കൊച്ചി: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും ഉള്‍പ്പെടെ നേതാക്കളെല്ലാം രംഗത്തിറങ്ങിയിട്ടും തൃക്കാക്കരയില്‍ വന്‍പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് സി.പി.എമ്മിനെ കുഴയ്ക്കുന്നു. ഇനി ആര്‍ക്കെതിരേ നടപടിയെടുക്കുമെന്ന ചോദ്യമാണ് കേള്‍ക്കുന്നത്.

To advertise here,

ഇപ്പോഴത്തേതിന് സമാനസാഹചര്യമാണ് 2021-ലെ പൊതുതിരഞ്ഞെടുപ്പിലും തൃക്കാക്കരയില്‍ ഉണ്ടായിരുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം അന്നും കീഴ്ഘടകത്തില്‍നിന്ന് ഉണ്ടായിരുന്നു. അത് വകവെക്കാതെ സ്ഥാനാര്‍ഥിയായി അന്നും ഒരു ഡോക്ടറെ കണ്ടെത്തുകയായിരുന്നു. അന്ന് 14,329 വോട്ടിനായിരുന്നു പരാജയം. അതിന്റെ പേരില്‍ പാര്‍ട്ടി അന്വേഷണകമ്മിഷനെവെച്ച് തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരായിരുന്ന ഏരിയാ സെക്രട്ടറി കെ.ഡി. വിന്‍സെന്റിനെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.കെ. മണിശങ്കറെയും പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രചാരണത്തില്‍ വേണ്ട രീതിയില്‍ പങ്കെടുത്തില്ലെന്നതായിരുന്നു ആരോപണം.

ബി.ജെ.പി. വോട്ടുമറിച്ചു, ട്വന്റി ട്വന്റി വോട്ടുകള്‍ പോയി തുടങ്ങിയ ന്യായങ്ങള്‍കൊണ്ട് പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന സ്ഥിതിയിലല്ല സി.പി.എം. നേതൃത്വം.

മണ്ഡലത്തിലെ 10 ലോക്കല്‍ കമ്മിറ്റികളുടെയും പ്രവര്‍ത്തനം മുഖ്യമന്ത്രിതന്നെയാണ് വിലിയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കിയത്. എല്ലാം പുറമേനിന്ന് വന്നവരുടെ നിയന്ത്രണത്തിലായിരുന്നു. മണ്ഡലത്തിലെ താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് പ്രചാരണപരിപാടികളിലും മറ്റും വേണ്ട റോള്‍ ഉണ്ടായിരുന്നില്ല. പുറമേനിന്ന് വന്നവര്‍ യാന്ത്രികമായി നടത്തിയ വീടുകയറ്റവും മറ്റും യഥാര്‍ഥത്തില്‍ വോട്ടര്‍മാര്‍ ശല്യമായാണ് കണ്ടത്.

വോട്ടറുടെ മതവും ജാതിയും നോക്കി അതിനുപറ്റിയ നേതാവിനെ വോട്ടുപിടിക്കാന്‍ ഇറക്കിയതെല്ലാം സി.പി.എമ്മിന് കനത്ത തിരിച്ചടിയായി മാറുകയായിരുന്നു. സ്ഥാനാര്‍ഥിയെ സഭയുടെ ആളായി അവതരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും പാളിപ്പോയി. ഘടകകക്ഷികള്‍ക്കും വലിയ റോളില്ലായിരുന്നു.

14,000 വോട്ടിനു തോറ്റപ്പോള്‍ നേതാക്കളെ സസ്പെന്‍ഡ് ചെയ്‌തെങ്കില്‍ 25,000 വോട്ടിന് തോല്‍ക്കുമ്പോള്‍ കണ്ടില്ലെന്നു നടിക്കാന്‍ പറ്റുമോ എന്ന ചോദ്യവുമുണ്ട്.


പരിശോധിക്കുമെന്ന് കരുതുന്നു - മണിശങ്കര്‍
തോല്‍വി പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കുമെന്നാണ് കരുതുന്നതെന്ന് സി.പി.എം. മുന്‍നേതാവ് സി.കെ. മണിശങ്കര്‍. ഇക്കുറി പ്രചാരണത്തിലും ഏകോപനത്തിലുമൊന്നും വീഴ്ചയുണ്ടായിട്ടില്ല. കഴിഞ്ഞതവണ ഏകോപനത്തിലും പ്രചാരണത്തിലും ഫണ്ട് ശേഖരിക്കുന്നതിലും വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാണ് നടപടിയെടുത്തത്. അന്നത്തെ സാഹചര്യത്തില്‍ അച്ചടക്കനടപടി ശരിയായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. പാര്‍ട്ടിയിലേക്ക് വേഗത്തില്‍ തിരിച്ചുവരികയെന്നത് സ്വാഭാവികമായ ആഗ്രഹമാണെന്നും മണിശങ്കര്‍ പ്രതികരിച്ചു.