നിർമാണം തുടങ്ങിയ ചെങ്ങല്ലൂർ രംഗനാഥന്റെ പ്രതിമയുടെ മാതൃക
തൃശ്ശൂര്‍: നൂറ്റാണ്ടുമുമ്പ് മിക്ക പൂരങ്ങളുടെയും ആരവമായിരുന്ന ചെങ്ങല്ലൂര്‍ രംഗനാഥന്റെ പൂര്‍ണകായപ്രതിമ ഒരുങ്ങുന്നു. ചിറ്റണ്ടയിലെ ഗണേഷ് ഫോര്‍ട്ട് ആനസംരക്ഷണ ചികിത്സാകേന്ദ്രത്തിലാണിത്.പറവൂര്‍ സ്വദേശി സൂരജ് നമ്പ്യാട്ടാണ് ശില്പി. തറക്കല്ലിടല്‍ ബുധനാഴ്ച പാഞ്ഞാള്‍ തോട്ടത്തില്‍ മനയില്‍ കുട്ടന്‍ നമ്പൂതിരിപ്പാടാണ് നിര്‍വഹിച്ചത്.
100 വര്‍ഷംമുമ്പ് കേരളത്തിലെ ഉത്സവങ്ങളുടെ ആവേശമായിരുന്നു ചെങ്ങല്ലൂര്‍ രംഗനാഥന്‍. തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗക്കാരനായിരുന്നു. പൂമുള്ളി ശേഖരനെ പിന്തുടര്‍ന്നാണ് എത്തിയത്. ശ്രീരംഗം ക്ഷേത്രത്തിലെ ദൈനംദിനച്ചടങ്ങുകള്‍ക്ക് ഉപയോഗിച്ചിരുന്ന ആനയായിരുന്നു. ഉയരം കൂടിയതോടെ ഇത്തരം ഉപയോഗങ്ങള്‍ക്ക് പറ്റാതായി. ഇതോടെ ഇവിടെനിന്ന് ഒഴിവാക്കുകയായിരുന്നു. ഇവിടെനിന്നാണ് ചെങ്ങല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഈ ആനയെ വാങ്ങിക്കുന്നത്.
പിന്നീട് ഉയരമായി പ്രധാന ആകര്‍ഷണം. പതിനൊന്നടി നാലിഞ്ചായിരുന്നു ഇതിന്റെ ഉയരം. തലപ്പൊക്കം കൂടി കൂട്ടുമ്പോള്‍ 12.5 അടിയിലാണ് പ്രതിമ നിര്‍മിക്കുന്നത്. ഇത് ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ ആനപ്രതിമയായിരിക്കുമെന്ന് ശില്പി സൂരജ് പറയുന്നു. രണ്ടുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ശില്പനിര്‍മാണത്തിനായി നിരവധി ചിത്രങ്ങള്‍ ശേഖരിക്കുകയും ശ്രീരംഗത്ത് നേരിട്ടുപോയി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇത്രയും കാലംമുമ്പ് ജീവിച്ച, പൂരങ്ങളുടെ ഹരമായിരുന്ന ആനയെ നേരിട്ടുകാണുന്ന പ്രതീതി ജനിപ്പിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. രംഗനാഥന്റെ അസ്ഥികൂടം തൃശ്ശൂരിലെ മ്യൂസിയത്തില്‍ ഇപ്പോഴുമുണ്ട്.
കൂട്ടാനയായ അകവൂര്‍ ഗോവിന്ദന്റെ കുത്തേറ്റായിരുന്നു രംഗനാഥന്റെ മരണം. 1914-ല്‍ ആറാട്ടുപുഴ പൂരം എഴുന്നള്ളിപ്പിനിടെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ കോലമേന്തിനില്‍ക്കുമ്പോഴാണ് കുത്തേറ്റത്. വീണുപോയ രംഗനാഥനെ അന്തിക്കാട്ടെ ചെങ്ങല്ലൂര്‍ മനയ്ക്കല്‍ എത്തിച്ച് ചികിത്സിച്ചു. വളരെക്കാലം ചികിത്സ തുടര്‍ന്നെങ്കിലും 1917-ല്‍ രംഗനാഥന്‍ ചരിഞ്ഞു.
Content Highlights: Chengallur Ranganathan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..