തൃശ്ശൂർ: മദ്യലഹരിയിൽ തേക്കിൻകാട് മൈതാനത്തെ വെടിക്കെട്ടുപുരയ്ക്ക് സമീപം കാറിലെത്തി ചൈനീസ് പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കോട്ടയം പാപ്പാടി പുളിത്താഴെ അജി (42), കാഞ്ഞിരപ്പിള്ളി കരോട്ടുപറമ്പിൽ ഷിജാസ്, എൽത്തുരുത്ത് തോട്ടുങ്ങൽ നവീൻ (33) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാത്രി 9.20-ന് മഫ്ടിയിൽ തേക്കിൻകാട് മൈതാനത്ത് നടക്കാനിറങ്ങിയ അസിസ്റ്റന്റ് കമ്മിഷണർ വി.കെ. രാജുവിന്റെ സമയോചിത ഇടപെടലിൽ വൻദുരന്തം ഒഴിവാക്കാനായി. തൃശ്ശൂർപൂരം വെടിക്കെട്ട് മഴ കാരണം മാറ്റിവെച്ചതിനാൽ വെടിക്കെട്ട് സാമഗ്രികളെല്ലാം ഇവിടെയുണ്ടായിരുന്നു.

To advertise here,

വെടിക്കെട്ടുപുരയ്ക്ക് സമീപം മദ്യലഹരിയിൽ ചൈനീസ് പടക്കം പൊട്ടിക്കുകയായിരുന്നു യുവാക്കൾ. എ.സി.പി. രാജു യുവാക്കളെ തടഞ്ഞ് പോലീസ് പട്രോളിങ് സംഘത്തെ വിളിച്ചുവരുത്തി. മദ്യലഹരിയിൽ പോലീസുമായി യുവാക്കൾ ഉന്തും തള്ളുമായി. ബലപ്രയോഗത്തോടെ മൂവരെയും പോലീസ് അറസ്റ്റുചെയ്ത് ഈസ്റ്റ് സ്‌റ്റേഷനിലെത്തിച്ചു. ഇവരെത്തിയ കാറും കസ്റ്റഡിയിലെടുത്തു.

തൃശ്ശൂർപൂരവും വെടിക്കെട്ടും കാണാനാണ് കോട്ടയം സ്വദേശികൾ തൃശ്ശൂരെത്തിയത്. മഴമൂലം വെടിക്കെട്ട് മാറ്റിവെച്ചതിനെത്തുടർന്ന് ഇവർ മദ്യപിച്ച് കാറിലെത്തി തേക്കിൻകാട് മൈതാനത്ത് സ്വയം വെടിക്കെട്ട് നടത്തുകയായിരുന്നു. അറസ്റ്റിലായ എൽത്തുരുത്ത് സ്വദേശി നവീനിന് പടക്കവിൽപ്പനയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കടയിലെ പടക്കങ്ങൾ കൊണ്ടുവന്നാണ് വെടിക്കെട്ടുപുരയ്ക്ക് സമീപം ഇവർ പൊട്ടിച്ചത്. അറസ്റ്റുചെയ്ത പ്രതികളെ വൈദ്യപരിശോധനയ്ക്കായി രാത്രി ജനറൽ ആശുപത്രിയിലെത്തിച്ചു. വെടിക്കെട്ട് നടക്കാത്തതിനാൽ വെടിക്കെട്ടുപുരയ്ക്ക് പോലീസും റവന്യൂ ഉദ്യോഗസ്ഥരും കാവലുണ്ടായിരുന്നു.