
വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനേയും നായകൻ സിജു വിൽസണേയും അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജർ രവി. സിനിമ കണ്ടിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളരെ മനോഹരമായി കണ്ടിരിക്കാവുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സിജു എന്ന നടനെ വെച്ച് വിനയൻ എന്ന സംവിധായകൻ എടുത്ത ഉദ്യമവും സിജു അതിനോട് പുലർത്തിയ നീതിയുമാണ് എടുത്തുപറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രകടനമാണ് സിജു കാഴ്ചവെച്ചത്. സിജു ശരിക്കും അദ്ഭുതപ്പെടുത്തി. മലയാള സിനിമയ്ക്ക് നല്ലൊരു വാഗ്ദാനമാണ് സിജു എന്നത് ഉറപ്പാണെന്നും മേജർ രവി പറഞ്ഞു.
നമുക്ക് പുതിയൊരു നായകനെ കിട്ടുക എന്നുപറയുന്നത് സംവിധായകർക്കും നിർമാതാക്കൾക്കും ആളുകൾക്കുമെല്ലാം സന്തോഷമാവും. ഒരു ദാരിദ്ര്യം മാറിക്കിട്ടും. വിനയന്റെ ഏതുപടമെടുത്താലും കഠിന പരിശ്രമം കാണാനാവും. തട്ടിക്കൂട്ട് പടമൊന്നും ആയിരിക്കില്ല. കലാസംവിധാനവും ആക്ഷനും സമ്മതിക്കണം. എല്ലാവരും നന്നായിത്തന്നെ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൺ അവതരിപ്പിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിൽ ചെമ്പൻ വിനോദുമുണ്ട്. അനൂപ് മേനോൻ, സുദേവ് നായർ, ഇന്ദ്രൻസ് സുരേഷ് കൃഷ്ണ, സുധീർ കരമന, ഗോകുലം ഗോപാലൻ, കയാദു ലോഹർ, ദീപ്തി സതി തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതം തമിഴിലെ പ്രശസ്ത സംഗീതസംവിധായകനായ സന്തോഷ് നാരായണനാണ് ചെയ്തിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമാണം.
Content Highlights: major ravi appreciated siju wilson and pathonpatham noottandu team
Published: 10 Sept 2022, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented