തിരുവനന്തപുരം: നിരൂപണമെന്ന പേരിൽ സിനിമകളെ തകർക്കാൻ റിവ്യൂ ബോംബിങ് നടത്തുന്ന ഓൺലൈൻ വിമർശകർക്കെതിരേ ഹൈക്കോടതിക്കുപിന്നാലെ സർക്കാരും പിടിമുറുക്കുന്നു. ഹൈക്കോടതിയുടെ തീരുമാനം അനുസരിച്ച് മറ്റുനടപടികളിലേക്കു സർക്കാർ കടക്കും.

To advertise here,

വ്യവസായമായിക്കണ്ട് സിനിമാമേഖലയെ സംരക്ഷിക്കണമെന്നാണ് സർക്കാരിന്റെയും നിലപാട്. സിനിമയെ തകർക്കുന്ന പുതിയ നിരൂപണ സംസ്കാരത്തെ നിയമപരമായി എങ്ങനെ നേരിടാമെന്നത് സർക്കാർ പരിശോധിക്കും.

റിലീസ് ചെയ്യുന്ന ദിവസംതന്നെ ക്ലൈമാക്സ് അടക്കം വെളിപ്പെടുത്തി വിദഗ്ധരെന്ന ഭാവത്തിലാണ് റിവ്യൂ ബോംബിങ്. ഇതിനുപിന്നിൽ സാമ്പത്തിക ലക്ഷ്യം ഉണ്ടെന്ന് സർക്കാരിനും ബോധ്യപ്പെട്ടു. ഹൈക്കോടതിയുടെ ഇടപെടലിൽ ഒമ്പതാളുകളുടെ പേരിലുള്ള പോലീസ് കേസിന്റെ തുടർനടപടിക്കു സർക്കാരിന്റെ പിന്തുണയുണ്ടാകും.

നയത്തിൽ പരിരക്ഷ ഉറപ്പാക്കും

സർക്കാർ കൊണ്ടുവരുന്ന ചലച്ചിത്രനയത്തിൽ റിവ്യൂബോംബിങ് പ്രവണതയ്ക്ക് എതിരേയും സിനിമയുടെ രക്ഷയ്ക്കും സമഗ്ര ചട്ടമുണ്ടാകും. സിനിമാരംഗത്തെ സംഘടനകളുടെ അഭിപ്രായവും തേടുന്നുണ്ട്. പണംമുടക്കി സിനിമകാണുന്നവർക്ക് സിനിമയെ അനുകൂലിച്ചോ എതിർത്തോ മാന്യമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സംരക്ഷിച്ചുതന്നെയായിരിക്കും സർക്കാരും ചലച്ചിത്രനയ രൂപവത്കരണ സമിതിയും മുന്നോട്ടുപോവുക. 

ഗൗരവത്തോടെ കാണുന്നു

റിവ്യൂ ബോംബിങ് നിയന്ത്രിക്കണമെന്നതിൽ സംശയമില്ല. എങ്ങനെവേണമെന്ന് കോടതിയുടെ അഭിപ്രായംകേട്ട് തീരുമാനിക്കും. നിയന്ത്രണത്തിന് വ്യവസ്ഥകൾ ഉണ്ടാക്കേണ്ടിവരും.

-സജി ചെറിയാൻ, സാംസ്കാരിക വകുപ്പ് മന്ത്രി

വിമർശനം ക്രിമിനൽ പ്രവർത്തനമായി

മാന്യമായ തൊഴിലായിരുന്ന ചലച്ചിത്രനിരൂപണം ഇപ്പോൾ ക്രിമിനൽപ്രവർത്തനമായി. ചലച്ചിത്രമേഖലയുടെ സംരക്ഷണം ഉറപ്പാക്കിയായിരിക്കും സിനിമാനയം. ആശാസ്യമല്ലാത്ത പ്രവണതകൾ നേരിടാൻ വ്യവസ്ഥകൾ ഉൾപ്പെടുത്തും.

-ഷാജി എൻ. കരുൺ, ചെയർമാൻ, സിനിമാനയരൂപവത്കരണ സമിതി