
കൊല്ലം: അധ്യയനവർഷം ആരംഭിക്കുമ്പോൾ കുട്ടികൾക്കായി വിദ്യാലയങ്ങളിൽ 'പുതിയ' പരാതിപ്പെട്ടികൾ വരും. വർഷങ്ങൾക്കുമുൻപുതന്നെ സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചിരുന്നെങ്കിലും കുട്ടികൾക്ക് നിർഭയമായി പരാതി എഴുതിയിടാനുള്ള സൗകര്യമുണ്ടായിരുന്നില്ല.
ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലുമാണ് നേരത്തേ പരാതിപ്പെട്ടികൾ സ്ഥാപിച്ചിരുന്നത്. മിക്ക വിദ്യാലയങ്ങളിലും പ്രഥമാധ്യാപകരുടെ മുറികളിലാണ് പെട്ടി സൂക്ഷിക്കുന്നത്. അധ്യാപകരെപ്പറ്റിയാണ് ആക്ഷേപമെങ്കിൽ തുടർനടപടികളെടുക്കാൻ അധികൃതർ വിമുഖത കാട്ടുന്നതായി പരാതിയുണ്ടായി. പരാതിപ്പെട്ടി തുറക്കുന്നതും പരിഹാരം കാണുന്നതും ബുദ്ധിമുട്ടായതുകൊണ്ടുതന്നെ വിദ്യാലയാധികൃതർ അവഗണിക്കുകയായിരുന്നു.
എന്നാൽ കുട്ടികൾക്ക് സ്വതന്ത്രമായി പരാതി എഴുതിയിടാനുള്ള അവസരമാണ് പുതിയ അധ്യയനവർഷം ഒരുക്കുന്നത്. പോലീസ്-എക്സൈസ് ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, അധ്യാപക-രക്ഷാകർത്തൃസമിതി അംഗങ്ങൾ എന്നിവരുൾപ്പെട്ട സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിനാണ് പരാതിപ്പെട്ടിയുടെ ചുമതല. സ്വന്തം പേരുവെച്ചോ അല്ലാതെയോ കുട്ടികൾക്ക് പെട്ടികളിൽ എഴുതിയിടാം. പ്രഥമാധ്യാപകനും സ്കൂൾ പരിധിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസറും ചേർന്ന് പരാതികൾ പരിശോധിക്കും. സ്കൂളിൽ പരിഹാരം കാണേണ്ട പ്രശ്നങ്ങൾ അവിടെ പരിഹരിക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈമാറും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണെങ്കിൽ അതത് വകുപ്പുദ്യോഗസ്ഥരെ ഏൽപ്പിക്കും. പരാതി എഴുതിയ കുട്ടികൾക്ക് കൗൺസലിങ്ങോ നിയമസഹായമോ ആവശ്യമുണ്ടെങ്കിൽ അവ ഉറപ്പാക്കും. ഗൗരവമുള്ള വിഷയങ്ങളിൽ കേസെടുക്കും.
ഓരോ സ്കൂളിന്റെയും ചുമതല ഓരോ പോലീസ് ഉദ്യോഗസ്ഥന് നൽകും. പരാതിപ്പെട്ടി വഴി, കുട്ടികൾക്ക് പറയാനുള്ള കാര്യങ്ങൾ അറിയാനും അവർക്ക് തുറന്നുപറച്ചിലിന് അവസരമൊരുക്കാനും കഴിയുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ പ്രതീക്ഷ
Content Highlights: Kerala schools introduce new complaint boxes to ensure children can safely report issues
Published: 02 Jun 2025, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented