രാത്രിപൂരങ്ങള്‍ക്ക് ചാരുത പകരുന്നതില്‍ കൈവിളക്കുകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. വൈദ്യുതിവിളക്കുകള്‍ ഇല്ലാത്ത കാലത്ത് കൈവിളക്കുകളുടെ ശോഭയിലാണ് രാത്രിപൂരങ്ങള്‍ നടക്കാറുള്ളത്. വൈദ്യുതിവിളക്കുകള്‍ വന്നപ്പോഴും കൈവിളക്കുകള്‍ പൂരത്തിന്റെ ഭാഗമായിതന്നെ നിലനിന്നു. പാറമേക്കാവ് വിഭാഗത്തിന്റെ കൈവിളക്കുകളുടെ ചുമതലയേറ്റ് നടത്തുന്നത് ഊരകം സ്വദേശി ഭരതനാണ്.

To advertise here,

ഊരകം മാങ്ങാട്ടുകര പറമ്പില്‍ സുബ്രഹ്‌മണ്യന്റെയും പാര്‍വതിയുടെയും മകനായി 1955-ലാണ് ഭരതന്‍ ജനിച്ചത്. ഭരതന്റെ അച്ഛനും മുന്‍തലമുറക്കാരുമെല്ലാം കൈവിളക്കിന്റെ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നവരാണ്. സ്‌കൂള്‍ വിദ്യാഭ്യാസകാലംമുതല്‍ പന്തം ചുറ്റുന്നതിനും നനയ്ക്കുന്നതിനും അച്ഛനെ സഹായിക്കാനായി ഭരതന്‍ പോകാറുണ്ട്. 1970 മുതല്‍ ഈ രംഗത്ത് സജീവമായി പങ്കെടുത്തുതുടങ്ങി.

തൃശ്ശൂര്‍ പൂരം പാറമേക്കാവ് വിഭാഗത്തിന് നാല് കതിരുകള്‍ ഉള്ളതും ആറ് കതിരുകള്‍ ഉള്ളതുമായ ഇരുപത് പന്തങ്ങള്‍ പൂരത്തിനായി ഉപയോഗിക്കണം. പന്തത്തിന്റെ നാഴിയില്‍ തെങ്ങിന്‍പട്ട ചെറുതാക്കി വെട്ടിയുണക്കി ചുറ്റിയശേഷം അതിനുമുകളിലായി ഓരോ നാഴിയിലും പുഴുങ്ങി അലക്കിയ അരക്കിലോയോളം തുണി മുല്ലമുട്ടിന്റെ ആകൃതിയില്‍ ചുറ്റുന്നു. പൂരദിവസം രാത്രി പന്തം കത്തിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുമുതല്‍ കൃത്യമായ ഇടവേളകളില്‍ മൂന്നുതവണ പന്തം വെളിച്ചെണ്ണ ഉപയോഗിച്ച് നനയ്ക്കുന്നു.

പൂരം തുടങ്ങുമ്പോള്‍ കത്തിക്കുന്ന പന്തത്തില്‍ കൃത്യമായ ഇടവേളകളില്‍ എണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിച്ച് നനയ്ക്കുന്നു. ഇത്തരത്തില്‍ നനയ്ക്കുന്ന പന്തത്തില്‍ തുണി കരിയുകയില്ല. അതില്‍ ഒഴിക്കുന്ന എണ്ണമാത്രമാണ് കത്തുക. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം പന്തം കത്തുന്നു. പന്തം ചുറ്റുക, പന്തത്തില്‍ എണ്ണ പകരുക, പന്തംപിടിക്കുക തുടങ്ങി എല്ലാ ജോലികളും ഭരതനും സംഘവും ചെയ്തുതീര്‍ക്കും.

തൃശ്ശൂര്‍ പൂരത്തെ കൂടാതെ പെരുവനം-ആറാട്ടുപുഴ പൂരങ്ങളിലെ ഊരകം, ആറാട്ടുപുഴ, ഇടക്കുന്നി, ചക്കംകുളങ്ങര അടക്കം നിരവധി സ്ഥലങ്ങളിലും കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും കൈവിളക്കിന്റെ ജോലി ഭരതനും സംഘവുമാണ് ചെയ്യുന്നത്. പന്തം ചുമതല ഏറ്റെടുത്തു നടത്തിയതിന് പെരുവനം മേക്കാവ് ക്ഷേത്രത്തില്‍നിന്ന് സുവര്‍ണമുദ്ര, ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആദരം, പ്രശസ്തിപത്രം എന്നിവ ഭരതന് ലഭിച്ചിട്ടുണ്ട്. ബി.എസ്.എന്‍.എല്‍. ലൈന്‍മാനായി ജോലിചെയ്തിരുന്നു. 2015-ല്‍ റിട്ടയര്‍ ചെയ്തു. ഇന്ദിരയാണ് ഭരതന്റെ ഭാര്യ. ഭരീഷ്‌കുമാര്‍, രബീഷ്‌കുമാര്‍ എന്നിവര്‍ മക്കളും അശ്വതി, രത്ന എന്നിവര്‍ മരുമക്കളുമാണ്.