
സ്ഫടികം ഒരു ചരിത്രമാണ്. ആടു തോമയും ചാക്കോ മാഷുമെല്ലാം പലവുരു കണ്ടുപഠിക്കേണ്ട അതിലെ പാഠങ്ങളാണ്. തികഞ്ഞൊരു വാണിജ്യചിത്രമായിട്ടും ലക്ഷണമൊത്തൊരു ക്ലാസിക്ക് എന്ന പദവി ഒട്ടും സങ്കോചമില്ലാതെയാണ് മലയാളം ഭദ്രന്റെ ചിത്രത്തിന് ചാര്‍ത്തിക്കൊടുത്തത്. അതിന് മുന്‍പും അതിനുശേഷവും നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടും സ്ഫടികത്തിന്റെ പേരില്‍ ഭദ്രന്‍ എന്ന സംവിധായകനെ അടയാളപ്പെടുത്തി. കഴിഞ്ഞ ഇരുപത്തിയെട്ട് കൊല്ലമായി ഭദ്രനെ കാണുന്നവര്‍ക്കൊക്കെ ചോദിക്കാനും പറയാനുമുണ്ടായിരുന്നത് തന്റെ മാസ്റ്റര്‍പീസെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയ സ്ഫടികത്തിന്റെ കഥകള്‍ മാത്രം. ഇക്കണ്ട കാലമത്രയും മറ്റു ചില ചോദ്യങ്ങള്‍ക്ക് കൂടി ഭദ്രന് നിരന്തരം മറുപടി പറയേണ്ടിവന്നു. ആദ്യമൊക്കെ ഇനി എന്നാണ് സ്ഫടികത്തിന് ഒരു രണ്ടാം ഭാഗം എന്നായിരുന്നു. പിന്നീട് റീമേക്ക് ചെയ്യുന്നുണ്ടോ എന്നായിരുന്നു. ഈ ചോദ്യത്തിനെല്ലാം ഉത്തരമായി സ്ഫടികം റീറിലീസിനെത്തി. സാങ്കേതികപരമായി ഏറെ മാറ്റങ്ങളുമായി, കൂടുതല്‍ ദൃശ്യമികവോടെ.
സ്ഫടികം വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത ഇപ്പോഴില്ല. കാരണം കഴിഞ്ഞ ഇരുപത്തിയെട്ടുവര്‍ഷത്തിനിടെ പലയാവര്‍ത്തി ചിത്രം കണ്ടുകഴിഞ്ഞു. ആദ്യം തിയേറ്ററില്‍, പിന്നീട് കണ്ടത് ഒരു ശിവരാത്രി ദിനത്തില്‍ നാട്ടിലെ അമ്പലപ്പറമ്പില്‍ പ്രൊജക്ടര്‍ വച്ച് തുണിവലിച്ചുകെട്ടി നാട്ടുകാര്‍ക്കൊപ്പം. അതൊന്നും കൂടാതെ മാസത്തില്‍ കുറഞ്ഞത് ഒരിക്കലെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ സ്ഫടികം വന്നുകൊണ്ടേയിരിക്കുന്നു. മോഹന്‍ലാലിന്റെ ഒരു ഇടിപ്പടം, അതായിരുന്നു ബാല്യകാലങ്ങളിലെ സ്ഫടികം. എന്നാല്‍ പ്രായമേറും തോറുമാണ് സിനിമയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള പക്വതയെത്തിയത്. ഒരു പക്ഷേ ബോര്‍ഡില്‍ എഴുതിയ കണക്കിന്റെ ഉത്തരം അഞ്ചുനിമിഷം കൊണ്ട് ചെയ്ത് തീരാന്‍ സാധിക്കാത്തതില്‍ കലിപൂണ്ട കണക്കു ടീച്ചര്‍ കൈമൂട്ടിന് മേലേയുള്ള തൊലി നുള്ളിയെടുത്തത് കൊണ്ടായിരിക്കാം. അല്ലെങ്കില്‍ ക്ലാസിലെ ഏറ്റവും മിടുക്കിയായ പെണ്‍കുട്ടിയെ ചൂണ്ടിക്കാട്ടി അവളെ കണ്ടുപഠിക്കാന്‍ ഉപദേശിച്ചത് കൊണ്ടായിരിക്കാം. അങ്ങനെ ചാക്കോ മാഷെ ഓര്‍മിപ്പിക്കുന്ന കഥാപാത്രങ്ങളെ ജീവിതത്തില്‍ പലപ്പോഴും കണ്ടുമുട്ടി.
ടോക്‌സിക് പാരന്റിങിനെക്കുറിച്ചും ടീച്ചിങ്ങിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ വളരെ സജീവമായ സമയത്താണ് സ്ഫടികം വീണ്ടുമെത്തിയത്. ഇന്ന് സ്‌കൂളില്‍ വടിയെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മാതാപിതാക്കളോ അധ്യാപകരോ കുട്ടികളെ കണക്കറ്റ് തല്ലുന്നതും വഴക്കുപറയുന്നതും വളരെ സ്വാഭാവികമായി കണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നാണ് ഭദ്രന്‍ കഥ പറഞ്ഞത്. കുട്ടികളെ ശാരീരികമായി കൈകാര്യം ചെയ്യുന്നത് ഇന്ന് സ്വാഭാവികമല്ല. എന്നാല്‍ മത്സരപരീക്ഷയിലും മറ്റും ഒന്നാമതെത്താന്‍ മാനസികമായി പീഡിപ്പിക്കുന്നതില്‍ നിന്ന് മാതാപിതാക്കളോ അധ്യാപകരോ ഇന്നും പിറകോട്ടുപോയിട്ടില്ല എന്നിടത്താണ് സ്ഫടികത്തിന്റെ പ്രസക്തി. ഒരു പിതാവാകാനോ അധ്യാപകനാവാനോ അര്‍ഹതയില്ലാത്ത വ്യക്തിയായിരുന്നു ചാക്കോ മാസ്റ്റര്‍. അയാളുടെ ക്രൂരമായ പീഡനമാണ് തോമസ് ചാക്കോ എന്ന മിടുമിടുക്കനായ കുട്ടിയെ വെറും ഓട്ടകാലണയുടെ വിലയുള്ള ആടു തോമയാക്കി മാറ്റിയത്. നാടറിയുന്ന റൗഡിയാക്കിയത്. ചാക്കോ മാഷുമാരാന്‍ ജീവിതം ഹോമിക്കപ്പെട്ട ആടു തോമമാര്‍ നമുക്കിടയിലും നിശബ്ദരായി ജീവിക്കുന്നുണ്ടായിരിക്കാം.
അവിടെയും ഇവിടെയും ചിതറിക്കിടന്നിരുന്ന ജീവിതാനുഭവങ്ങളെ ചേര്‍ത്തുവച്ചാണ് ഭദ്രന്‍ സ്ഫടികത്തിന് ജന്‍മം നല്‍കിയത്. കാര്‍ക്കശ്യമല്ല, സ്‌നേഹത്തോടെയുള്ള സമീപനമാണ് ഒരാളില്‍ നല്ല മാറ്റം സൃഷ്ടിക്കുക എന്ന് തെളിയിച്ചുകൊടുത്ത ഒരു അധ്യാപകനുണ്ടായിരുന്നു ഭദ്രന്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ ഡോണ്‍ ബോസ്‌കോ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ ഭദ്രനെ പഠിപ്പിച്ച ഫാ. ആന്‍ഡ്രൂ ദ്വരരാജ്.
എനിക്ക് കണക്ക് ഇഷ്ടമല്ലായിരുന്നു. കണക്ക് ക്ലാസില്‍ ഞാന്‍ എപ്പോഴും പുറത്തായിരുന്നു. ക്ലാസിന് പുറത്ത് തലയും ചൊറിഞ്ഞ് നില്‍ക്കുന്ന ഞാന്‍ ഫാ. ആന്‍ഡ്രൂ ദ്വരരാജിന്റെ കണ്ണില്‍ പെട്ടു. അദ്ദേഹം തമിഴനാണ്. തമിഴിലേ സംസാരിക്കൂ. 'എന്താണ് നിന്റെ പ്രശ്നം നിനക്ക് കണക്ക് അറിയില്ലേ' എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു 'ഇല്ല ഫാദര്‍, കണക്ക് ഭയങ്കര പ്രശ്നമാണ്.' അങ്ങനെ അദ്ദേഹം എന്നെ ഒരു കണക്ക് പഠിപ്പിച്ചു. 'നീ പുസ്തകമെടുത്ത് 40+40 എന്ന് എഴുതൂ,' ഞാന്‍ 80 എന്ന് എഴുതി. ഇനി 40-40 എന്ന് എഴുതാന്‍ പറഞ്ഞു. അത് 0 എന്നും എഴുതി. അപ്പോള്‍ അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു. 'ആരാണ് നിനക്ക് കണക്ക് അറിയില്ല എന്ന് പറഞ്ഞത് നിനക്ക് കൂട്ടാനും കുറയ്ക്കാനും അറിയാമല്ലോ. അതാണെടാ കണക്ക്. അതിലപ്പുറം ഒന്നുമില്ല.' ജീവിതത്തില്‍ ഒരുപാട് ദൂരം പോകുമ്പോള്‍ ഈ കൂട്ടലും കുറക്കലും മാത്രമേ കാണൂ. കണക്കിനെക്കുറിച്ച് അത്രയും ലളിതമായ ഒരു വിവരണം ഞാന്‍ അതിന് മുന്‍പും ശേഷവും കേട്ടിട്ടില്ല. കണക്ക് പഠിക്കാതെ തന്നെ ഇഷ്ടമുള്ള കാര്യങ്ങളിലേക്ക് എനിക്ക് പോകാന്‍ സാധിക്കുമെന്ന തിരിച്ചറിവ് എന്നിലുണ്ടാക്കിയത് ഫാ. ആന്‍ഡ്രൂ ദ്വരരാജാണ്- ഭദ്രന്റെ വാക്കുകള്‍
4കെ ദൃശ്യശ്രവ്യമികവില്‍ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടി പ്രായഭേദമെന്യേ ഏവര്‍ക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതുമായുള്ള ചേരുവകള്‍ പുതിയ സ്ഫടികത്തിലുണ്ട്. എന്നാല്‍ അതിലുമപ്പുറം തിലകന്‍, കെ.പി.എ.സി ലളിത, രാജന്‍ പി ദേവ്, ശങ്കരാടി, നെടുമുടി വേണു, ബഹദൂര്‍, സില്‍ക്ക് സ്മിത, കരമന ജനാര്‍ദ്ദനന്‍ നായര്‍, പി. ഭാസ്‌കരന്‍ മാസ്റ്റര്‍, ജെ. വില്യംസ്, എം.എസ്. മണി, പറവൂര്‍ ഭരതന്‍, എന്‍.എഫ് വര്‍ഗീസ്, എന്‍.എല്‍. ബാലകൃഷ്ണന്‍ തുടങ്ങിയ മണ്‍മറഞ്ഞ പ്രതിഭകളുടെസാന്നിധ്യം ഒരിക്കല്‍കൂടി അനുഭവിക്കാനുള്ള അവസരം കൂടിയാണ് തിയേറ്ററുകളില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. അതെ സ്ഫടികം തിളങ്ങുകയാണ് കൂടുതല്‍ പ്രകാശത്തോടെ....
Content Highlights: Spadikam re release remastered, 4k dolby atmos, Mohanlal Bhadran thilakan KPAC Lalitha opinion
Published: 09 Feb 2023, 04:23 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented