തൃശ്ശൂര്: പൂരം പെയ്യുമ്പോള് നിറങ്ങള് കുടചൂടിയെത്തും. അണിയറയില് വര്ണപ്പൂരം കുടകളില് ഒരുങ്ങുന്നുണ്ട്. പൂരം കുടമാറ്റത്തിലേക്കെത്തുമ്പോള് നിറങ്ങള് തമ്മിലാകും മത്സരം. ഓരോ കുടയെയും ആര്പ്പുവിളികളോടെയായിരിക്കും സ്വീകരിക്കുക.
ഇരുവിഭാഗങ്ങളിലുമായി ആയിരത്തഞ്ഞൂറോളം കുടകളാണ് നിരക്കുക. ഓരോ വിഭാഗത്തിനും അമ്പതുസെറ്റ് വീതം. ഒരു സെറ്റില് പതിനഞ്ച് കുടകള്. കുടകള്ക്കുള്ള തുണി തിരഞ്ഞെടുക്കുന്നതില് തുടങ്ങും ഒരുക്കം. സൂറത്തില്നിന്നാണ് കണ്ണഞ്ചിക്കുന്ന തുണികളെത്തുക.
തുണി ലഭിച്ചാല്പ്പിന്നെ വര്ണക്കുടകള് തുന്നുന്നവരുടെ പണി ആരംഭിക്കുകയായി. മുന്കൂട്ടി തയ്യാറാക്കിവെച്ച ഫ്രെയിമുകളിലേക്കാണ് തുന്നിച്ചേര്ക്കല്. കുടകളിലെ ചിത്രപ്പണികളും അലങ്കാരങ്ങളും ഇവര് നെയ്തുചേര്ക്കുന്നു. അരികുകള്ക്കലങ്കാരമായ അലുക്കുകള് തുന്നിപ്പിടിപ്പിക്കണം.
കുടയുടെ മരത്തടിയില് വര്ണത്തുണികള് ചുറ്റി സുന്ദരമാക്കണം. പിന്നെ കുടയ്ക്കു മുകളില് മകുടംവെച്ച് അലങ്കരിക്കണം. സ്പെഷ്യല് കുടകള്ക്ക് പിന്നെയും പണി കൂടും. ഇങ്ങനെ മാസങ്ങള്കൊണ്ട് തയ്യാറാക്കുന്ന കുടകളാണ് പൂരത്തിന് വര്ണപ്രപഞ്ചം സൃഷ്ടിക്കുന്നത്.
ഇരുവിഭാഗങ്ങളിലുമായി മുപ്പതില്പരം ആളുകളുടെ, മാസങ്ങള് നീണ്ടുനില്ക്കുന്ന അധ്വാനമാണ് മണിക്കൂറുകളുടെ മഴവില്സൗന്ദര്യം സമ്മാനിക്കുന്നത്. ദിവസവും 12 മണിക്കൂറിലേറെയാണ് ഇവരുടെ ജോലി. കുടമാറ്റത്തിന് ഒരു മത്സരസ്വഭാവമുണ്ടെന്നതിനാല് അധ്വാനം കൂടുന്നു.
വസന്തനും പുരുഷോത്തമനും
പാറമേക്കാവിനായി കുന്നത്തങ്ങാടി കിഴക്കേപ്പുരയ്ക്കല് വസന്തനും തിരുവമ്പാടിക്കായി അരണാട്ടുകര വള്ളിക്കാട്ടില് പുരുഷോത്തമനുമാണ് വര്ണക്കുടകള് ഒരുക്കുന്നത്. വസന്തന് 43 വര്ഷമായി പാറമേക്കാവിന്റെ സംഘത്തിലുണ്ട്. നിര്മാണച്ചുമതല ഏറ്റെടുത്തിട്ട് 27 വര്ഷമായി.
വസന്തന്റെ കുടുംബം പരമ്പരാഗതമായി പൂരക്കുടനിര്മാതാക്കളാണ്. തിരുവമ്പാടിക്കുവേണ്ടി കുട നിര്മിക്കുന്ന പുരുഷോത്തമന് മുമ്പ് പാറമേക്കാവ് വിഭാഗത്തിലായിരുന്നു. വസന്തന്റെ അച്ഛന് കുട്ടപ്പനാണ് പുരുഷോത്തമനും പരിശീലനം നല്കിയത്.
ഇവര് ബന്ധുക്കള് കൂടിയാണ്. പുരുഷോത്തമന് 30 വര്ഷം പാറമേക്കാവ് കുടനിര്മാണസംഘത്തില് പ്രവര്ത്തിച്ചു. 13 വര്ഷമായി തിരുവമ്പാടിക്കൊപ്പമുണ്ട്. പൂരമാനത്ത് വിരിയുന്ന വര്ണക്കുടകള് ആദ്യം ഇവരുടെ മനക്കണ്ണിലാണ് പിറക്കുന്നത്.
Content Highlights: kudamattam ritual in thrissur pooram
Published: 06 May 2022, 04:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented