ലോക സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ഡിസംബറില്‍ റോമിലെത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മാര്‍പാപ്പയുടെ വിയോഗത്തില്‍ അദ്ദേഹവുമൊത്തുള്ള നിമിഷങ്ങള്‍ അനുസ്മരിക്കുകയാണ് പാണക്കാട് സാദിഖലി തങ്ങള്‍...

To advertise here,

വിനയംകൊണ്ടും സൗമ്യമായ ഇടപെടല്‍കൊണ്ടും ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന അപൂര്‍വ്വ നേതാക്കളില്‍ മുന്‍നിരയിലുള്ളയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തെ വത്തിക്കാനില്‍നിന്ന് കണ്ടുമടങ്ങിയിട്ട് അഞ്ചു മാസമാകുന്നു. പക്ഷെ, ആ സ്നേഹവും മൃദുഭാവവും ഇന്നുമുള്ളില്‍ തങ്ങിനില്‍ക്കുന്നുണ്ട്. 

സ്നേഹത്തിന്റെയും കരുതലിന്റെയും ഊഷ്മളതയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചലനത്തിലുമുണ്ടായിരുന്നത്. സ്‌നേഹം സ്ഫുരിക്കുന്ന മുഖത്ത് തളംകെട്ടിയിരിക്കുന്ന കൊച്ചുകുഞ്ഞുങ്ങളുടേതിന് സമാനമായ നിഷ്‌കളങ്ക ഭാവം ആരെയും അദ്ദേഹത്തിലേക്കടുപ്പിക്കും. 

രണ്ട് മണിക്കൂറോളം സമയമാണ് അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത്. ചടങ്ങിനെത്തിയ വലിയ ആള്‍കൂട്ടത്തെ മുഴുവന്‍ വ്യക്തിപരമായി അഭിവാദ്യം ചെയ്യാന്‍ വന്ദ്യ വയോധികനായ ആ മനുഷ്യന്‍ സമയം കണ്ടെത്തി. അനാരോഗ്യമോ ക്ഷീണമോ ആ മുഖത്തുനിന്ന് വായിച്ചെടുക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു ഓരോരുത്താരോടുമുള്ള സമീപനം. പുഞ്ചിരികൊണ്ട് വിരുന്നൂട്ടി, സൗമ്യമായ ഭാവംകൊണ്ട് ആശ്വാസമേകി. വസ്ത്രം മാത്രമായിരുന്നില്ല, ആ ഹൃദയവും വെണ്മയുള്ളതായിരുന്നു. കൂടിക്കാഴ്ചക്കിടെ 'ഇസ്ലാമിക കലയും വാസ്തുകലയും; ഒരു ചരിത്ര ആമുഖം' എന്ന പുസ്തകം സമ്മാനിച്ചപ്പോള്‍ അങ്ങേയറ്റം ആദരവോടെയും സന്തോഷത്തോടെയുമാണ് അദ്ദേഹമത് ഏറ്റുവാങ്ങിയത്. 

മതാചാര്യന്‍ എന്ന നിലയിലും രാഷ്ട്രനേതാവ് എന്ന നിലയിലും ലോകത്തെങ്ങുമുള്ള അനേക കോടി മനുഷ്യര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണല്ലോ മാര്‍പാപ്പ. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സന്ദേശമായ സാഹോദര്യവും മാനവികതയും സ്നേഹവുമായിരുന്നു ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ പകര്‍ന്നുതന്നത്. 

ഇന്ത്യയുടെ ബഹുസ്വരതയെകുറിച്ചും വിവിധ മതങ്ങളില്‍പെട്ട ജനങ്ങള്‍ സാഹോദര്യത്തോടെ കഴിയുന്നതിനേക്കുറിച്ചും എടുത്തുപറഞ്ഞിരുന്നു. സമാധാനം പുലരേണ്ടതിന്റെ ആവശ്യകതയും യുദ്ധങ്ങളുണ്ടാക്കുന്ന വിനാശത്തെ സംബന്ധിച്ചും സംസാരിച്ചു. മാനവികത ഉയര്‍ത്തിപിടിക്കേണ്ടതിന്റെ അനിവാര്യത അടിവരയിട്ടു. 

ക്രൈസ്തവ വിശ്വാസികള്‍ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യര്‍ക്കും വരും തലമുറയ്ക്കും ജീവിതത്തില്‍ പകര്‍ത്താനുള്ള ജീവിതപാഠവും സന്ദേശവും ഇഹലോകത്ത് ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നത്. നല്‍കിയ ഓര്‍മകള്‍ക്കും സ്നേഹത്തിനും നന്ദി....... ആദരാജ്ഞലികള്‍.