കഴിഞ്ഞ ദിവസം ബസ്സില്‍പോകുമ്പോള്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വര്‍ത്താനം കേള്‍ക്കുകയായിരുന്നു. ഉള്ളില്‍നിന്നും ഊറിവരുന്നതായിരുന്നത്. ഞാന്‍ മാഷായി പിരിഞ്ഞതൊന്നും ഓര്‍ക്കറിയില്ല. സ്കൂളും ക്ലാസും അധ്യാപകരുമാണ് വിഷയം. രണ്ട് പേരും രണ്ടിടങ്ങളിലാണ് പഠിക്കുന്നതെന്ന് അവരുടെ വര്‍ത്താനത്തില്‍ അറിയാനാവും. രണ്ടുപേര്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട അധ്യാപകരുണ്ട്... അതവര്‍ ഇഷ്ടത്തോടെ പറയുന്നുമുണ്ട്.. അതിലൊരു മാഷെ ഞാനറിയുന്നതിനാല്‍ അവരുടെ വിലയിരുത്തലില്‍ സത്യസന്ധതയുണ്ടെന്നും തോന്നി. എന്നാല്‍ ചിലരോടുള്ള പുച്ഛവും പരിഹാസവും ഈര്‍ഷ്യയും അവരങ്ങനെ ലയിച്ച് പറയുകയാണ്.. അപ്പോളവര്‍ക്ക് പതിവിലും ഒച്ചയും ഉത്സാഹവും കൂടിയിരുന്നു. ഈ അധ്യാപകര്‍ ഇവരുടെ സംഭാഷണങ്ങളിലൂടെ കടന്നുപോകുന്നത് ഇവര്‍ അവര്‍ക്കിട്ട പേരുകളിലൂടെയാണ്. പേരുകള്‍ കേട്ടപ്പോള്‍ ഏകദേശ രൂപവും സ്വഭാവവും ഞാനും ഊഹിച്ചെടുത്തു...
അധ്യാപകര്‍ക്ക് പേരുകളിടുന്നതില്‍ കുട്ടികളോളം മികച്ചവര്‍ വേറെയാരുണ്ട് ? ആ ഔചിത്യബോധത്തെ നമസ്കരിക്കുകതന്നെവേണം. ചിലരില്‍ മരണാനാന്തരംപോലും കുട്ടികളിട്ട പേരുകള്‍ നിലനില്‍ക്കും. അതിലൊരാള്‍ ഇറങ്ങിപോകുമ്പോള്‍ ഇതുംകൂടി പറഞ്ഞാണ് ഉപസംഹരിച്ചത്. പല ക്ലാസുകളും ശോകാണ് മോനേ... ഒരിക്കല്‍ ഒരു സിനിമ കണ്ട് തിരിച്ചുവന്നപ്പോള്‍ ഞാന്‍ വീട്ടിലെ ചെറ്യോനോട് ചോദിച്ചു... എങ്ങനെയുണ്ട് പടം? മൊത്തം ശോകാണ് അച്ഛാ.. എന്തൊരു ചേര്‍ച്ചയും അര്‍ത്ഥപൂര്‍ണ്ണവുമാണ് ഈ വാക്ക്. മൊത്തത്തിലുള്ള അനിഷ്ടത്തെയാണ് ശോകം എന്ന ഒറ്റവാക്കുകൊണ്ട് തീര്‍ത്തുകളഞ്ഞത്.
അധ്യാപകരെ വിലയിരുത്താന്‍ കുട്ടികളോളം മറ്റാര്‍ക്കുമാവില്ല... എന്നാല്‍ നമ്മുടെ അധ്യാപകര്‍ അറിയാതെ പോകുന്നതും അതാണ്..കുട്ടികളെ കേള്‍ക്കലും മനസ്സിലാക്കലുമാണ് പ്രധാനം. അതിന് അക്കാദമിക് ബിരുദങ്ങളുടെ ധാരാളിത്തമോ ചെെല്‍ഡ് സെെക്കോളജിയില്‍ നൂറില്‍നൂറ് മാര്‍ക്ക് കിട്ടിയിട്ടോ കാര്യമില്ല. ക്ലാസ്മുറികളില്‍ അത് സര്‍ഗ്ഗാത്മകമായ് കാണിച്ചുകൊടുക്കലാണ് പ്രധാനം.
ഒ.വി. വിജയന്‍ കുറച്ചുകാലം മാഷെ പണിയും എടുത്തിരുന്നു. താന്‍ ക്ലാസ് മുറിയില്‍ സമ്പൂര്‍ണ്ണമായും പരാജയപ്പെട്ടവനാണെന്ന് സ്വയം തിരിച്ചറിഞ്ഞതോടെ ആ പണി നിര്‍ത്തി രക്ഷപ്പെടുകയായിരുന്നുവെന്ന് വായിച്ചിട്ടുണ്ട്. അധ്യാപനം ഒരു കലകൂടിയാണ്. എല്ലാ കുട്ടികളുടെയുള്ളിലും വിപ്ലവത്തിന്റെ ജ്വാലകളുണ്ടെന്നും കുട്ടികളത് അറിഞ്ഞുകൊള്ളണമെന്നില്ലെന്നും അതിനെ കണ്ടെത്തി ജ്വലിപ്പിക്കാനും അതിനെകാണാതെ തകര്‍ത്ത് തരിപ്പണമാക്കാനും ഒരുപോലെ അധ്യാപകര്‍ക്കാവുമെന്നും പറഞ്ഞത് ഓഷോയാണ് .
ഇത് തിരിച്ചറിയണമെങ്കില്‍ അധ്യാപകര്‍ക്കുള്ളിലും ജ്വാല തെളിയേണ്ടതുണ്ട്. വിപ്ലവോന്മുഖത തിരിച്ചറിഞ്ഞ് കുട്ടികളെ നേരായ ലക്ഷ്യത്തിലേക്ക് നയിക്കലാണ് അധ്യാപക കര്‍ത്തവ്യങ്ങളില്‍ പ്രധാനം. ഉള്ളിലുള്ള വിപ്ലവചിന്തയോടൊപ്പം നശീകരണശേഷിയും കുട്ടികളില്‍ വളരുന്നുണ്ട് എന്നാല്‍ ആ നശീകരണ ഊര്‍ജ്ജത്തേയും യുക്തമായ മാര്‍ഗ്ഗത്തിലേക്ക് അധ്യാപകര്‍ക്ക് തിരിച്ചുവിടാനാവണമെന്നും ഓഷോ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കസേരകളും ജനലുകളും തകര്‍ക്കുന്നത് ഒരിക്കലും ഗുണകരമല്ലെങ്കിലും അതൊരു നെഗറ്റീവ് മനോഭാവമാണെങ്കിലും ഓഷോയതിനെ കാണുന്നത് പോസറ്റീവായിട്ടാണ്.
കസേരകള്‍ തകര്‍ക്കുവാനുള്ള ധെെര്യത്തെ സ്വാഗതം ചെയ്യപ്പെടുകതന്നെവേണം. എന്നാല്‍ ഈ ധെെര്യമുപയോഗിച്ചാകണം വര്‍ഗ്ഗീയതയെ തകര്‍ക്കാനും കുട്ടികളെ സജ്ജരാക്കേണ്ടത്. ഈ ധെെര്യമുപയോഗിച്ചാകണം ജാതിവിവേചനമെന്ന വങ്കത്തരത്തെ ഉന്മൂലനം ചെയ്യാനും കുട്ടികളെ ഒരുക്കേണ്ടത്. സ്ത്രീ-പുരുഷ അസമത്വങ്ങള്‍ തീര്‍ത്ത ചുമരുകളെ ഇല്ലായ്മ ചെയ്യാനും ഈ ധെെര്യമുപയോഗിച്ച് പ്രാപ്തരാക്കണം. ചീഞ്ഞുനാറിയ സദാചാരത്തെ തുറന്നുകാണിക്കാനും ഈ ചങ്കൂറ്റത്തെ ഉപയോഗപ്പെടുത്തണം. എന്താണ് തകര്‍ക്കേണ്ടതെന്ന് അറിയാത്തതുകൊണ്ടാണ് കുട്ടികള്‍ മേശകളും കസേരകളും തകര്‍ക്കുന്നത്. എന്നാല്‍ തകര്‍ക്കപ്പെടേണ്ടത് സമൂഹത്തിലെ തിന്മകളെയാകണമെന്നും അതാകണം ലക്ഷ്യമെന്നും കുട്ടികളെ ബോധ്യപ്പെടുത്തുന്നതോടെ അതവര്‍ തകര്‍ക്കാന്‍ ആരംഭിക്കുകതന്നെചെയ്യും.അധ്യാപകര്‍ക്കെ ഇത് ചെയ്യാനാവു കാരണം അവര്‍ക്കാണ് കുട്ടികളുമായ് കൂടുതല്‍ അടുപ്പവും സാമിപ്യവും.
രണ്ടും രണ്ടും നാലാണെന്ന് കുട്ടികളെ പഠിപ്പിച്ചുകൊള്ളൂ. ഭൂപടം നോക്കി രാജ്യങ്ങള്‍ കാണിച്ചുകൊടുക്കുകയുമാകാം. അതുമാത്രമല്ല, അധ്യാപകരുടെ ജോലിയും ഉത്തരവാദിത്വവും. അവര്‍ വിപ്ലവത്തിന്റെ സൃഷ്ടാക്കള്‍ കൂടിയായിരിക്കണം.അവര്‍ക്കുമാത്രമേ മികച്ച അധ്യാപകരാകാനാവൂ. ഒരു വിപ്ലവകാരിയുടെ സമീപനം അധ്യാപകര്‍ക്കില്ലെങ്കില്‍ ചീഞ്ഞളിഞ്ഞ പഴഞ്ചന്‍ സമൂഹം അതേപടി നിലനില്‍ക്കും. തന്റെ ചുറ്റുമുള്ളതിനോടവര്‍ ഉണര്‍ന്ന് പ്രതികരിക്കണം. കുട്ടികളില്‍ ഉയര്‍ന്നുവരുന്ന പുതുനാമ്പുകളെക്കുറിച്ചവര്‍ ബോധമുള്ളവരായിരിക്കണം. മാനവികതയെ രക്ഷിക്കാനുള്ള സാധ്യതയെ കേവലം നിശ്ശബ്ദമായി നോക്കിനില്‍ക്കുകമാത്രമാണ് അധ്യാപകര്‍ ചെയ്യുന്നതെങ്കില്‍ അവരെ അധ്യാപകരെന്ന് വിളിക്കാനാവില്ല. സമൂഹം ഉപേക്ഷിച്ചതും ചീഞ്ഞളിഞ്ഞതുമായ ആശയങ്ങള്‍ ഇപ്പോഴും സമൂഹത്തിലേക്ക് കടന്നുവരുന്നുണ്ട്. പലരാലും ഒളിച്ചുകടത്തപ്പെടുന്നുണ്ട് ഈ വലിച്ചെറിയപ്പെട്ടവയാണ് പതുതലമുറകളിലേക്ക് അധ്യാപകര്‍ വിനിമയം ചെയ്യുന്നതെങ്കില്‍ അത് കുട്ടികളോടു ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യം കൂടിയാണ്. പഴയ തലമുറകള്‍ ഹിന്ദു -മുസ്ലീം മേല്‍വിലാസങ്ങളാല്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. ആയിരങ്ങള്‍ മരണപ്പെട്ടിട്ടുമുണ്ട് നീയോരു മുഹമ്മദീയനാണെന്നും അല്ലെങ്കില്‍ 'നീയൊരു ഹിന്ദുവാണെന്നും ഒരധ്യാപകന്‍ നിരന്തരം കുട്ടികളെ ഓര്‍മ്മപ്പെടുത്തുകയാണെങ്കില്‍ പൊറുക്കാനാവാത്ത വല്‍ഗ്ഗീയവിടവുകളാണിവിടെ സൃഷ്ടിക്കപ്പെടുന്നത്. പൊറുക്കാനാവാത്ത കുറ്റംകൂടിയാണത്. 'നിങ്ങളെല്ലാവരും മനുഷ്യരാണെന്നും ഹിന്ദുവോ മുഹമ്മദീയനോയല്ലായെന്നുമാണ്'- പുതുലമുറയെ അധ്യാപകര്‍ പഠിപ്പിക്കേണ്ടത്. അപ്പോളാണ് അപ്പോള്‍ മാത്രമാണ് മാനവികതയുള്ള ഒരു പുതു രാജ്യം ജന്മമെടുക്കുക.
ചുരുക്കത്തില്‍ ഒരു പ്രക്ഷോഭജ്വാല ഉള്ളിലില്ലാത്ത അധ്യാപകര്‍ ഏതെങ്കിലും നയത്തിന്റേയോ, രാഷ്ട്രീയത്തിന്റെയോ, ഏതെങ്കിലും മത ജാതികളുടേയോ ഏജന്റൂമാര്‍ മാത്രമായിതീരും. അധ്യാപനം പടുത്തുയര്‍ത്തേണ്ടത് സ്നേഹത്തിന്റെ മുകളിലാകണമെന്നും, അസൂയയും അഹംബോധവും കിടമത്സരങ്ങളും പഠിപ്പിക്കലല്ലെന്നും അധ്യാപകര്‍ തിരിച്ചറിയുകതന്നെവേണം. ഇത്തരം തിന്മകള്‍ പുണരുകയാണ് അധ്യാപനലക്ഷ്യമെങ്കില്‍ ആ തൊഴില്‍ ഉപേക്ഷിക്കുകയായിരിക്കും നല്ലത്.
Content Highlights: Teachers day 2024
Published: 05 Sept 2024, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented