കൊച്ചി: സമകാലീന വിഷയങ്ങൾ വളരെ നർമ്മത്തോടെ അവതരിപ്പിക്കുന്ന ട്രോളന്മാർ, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിഷയവും വെറുതെ വിട്ടില്ല. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാകുന്നത് . ട്രോൾ മഴയുമായാണ് സൈബർ ലോകം തിരഞ്ഞെടുപ്പ് ഫലത്തെ വരവേറ്റത്.

To advertise here,

വോട്ടെണ്ണൽ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ലൈവ് റിപ്പോർട്ടിങ് തുടങ്ങിയ ചാനലുകൾക്കിട്ടായിരുന്നു ആദ്യത്തെ കൊട്ട്. തൃക്കാക്കര തിരിച്ച് പിടിക്കുമെന്ന് എൽഡിഎഫ് പ്രഖ്യാപനവും സാധിച്ചു കൊടുത്തു ട്രോളന്മാർ. തലതിരിച്ച് പിടിച്ച തൃക്കാക്കരയായിരുന്നു ട്രോളന്മാരുടെ സംഭാവന. കേരളത്തിൽ ചർച്ചാ വിഷയമായ സർവേക്കല്ലിനേയും സൈബറിടം വെറുതെ വിട്ടില്ല. തൃക്കാക്കരയിലേറ്റ കനത്ത തോൽവിയിൽ നിന്ന് രക്ഷപ്പെടാൻ ഉച്ചയ്ക്ക് ശേഷം ലോക്ക് ഡൗൺ വെച്ചാലോ എന്ന തന്ത്രവും എൽഡിഎഫിന് മുമ്പിൽ ട്രോളന്മാർ മുമ്പോട്ട് വെക്കുന്നുണ്ട്. 

തൃക്കാക്കരയിലെ ഭൂരിപക്ഷത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട കെ സുധാകരന് ഇടതു നേതാക്കളുടെ ഭൂരിപക്ഷം നിരത്തിയാണ് മറുപടി. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വാർത്തകളിൽ ഇടം നേടിയ ലിസി ആശുപത്രിയേയും ട്രോളന്മാർ വെറുതെ വിട്ടില്ല. ഇതൊക്കെ ശീലമാണ് ഞങ്ങൾക്ക് തോൽവി പ്രശ്നമുള്ള കാര്യമല്ലെന്നാണ് ബിജെപിക്കെതിരെ ട്രോളന്മാർ പറയുന്നത്.

ഏത് തിരഞ്ഞെടുപ്പ് വന്നാലും സന്ദേശം സിനിമയുടെ ഭാഗങ്ങളില്ലാതെ ട്രോളുകൾ പൂർണ്ണമാകില്ല എന്ന് പറഞ്ഞ പോലെ ഇത്തവണയും സന്ദേശം ചിത്രത്തിന്റെ ദൃശ്യങ്ങളും സൈബറിടങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.