രാമനും സീതയ്ക്കും ലക്ഷ്മണനും വനവാസത്തിനു അണിയാണുള്ള മരവുരി കൈകേയി അവര്‍ക്കു നല്‍കുമ്പോല്‍ ഇതു കണ്ട്  കോപിഷ്ഠനായ വസിഷ്ഠ മഹര്‍ഷി, കൈകേയി രാമനു മാത്രമേ വനവാസം വിധിച്ചുള്ളുവെന്നും സീത സാധാരണ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു തന്നെ കാട്ടില്‍ പോകുമെന്ന് അറിയിക്കുന്നുണ്ട് രാമായണത്തില്‍ .പിതാവിനോടും മാതാക്കളോടും ഗുരുവിനോടും പൗരജനങ്ങളോടും യാത്ര ചോദിച്ചുകൊണ്ടാണ് രാമന്‍ വനത്തിലേക്കു പോകുന്നത്. പിതാവിന്റെ വാക്കിനെ അക്ഷരം പ്രതി അനുസരിക്കുന്നവനാണ് ഉത്തമനായ പുത്രനെന്ന ഘര്‍മ്മ വാക്യം രാന്‍ ഇവിടെ കാണിച്ചു തരുന്നു. ഇവിടെ ദശരഥരാജാവ് ക്രോധത്തില്‍, 'നിന്റെ പുത്രനോട് കൂടി നിന്നെ ഞാന്‍ ഉപേക്ഷിച്ചു' എന്നു കൈകേയിയെ ശപിക്കുന്നുണ്ട്.
വനത്തിലേക്കുള്ള യാത്രയില്‍ ശൃംഗവേരത്തിലെ നിഷാദരാജാവായ ഗുഹന്‍ രാമനെ സ്വീകരിച്ചു സല്‍ക്കാരം അരുളിയെങ്കിലും തനിക്കു അവ ഒക്കെ ഇപ്പോള്‍ വര്‍ജ്ജ്യമാണെന്നു പറഞ്ഞു കൊണ്ട് രാമന്‍ സ്നേഹത്തോടെ അവ നിരസിച്ചു.  വനവാസികളെ പോലെ ജടാമകുടമണിഞ്ഞ രാമലക്ഷ്മണന്മാര്‍ സുമന്ത്രരെ അയോധ്യയിലേക്കു മടക്കി അയച്ചു. തുടര്‍ന്ന് ഗുഹന്‍ തന്റെ തോണിയില്‍ അവരെ ഗംഗ കടത്തുന്നു, പതിനാലു വർഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടാമെന്നു രാമന്‍ ഗുഹന് വാക്കു കൊടുക്കുന്നു.ചുടര്‍ന്നു രാമന്റെ രണ്ടാം ഘട്ട വനയാത്ര ആരംഭിക്കുകയാണ്.

To advertise here,

സുമന്ത്രര്‍ അയോധ്യയിലെത്തി, രാമലക്ഷണന്മാരും സീതയും കാനനത്തിലേക്കു യാത്രയായതായി എല്ലാവരെയും അറിയിക്കുന്നു. പ്രിയപുത്രന്റെ വിരഹവും, മുന്‍പ് താന്‍ ആളറിയാതെ ആനയാണെന്നു കരുതി ഇരുട്ടത്ത് അസ്ത്രമെയ്തു കൊന്ന ശ്രവണകുമാരന്റെ അന്ധരും വൃദ്ധരുമായ മാതാപിതാക്കള്‍ നല്‍കിയ ശാപം മൂലവും അത്യധികമായ പുത്രവിയോഗദുഃഖത്താല്‍ ദശരഥന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. അച്ഛന്റെ ജഡം യഥാവിധി സംസ്‌കരിച്ചിട്ടു ശേഷക്രിയകളും ചെയ്തു ഭരതശത്രുഘ്‌നന്‍മാര്‍ രാമനെ തിരിച്ചു കൊണ്ടു വരാനായി ആചാര്യന്മാരോടും മാതാക്കളോടും ചതുരംഗസേനയോടും പൗരപ്രജകളോടും സര്‍വവിധ രാജകീയ ചിഹ്നങ്ങളോടും കൂടെ കാട്ടിലേക്ക് പുറപ്പെടുന്നു. ദൂരെ നിന്നും പടയോട് കൂടിയ ഭരതന്റെ വരവ് കണ്ട ലക്ഷണന്‍ തെറ്റിദ്ധരിച്ചു ഭരതനോടു യുദ്ധത്തിനൊരുങ്ങുമ്പോള്‍ രാമന്‍ അത് തടയുന്നു. ദൂരെ നിന്നു തന്നെ രാമനെ കണ്ട ഭരതന്‍ ഓടിവന്നു രാമന്റെ പാദങ്ങളില്‍ വീഴുന്നു. അച്ഛന്റെ മരണവര്‍ത്തായറിഞ്ഞ രാമന്‍ മൂര്‍ച്ഛിച്ച് വീഴുകയും ബോധം തെളിഞ്ഞപ്പോള്‍ കുട്ടികളെ പോലെ വാവിട്ടു കരയുകയും ചെയ്തു. ശേഷം രാമലക്ഷ്മണര്‍ മന്ദാകിനിയിലിറങ്ങികുളിച്ച്  അച്ഛന് ബലിപിണ്ഡം സമര്‍പ്പിച്ചു.

രാമനെ തിരിയെ അയോധ്യയിലേക്ക് മടക്കി കൊണ്ടു വന്നു രാജാവായി വാഴിക്കാന്‍ ഭരതന്‍ ആവോളം ശ്രമിച്ചിട്ടും രാമന്‍ തന്റെ തീരുമാനത്തില്‍ നിന്നും അണുവിട ഇളകിയില്ല.
രാമന്റെ തീരുമാനം മാറ്റാന്‍ നിരാഹാരത്തിനൊരുങ്ങിയ ഭരതനെ സിദ്ധന്മാരും ദേവര്‍ഷികളും കൂടി പിന്തിരിപ്പിച്ചു. പതിനാലു വര്‍ഷത്തിന് ശേഷം വനവാസം പൂര്‍ത്തിയാകുമ്പോള്‍ താന്‍ അയോധ്യയില്‍ തിരിച്ചെത്തി രാജാവായി വാണു കൊള്ളാമെന്നു രാമന്‍ ഭരതന് ഉറപ്പു നല്‍കുന്നു. അവസാനം ഭരതന്‍ രാമന്റെ പാദുകങ്ങള്‍ ആവശ്യപ്പെടുകയും, അവയെ രാജാസിംഹാസനത്തില്‍ വെച്ചു പൂജിച്ചു രാമന്റെ പ്രതി പുരുഷനായി രാമനെ പോലെ തന്നെ താപസവേഷത്തില്‍ അയോധ്യക്കുപുറത്തു നന്ദിഗ്രാമത്തില്‍ വസിച്ചു കൊണ്ട് നാട് ഭരിക്കുമെന്നു ഭരതന്‍ സമ്മതിക്കുന്നു. പതിനാലു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം രാമന്‍ അയോധ്യയില്‍ വന്നെത്തിയില്ലെങ്കില്‍ താന്‍ അഗ്‌നിപ്രവേഷം ചെയ്യുമെന്നും കൂടി ഭരതന്‍ പറഞ്ഞു. രാമപാദുകങ്ങളും ശിരസ്സില്‍ ഏറ്റികൊണ്ടു ഭരതനും പരിവാരങ്ങളും മടങ്ങി പോയി.

ഭരതനും അമ്മമാരും ജനങ്ങളും വിടപറഞ്ഞ ആശ്രമത്തില്‍ വസിച്ചാല്‍ തന്നില്‍ പലപല ഓര്‍മ്മകളും അങ്കുരിക്കുമെന്നു കരുതിയാണ് രാമന്‍ ചിത്രകൂടമുപേക്ഷിച്ച് ദണ്ഡകാരണ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലോട്ട് യാത്രയാകുന്നത്..അത്രി മഹര്‍ഷിയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്ന അവരെ മുനി സ്‌നേഹാദരവോടെ സ്വീകരിച്ചു. മഹര്‍ഷി പത്നി അനസൂയ സീതയെ മകളെ പോലെകണ്ടു ദിവ്യമായ ആഭരണങ്ങള്‍ സമ്മാനിച്ചു. മഹര്‍ഷിയോട് വിട പറഞ്ഞു മൂവരും യാത്ര തുടരവേ വിരാധന്‍ എന്ന രാക്ഷസന്‍ സീതയെ അപഹരിച്ചു. ആയുധങ്ങളേറ്റു മരിക്കില്ല എന്നു വരബലമുള്ള വിരാധനെ രാമലക്ഷ്മണന്മാര്‍ അംഗഭംഗം വരുത്തി മണ്ണില്‍ കുഴിച്ചിട്ടപ്പോള്‍ വിരാധനു മോക്ഷം ലഭിക്കുകയും, അവന്‍ വീണ്ടും തുമ്പുരു എന്ന ഗന്ധര്‍വനായി തീരുകയും ചെയ്തു. വിരാധനിര്‍ദ്ദേശപ്രകാരം അവര്‍ സുതീഷ്ണ മുനിയെ ദര്‍ശിച്ചു. രാമന്റെ ദര്‍ശനം ലഭിച്ചു സായൂജ്യമടഞ്ഞ മുനി അവരുടെ മുന്നില്‍ വെച്ചു അഗ്‌നിപ്രവേശം ചെയ്തു ബ്രഹ്മലോകം പൂകി.അതിനുശേഷം അവിടെയുള്ള മുനിമാരുടെ പേടിസ്വപ്നമായ രാക്ഷസന്മാരെ വധിച്ചു കൊള്ളാമെന്നു രാമന്‍ പ്രതിജ്ഞ ചെയ്തു.

പിന്നീട് ശരഭംഗ മുനിയെ കണ്ടു വന്ദിച്ച് വീണ്ടും അവിടെ എത്തുമെന്ന് രാമന്‍ വാക്കു കൊടുത്തു. ഇങ്ങനെ ഓരോ പുണ്യാശ്രമങ്ങള്‍ സന്ദര്ശിച്ചു പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം മൂവരും വീണ്ടും ശരഭംഗാശ്രമത്തില്‍ എത്തിച്ചേര്‍ന്നു. മുനിയുടെ നിര്‌ദേശമനുസരിച്ചു മൂവരും അഗസ്ത്യാശ്രമത്തിലേക്കു പുറപ്പെട്ടു. മാനംമുട്ടേ വളര്‍ന്ന വിന്ധ്യന്റെ അഹങ്കാരം ശമിപ്പിച്ച, കാവേരിയെ ദക്ഷിണഭാരതത്തില്‍ എത്തിച്ച, മഹാസമുദ്രം കൈക്കുമ്പിളിലാക്കി കുടിച്ചു വറ്റിച്ച, വാതാപിയെയും ഇല്വലനേയും വധിച്ച മഹാത്മാവായ കുംഭസംഭവന്‍ ആഗസ്ത്യ മുനി അത്യധികം സന്തോഷത്തോടെ മൂവരെയും സ്വീകരിച്ചുപചരിച്ചു.പണ്ട് ദേവന്മാര്‍ക്കു വേണ്ടി മഹാവിഷ്ണു അസുരനാശം വരുത്താനുപയോഗിച്ച വില്ലും അമ്പൊഴിയാത്ത രണ്ടു ആവനാഴിയും മുനി രാമനു സമ്മാനിച്ചു. മഹര്‍ഷിയുടെ നിര്‍ദേശപ്രകാരം സീതാരാമലക്ഷ്മണന്‍മാര്‍ ശേഷിച്ച വനവാസകാലം ഗോദാവരിയുടെ തീരത്തുള്ള പഞ്ചവടി എന്ന സ്ഥലത്തു പര്‍ണാശാല കെട്ടി സസുഖം ജീവിച്ചു.
പഞ്ചവടിയിലെ ഒരു വട വൃക്ഷത്തിന്റെ കൊമ്പില്‍ മൂവരും ദശരഥന്റെ സുഹൃത്തും അരുണന്റെ പുത്രനും ഭീമാകാരനുമായ ജടായു എന്ന കഴുകനെ പരിചയപെട്ടു. തന്റെ പുത്രിയെപോലെ

സീതയെ എന്നും രക്ഷിച്ചു കൊള്ളാമെന്നു ജടായു രാമനു വാക്കു നല്‍കുന്നു. ഒരു ദിവസം പഞ്ചവടിയില്‍ എത്തിചേര്‍ന്ന രാവണ സഹോദരി ശൂര്‍പ്പണഖ രാമനെ കണ്ടു മോഹിതയായി, അദ്ദേഹത്തെ പതിയാക്കാനുള്ള അത്യാഗ്രഹത്തോടെ രാമനെ സമീപിച്ചു. താന്‍ ഏകപത്‌നി വ്രതന്‍ ആണെന്ന് പറഞ്ഞു രാമനെ അവളെ ലക്ഷ്മണനു സമീപമയച്ചു. താന്‍ ജ്യേഷ്ഠന്റെ വെറും സേവകന്‍ മാത്രമാണെന്നും പറഞ്ഞു ലക്ഷണന്‍ അവളെ തിരിച്ചു രാമന്റെ സമീപത്തേക്കും അയച്ചു. ഇതു തുടര്‍ന്നപ്പോള്‍ കോപിഷ്ഠയായ ശൂര്‍പ്പണഖ സീതയെ കൊല്ലാന്‍ ശ്രമിക്കുകയും ലക്ഷ്മണന്‍ അവളുടെ മൂക്കും ചെവികളും ഛേദിച്ചു നിലത്തിടുകയും ചെയ്തു.

ശൂര്‍പ്പണഖ നേരെ ചെന്നു ആര്‍ദ്ധസഹോദരന്മാരായ ഖര ദൂഷണന്മാരോട് ആവലാതി പറഞ്ഞു. ഖരന്‍ അയച്ച പതിനാലു രാക്ഷവീരന്മാരെ രാമന്‍ വധിച്ചു. കോപിഷ്ഠനായ വന്ന ഖരനെയും ദൂഷണനെയും ത്രിശിരസ്സിനെയും അവരുടെ പതിനാലായിരം വരുന്ന രാക്ഷസൈന്യത്തെയും രാമന്‍ ഒറ്റക്ക് നിന്നു വെറും മൂന്നേ മുക്കാല്‍ നാഴിക കൊണ്ടു കാലപുരിക്കയച്ചു.
യുദ്ധത്തില്‍ കൊല്ലപ്പെടാതെ ശേഷിച്ച അകമ്പനന്‍ എന്ന രാക്ഷസനോടൊപ്പം ശൂര്‍പ്പണഖ ലങ്കയിലേക്കു ആകാശമാര്‍ഗേണ പോയി. സീതയെ രാവണനുവേണ്ടി താന്‍ കൊണ്ടു വരാന്‍ നോക്കിയപ്പോഴാണ് തനിക്കു ഈ ദുര്‍വിധി ഉണ്ടായതെന്നു അവള്‍ കള്ളം പറഞ്ഞു. രാവണന്റെ മുന്നില്‍ അവള്‍ സീതയുടെ വിശദമായ സൗന്ദര്യവര്‍ണ്ണന നടത്തി. രാമനെ കൊന്നു സീതയെ സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ രാവണനെ പോലെ ഭാഗ്യവാനായി വേറെയാരും ഉണ്ടാകില്ല എന്നവള്‍ വ്യക്തമാക്കി.
 

രാവണന്‍ അമ്മാവനായ മാരീചനെ ഭീഷണിപെടുത്തി തന്നോടൊപ്പം സീതയെ അപഹരിക്കാനായി കൂടെ കൊണ്ടു പോയി. ദുഷ്ടനായ രാവണന്റെ കയ്യാല്‍ മരിക്കുന്നതിലും ശ്രേഷ്ഠം ധര്‍മ്മിഷ്ഠനായ രാമന്റെ കൈകൊണ്ടുള്ള മരണമാണെന്നു കരുതി മാരീചന്‍ സ്വന്തം വിധി സ്വയം തെരഞ്ഞെടുത്തു. പഞ്ചവടിയില്‍ എത്തിച്ചേര്‍ന്ന മാരീചന്‍ രാവണന്റെ ഇച്ഛ പോലെ ഇന്ദ്രനീലശോഭയാര്‍ന്ന ഒരു മാനായി മാറി. മാനിനെ കണ്ട സീത അതിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. മായാമാനില്‍ ലക്ഷ്മണന്‍ സംശയം പ്രകടിപ്പിച്ചെങ്കിലും സീതയുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ രാമന്‍, ലക്ഷ്മണനെ സീതയുടെ കാവലിനു നിറുത്തി മാനിന്റെ പിന്നാലെ പോയി. മാരീചനായ മാന്‍ രാമനെ പര്‍ണശാലയില്‍ നിന്നു ദൂരെ അകറ്റി. ഒടുവില്‍ രാമന്‍, മാന്‍ രാക്ഷസമായ ആണെന്നു തിരിച്ചറിഞ്ഞു അതിനെ ലക്ഷ്യമാക്കി ബാണം എയ്തു.രാമബാണമേറ്റ മാരീചന്‍ മരിക്കുന്നതിന് മുന്നേ രാമന്റെ ശബ്ദത്തില്‍ രക്ഷിക്കണേ എന്നു ഉറക്കെ കരഞ്ഞു.
അതു കേട്ടു ഭയപ്പെട്ടു സീത ലക്ഷ്മണനോട് രാമനെ തിരഞ്ഞു ഉടന്‍ തന്നെ പുറപ്പെടാന്‍ ആവശ്യപെടുന്നു. ഇതു രാക്ഷസന്റെ മായയാണ് എന്നൊക്കെ ലക്ഷ്മണന്‍ സീതയോട് പറഞ്ഞെങ്കിലും സീത ഒന്നും ചെവിക്കൊണ്ടില്ല. ലക്ഷ്മണനോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത കുത്തുവാക്കുകള്‍ സീത പറയുന്നു. ഒടുവില്‍ സീത ആത്മഹത്യ ഭീഷണി  മുഴക്കിയപ്പോള്‍ ഗത്യന്തരമില്ലാതെ ലക്ഷ്മണന്‍ രാമനെ തിരഞ്ഞു പോയി.

ഇതേ സമയം ആശ്രമത്തിനു സമീപം മറഞ്ഞു നിന്നു രാവണന്‍ ഒരു മുനിയുടെ വേഷത്തില്‍ വന്നു സീതയോട് ഭിക്ഷ അവശ്യപ്പെട്ടു. ഭിക്ഷ നല്കാതിരിക്കുന്നത് പാപം ആണെന്ന് കരുതി പുറത്തിറങ്ങിയ സീതയോട് താന്‍ ആരെന്നു രാവണന്‍ വെളിപ്പെടുത്തുന്നു. ശേഷം ഭയന്നു പോയ സീതയെ രാവണന്‍ ബലപൂര്‍വം പുഷ്പകവിമാനത്തില്‍ പിടിച്ചിരുത്തി ലങ്കയിലേക്കു യാത്രയായി.
തന്നെ അന്വേഷിച്ചു വരുന്ന ലക്ഷ്മണനില്‍ നിന്നു നടന്ന കാര്യങ്ങള്‍ ഗ്രഹിച്ച രാമന്‍ സംഭീതനായി ആശ്രമത്തിലേക്കു ഓടുന്നു അവിടെ സീതയെ കാണാതെ പരിഭ്രമിച്ച രാമന്‍ സീതയെ രാക്ഷസര്‍ അപഹരിച്ചു എന്നു തീര്‍ച്ചപ്പെടുത്തുന്നു. മനോനില തെറ്റിയവനെ പോലെ പെരുമാറിയ രാമന്‍ വൃക്ഷങ്ങളോടും മൃഗങ്ങളോടും സീതയെ കണ്ടോ എന്നു പുലമ്പുന്നു. ലക്ഷമണന്റെ ആശ്വാസവചനങ്ങളില്‍ സമചിത്താനായ രാമന്‍ അനുജനോടൊപ്പം സീതയെ അന്വേഷിച്ചിറങ്ങുന്നു.

പമ്പാ സരസ് കടന്നു രാമലഷ്മണന്മാര്‍ ഋശ്യമൂകം ലക്ഷ്യമാക്കി നീങ്ങുന്നു. പര്‍വതത്തിന്റെ മുകളില്‍ ഇരുന്ന സുഗ്രീവന്‍ ആയുധ ധാരികളായ രണ്ടു പുരുഷന്മാരെ ദൂരെ കണ്ടു, അവര്‍ തന്നെ വധിക്കാന്‍ ജ്യേഷ്ഠന്‍ ബാലി അയച്ച ചാരന്മാര്‍ ആണോയെന്നു സംശയിക്കുന്നു.സത്യാവസ്തയറിഞ്ഞു വരാന്‍ തന്റെ ബുദ്ധിമാനായ മന്ത്രി ഹനുമാനെ സുഗ്രീവന്‍ അങ്ങോട്ടയച്ചു.എന്തെങ്കിലും ചതി പറ്റാതെ ഇരിക്കുവാനായി സന്യാസിവേഷത്തില്‍ ഇരുവരുടെയും മുന്നില്‍ എത്തിയ ഹനുമാന്റെ കഴിവിലും ജ്ഞാനത്തിലും വാക്‌സാമര്‍ഥ്യത്തിലും രാമനു പ്രീതിയുണ്ടാകുന്നു. ലക്ഷമണനില്‍ നിന്നും വാസ്തവം ഗ്രഹിച്ച ഹനുമാന്‍ താനാരെന്നു വെളിപ്പെടുത്തുന്നു.തുടര്‍ന്ന് ഹനുമാന്‍ സ്വന്തം രൂപത്തില്‍ രണ്ടു പേരെയും തോളില്‍ ചുമന്നു സുഗ്രീവന്റെ അടുത്തെത്തിച് എല്ലാ കാര്യങ്ങളും വിശദമാക്കുന്നു.

സുഗ്രീവനും കൂട്ടരും വാനര രൂപം വെടിഞ്ഞു മനുഷ്യരൂപത്തില്‍ ഇരുവരുടെയും മുന്നില്‍ എത്തി.രാമനും സുഗ്രീവനും ഹനുമാന്റെ നിര്‍ദേശപ്രകാരം അഗ്‌നി കൊളുത്തി സഖ്യം ചെയ്യുന്നു.സുഗ്രീവനെ നിഷ്‌കരുണം രാജ്യത്തില്‍ നിന്നും നിഷ്‌കാസനം ചെയ്തു അദ്ദേഹത്തിന്റെ പത്‌നിയെ തട്ടിയെടുത്ത ജ്യേഷ്ഠനും കിഷ്‌കിന്ധയുടെ രാജാവുമായ ബാലിയെ വധിച്ചു സുഗ്രീവനെ രാജാവായി വാഴിക്കാമെന്നു രാമനും പകരം തന്റെ സേനയെ ഉപയോഗിച്ചു സീതയെ കണ്ടെത്തി വീണ്ടെടുക്കാന്‍ സഹായിക്കാമെന്ന് സുഗ്രീവനും പരസ്പരം വാക്കു കൊടുത്തു.
സുഗ്രീവന്‍ രാമന്റെ പിന്‍ബലത്തില്‍ കിഷ്‌കിന്ധയിലെത്തി ബാലിയെ വെല്ലുവിളിച്ചു. ബാലിയും സുഗ്രീവനും തമ്മില്‍ യുദ്ധം ചെയ്യുന്നതിന്റെ ഇടക്ക് ബാലിയെ മറഞ്ഞിരുന്നു ബാണം എയ്തു വധിക്കാന്‍ ശ്രമിച്ച രാമനു സഹോദരന്മാര്‍ രണ്ടുപേരും തമ്മിലുള്ള രൂപസാദൃശ്യം മൂലം ബാലിയെ തിരിച്ചറിഞ്ഞു അസ്ത്രമയക്കാന്‍ സാധിച്ചില്ല. ബാലിയുടെ മര്‍ദനത്താല്‍ അവശനായ സുഗ്രീവന്‍ ഓടി രക്ഷപ്പെട്ടു. സുഗ്രീവനെ യുദ്ധത്തിനിടയില്‍ തിരിച്ചറിയാന്‍ വേണ്ടി രാമന്‍ അദ്ദേഹത്തെ ഒരു പൂമാല അണിയിപ്പിച്ചു. ബാലിയെ വീണ്ടും വെല്ലുവിളിച്ച സുഗ്രീവനോട്, ബാലിയുടെ പത്‌നിയായ താര തടഞ്ഞിട്ടു കൂടി ബാലി യുദ്ധത്തിന് ഇറങ്ങി. പോരിനിടയില്‍ ബാലിയെ രാമന്‍ ഒളിയമ്പെയ്തു. മരണക്കിടക്കയില്‍ കിടന്നു കൊണ്ടു, മര്യാദപുരുഷോത്തമനായ രാമന്‍ തന്നെ ഒളിയമ്പെയ്തതു മൂലം അധര്‍മം പ്രവര്‍ത്തിച്ചു എന്നൊക്കെ പറഞ്ഞു രാമനെ ബാലി വിമര്‍ശിക്കുന്നു.

സീത ലങ്കയിലുണ്ടെന് മാരുതി രാമനെ അറിയിച്ചു. എത്രയും പെട്ടന്ന് രാവണനെ വധിച്ചു സീതയെ വീണ്ടെടുക്കുന്നതിനായി രാമനും സംഘവും ഉത്രം നക്ഷത്രത്തിലെ 'വിജയം' എന്ന ശുഭമുഹൂര്‍ത്തത്തില്‍ വന്‍പടയോട് കൂടെ ലങ്കയിലേക്കു പുറപ്പെട്ടു. സമുദ്രതീരതെത്തിയ രാമനും ലക്ഷ്മണനും സുഗീവനും വാനരപ്പടയും അവിടെ തമ്പടിച്ചു, സമുദ്രം കടക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചു ആലോചിച്ചു. ജലാധി ദേവനായ വരുണനെ പ്രസാദിപ്പിച്ചു സമുദ്രത്തെ തരണം ചെയ്യാന്‍ മാര്‍ഗം കാട്ടിത്തരാന്‍ വേണ്ടി രാമന്‍ മൂന്നു ദിവസം സമുദ്രതീരത്തു ദര്‍ഭ വിരിച്ചു കിഴക്കോട്ടു തലവെച്ചുകിടന്നു ധ്യാനമിരുന്നെങ്കിലും സാഗരദേവന്‍ പ്രത്യക്ഷപെട്ടില്ല. കുപിതനായ രാമന്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു സമുദ്രത്തെ വറ്റിക്കാന്‍ ഒരുങ്ങിയപ്പോള്‍ സാഗരദേവന്‍ അദ്ദേഹത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ മീതെ വാനരന്മാരെ കൊണ്ടു ചിറ കെട്ടിച്ചു ലങ്കയിലേക്കു കടക്കാനും, താന്‍ അതു തിരമാലകള്‍ മൂലം ചിതറിപ്പോവാതെ പൃഷ്ടോപരി താങ്ങി നിര്‍ത്തികൊള്ളാമെന്നും വരുണന്‍ രാമനെ അറിയിച്ചു. വരുണദേവന്റെ നിര്‍ദ്ദേശമനുസരിച്ചും രാമന്റെ കല്പനയിലും വിശ്വകര്‍മ്മാവിന്റെ പുത്രനായ നളന്റെ മേല്‍നോട്ടത്തിലും കോടിക്കണക്കിന് വരുന്ന വാനരപ്പട  സമുദ്രത്തിനു മീതെക്കൂടെ ലങ്കയിലേക്കുള്ള സേതുവിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. തുടര്‍ന്നു ലങ്കയിലെത്തിയ രാമന്‍ രാവണനെ വധിക്കുന്നു.