രിമലകയറ്റം കഠിനം. കാലം തെറ്റിവന്ന മഴയും മിന്നലും ആ കയറ്റത്തെ അതി കഠിനമാക്കി. സന്നിധാനമെന്ന വെളിച്ചം കാലുകള്‍ക്ക് കരുത്ത് പകര്‍ന്നതോടെ കല്ലും മുള്ളും കാലിനുമെത്തയായി. അയ്യപ്പനെ ദര്‍ശിക്കാനുള്ള നിശ്ചയദാര്‍ഢ്യം തടസ്സങ്ങളെ നീക്കി ദിവ്യാനുഭവമാക്കി ആ തീര്‍ഥയാത്ര...

To advertise here,

കനത്തമഴയെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള പരമ്പരാഗതകാനന പാതകളില്‍ നിയന്ത്രണംവന്ന ഞായറാഴ്ചയായിരുന്നു ഞങ്ങള്‍ 29 പേരടങ്ങുന്ന സംഘത്തിന്റെ വനയാത്ര. പള്ളിക്കത്തോട് സ്വദേശിളായിരുന്നു തീര്‍ഥാടകര്‍ എല്ലാവരും. മധ്യവയസ്‌ക്കരും രണ്ട് കുട്ടി മണികണ്ഠന്മാരുമടങ്ങിയതായിരുന്നു സംഘം. ഏഴ് മടക്കുകളായുള്ള കരിമലയുടെ അഞ്ചാമത്തെ തട്ടില്‍ നില്‍ക്കുമ്പോള്‍ കാലാവസ്ഥാ മുന്നറിയിപ്പ് കിട്ടി. അടുത്ത അഞ്ച് മണിക്കൂറില്‍ ശക്തമായ സാധ്യതയുണ്ട്. എത്രയുംവേഗം വനത്തിന് പുറത്തുകടക്കാന്‍ ശ്രമിക്കണം. കോരിച്ചൊരിയുന്ന മഴയത്ത് മഴക്കോട്ടും ധരിച്ച് ഊന്നുവടിയുടെ സഹായത്തോടെ ഞങ്ങള്‍ പരമാവധി വേഗത്തില്‍ പാതകള്‍ താണ്ടി. വലിയാനവട്ടവും ചെറിയാനവട്ടവും പിന്നിട്ടതോടെ ആശങ്കകള്‍ക്ക് വിരാമം.

placeholder
കല്ലിടാംകുന്നിൽ കല്ലിടുന്ന അയ്യപ്പന്മാർ

ശനിയാഴ്ച രാത്രി രണ്ട് മണിയോടെയാണ് പരമ്പരാഗത കാനനപാത വഴിയുള്ള തീര്‍ഥാടനം തുടങ്ങിയത്. തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എരുമേലിയില്‍നിന്ന് ഒരു മണിക്കൂര്‍കൊണ്ട് ഇരുമ്പൂന്നിക്കരയിലെത്തി. വിരിപ്പന്തലുകള്‍ നിര്‍മാണഘട്ടത്തിലായിരുന്നതിനാല്‍ വിരിവെക്കാന്‍ കഴിഞ്ഞില്ല. മുന്‍പിലെത്തിയ സ്വാമിമാര്‍ സാധാരണകടകളുടെ വരാന്തയില്‍ വിരിവച്ച് വിശ്രമിക്കുണ്ടായിരുന്നു. ഞങ്ങളും അവിടെ വിരിവെച്ചു കൂടി. രാവിലെ ഏഴിനു ശേഷമേ വനത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കു.

കാനനയാത്ര തുടങ്ങുന്ന കോയിക്കക്കാവ് ഫോറസ്റ്റ് സ്റ്റേഷനുമുന്നില്‍ മുന്നോട്ടുള്ള ഇടത്താവളങ്ങളുടെ ദൂരം സംബന്ധിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. തേക്കിന്‍ കൂപ്പുകളിലൂടെയാണ് യാത്രയ്ക്ക് തുടക്കം. പ്രഭാതത്തിലെ കാട്ടുകോഴികളുടെ കൂവലും കിളികളും ചിലപ്പും കേട്ടാല്‍ നാട്ടില്‍നിന്ന് കാട്ടിലെത്തിയ പ്രതീതി. കാളകെട്ടി ഇടത്താവളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അയ്യപ്പന്മാര്‍ക്ക് ആശ്വാസമായി ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണ കേന്ദ്രമുണ്ട്. ക്ഷേത്ര മൈതാനത്ത് വിരിവെക്കാന്‍ ധാരളം സ്ഥലം. ആരോഗ്യപ്രശ്നമുള്ളവരെ സഹായിക്കാന്‍ മെഡിക്കല്‍ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നുണ്ട്. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ളതാണിത്.

അഴുതയില്‍ മുങ്ങി കല്ലെടുത്താണ് തുടര്‍ന്നുള്ള മലകയറ്റം. കയറ്റം കയറാന്‍ സാഹായകമായി കടകളില്‍നിന്ന് ഊന്നുവടി ലഭിക്കും. 20 രൂപയാണ് ഒന്നിന്റെ വില. കടകളില്‍ നാരങ്ങാവെള്ളം, ഉപ്പുസോഡാ, മോരുംവെള്ളം എന്നിവയും ലഭ്യമാണ്. പലകടകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളില്ല. ഇത് ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പണം ചില്ലറയായി കൈയില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. റെയ്ഞ്ച് ലഭ്യമല്ലാത്തതിനാല്‍ പല സ്ഥലങ്ങളിലും ഓണ്‍ലൈന്‍ പണമിടപാട് സാധ്യമല്ലാതെ വരുന്നുണ്ട്. ഉച്ചയ്ക്കുശേഷം തീര്‍ഥാടകര്‍ക്ക് നിയന്ത്രണം വരുന്നതോടെ കച്ചവടക്കാര്‍ കച്ചവടം അവസാനിപ്പിക്കും പാത്രങ്ങളും മറ്റുപകരണങ്ങളും സൂക്ഷിക്കല്‍ വെല്ലുവിളിയണ്. ബാക്കിവരുന്ന സാധനങ്ങള്‍ കന്നാസുകളില്‍ ശേഖരിച്ച് വലിയമരത്തിനു മുകളില്‍ കെട്ടിത്തൂക്കും. വന്യമൃഗങ്ങളുടെ ശല്യത്തില്‍നിന്ന് സുരക്ഷിതമാക്കാനാണിത്.

placeholder
കച്ചവടം നിർത്തി പാത്രങ്ങളും മറ്റ് കച്ചവട സാധനങ്ങളും കന്നാസിലാക്കി മരത്തിൽ കെട്ടിവയ്ക്കുന്നു. വന്യജീവികളിൽ നിന്ന് സുരക്ഷയ്ക്കായാണിത്. വനത്തിലെ പാതയോരത്തു നിന്നുള്ള കാഴ്ച.

കാനനപാതയില്‍ കണ്‍മുന്നിലെ കൗതുക കാഴ്ചയാവുകയാണ് വമ്പന്‍ ചീനമരം. എരുമേലി-പമ്പ പരമ്പരാഗത കാനനപാതയില്‍ ചീനിത്താവളത്തിലാണ് അയ്യപ്പന്മാരെ ആകര്‍ഷിച്ച് മരം നില്‍ക്കുന്നത്. മരത്തിനു പിന്നില്‍ ആന മറഞ്ഞുനിന്നാല്‍ കാണില്ല. ഇഞ്ചപ്പാറക്കോട്ടയുടെയും മുക്കുഴി ഇടത്താവളത്തിനുമിടയിലാണ് ചീനത്താവളം. കാല്‍നടയായി വരുന്ന അയ്യപ്പഭക്തന്മാര്‍ മരത്തിന്റെ ചുവട്ടില്‍നിന്ന് ഫോട്ടോയെടുക്കാന്‍ തിരക്കു കൂട്ടുകയാണ്. വനത്തില്‍ വന്‍മരങ്ങള്‍ ധാരാളമുണ്ടെങ്കിലും കണ്‍മുന്നിലുള്ളത് ഈ മരമാണ്. മരത്തിന്റെ അളവ് ആധികാരികമായി രേഖപ്പെടുത്തിയിട്ടില്ല. കേരളത്തിലെ ഏറ്റവും വമ്പന്‍ മരമായ നിലമ്പൂര്‍ വെണ്‍തേക്കിനൊപ്പം വരുമെന്നാണ് പാതയിലെ കച്ചവടക്കാരുടെ അവകാശവാദം. കൂടുതല്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നുവെന്നത് മരത്തിന്റെ പ്രത്യേകതയാണത്രെ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഈ മരം ഉപയോഗിക്കാറില്ല. വനത്തിലെ ഇത്തരം വന്‍മരങ്ങള്‍ ഇടിമിന്നലേറ്റാണ് നശിക്കുന്നത്. വീണുകിടന്നു നശിക്കുന്ന മരം വെട്ടിയെടുക്കാറുമില്ല.

കാനനപാതയില്‍ ഈ വര്‍ഷം ആനയുടെ ശല്യം കൂടുതലാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത് പാതയിലേക്കുള്ള ആനത്താരകളിലെല്ലാം സുരക്ഷാവേലി നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ ശല്യക്കാരായ ആനകളെ തുരത്താന്‍ എലിഫന്റ് സ്‌ക്വാഡിനേയും നിയോഗിച്ചിട്ടുണ്ട്. 15 പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് സ്‌ക്വാഡില്‍ ഉള്ളത്, വനവാസികളായ ആദിവാസി യുവാക്കള്‍ ആണ് സ്‌ക്വാഡില്‍. രണ്ടുമാസത്തേക്ക് താല്‍ക്കാലികമായാണ് വനംവകുപ്പ് ഇവരെ നിയമിച്ചിട്ടുള്ളത്. വലിയ ശബ്ദമുള്ള പടക്കം പൊട്ടിച്ചാണ് ഇവര്‍ ആനയെ തുരത്തുന്നത്.

മുക്കുഴിയില്‍നിന്നും വൈകിട്ട് 3 മണി കഴിഞ്ഞാല്‍ തീര്‍ഥാടകരെ കടത്തിവിടില്ല. ശനിയാഴ്ച രാത്രിയോടെയാണ് തെളിഞ്ഞ കാലാവസ്ഥ മാറി മഴയ്ക്ക് തുടക്കമായത്. ആന ഇറങ്ങിയതിനാല്‍ ഞായറാഴ്ച ഏഴരയോടെയാണ് തീര്‍ത്ഥാടകരെ കടത്തിവിട്ടുതുടങ്ങിയത്. മുക്കുഴിയില്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് ഭക്തരെ വനത്തിലേക്ക് കടത്തിവിടുന്നത്. കാനനപാതയില്‍ ഈവര്‍ഷം ആനയുടെ ശല്യം കൂടുതലാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത് പാതയിലേക്കുള്ള ആനത്താരകളിലെല്ലാം ഫെന്‍സിങ് സുരക്ഷാവേലി ഒരുക്കിയിട്ടുണ്ട്.

placeholder
ചീനി താവളത്തിലെ ഭീമൻ ചീനമരം ഇത് അയ്യപ്പന്മാരുടെ ഫോട്ടോ സ്പോട്ടാണ്.

അട്ട 'മൂവ്'സ്വാമി....

പാതയോരത്തെ കടകളില്‍നിന്ന് അയ്യപ്പന്മാരെ വിളിച്ചുകയറ്റുന്ന പതിവുണ്ട്. വെള്ളം കുടിച്ച് പോകാം സ്വാമി, ചൂട് കഞ്ഞി കുടിച്ചുനീങ്ങാം... കനത്ത മഴ പെയ്ത ഞായറാഴ്ച കടകളില്‍നിന്നുയര്‍ന്നത് മറ്റൊരു വിളിയായിരുന്നു. അട്ട മൂവ് സ്വാമി. കരിയിലാംതോടു മുതല്‍ നാലു കിലോമീറ്റര്‍ അട്ടയുടെ ശല്യമുണ്ട്. കാലില്‍ കടിക്കുന്ന അട്ടയെ ഒഴിവാക്കാര്‍ മൂവ് സ്പ്രേ ചെയ്താല്‍ മതി. ഇതിനുള്ള മൂവ് മിക്ക കടകളിലും വില്പനയക്ക് വച്ചിട്ടുണ്ട്. അവ വില്‍ക്കാനാണ് കടക്കാരുടെ വിളി. കടിക്കുന്ന അട്ടയെ വലിച്ചുപറിച്ചെടുക്കുന്നത് അപകടകരമാണ്. ഉപ്പ്, സാനിറ്റൈസര്‍, തുടങ്ങിയവ തീര്‍ഥാടകര്‍ കൈയില്‍ കരുതുന്നത് നല്ലതാണ്. കരിമലമുകളില്‍ ഓക്സിജന്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് വൈദ്യസഹായത്തിന് മാര്‍ഗമില്ല. മഴയത്തുള്ള കരിമലയിറക്കവും വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് പമ്പാതടത്തിലെത്തി. തോരാതെ പെയ്ത മഴ പമ്പയിലെ ജലനിരപ്പ് കുട്ടിക്കൊണ്ടിരുന്നു. മുങ്ങിനിവര്‍ന്ന തീര്‍ഥാടകര്‍ അധികം തിരക്കില്ലാതെ നീലിമലയും താണ്ടി സന്നിധാനത്തെത്താനായി. പേറിയ വേദനകള്‍ ദര്‍ശനപുണ്യത്തില്‍ അലിഞ്ഞുപോയി.

യാത്രയില്‍ തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ടവ:

  • കാനനയാത്രയില്‍ മഴക്കോട്ട് നിര്‍ബന്ധമായും കരുതണം. ചെറുതായി മടക്കി വയ്ക്കാവുന്ന പ്ലാസ്റ്റിക് കോട്ടുകളാണ് നല്ലത്.
  • പരമ്പരാഗത കാനനപാത വഴി നടക്കുന്നവര്‍ അട്ടയെ പ്രതിരോധിക്കാന്‍ മരുന്നുകള്‍ കരുതണം. മൂവ്, ഉപ്പ്, സാനിറ്റൈസര്‍, ഇവയൊക്കെയാവാം.
  • പല സ്ഥലങ്ങളിലും റെയ്ഞ്ച് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പണമിടപാട് സാധ്യമാകില്ല. പണം ചില്ലറയായി കൈയില്‍ കരുതണം.
  • കാനനപാതയില്‍ ഊന്നുവടി സഹായത്തിനായി കരുതാം.
  • കൂട്ടം തിരിഞ്ഞ് യാത്ര ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • നിശ്ചിതപാത വഴി മാത്രം സഞ്ചരിക്കുക കുറുക്കുവഴി തേടാതിരിക്കുക.