തിരുവനന്തപുരം: ക്യാപ്റ്റന്‍ ഡി.പി. സിങ് ഔജല 40 കൊല്ലം മനസ്സില്‍ കാത്തുവെച്ച ആഗ്രഹം ഇരുമുടിക്കെട്ടേന്തുകയാണ് ഈ മണ്ഡലകാലത്ത്. ഇന്ത്യന്‍ നാവികസേന ഹെലികോപ്റ്റര്‍ പൈലറ്റായിരുന്ന ഡി.പി. സിങ്ങിന്റെ ഈ ആഗ്രഹത്തിന് പിന്നില്‍ മറക്കാനാകാത്ത ഒരനുഭവമുണ്ട്.

To advertise here,

1985 മേയ് 18-ന് കൊച്ചിയില്‍നിന്ന് പറന്ന നാവികസേനയുടെ സമുദ്രനിരീക്ഷണ വിമാനം പശ്ചിമഘട്ടത്തില്‍ കാണാതായി. അതില്‍ രണ്ട് മലയാളി വൈമാനികരുണ്ടായിരുന്നു. വിമാനത്തിനായി തിരച്ചില്‍ നടത്തിയ ഹെലികോപ്റ്റര്‍ പൈലറ്റായിരുന്നു ഡി.പി. സിങ് ഔജല. കാര്‍മേഘം നിറഞ്ഞ ആകാശം. എന്നിട്ടും തിരച്ചില്‍ തുടര്‍ന്നു. വൈകുന്നേരത്തോടെ ഹെലികോപ്റ്ററില്‍ ഇന്ധനം കുറഞ്ഞുതുടങ്ങി. ഏറെനേരം പറന്നിട്ടും ഇറക്കാന്‍ ഒരിടം കണ്ടെത്താനായില്ല. ഒടുവില്‍ മഴയില്‍ മലകള്‍ക്കിടയില്‍ തെളിഞ്ഞുവന്ന ആ മൈതാനത്തേക്ക് ഹെലികോപ്റ്റര്‍ ഇറക്കി.

placeholder
അവിടെക്കൂടിയവരോട് സ്ഥലമേതെന്ന് തിരക്കി. മണ്ഡലകാലം കഴിഞ്ഞ് വിജനമായ പമ്പ ബസ്സ്റ്റാന്‍ഡിലാണ് കോപ്റ്റര്‍ ഇറക്കിയതെന്ന് അപ്പോഴാണ് മനസ്സിലായത്. അയ്യപ്പസന്നിധിയാണ് അഭയമേകിയതെന്ന് അറിഞ്ഞപ്പോള്‍ സിങ് ആ മണ്ണിനെ ചുംബിച്ചു. ഉറങ്ങാതിരുന്ന ആ രാത്രി മുഴുവനും അദ്ദേഹം ആഗ്രഹിച്ചത് അയ്യനെ ദര്‍ശിക്കണമെന്നായിരുന്നു. പത്തുദിവസത്തിനുശേഷം തകര്‍ന്ന വിമാനവും വൈമാനികരുടെ കത്തിക്കരിഞ്ഞ ശരീരവും മംഗളാദേവിക്ക് സമീപം കണ്ടെത്തി.

1990-ല്‍ പഞ്ചാബില്‍ സീനിയര്‍ ഹെലികോപ്റ്റര്‍ പൈലറ്റായി ജോലിക്കയറ്റം കിട്ടിയ സിങ് 2023-ല്‍ വിരമിച്ചു. അതില്‍പിന്നെ പതിനെട്ടാംപടി കയറണമെന്ന ആഗ്രഹം പ്രിയസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ ക്യാപ്റ്റന്‍ ശ്രീനാഗേഷ് ബി. നായരെ അറിയിച്ചപ്പോള്‍ ഈ മണ്ഡലകാലത്ത് ഒന്നിച്ചുപോകാമെന്ന ഉറപ്പുകിട്ടി. 17-നാണ് ഡി.പി. സിങ്ങിന്റെ കന്നിയാത്ര. ഒപ്പം ഭാര്യ ബിന്നി ഔജലയും.