സിജു വിൽസണെ നായകനാക്കി വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ​ഗാനം ശ്രദ്ധേയമാവുന്നു. നാടൻ പാട്ട് ശൈലിയിലുളള പൂതം വരുന്നെടി എന്ന​ഗാനമാണ് ആസ്വാദകമനസിൽ ഇടംപിടിക്കുന്നത്. സയനോര ഫിലിപ്പ് ആണ് ​ആലാപനം.

To advertise here,

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു. ഷാജികുമാർ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നു. രാജു സുന്ദരം, ശാന്തി കുമാർ എന്നിവരാണ് നൃത്തസംവിധാനം. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രമായാണ് സിജു വിൽസൺ എത്തുന്നത്. നങ്ങേലിയായി കയാദുവും കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദുമെത്തുന്നു.

ഒന്നര നൂറ്റാണ്ട് മുൻപുള്ള കേരളത്തിന്റെ സാമൂഹിക ജീവിതവും അക്കാലത്തെ സാമൂഹിക നേതാവായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരുടെ അനാചാരങ്ങൾക്കെതിരെയുള്ള ഇടപെടലുകളും സിനിമയിൽ അനാവരണം ചെയ്യുന്നു. ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ​ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രധാനവേഷത്തിലും അദ്ദേഹമെത്തുന്നുണ്ട്. 

വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അനൂപ് മേനോൻ, സുദേവ് നായർ, വിഷ്ണു വിനയൻ, സുരേഷ് കൃഷ്ണ, സുധീർ കരമന, ദീപ്തി സതി, സെന്തിൽ, മണികണ്ഠൻ ആചാരി, പൂനം ബജുവ, ടിനി ടോം തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.

തമിഴിലെ പ്രശ്സ്ത സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ് പശ്ചാത്തല സം​ഗീതം. വിവേക് ഹർഷനാണ് എഡിറ്റിങ്. സുപ്രീം സുന്ദർ, രാജശേഖർ എന്നിവർ ഒരുക്കിയ സംഘട്ടന രം​ഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ -ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു, വസ്ത്രാലങ്കാരം -ധന്യ ബാലകൃഷ്ണ. പ്രൊഡക്ഷൻ കണ്ട്രോളർ -രാജൻ ഫിലിപ്പ്. പിആർ‍ ആന്റ് മാർക്കറ്റിം​ഗ് -കണ്ടന്റ് ഫാക്ടറി.