് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആഷ്ടണ്‍ അഗറിനെ ഉള്‍പ്പെടുത്തിയേക്കും. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ഓസീസിന് ശ്രീലങ്കയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടതുണ്ട്.