"മുഖ്യമന്ത്രി, 20 മന്ത്രിമാർ, 60 എംഎൽഎമാർ നീണ്ട ഒരു മാസം ക്യാമ്പ് ചെയ്ത് കാടിളക്കി മറിച്ചിട്ടും ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല. കെ-റെയിലും വികസനവും ചർച്ച ചെയ്തപ്പോഴാണ് അത് വഴിതിരിച്ചു വിടാൻ വേണ്ടി വേറെകാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയായത്. വളരെ സത്യസന്ധമായി മാന്യമായുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തിയത്" തൃക്കാക്കരയിലെ വൻവിജയത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 

To advertise here,

തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽക്ക് തന്നെ വിവാദങ്ങൾ വിടാതെ പിന്തുടർന്ന തൃക്കാക്കരയിൽ ഒടുവിൽ യുഡിഎഫിന് ഊര്‍ജമേകുന്ന ഫലം പുറത്തു വന്നപ്പോൾ കൂറ്റൻ പ്രചാരണ തന്ത്രങ്ങളുമായി തൃക്കാക്കര പിടിച്ചെടുക്കാനിറങ്ങിയ എൽഡിഎഫിന് നിരാശയായിരുന്നു ഫലം. 

സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ തന്നെ വിവാദങ്ങളോടെയായിരുന്നു തുടക്കം. യുഡിഎഫ് - എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് നേരെ ഒരുപോലെയായിരുന്നു വിവാദങ്ങളുയർന്ന് വന്നത്. നേതാക്കൾക്കിടയിലെ വാക് പോരും രാഷ്ട്രീയ വിഷയങ്ങളിലെ വിവാദ പരാമർശങ്ങളും രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്നിതലേക്കടക്കം എത്തി നിൽക്കുന്നതായിരുന്നു തൃക്കാക്കരയിലെ പ്രചാരണ കാലം. സ്വന്തം പാളയത്തിൽ നിന്നു കൊണ്ട് മറു സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച കെ വി തോമസി (പിന്നീട് കെ.വി തോമസിനെ കോൺഗ്രസ് പുറത്താക്കി)നെ പോലുള്ള നേതാക്കളും പ്രചാരണ കാലത്ത് തൃക്കാക്കരയിൽ നിറഞ്ഞു നിന്നു. 

വിവാദങ്ങൾക്ക് തുടക്കമിട്ട സ്ഥാനാർത്ഥി പ്രഖ്യാപനം

തൃക്കാക്കരയിൽ പി.ടി തോമസിന്റെ ഭാര്യയെ സ്ഥാനാർത്ഥിയായി നിർത്തുമ്പോൾ നിരവധി കോണിൽ നിന്ന് വിമർശനങ്ങളുയർന്നിരുന്നു. സാമുദായിക സമവാക്യം പരിഗണിച്ച് തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി വരണമെന്ന് വ്യക്തമാക്കിക്കൊണ്ട് ഡൊമിനിക് പ്രസന്റേഷൻ അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു. പി.ടി തോമസിന്റെ ഭാര്യ എന്ന പരിഗണന കൊണ്ട് മാത്രം ലഭിച്ച സ്ഥാനാർത്ഥിത്വമായിരുന്നു ഉമാ തോമസിന്റേത് എന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. മരണത്തിൽ പോലും അന്ത്യാഭിലാഷങ്ങളിൽ നിന്ന് താൻ പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയ പി.ടി തോമസിന്റെ പിൻഗാമിയായി ഉമാ തോമസിനെ ഉയർത്തിക്കൊണ്ടു വന്നത് ശരിയായില്ല എന്ന തരത്തിൽ വിമർശനങ്ങളും ഉയർന്നിരുന്നു. സജീവ പ്രവർത്തകരെ തള്ളി ബന്ധുക്കളെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ശബ്ദിച്ച പിടിയുടെ ആശയങ്ങൾക്ക് എതിരെയായിരുന്നു ഈ തീരുമാനം എന്നായിരുന്നു പലരും ഉയർത്തിക്കാട്ടിയത്. എന്നാൽ കോളേജു കാലം മുതൽക്ക് തന്നെ ഉമാ തോമസ് പാർട്ടി പ്രവർത്തകയായിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് യുഡിഎഫ് നേതാക്കൾ അടക്കം രംഗത്തെത്തുകയും ചെയ്തു.

placeholder
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജോ ജോസഫ് മാധ്യമങ്ങളെ കാണുന്നു

ഉമാ തോമസിനെ നേരിടാൻ എൽഡിഎഫ് ഇറക്കിയത് ഡോക്ടർ ജോ. ജോസഫിനേയായിരുന്നു. അധികമാർക്കും പരിചയമില്ലായിരുന്നു ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫ് അണികൾക്കിടയിൽ ആദ്യം മുതൽക്ക് തന്നെ ആശയക്കുഴപ്പങ്ങളുണ്ടാക്കി.

സഭാ സ്ഥാനാർത്ഥി എന്ന ലേബലായിരുന്നു ആദ്യം മുതൽക്ക് തന്നെ ജോ ജോസഫിന് യുഡിഎഫ് അടക്കമുള്ളവർ നൽകിയത്. എന്നാൽ ഇത് പിന്നീട് തിരിച്ചടിയാകുമെന്ന് കരുതി യുഡിഎഫ് മാറ്റിപ്പറയുകയും ചെയ്തിരുന്നു. സഭാ സ്ഥാനാർത്ഥി എന്ന ലേബൽ സഭയ്ക്കകത്തും ഭിന്ന സ്വരങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. 

സഭയുടെ സ്ഥാപനമായ ലിസി ആശുപത്രിയിൽ വെച്ചായിരുന്നു ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. ഇതായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ തന്നെ ഉയർന്നു വന്ന വിവാദം. ലിസി ആശുപത്രിയിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിനെതിരെ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്ട് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

സഭയും രാഷ്ട്രീയ നേതൃത്വവും തമ്മില്‍ ആരോഗ്യകരമായ അകല്‍ച്ചയുണ്ടാകേണ്ടതുണ്ട്. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധപുലര്‍ത്തേണ്ടിയിരുന്നുവെന്നായിരുന്നു ഫാദർ പോൾ തേലക്കാട്ട് മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞത്.

അരുൺ കുമാറിന് വേണ്ടി ചുമരെഴുത്ത്, സ്ഥാനാർത്ഥി ജോ ജോസഫ്

ആശയക്കുഴപ്പങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് തൃക്കാക്കരയില്‍ എല്‍ഡിഎഫ് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത്. എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് നടക്കുമ്പോള്‍ത്തന്നെ കെ.എസ്. അരുണ്‍കുമാറാണ് സ്ഥാനാര്‍ഥിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. ചിലയിടങ്ങളില്‍ അരുണിന്റെ പേരുവെച്ചുകൊണ്ടുതന്നെ ചുവരെഴുത്തുകളും തുടങ്ങി. പാര്‍ട്ടിയില്‍ നടക്കുന്ന സംഭവങ്ങളിലുള്ള അതൃപ്തി ജില്ലാകമ്മിറ്റി യോഗത്തില്‍ ജയരാജന്‍ രൂക്ഷമായിത്തന്നെ അറിയിച്ചതോടെ ചിലയിടങ്ങളില്‍നിന്ന് ചുവരെഴുത്തുകള്‍ മായ്ച്ചു.

placeholder

ഉച്ചയോടെ, അരുണ്‍കുമാറിന് വോട്ടഭ്യര്‍ഥിക്കുന്ന പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചുതുടങ്ങി. ഒരു എം.എല്‍.എ. സാമൂഹികമാധ്യമ പേജില്‍ അരുണിന്റെ ചിത്രമുള്ള പോസ്റ്റര്‍ ഇട്ടെങ്കിലും പിന്നീട് അത് നീക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ 'സൗഭാഗ്യ' പരാമർശവും 

"മറ്റു പ്രദേശങ്ങൾക്കൊപ്പം തന്നെ തൃക്കാക്കരയിലേക്ക് വികസനം കൊണ്ടു വരണം. അതുകൊണ്ട് അത്തരത്തിൽ ഒരു അബദ്ധം ഇനി ജനങ്ങൾക്ക് സംഭവിക്കരുത് എന്ന" എന്ന മുഖ്യമന്ത്രിയുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 

പി.ടിയെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുമെന്ന് ചോദിച്ചു കൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് തന്നെ രംഗത്തെത്തി. 

2021ൽ പി.ടി തോമസിനെ വിജയിപ്പിച്ചത് തൃക്കാക്കരയിലെ ജനങ്ങൾക്ക് പറ്റിയ ഒരു അബദ്ധമാണെന്നും ഇപ്പോൾ പി.ടി തോമസ് മരിച്ചത് കൊണ്ട് ഒരു സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നും കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞാൽ എന്താണ് തിരിച്ച് പറയേണ്ടത് എന്ന് ചോദിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തുകയും ചെയ്തിരുന്നു.

'നായ' എന്ന് കെ സുധാകരൻ, 'മലബാറിലും തിരുവിതാംകൂറിലും പട്ടി പട്ടിതന്നെ'യെന്ന് പിണറായി

തൃക്കാക്കരയിലെ ഏറെ വിവാദമായ പരാമർശങ്ങളിൽ മറ്റൊന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നായ പരാമർശം. മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിൽ നടത്തുന്ന കഠിന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കെ സുധാകരൻ നായ പരമാർശവുമായി രംഗത്തെത്തുന്നത്. ഇത് വലിയ വിവാദങ്ങൾക്കായിരുന്നു വഴി വെച്ചത്. മുഖ്യമന്ത്രിക്കെതിരായ മോശം പരാമർശത്തിന്റെ പേരിൽ സുധാകരനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇത് വലിയ തോതിൽ എൽഡിഎഫ് പ്രചാരണ വിഷയമായി ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ അത് മലബാറിലെ വെറുമൊരു കൊളോക്കിയൽ ഭാഷ മാത്രമായിരുന്നു എന്ന് പറഞ്ഞ് സുധാകരൻ വിഷയത്തിന്റെ കാഠിന്യം കുറച്ചു.

എന്നാൽ 'മലബാറിലും തിരുവിതാംകൂറിലും പട്ടി പട്ടിതന്നെയെന്നും ഓരോരുത്തരുടേയും സംസ്കാരമാണ് ഇത് വ്യക്തമാക്കുന്നതെന്നും' ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തുകയും ചെയ്തു. മാത്രമല്ല സുധാകരനെതിരെ കേസ് കേസെടുത്തത് പോലീസാണെന്നും കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഓട്ടക്കാലണ, തിരുത, കൊളോക്കിയൽ ഉപമ

കോൺഗ്രസിൽ നിന്നുകൊണ്ട് എൽഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങും എന്ന് വ്യക്തമാക്കിയ കെ വി തോമസിനെതിരെ ഉണ്ടായ വ്യക്തിഹത്യ അത്ര ചെറുതൊന്നുമായിരുന്നില്ല. സോഷ്യൽ മീഡിയിലടക്കം അദ്ദേഹത്തിനെതിരെയുള്ള പരാമർശങ്ങളുയർന്നു. നേതാക്കളിൽ നിന്നു പോലും അദ്ദേഹത്തിന് നേരെ പരാമർശങ്ങളുയർന്നു.

കെ.വി. തോമസ് ഓട്ടക്കാലണയെന്നായിരുന്നു കോണ്‍ഗ്രസ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിശേഷിപ്പിച്ചത്.

"കെ.വി. തോമസ് സ്വയം ആര്‍ജിച്ച ഒരു പേരുണ്ട്, തിരുത തോമസ്. തിരുതയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കടലിലും കായലിലും ഒരുപോലെ ജീവിക്കുന്ന മത്സ്യമാണ് തിരുത. തോമസും അങ്ങനെയാണ്, ഇവിടെയുമുണ്ട് അവിടെയുമുണ്ട്"

എന്ന് പരസ്യമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറയുകയും ചെയ്തു. എന്നാൽ കെ.വി തോമസിന്റെ പിന്തുണ എൽഡിഎഫിന് വേണ്ട പോലെ തുണച്ചില്ല എന്ന് മാത്രമല്ല കോൺഗ്രസിന് പരിക്കേറ്റതുമില്ല. 

തിരുത, ഓട്ടക്കാലണ പരാമർശങ്ങക്കൊപ്പം തന്നെ കെ സുധാകരന്റെ  കൊളോക്കിയൽ ഉപമ കൂടിയായ നായപരാമർശവും ഏറെ ചർച്ചയാക്കിയെങ്കിലും തിരഞ്ഞെടുപ്പിനെ ബാധിക്കാൻ മാത്രം അത്തരത്തിലുള്ള വിവാദങ്ങൾക്ക് സാധിച്ചില്ല എന്ന് വേണം കരുതാൻ. 

തകർന്ന് വീണ പാലവും ഹൈഡ്രോളിക് ജാക്കും

കൂളിമാട് പാലം തകർന്നതും തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉയർത്തിക്കൊണ്ട് വന്ന വിഷയങ്ങളിൽ ഒന്നായിരുന്നു.

'യു.ഡി.എഫ്. കാലത്ത് പാലം തകര്‍ന്നാല്‍ മന്ത്രിയും എല്‍.ഡി.എഫ്. കാലത്ത് തകര്‍ന്നാല്‍ ഹൈഡ്രോളിക് ജാക്കിയുമാണ് കുറ്റക്കാരനെന്നായിരുന്നു' മുരളീധരന്റെ പരിഹാസം.

പാലാരിവട്ടം പാലം ഏറെ ചർച്ചാവിഷയമാക്കിയ എൽഡിഎഫിനെ പ്രതിരോധത്തിൽ നിർത്താൻ യുഡിഎഫിന് ലഭിച്ച വടികളിലൊന്നായിരുന്നു കൂളിമാട് പാലം തകർന്ന് വീണത്. പാലത്തിന്റെ തകർച്ച ഹൈഡ്രോളിക് ജാക്കിയുടെ പിഴവുമൂലമാണെന്ന് പറഞ്ഞ് സർക്കാർ കൈയൊഴിഞ്ഞെങ്കിലും പഞ്ചവടിപ്പാലത്തെ ഓർമ്മിപ്പിച്ചു കൊണ്ട് കോൺഗ്രസ് രംഗത്തെത്തി.

placeholder
പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്ത പി.സി. ജോർജിനെ മൊഴിയെടുക്കാനായി കൊണ്ടുപോകുമ്പോൾ
ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ കൈ കൊടുക്കുന്നു. ഷോൺ ജോർജ്,പി.കെ. കൃഷ്ണദാസ് എന്നിവർ സമീപം

വർഗീയ പരാമർശം, അറസ്റ്റ് ബിജെപി പ്രചാരകൻ - പിസി ജോർജ്ജിന്റെ വരവിൽ കൂപ്പു കുത്തി ബിജെപി

വർഗീയ പരാമർശങ്ങളിൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് ശേഷം പി.സി ജോർജ്ജ് ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ പ്രചാരണ പരിപാടികൾക്കായിരുന്നു എത്തിയത്. ജാതി സമവാക്യങ്ങൾ ഏറെ തുണക്കുമെന്ന് കരുതിയിരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം വർധിപ്പിക്കാനാകും എന്ന പ്രതീക്ഷയോടെയായിരുന്നു ബിജെപി പി.സി ജോർജ്ജിനെ തൃക്കാക്കരയിൽ കൊട്ടിക്കലാശത്തിന് ഇറക്കിയതും. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ കുറവ് വോട്ടായിരുന്നു ഇത്തവണ ലഭിച്ചത്. 15483 വോട്ടായിരുന്നു 2021ൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. എന്നാൽ ഇത് ഇത്തവണ 12957 ആയി കുറയുകയാണ് ചെയ്തത്. 

അശ്ലീല വീഡിയോ 

എൽഡിഎഫ് സ്ഥാനാർത്ഥിയുടേത് എന്ന പേരിൽ വ്യാജമായി പുറത്തിറക്കിയ അശ്ലീല വീഡിയോയും ഇതിനിടയിൽ പ്രചരിച്ചു. വ്യക്തിഹത്യയുടെ അങ്ങേയറ്റമായിരുന്നു ജോ ജോസഫിനെതിരെ പിന്നീട് കണ്ടത്. എന്നാൽ കോൺഗ്രസ് നേതാക്കളടക്കം ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.

എതിരാളിയെ ഒരിക്കലും വ്യക്തിപരമായി ആക്ഷേപിക്കരുത് എന്ന് വ്യക്തമാക്കിക്കൊണ്ട് കോൺഗ്രസ് നേതാവ് പത്മജ വേണു ഗോപാലും രംഗത്തെത്തി. ക്ഷമിക്കാൻ പറ്റുന്ന തെറ്റ് അല്ല എന്നായിരുന്നു പത്മജ വേണുഗോപാൽ വീഡിയോയെക്കുറിച്ച് പറഞ്ഞത്.

തിരഞ്ഞെടുപ്പിന് ശേഷവും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേയെന്നും കുട്ടികള്‍ക്ക് പഠിക്കണ്ടേ?

എന്നായിരുന്നു ജോ ജോസഫിന്റെ ഭാര്യ ദയ പാസ്കൽ സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ചത്. 

placeholder
ഫയൽ ചിത്രം | Photo: കെ.കെ.സന്തോഷ്‌

'മഞ്ഞക്കുറ്റി എന്ന അഹങ്കാരം', സർക്കാരിന് വിനയായോ?

സംസ്ഥാനത്ത് കെ-റെയിലിന്റെ കല്ലിടലും പ്രതിഷേധവും കത്തി നിൽക്കുന്ന സമയത്തായിരുന്നു തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. മഞ്ഞക്കുറ്റി സർക്കാരിന്റെ അഹങ്കാരം എന്നായിരുന്നു യുഡിഎഫ് ഉടനീളം ആവർത്തിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും കെ-റെയിൽ സർവേ കടന്നു വന്നു. എന്നാൽ പിന്നീട് സർവേയുമായി ബന്ധപ്പെട്ട കല്ലിടൽ നിർത്തി ജിപിഎസ് സർവേയും മറ്റും ഉപയോഗിക്കാനുള്ള അനുമതിയായിരുന്നു സർക്കാർ നൽകിയത്. 

എന്നാൽ ഒരിക്കലും സർക്കാർ കെ-റെയിലിൽ നിന്ന് പിന്നോട്ട് പോകും എന്ന് വ്യക്തമാക്കിയിരുന്നില്ല. വികസനം മുന്നോട്ട് വെച്ചു കൊണ്ട് മാത്രമായിരുന്നു സർക്കാർ തിരഞ്ഞെടുപ്പിലുടനീളം പ്രചാരണം നടത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്. 

എന്നാൽ വിവാദങ്ങളൊന്നും തളർത്താത്ത തിരഞ്ഞെടുപ്പിൽ 2011 മുതൽ കോൺഗ്രസിനൊപ്പം നിന്ന തൃക്കാക്കര ഇത്തവണയും കോൺഗ്രസിനെ കൈവിട്ടില്ല. 2016 മുതൽ പിടിയെ ചേർത്ത് പിടിച്ച മണ്ഡലം വിവാദങ്ങൾക്കൊന്നും വഴി കൊടുക്കാതെ ഇത്തവണ ഉമാ തോമസിനെ സഭയിലേക്ക് തിരഞ്ഞെടുത്തു.

placeholder
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകളുടെ മുൻപിലൂടെ
തീവിലയുള്ള പാചകവാതക സിലിൻഡറുമായി പോകുന്നയാൾ |ഫോട്ടോ:ബി.മുരളീകൃഷ്ണൻ

വികസനവും വിവാദവും പ്രചാരണ തന്ത്രമായ തിരഞ്ഞെടുപ്പിൽ പെട്രോൾ, ഡീസൽ, പാചതകവാതക വില വർധനവ് തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ മൗനം പാലിക്കേണ്ടി വന്ന ബിജെപി, പി.സി ജോർജ്ജിനെ കൊണ്ടു വന്ന് വോട്ട് വിഹിതം കൂട്ടാമെന്ന പ്രതീക്ഷയും കണക്കു കൂട്ടലും പിഴക്കുകയും ചെയ്തു.