കൊച്ചി: തൃക്കാക്കര മണ്ഡല ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച ഉമാ തോമസ് ഈ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ എംഎല്‍എയായാണ് 15-ാം കേരള നിയമസഭയിലേക്ക് പടികയറുന്നത്. നിലവില്‍ കോണ്‍ഗ്രസ് നിരയില്‍ സഭയിലുള്ള 21 എംഎല്‍എമാരും (അന്തരിച്ച പി.ടി തോമസ് ഉള്‍പ്പെടെ) പുരുഷന്‍മാരായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ സഭയില്‍ ഒരു വനിതാ സാന്നിധ്യമെങ്കിലും ഉറപ്പാക്കാനും കോണ്‍ഗ്രസിന് സാധിച്ചു. 

To advertise here,

കോണ്‍ഗ്രസിന്റെ ആദ്യ വനിതാ എംഎല്‍എയാണെങ്കിലും യുഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ വനിതാ ജനപ്രതിനിധിയാണ് ഉമാ തോമസ്. വടകര മണ്ഡലത്തില്‍ നിന്ന് സഭയിലേക്കെത്തിയ ആര്‍എംപി നേതാവ് കെ.കെ രമയാണ് മുന്നണിയിലെ മറ്റൊരു വനിത. എല്‍ഡിഎഫ് നിരയിലെ പത്ത് വനിതാ എംഎല്‍എമാര്‍ കൂടി ചേരുന്നതോടെ 15-ാം നിയമസഭയിലെ ആകെ വനിതാ പ്രാതിനിധ്യം 12 ആയി ഉയര്‍ന്നു. 13 വനിതകള്‍ വിജയിച്ച 1996ലെ തിരഞ്ഞെടുപ്പിന് ശേഷം സഭയിലെ ഏറ്റവും ഉയര്‍ന്ന വനിതാ പ്രാതിനിധ്യമാണിത്. 

2016ല്‍ കേരളത്തിലെ വനിതാ എംഎല്‍എമാരുടെ എണ്ണം എട്ടായിരുന്നു. 2001ന് ശേഷം വനിതാ പ്രാതിനിധ്യം രണ്ടക്കം കടന്നതും എല്‍ഡിഎഫ് തുടര്‍ഭരണം നേടിയ 15-ാം നിയമസഭയിലാണ്. മത്സരിച്ച 103 വനിതാ സ്ഥാനാര്‍ഥികളിലാണ് അന്ന് 11 പേര്‍ ജയിച്ചത്. എന്നാല്‍ ഇതില്‍ ഒരാള്‍ പോലും കോണ്‍ഗ്രസുകാരിയായിരുന്നില്ലെന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. ഉമാ തോമസിന്റെ വിജയത്തോടെ ഈ ചീത്തപ്പേര് ഇല്ലാതാക്കാനും കോണ്‍ഗ്രസ് നേതൃത്തിന് സാധിച്ചു. 

എല്‍ഡിഎഫിന്റെ കാടിളക്കിയുള്ള പ്രചാരണങ്ങളെയെല്ലാം നിഷ്ടപ്രഭമാക്കി സര്‍വ്വാധിപത്യം പുലര്‍ത്തിയാണ് ഉമാ തോമസിലൂടെ യുഡിഎഫ് തൃക്കാക്കര പിടിച്ചത്. 25,016 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ നാല് റൗണ്ടുകളില്‍ എല്ലാ ബൂത്തുകളിലും ഉമാ തോമസിനായിരുന്നു ലീഡ്. സ്ഥിരമായി നേടിയ ബൂത്തുകളില്‍ പോലും എല്‍ഡിഎഫ് പിന്നോട്ടുപോയി. അഞ്ചാം റൗണ്ടിലാണ് എല്‍ഡിഎഫ് ഒരു ബൂത്തിലെങ്കിലും മുന്നിലെത്തിയത്.

ഏഴാം റൗണ്ടില്‍ തന്നെ കഴിഞ്ഞ തവണ പി.ടി തോമസ് നേടിയ ഭൂരിപക്ഷം ഉമാ തോമസ് മറികടന്നു. 2012-ല്‍ ബെന്നി ബെഹ്ന്നാന്‍ നേടിയ 22406 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം പത്താം റൗണ്ടില്‍ ഉമാ തോമസ്
പഴങ്കഥയാക്കി. വിരലില്‍ എണ്ണാവുന്ന എല്‍ഡിഎഫ് കോട്ടകളില്‍ അടക്കം യുഡിഎഫ് കുതിച്ചുകയറിപ്പോള്‍ ആകെയുള്ള 239 ബൂത്തുകളില്‍ 22 ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് നേരിയ ലീഡ് നേടാനായത്. കൊച്ചി കോര്‍പ്പറേഷനിലും തൃക്കാക്കര നഗരസഭയിലും ഉമാ തോമസിന്റെ തേരോട്ടമായിരുന്നു. വോട്ടെണ്ണലിന്റെ അവസാന രണ്ട് റൗണ്ടുകളില്‍ മാത്രമാണ് ജോ ജോസഫിന് അല്‍പമെങ്കിലും ആശ്വസിക്കാന്‍ വകയുണ്ടായിരുന്നത്. 

കേവലം ഒരു സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണംപിടിച്ചെടുത്ത ആഘോഷത്തിലാണ് കോണ്‍ഗ്രസ്. എതിരാളികള്‍പോലും എഴുതിതള്ളിയ യുഡിഎഫിന്റെ വലിയ തിരിച്ചുവരവായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയത്തെ കാണുന്നത്.